ചിങ്ങവും ഞങ്ങൾക്കു പഞ്ഞക്കർക്കിടകം... അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ലേബർ ക്യാമ്പുകളിലെ മലയാളികൾ...

പ്രശോഭിന്റെയും കൂട്ടുകാരുടെയും കഥ ഒറ്റപെട്ടതല്ല. അവരെ പോലെ നൂറുകണക്കിനു വരുന്ന സാധാരണ ഗൾഫ് തൊഴിലാളിക്ക് ഒട്ടും പ്രതീക്ഷയും സന്തോഷവും തരാത്ത ഒരു ഓണമാണ് ഇപ്രാവശ്യത്തേത്.

ചിങ്ങവും ഞങ്ങൾക്കു പഞ്ഞക്കർക്കിടകം... അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ലേബർ ക്യാമ്പുകളിലെ മലയാളികൾ...

റജിമോൻ കുട്ടപ്പൻ

മസ്ക്കറ്റിലെ പ്രശോഭ് , വിൽ‌സൺ , വിജിത്ത്, ജോബ്‌സൺ, ലിജോ എന്നിവർക്കു കഴിഞ്ഞ ഏഴു മാസവും പഞ്ഞക്കർക്കിടകമായിരുന്നു.

നാട്ടിലുള്ളവർക്കു സമ്പൽ സമൃദ്ധിയുടെ ചിങ്ങം വന്നിട്ടും പ്രശോഭിനും കൂട്ടുകാർക്കും ഉടനെയൊന്നും അതവരുടെ ക്യാമ്പിന്റെ പടിവാതിക്കൽ എത്തുമെന്ന പ്രതീക്ഷയില്ല.

പ്രശോഭിന്റെയും കൂട്ടുകാരുടെയും കഥ ഒറ്റപെട്ടതല്ല. അവരെ പോലെ നൂറുകണക്കിനു വരുന്ന സാധാരണ ഗൾഫ് തൊഴിലാളിക്ക് ഒട്ടും പ്രതീക്ഷയും സന്തോഷവും തരാത്ത ഒരു ഓണമാണ് ഇപ്രാവശ്യത്തേത്.


അതിപ്പോൾ സൗദിയിലെ ഓജേർ കമ്പനിയിൽ കുടുങ്ങി കിടക്കുന്ന കോട്ടയകാരൻ ജോബിൻ ജോർജ് ആയാലും ഒമാനിലെ പ്രശോഭും കൂട്ടുകാരും ആയാലും ഒരു പോലെ ആണ്.

മുഴുപ്പട്ടിണി ആണോ അരപ്പട്ടിണി ആണോ എന്നതിൽ മാത്രമേ വ്യത്യാസമുളളൂ. നാട്ടിലെ കുടുംബങ്ങളെ പക്ഷെ അവരാരും ഒന്നും അറിയിച്ചിട്ടില്ല.

ഗൾഫിൽ സ്ഥിതി മോശമാണ്, എണ്ണ വില ഇടിഞ്ഞു, കമ്പനിയിൽ പണി ഒന്നും ഇല്ല, ശമ്പളം കിട്ടിയിട്ടു മാസങ്ങളായി എന്നൊക്കെ അവരോടു പറഞ്ഞാൽ എന്തു ഫലം എന്നാണു പ്രശോഭ് ചോദിക്കുന്നത്.

[caption id="attachment_42830" align="aligncenter" width="640"]14163576_10154473578539518_1524711619_o പ്രശോഭ് , വിൽ‌സൺ , വിജിത്ത്, ജോബ്‌സൺ, ലിജോ[/caption]

വെറുതെ അവരെയും കൂടി സങ്കടപ്പെടുത്തിയിട്ടു എന്തു പ്രയോജനം എന്ന് ജോബിനും. മുന്നൂറു തൊഴിലാളികളുടെ ബോസ് ആയിരുന്നു പ്രശോഭ്.

പക്ഷെ ഇന്നിപ്പോൾ പത്തോ ഇരുപതോ പേർ മാത്രമേ  കമ്പനി ക്യാംപിലുള്ളു. മറ്റുള്ളവർ മുടങ്ങിയ ശമ്പളം പോലും വേണ്ടെന്നു വച്ചു കഴിഞ്ഞ കുറച്ചു മാസങ്ങൾ മുൻപു നാട്ടിലേക്കു തിരിച്ചു പോയി.  കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയതാണു  പ്രശോഭിന്റേയും കൂട്ടുകാരുടേയും കഷ്ടകാലം.

കമ്പനിയിൽ ശമ്പളം മുടങ്ങുന്നതു ആദ്യമായിട്ടല്ല.  എന്നാൽ ഏഴു മാസം തുടർച്ചയായി ശമ്പളം മുടങ്ങുന്നത് ആദ്യമായാണ്.

പ്രശോഭിന് ഇപ്രാവശ്യം ഓണമില്ലെന്നു തന്നെ പറയാം. ദിവസേനെയുള്ള ഭക്ഷണത്തിനു തന്നെ ബുദ്ധിമുട്ടാണ്. പിന്നല്ലേ സദ്യ.

ഓണത്തിനെങ്കിലും കിട്ടാനുള്ള ശമ്പളത്തിന്റെ കുറച്ചെങ്കിലും കിട്ടിയിരുന്നെങ്കിൽ നാട്ടിലുള്ളവരുടെ ഓണമെങ്കിലും കേമമാക്കാം എന്നാണു പ്രശോഭും ജോബിനും പറയുന്നത്.

കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ഗൾഫിലെ അവസ്ഥ മോശമായി വരുകയാണ്. എണ്ണ വില ഒരു ബാരലിനു 120 ഡോളറിൽ നിന്നും 40 ഡോളർ ആയി കൂപ്പു കുത്തിയതാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം. മിക്ക കമ്പനികളിലും പണിയില്ല. ഉണ്ടെങ്കിൽ തന്നെ കമ്മി

ബജറ്റിലേക്കു വീണ ഗൾഫ് സർക്കാരുകൾ മുണ്ടു മുറുക്കി ഉടുക്കാൻ തുടങ്ങിയതോടു കൂടി ബില്ലുകൾ പലതും സമയത്തു മാറി കിട്ടുന്നില്ല. അതിനുള്ള കാലതാമസം തൊഴിലാളികളെയാണു കാര്യമായി ബാധിക്കുന്നത്.

പല കമ്പനികളിലും ശമ്പളം മുടങ്ങുക പതിവാവുകയാണ്. ക്യാമ്പുകളിലെ മെസ്സ് അവതാളത്തിലാകുന്നു. വൈദ്യുതിയും വെള്ളവും മുടങ്ങുന്നു. ദിവസം ചെല്ലും തോറും വഴിയാധാരമാകുന്ന തൊഴിലാളികളുടെ എണ്ണം വർധിച്ചു വരികയാണ്. പൊങ്ങച്ചത്തിന്റെ കെട്ടുകാഴ്ചകൾ ഇല്ലാതെ ഓണം അതിന്റെ എല്ലാ നന്മയോടും കൂടി ആഘോഷിക്കുന്നതു ലേബർ ക്യാംപുകളിൽ ആയിരുന്നു.

എന്നാൽ ഇപ്രാവശ്യം അതു മിക്ക ക്യാമ്പുകളിലും അതുണ്ടാവാനിടയില്ല. തിരുവോണം ജോലിയുള്ള ദിവസമാണു വരുന്നെതെങ്കിൽ അതിനു തൊട്ടടുത്ത വെള്ളിയാഴ്ച ആയിരിക്കും ക്യാമ്പുകളിൽ സാധാരണ ആഘോഷം.

ഒരു ഉത്സവ പ്രതീതിയാണു ലേബർ ക്യാംപുകളിൽ അന്നേ ദിവസം. വെള്ളിയാഴ്ച രാവിലെ തന്നെ ലേബർ ക്യാംപിലെ അടുക്കളയിൽ മലയാളികൾക്കൊപ്പം സദ്യവട്ടം ഒരുക്കാൻ ഓടി നടക്കുന്ന പാക്കിസ്ഥാനിയെയും ബംഗാളിയെയും കാണാൻ സാധിക്കും.

രാവിലെ ഒരു ചായയിൽ പ്രാതൽ ഒതുക്കി തലയിൽ തോർത്തും കെട്ടി ലോക്കൽ പാചകക്കാർ ഒരുങ്ങുകയായി . പിന്നെ ഒരു ബഹളമാണ്.

അന്നു ക്യാംപിലെ അടുക്കളയിലുള്ള എല്ലാ അടുപ്പുകളിലും ഓണ വിഭവങ്ങൾ ആയിരിക്കും തയ്യാറാവുക. ഇനി എന്തു ചെയ്തു തരണം ജി എന്ന് ചോദിച്ചു മലയാളിയുടെ പിന്നാലെ നടക്കുന്ന പാകിസ്താനിയെ കാണുമ്പോൾ ഈ രാജ്യാതിർത്തി ഒക്കെ ആരാ വരച്ചതു എന്നു ചോദിച്ചു പോകും.

ഇതിനിടയിൽ ഓണക്കളികളായ ഓണത്തല്ല്, ഓണക്കുടി ഒക്കെ ഒരു വശത്തു നടക്കുണ്ടായിരിക്കും. മറ്റൊരു ഭാഗത്തു ചിലർ ഇന്റർനെറ്റ് ഫോൺ വഴി നാട്ടിൽ വിളിച്ചു ബന്ധുക്കളോട് ഓണ വിശേഷം തിരക്കുന്നുണ്ടായിരിക്കും.

രണ്ടു മണിയാകുമ്പോഴേക്കും ഹൈപ്പർമാർകെറ്റിൽ നിന്നും വാങ്ങിച്ച കീറിപ്പറഞ്ഞ തൂശനിലയിൽ ചോറും കറികളും മിക്കപ്പോഴും എണ്ണ കാറുന്ന ഉപ്പേരിയും കുപ്പിയിൽ കിട്ടുന്ന അച്ചാറും വിളമ്പി സദ്യയുണ്ടു കഴിയും. എന്തെല്ലാം കുറവുണ്ടെങ്കിലും, ഫേസ്ബുക്കിൽ പോസ്റ്റാൻ ചേലില്ലാത്ത സദ്യയാണെങ്കിൽ പോലും കാപട്യം ഇല്ലാത്ത യഥാർത്ഥ ഓണാഘോഷം ക്യാംപുകളിലാണ് ഞാൻ കണ്ടിട്ടിട്ടുള്ളത്.

ക്യാംപിനു പുറത്തു നടക്കുന്ന ഓണാഘോഷങ്ങൾക്കു നാട്ടിലെ പോലെ തന്നെ രാഷ്ട്രീയ മത ജാതീയ തിരിവുകൾ ഉണ്ട്. ഇടതന്മാരുടെ ഓണം, വലതന്മാരുടെ ഓണം, നായർ, ഈഴവ ഓണം, നാട്ടിലെ നളന്മാരെ ഇറക്കി ഒരുക്കുന്ന ഓണം, സീരിയൽ നടിമാരുടെ ഒപ്പം ഓണം, സെറ്റ് സാരി ഉടുത്താൽ തിരുവാതിരകളി കളിച്ചേ അടങ്ങു എന്ന് നിർബന്ധം പിടിക്കുന്നവരുടെ ഓണം അങ്ങനെ പലവിധം.

എന്നാൽ ഇക്കൊല്ലം ലേബർ ക്യാംപുകളിൽ എത്ര മാത്രം സമ്പന്നമായിരിക്കും ഓണാഘോഷം എന്നൊരു ആശങ്ക എന്നെ പോലെ എല്ലാവർക്കും ഉണ്ട്.

ഒരു ലക്ഷം കോടി ആണ് എല്ലാ വർഷവും പ്രവാസി മലയാളി കേരളത്തിലേക്ക് അയക്കുന്നത്. ഇത് സംസ്ഥാനത്തെ ആളോഹരി വരുമാനത്തിന്റെ 35 ശതമാനം വരും.

എന്നാൽ ഇനി ഉള്ള നാളുകളിൽ പോയ വർഷങ്ങളെ പോലെ മികച്ചതായിരിക്കില്ല എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. നമ്മുടെ ധനകാര്യ മന്ത്രി തോമസ് ഐസക്കിനു പോലും ആശങ്ക ഉണ്ട്. ഏറ്റവും പുതിയ ഓട്ടോ സെയ്ൽസ് റിപ്പോർട്ടു പറയുന്നത് ഗൾഫിലെ പ്രതിസന്ധി കേരളത്തിൽ കാറുകളുടെ വിൽപ്പനയെ പോലും ബാധിച്ചു എന്നാണ്.

പൊങ്ങച്ച ഓണം മാറ്റി നിർത്തിയാൽ, ഇപ്രാവശ്യം ഗൾഫിൽ ഓണത്തിനു പൊലിമയുണ്ടാവില്ല. പട്ടിണിയും പഞ്ഞവും ആയിരിക്കും ഈ ഓണത്തിന്. പ്രശോഭിനൊപ്പം ഉള്ള വില്‍സന് ഓണ സദ്യ ഒന്നും ഇല്ലെങ്കിലും നാട്ടിൽ ഉള്ളവർക്കെങ്കിലും ഒരു നല്ല ഓണം എങ്കിലും ഉണ്ടാവാൻ ഉള്ള പൈസ കിട്ടിയാൽ മതി എന്നു മാത്രമേ പറയാൻ ഉള്ളു.

ഓണക്കോടിയൊന്നും വാങ്ങേണ്ടായിരുന്നു, മക്കളുടെ ഫീ അടയ്ക്കാനെങ്കിലുമുള്ള പൈസ കിട്ടിയാൽ മതിയായിരുന്നു. ഫീസ് നല്‍കാനില്ലാത്തതിന്‍െറ പേരില്‍ വിൽസന്റെ എന്‍ജിനീയറിംഗ് വിദ്യാർത്ഥിയായ മകനെ ക്ളാസില്‍ നിന്ന് ഇറക്കി വിട്ടിട്ടുണ്ട്.

ഗൾഫ് മലയാളിക്ക് പതിയെ സ്വപ്നഭൂമി അല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. പെട്രോഡോളറിന്റെ കാലം കഴിയുന്നു. റിയാലിന്റെയും ദിനാറിന്റെയും മൂല്യങ്ങൾ ഇനി ഓണത്തിന് പൊലിമ കൂട്ടം പോകുന്നില്ല.

Read More >>