റോഡുകളിലെ വാഹനപ്പെരുപ്പം നിയന്ത്രിക്കാന്‍ കോര്‍പ്പറേഷന്റെ 'കാര്‍ ഫ്രീ കൊച്ചി'

കൊച്ചിയിലെ നിരത്തുകള്‍ കാല്‍നട യാത്രക്കാര്‍ക്കുകൂടി അവകാശപ്പെട്ടതാണ് എന്ന് ഓര്‍മിപ്പിക്കുന്നതിനായി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 'കാര്‍ ഫ്രീ കൊച്ചി' പരിപാടി സംഘടിപ്പിക്കുന്നു.

റോഡുകളിലെ വാഹനപ്പെരുപ്പം നിയന്ത്രിക്കാന്‍ കോര്‍പ്പറേഷന്റെ

കൊച്ചി: കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായി കൊച്ചി വളരുമ്പോള്‍ കൊച്ചിയിലെ നിരത്തിലൂടെ ചീറി പായുന്ന ആഡംബര വാഹനങ്ങളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനയാണ് ഉള്ളത്. ഒരു കുടുംബത്തിന് ഒരു കാര്‍ എന്ന നിരക്കില്‍ ഇന്ന് വാഹനങ്ങള്‍ പെരുകിക്കൊണ്ടിരിക്കെ, മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ട്രാഫിക് ബ്ലോക്കും, ദുഃസഹമാകുന്ന കാല്‍നടയാത്രയും നഗരത്തില്‍ സ്ഥിരംകാഴ്ച്ചയാകുകയാണ്. ഓരോ വര്‍ഷവും എട്ട് ലക്ഷത്തില്‍ കൂടുതല്‍ കാറുകള്‍ കൊച്ചി നഗരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. ഇത്രയും ചെറിയ നഗരത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് എണ്ണത്തിലുളള ഈ വര്‍ധന.

'അങ്കമാലിയില്‍ നിന്നും എറണാകുളം വരെ ഒരാള്‍ക്ക് യാത്രചെയ്യാന്‍ കാര്‍ ഉപയോഗിക്കുന്ന ആള്‍ക്കാര്‍ ഉണ്ട്. ഇത്തരത്തിലുള്ള ആളുകള്‍ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചാല്‍ തന്നെ ഇവിടുത്തെ വാഹനപ്പെരുപ്പം ഒരു പരിധിവരെ കുറയും',

പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍സണ്‍ എന്‍.പി പറയുന്നു.

ഇതേ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് കൊച്ചി കോര്‍പ്പറേഷനും വിപുലമായ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.

കൊച്ചിയിലെ നിരത്തുകള്‍ കാല്‍നട യാത്രക്കാര്‍ക്കുകൂടി അവകാശപ്പെട്ടതാണ് എന്ന് ഓര്‍മിപ്പിക്കുന്നതിനായി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 'കാര്‍ ഫ്രീ കൊച്ചി' പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളം പനമ്പിള്ളിനഗറില്‍ സെപ്തംബര്‍ 25ന് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. നഗരത്തിലെ റോഡുകളില്‍ കാല്‍നട യാത്ര നടത്തുക എന്നത് ദുസ്സഹമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ 'കാര്‍ ഫ്രീ കൊച്ചി' സംഘടിപ്പിക്കുന്നത്. പൊതു ഗതാഗത സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പനമ്പിള്ളിനഗറില്‍ പരീക്ഷണാര്‍ഥം സംഘടിപ്പിക്കുന്ന പരിപാടി പിന്നീട് വിപുലമായി നടപ്പിലാക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.

പരിപാടിയുടെ ഭാഗമായി സെപ്തംബര്‍ 25ന് പമ്പിള്ളിനഗര്‍ ഭാഗത്തേക്ക് വരുന്ന കാറുകള്‍ വഴിതിരിച്ചുവിടും. കൊച്ചി ട്രാഫിക് പോലീസ് വകുപ്പിന്റെ സഹകരണത്തോടുകൂടിയാണ് കാര്‍ ഫ്രീ കൊച്ചി സംഘടിപ്പിക്കുന്നത്. കൂടാതെ പനംപള്ളിനഗര്‍ റസിഡന്റ്സ് അസ്സോസിയേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയും പരിപാടിയുമായി സഹകരിക്കും. നാലുമണിക്കൂറില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ നിരവധി കലാ പ്രകടനങ്ങളും അരങ്ങേറും. 'കൊച്ചിയിലെ നിരത്തുകളില്‍ കാല്‍നട യാത്രക്കാരും സൈക്കിള്‍ യാത്രികരും പരിഗണന അര്‍ഹിക്കുന്നുണ്ട്. ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും, വാഹന ഉടമസ്ഥര്‍ക്കുള്ള ബോധവല്‍ക്കരണം കൂടിയായിരിക്കും ഈ പദ്ധതി', മേയര്‍ സൗമിനി ജയിന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. പ്രധാന ജംഗ്ഷനുകളില്‍ ഉള്‍പ്പെടെ നഗരത്തിലെ മറ്റു ഭാഗങ്ങളിലും പരിപാടി വ്യാപിപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുപ്രകാരം എട്ട് ലക്ഷത്തോളം കാറുകളാണ് കൊച്ചിയില്‍ വര്‍ഷാവര്‍ഷം രജിസ്റ്റര്‍ ചെയ്യുന്നത്. ഈ കാറുകളൊക്കെ നിരത്തിലിറങ്ങുന്നതുകാരണം സംഭവിക്കുന്നത് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ട്രാഫിക്ക് ബ്ലോക്കും അന്തരീക്ഷ മലീനീകരണവുമാണ്. കൂടാതെ കാല്‍നട-സൈക്കിള്‍ യാത്രക്കാര്‍ക്കും പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്കും ഇത് വന്‍ തലവേദനയാണ് സൃഷ്ടിക്കുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് റോഡുകള്‍ മുറിച്ചുകടക്കാന്‍ മിനിറ്റുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയും നിലവിലുണ്ട്.