മിസ്‌ മേരിയും ലീ ഹോസ്റ്റലും അവിടെയൊരു ഷോ മാനും

പറഞ്ഞു വരുന്നത് ലീ ഹോസ്റ്റൽ ജീവിതകാലത്തിന്റെ ഓർമ്മകളാണ്. കോട്ടയം സി.എം.എസ് കോളേജിന്റെ വനിതാ ഹോസ്റ്റലാണ് ഈ കഥയരങ്ങ്. പ്രീ - ഡിഗ്രി മുതൽ പി.ജി വരെയുള്ള വിദ്യാർത്ഥിനികളാണ് ഇവിടുത്തെ അന്തേവാസികൾ.

മിസ്‌ മേരിയും ലീ ഹോസ്റ്റലും അവിടെയൊരു ഷോ മാനും

ശനി, ഞായർ ദിവസങ്ങളിൽ ഞങ്ങൾക്ക് ആ ജനാലകൾ തുറക്കാന്‍ കഴിയുമായിരുന്നില്ല... കാരണം, അതിനപ്പുറം അവനുണ്ടാകും.. ഹോസ്റ്റൽ അന്തേവാസികളുടെ ഭാഷയിൽ പറഞ്ഞാൽ 'ഷോ മാൻ' (Show Man).

നഗ്നതാ പ്രദർശനം തന്നെയാണ് ഈ ഓമന പേര് ലഭിക്കാനുള്ള കാരണം. അവൻ ഒരാൾ മാത്രമായിരുന്നില്ല, ഊഴം വച്ചെന്ന പോലെ വിശാലമായ ഹോസ്റ്റൽ കോമ്പൗണ്ടിന്റെ മൂന്ന് ദിക്കുകളിലും അവരുണ്ടാകും. ഹോസ്റ്റൽ ഒരു ഭാഗത്ത് മെയിൻ റോഡിനെ അഭിമുഖീകരിച്ചു നിൽക്കുന്നത് കൊണ്ട് ആ വശത്ത് ശല്യമില്ല. പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലൊ, അവിടെ ഓഫീസും, മെസ് ഹാളുമാണ് ഉണ്ടായിരുന്നത്.പറഞ്ഞു വരുന്നത് ലീ ഹോസ്റ്റൽ ജീവിതകാലത്തിന്റെ ഓർമ്മകളാണ്. കോട്ടയം സി.എം.എസ് കോളേജിന്റെ വനിതാ ഹോസ്റ്റലാണ് ഈ കഥയരങ്ങ്. പ്രീ - ഡിഗ്രി മുതൽ പി.ജി വരെയുള്ള വിദ്യാർത്ഥിനികളാണ് ഇവിടുത്തെ അന്തേവാസികൾ. തെക്കരും വടക്കരും എന്നു വേണ്ട എല്ലാ തരത്തിലുമുള്ള പെൺകുട്ടികളുടെ ഹ്രസ്വകാല ആവാസ സ്ഥാനം! ഇവിടെയല്ലാതെ മറ്റെവിടെയാണ് ഷോ മാന് ഇത്ര വലിയ സദസ്സ് കിട്ടുക?

[caption id="attachment_40660" align="aligncenter" width="551"]ലീ ഹോസ്റ്റല്‍, സി.എം.എസ് കോളേജ് ,കോട്ടയം ലീ ഹോസ്റ്റല്‍, സി.എം.എസ് കോളേജ് ,കോട്ടയം[/caption]

ഷോ മാൻ എത്തുന്നത് എല്ലാ അർത്ഥത്തിലും ഞങ്ങൾ ഭയപ്പെട്ടിരുന്നു. കാരണങ്ങൾ ഇങ്ങനെ ചിലതും..

1) ഷോ മാൻ പ്രദർശനത്തിന് എത്തുന്നത് ഞങ്ങളുടെ കുഴപ്പം കൊണ്ടായിരുന്നത്രേ

പെമ്പിള്ളാരായാൽ അടക്കവും, ഒതുക്കവും വേണം. ഇല്ലെങ്കിൽ ഇവൻമാരെ പോലെയുള്ള ഞരമ്പ് രോഗികൾ പിന്നെയും ഉണ്ടാകും." മിസ് മേരിയുടെ കണ്ണിൽ എപ്പോഴും ഞങ്ങൾ തന്നെയായിരിക്കും കുറ്റക്കാർ. അത് കുവൈറ്റ് യുദ്ധമോ, പപ്പേട്ടന്റെ ചായക്കടയിലെ ചെറിയ തർക്കമോ ആയിക്കോട്ടെ ... ഇതിനെല്ലാം കാരണം ലീ ഹോസ്റ്റലിലെ അന്തേവാസികളാണ് എന്നാണ് ഞങ്ങളുടെ വാർഡൻ മിസ് മേരിയുടെ കണ്ടെത്തൽ. പെണ്ണുങ്ങൾ അടങ്ങിയൊതുങ്ങി നിന്നാൽ ഒന്നും സംഭവിക്കില്ല. (സി.എം.എസ് കോളേജിൽ നിന്നും റിട്ടയർ ചെയ്ത മാത്സ് പ്രഫസറാണ് മിസ് മേരി. റിട്ടയര്‍മെന്ടിന് ശേഷം ഹോസ്റ്റല്‍ വാര്‍ഡന്‍ ആയി. അവിവാഹിതയായത് കൊണ്ടാണ് 'മിസ് ' മേരി എന്ന് സ്നേഹത്തോടെ അവരെ വിളിക്കുന്നതും )

'മിസ്‌ മേരിയുടെ കുഞ്ഞാടുകള്‍' എന്നായിരുന്നു ഞങ്ങള്‍ ലീ ഹോസ്റ്റല്‍ അന്തേവാസികള്‍ക്ക് കോളേജില്‍ ലഭിച്ചിരുന്ന ഇരട്ടപേര്. അന്ന് മിസ്‌ മേരി പ്രകടിപ്പിച്ച കാര്‍ക്കശ്യം ഞങ്ങള്‍ക്ക് ജീവിതത്തില്‍ നല്ലത് മാത്രമേ നല്‍കിയിട്ടുള്ളൂ എന്നും ഇടയ്ക്ക് സൂചിപ്പിക്കട്ടെ.

ഷോ മാൻ പ്രദർശനം കണ്ട് ഭയപ്പെട്ടോടിയാൽ ബഹളമാകും. അത് മിസ് മേരി അറിയും, വാച്ച്മാനെ കൂട്ടിക്കൊണ്ടുപോയി ഷോ മാനെ തുരുത്തി ഓടിച്ച ശേഷം മിസ് മേരിയുടെ ഒരു ക്ലാസ്സുണ്ടാവും.. കുറഞ്ഞത് അര മണിക്കൂറെങ്കിലും നീളുന്ന ആ പ്രഭാഷണം സത്യത്തിൽ കേൾക്കേണ്ടത് ഷോ മാൻ ആയിരുന്നില്ലെ എന്ന എന്റെ സംശയത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. നന്നാവേണ്ടത് അയാൾ അല്ലെ ... അതോ ഞങ്ങളോ?

2) വീക്കേൻഡ് കുളമാക്കുന്ന ദുഷ്ടൻ!

എല്ലാ വെള്ളിയാഴ്ചകളും ഉച്ചതിരിഞ്ഞു മിസ് മേരി പറവൂരുള്ള വീട്ടിലേക്ക് പോകും. പിന്നീട് തിങ്കളാഴ്ച രാവിലെയായിയിരിക്കും മടക്കം. ഈ സമയം ഹോസ്റ്റലിന്റെ ചാർജ്ജ് അസ്സി. വാർഡനാണ്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ധൈര്യം പോലുമില്ലാത്തയാളാണ് അസി.വാർഡൻ (കൊച്ചമ്മ ). ഇത് ഷോ മാനും അറിയാമായിരുന്നുവെന്ന് തോന്നുന്നു. കാരണം ഈ ദിവസങ്ങളിൽ അയാൾ കുമ്പിടിയായിരുന്നു.. കുമ്പിടി! ഒരേ സമയത്ത് പലയിടത്ത് പ്രത്യക്ഷപ്പെടുന്ന മഹാൻ! അതുകൊണ്ടെന്താ.. ജനാലകൾ തുറക്കാൻ കൂടി ഞങ്ങൾക്ക് അനുവാദമുണ്ടായിരുന്നില്ല.

എവിടെങ്കിലും ഷോ മാൻ പ്രത്യക്ഷപ്പെട്ടു എന്നു കേട്ടാൽ കൊച്ചമ്മ ഉടനെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. പുറത്തു പോയി അയാളെ ഓടിക്കാനുള്ള ധൈര്യമൊന്നും കൊച്ചമ്മയ്ക്കില്ല. അതു കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടാൽ എല്ലാവരും മുറിക്കുള്ളിൽ നിന്നും ഇടമുറ്റത്തേക്കുള്ള വരാന്തയിൽ ഇറങ്ങി പഠിക്കാൻ ഇരിക്കണം എന്നാണ് നിയമം.

കുമ്പിടി അപ്രത്യക്ഷനായി എന്ന് ഉറപ്പാക്കും വരെ ഞങ്ങൾക്ക് പുസ്തകം തുറന്നു അങ്ങനെയിരിക്കേണ്ടി വന്നു.... അതും നല്ലൊരു അവധി ദിവസം വെറുതെ പോകുന്നതിന്റെ സങ്കടം അയാളുണ്ടോ അറിയുന്നു.

3) ആക്ച്വലി ഇയാൾ ആരാ ?

ഷോ മാൻ എഫക്റ്റ് ലീ ഹോസ്റ്റലിൽ അലയടിക്കുമ്പോഴെല്ലാം ഞങ്ങളിൽ ഉയർന്ന സംശയം ഇതായിരുന്നു. ചിലര് പറഞ്ഞു അയാൾ വട്ടനാണെന്ന്, ചിലര് പറഞ്ഞു സാത്താനാണ് എന്ന് ..

ഇയാൾ എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്നായിരുന്നു മറ്റൊരു സംശയം. ഇന്റർനെറ്റ് ഗർഭാവസ്ഥയിൽ ഇരിക്കുന്ന കാലമായതിനാൽ തന്നെ ഇയാളെ കുറിച്ച് കൂടുതൽ അറിയാൻ യാതോരു നിർവ്വാഹവുമുണ്ടായിരുന്നില്ല, അല്പജ്ഞാനം പരസ്പരം പങ്കുവയ്ക്കുകയല്ലാതെ.


ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തു എന്ന വാർത്ത ഇന്ന് വായിക്കുമ്പോൾ, ഷോ മാൻ ഒരു മുഖം ആർജ്ജിക്കുന്നു. ഇരുട്ടിലെ ഒരു രൂപം മാത്രമായിരുന്ന അയാൾക്ക് ഒരു മുഖമുണ്ടായിരിക്കുന്നു.

ഇനിയും പ്രതികരിക്കാതെയിരിക്കുന്നതെങ്ങനെ?

18 വർഷങ്ങൾക്കിപ്പുറം സി.എം.എസ് കോളേജിൽ ഒരു ഒത്തുചേരലിന് തയ്യാറെടുത്ത ഞങ്ങൾ പെൺപട വാട്സാപ്പ് ഗ്രൂപ്പിൽ പരിപാടികൾ നിശ്ചയിച്ചു..പല പല രാജ്യങ്ങളിലായി നല്ല നിലയിലുള്ള ഉദ്യോഗം വഹിക്കുന്നവരാണ് മിക്കവരും. അവധിക്കാലത്ത്‌, ഒരു ദിവസം കടമെടുത്താണ് പലരുടെയും വരവ്, അതുക്കൊണ്ട് എവിടെല്ലാം പോകുമെന്നും ആരെയെല്ലാം കാണണം എന്നും നേരത്തെ തീരുമാനിക്കണം.

മിസ്‌ മേരിയെ ഏതായാലും കാണണമെന്നു ചിലര്‍.. ഇപ്പോള്‍ മിസ്‌  അവിടെ വാര്‍ഡന്‍ അല്ല, പറവൂര്‍ ഉള്ള വീട്ടില്‍ ഒറ്റയ്ക്കാണ് എന്ന് ചിലര്‍ പറഞ്ഞു ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. അതുക്കൊണ്ട് ഇത്തവണ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല..എന്നാല്‍ പിന്നെ ഫോണ്‍ വിളിക്കാം. അങ്ങനെ അത് വേണ്ടെന്ന് വച്ചു.

"പിന്നെ കോളേജ് പ്രിന്‍സിയെ കാണണം, നമ്മളൊക്കെ ഇങ്ങനെയൊക്കെ ആയി എന്ന് പറയാമെല്ലോ."

"ഓക്കെ..ഡണ്‍!"

'പിന്നാരെയാ?'

"എടി..അന്നത്തെ ഏതെങ്കിലും ഒരു ഷോ മാനെ കാണാന്‍ പറ്റുമോ?'

" അതെന്തിന്?" ഗ്രൂപ്പില്‍ മറ്റെല്ലാവര്‍ക്കും സംശയം.

" അന്ന് അവനെ കണ്ടപ്പോള്‍ നമ്മള്‍ എല്ലാവരും പേടിച്ചോടി... ഇന്ന് അവനെ ഒന്നു മുന്നില്‍ കിട്ടിയാലുണ്ടെല്ലോ.."

"ശരിയാ... പെണ്ണുങ്ങള്‍ക്ക്‌ പ്രതികരിക്കാന്‍ അറിയാമെന്ന് അവനെ മനസിലാക്കാമായിരുന്നു... അന്നോ അതിനൊന്നും ധൈര്യം ഇല്ലായിരുന്നു..." ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി.

"എടി... നമ്മള്‍ എതിരിടാന്‍ കരുത്താര്‍ജ്ജിച്ചപ്പോഴേക്കും അയാളുടെ ശക്തിയെല്ലാം പോയിട്ടുണ്ടാകും... പ്രായമാവുകയല്ലെ... വിട്ടേര്..."

അങ്ങനെ ആ വിഷയം ഞങ്ങള്‍ അവിടെ ഉപേക്ഷിച്ചു.

പക്ഷെ കുമ്പിടി വീണ്ടും പ്രത്യക്ഷപ്പെടുകയാണ്... തെരുവോരത്ത് ഇളം ഇരയെ തേടി...

മതിലിന്‍റെ പൊക്കത്ത് നിന്നും കാറിലേക്ക്, ഇരുട്ടില്‍ നിന്ന് പകല്‍ വെളിച്ചത്തിലേക്ക് അയാള്‍ കൂട് മാറ്റിയെന്നു മാത്രം!

Read More >>