സംവരണ തട്ടിപ്പ്: വാ തുറക്കേണ്ടത് എന്‍എസ്എസും എസ്എന്‍ഡിപിയും ക്രൈസ്തവരുമെന്ന് ദളിത് നേതാവ്; ചീഫ് സെക്രട്ടറിയെയും എംഎല്‍എമാരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യം

കൃത്രിമ ജാതി സര്‍ട്ടിഫിക്കറ്റുണ്ടാക്കി തൊഴില്‍ നേടിയതു മുഴുവനും സംവരണം തന്നെ വേണ്ടെന്നു വാദിക്കുന്ന സമുദായ സംഘടനകളില്‍പെട്ടവരാണ്.

സംവരണ തട്ടിപ്പ്: വാ തുറക്കേണ്ടത് എന്‍എസ്എസും എസ്എന്‍ഡിപിയും ക്രൈസ്തവരുമെന്ന് ദളിത് നേതാവ്; ചീഫ് സെക്രട്ടറിയെയും എംഎല്‍എമാരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യം

കോഴിക്കോട്: ആദിവാസി-ദളിത് വിഭാഗങ്ങളുടെ പേരില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുണ്ടാക്കി തൊഴില്‍ തട്ടിയെടുത്തവര്‍ സര്‍വീസില്‍ തുടരുന്ന സംഭവത്തില്‍ മുന്നോക്ക ജാതി സംഘടനകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ദളിത് നേതാവ്.എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതി കണ്‍വീനര്‍ ഒ.പി രവീന്ദ്രന്‍ പറഞ്ഞു.

സംവരണവിരുദ്ധര്‍ കൃത്രിമം കാട്ടി സംവരണത്തൊഴില്‍ നേടുന്നതിനെ കുറിച്ച് എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ക്രൈസ്തവ സംഘടനകള്‍ക്കും എന്തു പറയാനുണ്ട് - രവീന്ദ്രന്‍ ചോദിച്ചു.


ഉദ്യോഗമേഖലകളില്‍ ദളിത്-ആദിവാസി വിഭാഗങ്ങള്‍ കടന്നു വരുന്നത് ഏതൊക്കെ രീതിയില്‍ തടയാമെന്ന് ആസൂത്രിതമായിത്തന്നെ ആലോചിക്കുന്നുണ്ട്. അതിനു തെളിവാണ് തട്ടിപ്പു രേഖയുണ്ടാക്കി തൊഴില്‍ നേടിയവര്‍ക്കെതിരായ നടപടികള്‍ നീണ്ടുപോകുന്നതെന്ന് ഒ. പി രവീന്ദ്രന്‍ പറഞ്ഞു. പിഎസ്‌സിക്കും ഈ ഗൂഢാലോചനകളില്‍ പങ്കുണ്ട്.

എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കണമെന്ന ആവശ്യത്തോട് മാറിമാറി വരുന്ന സര്‍ക്കാരുകളും വിവിധ രാഷ്ട്രീയക്കാരും മുഖം തിരിക്കുന്നതും സംവരണജാതിക്കാര്‍ ഉദ്യോഗങ്ങളില്‍ വരുന്നത് നിശബ്ദമായി അട്ടിമറിക്കലാണ്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ് നിയമിച്ച അധ്യാപകര്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കി സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കുന്നത് ഒരു സംവരണ തത്വവും പാലിക്കാതെയാണ്.

2012-ലെ കണക്കനുസരിച്ച് ഇങ്ങനെ സര്‍ക്കാര്‍ സര്‍വീസുകാരായി മാറിയവരുടെ എണ്ണം 2900 ആണ്. ഇത് പിഎസ്‌സി നിയമനങ്ങളെക്കൂടി പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. 290 സംവരണ തസ്തികള്‍ ഒറ്റയടിക്ക് നഷ്ടപ്പെട്ടുവെന്നാണ് ഈ കണക്കിന്റെ അര്‍ഥം.

ദളിത്-ആദിവാസി വിഭാഗങ്ങളുടെ തൊഴില്‍ പ്രതിനിധ്യം വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന ഉത്തരവുകളും വിധികളുമൊന്നും കേരളത്തില്‍ നടപ്പാക്കപ്പെടാറേയില്ല. അതിന്റെ ഭാഗമായി വേണം 220 അനധികൃത നിയമനങ്ങളില്‍ നടപടിയെടുക്കണമെന്ന ഉത്തരവ് പൂഴ്ത്തിയതിനെയും കാണാന്‍ - ഒ. പി രവീന്ദ്രന്‍ പറഞ്ഞു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ള കണക്കാണ് കിര്‍ത്താര്‍ഡ്‌സിന്റേതെന്നും, യഥാര്‍ത്ഥ തട്ടിപ്പുകാരുടെ എണ്ണം ഇതിലും എത്രയോ അധികം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദിവാസി ഭൂമി തട്ടിപ്പിനു സമാനം: ഡോ. രേഖാ രാജ്

സംവരണമേര്‍പ്പെടുത്തിയിരിക്കുന്നത് സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കാനാണെന്നതിനാല്‍ അത് അട്ടിമറിക്കപ്പെടുന്നത് കേരളീയരെയാകെ ആശങ്കപ്പെടുത്തേണ്ടതാണെന്ന് ദളിത് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഡോ. രേഖാ രാജ് പറഞ്ഞു. സര്‍ക്കാര്‍ മേഖല മാത്രമാണ് ദളിതര്‍ക്കും ആദിവാസികള്‍ക്കും ഉന്നതതല തൊഴിലിന് ഏക ആശ്രയം. കിര്‍ത്താര്‍ഡ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം, അട്ടിമറിക്കപ്പെട്ടത് ഇത്തരം തസ്തികകളിലെ നിയമനമാണെന്നത് പ്രത്യേകം കാണണം.

സ്‌പെഷല്‍ റിക്രൂട്ട്‌മെന്റും ഡയറക്ട് റിക്രൂട്ട്‌മെന്റും വഴിയാണ് ഉന്നത തസ്തികകളിലെ ദളിത്-ആദിവാസി പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നത്. വര്‍ഷങ്ങളായി ഇത്തരം റിക്രൂട്ട്‌മെന്റ് ചുരുങ്ങിച്ചുരുങ്ങി വരികയാണ്.

ഉദ്യോഗസ്ഥ ഗൂഢാലോചനയില്ലാതെ ഇത്തരം ഉയര്‍ന്ന തൊഴിലുകളിലേക്ക് വ്യാജ ജാതിസര്‍ട്ടിഫിക്കറ്റുണ്ടാക്കി നിയമനം നടക്കില്ല. ഒരു വില്ലേജ് ഓഫീസില്‍ നിന്ന് അര്‍ഹതപ്പെട്ട ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പോലും വന്‍ കടമ്പകള്‍ കടക്കേണ്ടപ്പോഴാണ് കൃത്രിമ നിയമനം നടന്നതും കൃത്രിമം തുടരുന്നതും. പിഎസ്‌സി എത്രക്ക് അഴിമതിരഹിതമാണെന്നു കൂടി ഈ അധ്യായത്തോടെ ആലോചിക്കേണ്ടി വരും.

അനധികൃതമായി തൊഴിലില്‍ തുടരുന്നവരെ ഇന്റര്‍വ്യൂ നടത്തിയവര്‍, ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഇരുന്നവര്‍, നിയമന ഉത്തരവില്‍ ഒപ്പിട്ടവര്‍ എന്നിവരെയൊക്കെ ക്രിമിനല്‍ നിയമനടപടിക്ക് വിധേയമാക്കാവുന്ന അതിക്രമമാണ് നടന്നിരിക്കുന്നത്.

എസ്‌സി-എസ്ടി കമീഷന്‍ ഇങ്ങനെയൊരു ക്രമക്കേട് നടന്നത് ചൂണ്ടിക്കാട്ടിയാല്‍ നടപടിയെടുക്കേണ്ടത് ചീഫ് സെക്രട്ടറിയാണ്. നിയമസഭാ സമിതിയുടെ പരിഗണനയില്‍ വന്ന വിഷയമായതിനാല്‍ എംഎല്‍എമാര്‍ വരെ നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരും, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭരണഘടനാവകാശം അട്ടിമറിക്കാന്‍ കൂട്ടുനിന്നതിന്റെ പേരില്‍ - ഡോ രേഖാരാജ് ചൂണ്ടിക്കാട്ടി.

ആദിവാസി ഭൂമിയുടെ കാര്യത്തില്‍ നടന്ന പോലെ, ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷട്രീയക്കാരുമെല്ലാം ഉള്‍പ്പെട്ട ഗൂഢാലോചനയാവും സംവരണ അട്ടിമറിക്കു പിന്നിലെന്നും അവര്‍ പറഞ്ഞു.

Read More >>