സംസ്ഥാനത്ത് വ്യാജ ജാതിസര്‍ട്ടിഫിക്കറ്റു നൽകി സംവരണാനുകൂല്യം തട്ടിയത് 220 പേര്‍; നടപടിയെടുക്കാൻ പിണറായി സർക്കാരിനും മടിയോ?

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പിന്നോക്ക ദളിത്-ആദിവാസി വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്തു കേന്ദ്ര - സംസ്ഥാന സർവീസിൽ വിലസുന്ന 220 പേർക്കെതിരെ നടപടിയെടുക്കാൻ പിണറായി സർക്കാരിനും വിമുഖത.

സംസ്ഥാനത്ത് വ്യാജ ജാതിസര്‍ട്ടിഫിക്കറ്റു നൽകി സംവരണാനുകൂല്യം തട്ടിയത് 220 പേര്‍; നടപടിയെടുക്കാൻ പിണറായി സർക്കാരിനും മടിയോ?

കോഴിക്കോട്: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പിന്നോക്ക ദളിത്-ആദിവാസി വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്തു കേന്ദ്ര - സംസ്ഥാന സർവീസിൽ വിലസുന്ന 220 പേർക്കെതിരെ നടപടിയെടുക്കാൻ പിണറായി സർക്കാരിനും വിമുഖത. ഇത്തരത്തിൽ ജോലി സംവരണം തട്ടിയെടുത്ത ഉന്നതകുലജാതരുടെ പേരും വിവരവും അടങ്ങുന്ന കിര്‍ത്താഡ്‌സ് റിപ്പോര്‍ട്ടിന്മേൽ ആറുമാസത്തിനകം നടപടിയെടുക്കണമെന്ന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്റെ നിർദ്ദേശമാണ് സർക്കാർ അട്ടിമറിക്കുന്നത്. കമ്മിഷൻ സർക്കാരിനു നൽകിയ കാലാവധി കഴിഞ്ഞ ആഗസ്റ്റിൽ അവസാനിച്ചു. കിര്‍ത്താഡ്‌സിന്റെ റിപ്പോര്‍ട്ട് വസ്തുതയാണെന്ന് പട്ടികജാതി- പട്ടികവര്‍ഗ നിയമസഭാ സമിതിയും ശരിവെച്ചിരുന്നു.


സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ജോലി സംവരണമാണ് ഉയര്‍ന്ന സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ വ്യാജസർട്ടിഫിക്കറ്റു ഹാജരാക്കി തട്ടിയെടുത്തത്. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ടു 2013 മെയ് മാസത്തിൽ കിര്‍ത്താഡ്‌സ് സംസ്ഥാന സര്‍ക്കാറിനു നല്‍കി. എന്നാൽ ഈ റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാൻ യുഡിഎഫ് സര്‍ക്കാർ തയ്യാറായില്ല.  വ്യാജന്‍മാരെ സര്‍വീസില്‍ നിന്ന് നീക്കുന്നതിനൊപ്പം പ്രോസിക്യൂട്ടു ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടു വിവിധ ദളിത്-ആദിവാസി സംഘടനകള്‍ അനേകം പരാതികള്‍ നല്‍കിയെങ്കിലും കണ്ടഭാവം നടിച്ചില്ല.

kirthads

ഉന്നത തസ്തികകളില്‍ കയറിയവരിലധികവും സവര്‍ണ്ണര്‍

നായര്‍ നായാടിയായും തിയ്യന്‍ തണ്ടാനായുമൊക്കെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചാണു സംവരണം തട്ടിയെടുത്തത്. നമ്പൂതിരി മുതല്‍ ഈഴവര്‍ വരെയുള്ളവരും ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവരുമാണു ഇത്തരത്തില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ഉറപ്പാക്കിയവര്‍.

എസ് ബി ടി യില്‍ ശാഖാമാനേജര്‍, ഡിവൈഎസ്പി, കെഎസ്ഇബി എഞ്ചിനീയര്‍, മെഡിക്കല്‍ കോളെജില്‍ സര്‍ജറി വിഭാഗം ലക്ച്ചറര്‍, ഹാന്റ്‌ലൂം ഡയറക്ടര്‍, കെഎസ് സി ബിസി അഡീഷണല്‍ ഡയറക്ടര്‍, ഫിഷര്‍മാന്‍ കോ-ഓപ്പററ്റീവ് സൊസൈസിറ്റിയില്‍ സെക്രട്ടറി, എംപ്ലോയ്‌മെന്റ് ഓഫീസര്‍, എഫ്‌സിഐ അസി. മാനേജര്‍, സ്‌കൂള്‍ പ്രധാനധ്യാപകന്‍ ഉള്‍പ്പെടെ 220 പേരില്‍ പ്രബലവിഭാഗവും ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്. പൊലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡര്‍ ഉള്‍പ്പെടെയുള്ള തസ്തികയിലും ധാരാളം പേരുണ്ട്. സംസ്ഥാനത്തിനു പുറത്തുള്ള ദേശസാത്കൃത ബാങ്കുകളില്‍ പലരും ഉയര്‍ന്ന തസ്തികയില്‍ ജോലി നേടിയതായും കിര്‍ത്താഡ്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇതില്‍ ബഹുഭൂരിഭാഗവും പുരുഷന്‍മാരാണ്.

മലമ്പണ്ടാരങ്ങളുടെയും മലയരരുടെയും പേരിൽവരെ മേലാന്മാർക്ക് വ്യാജസർട്ടിഫിക്കറ്റ്

ശബരിമല കാടുകളില്‍ കാണപ്പെടുന്ന ജനസംഖ്യയില്‍ വളരെ കുറവുള്ളതും കടുത്ത വംശനാശഭീഷണി നേരിടുന്നതുമായ മലമ്പണ്ടാരങ്ങള്‍ എന്ന ആദിവാസി വിഭാഗത്തിന്റെ പേരില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റു നിര്‍മ്മിച്ചു പതിനെട്ടു പേരാണു കേരള സർവീസിൽ ജോലി സമ്പാദിച്ചത്. മുഖ്യധാരാ സമൂഹവുമായി യാതൊരു ബന്ധവുമില്ലാതെ, കാടു വിട്ടു അപൂര്‍വമായി മാത്രം പുറത്തിറങ്ങുന്നവരാണു പ്രാക്തന ഗോത്രവര്‍ഗമായ മലമ്പണ്ടാരങ്ങള്‍. ആദിവാസി വിഭാഗമായ മലയരയരുടെ പേരില്‍ നാൽപതു പേരാണു വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.

വയനാട്ടില്‍ യൂണിറ്റുകളായി കഴിയുന്ന പണിയര്‍ വിഭാഗത്തിന്റെ സംവരണവും ഇങ്ങനെ തട്ടിയെടുക്കപ്പെട്ടതായി കിര്‍ത്താഡ്‌സിന്റെ റിപ്പോര്‍ട്ടിലുണ്ട്. വനംവകുപ്പില്‍ വാച്ചറോ ഫോറസ്റ്റ് ഓഫീസുകളില്‍ തൂപ്പുകാരോ മാത്രമായുള്ള കാട്ടുനായ്ക്ക വിഭാഗത്തിന്റെ പേരില്‍ ജാതി സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഉന്നത പദവി സമ്പാദിച്ചരുടെ വിവരങ്ങളും കിര്‍ത്താഡ്‌സിന്റെ റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നുണ്ട്. എഴുപതോളം ആദിവാസികളുടെ സംവരണമാണിപ്രകാരം ഉയര്‍ന്ന സമുദായത്തിലുള്ളവര്‍ തട്ടിയെടുത്തത്.

കൂടുതല്‍ തട്ടിപ്പ് ദളിതരുടെ പേരിൽ

എസ് സി സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയാണു നൂറ്റിയറുതിലധികം പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. പാലക്കാടു കൂടുതലായി കാണപ്പെട്ടുന്ന ചക്ലിയ വിഭാഗത്തിന്റെയും പള്ളന്‍ വിഭാഗത്തിന്റെയും സംവരണമാണു വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ ഉയര്‍ന്ന സമുദായത്തിലുള്ളവര്‍ തട്ടിയെടുത്തത്. ചെറുമ, പുലയ, വേട്ടുവര്‍, തണ്ടാന്‍, കടയന്‍, വണ്ണാന്‍ വിഭാഗത്തിന്റെ സംവരണവും ഇപ്രകാരവും സവര്‍ണ്ണര്‍ തട്ടിയെടുത്തിട്ടുണ്ട്. ആദിവാസികള്‍ ഇക്കാര്യത്തില്‍ അജ്ഞാരണെങ്കിലും ദളിതു സംഘടനകള്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു പോരാട്ടത്തിലാണ്. എന്നാല്‍ ഇവര്‍ക്കു നേരെ കണ്ണുകൾ ഇറുക്കിയടച്ചിരിക്കുകയാണു ഭരണകേന്ദ്രം.