വ്യാജ ജാതിസര്‍ട്ടിഫിക്കറ്റുണ്ടാക്കി സംവരണം തട്ടിയ സംഭവം: എസ്‌സി-എസ്ടി കമ്മീഷന്റെ റിപ്പോര്‍ട്ട് പൂഴ്ത്തി; തഹസില്‍ദാര്‍മാര്‍ സംശയനിഴലില്‍

32 ആദിവാസി-ദളിത് വിഭാഗങ്ങളുടെ പേരിലാണ് ഇപ്രകാരം സംവരണം തട്ടിയെടുത്തത്. നിയമനം വ്യാജമായി നേടിയ 220 പേരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് ജോലിയിലിരിക്കുന്നത്.

വ്യാജ ജാതിസര്‍ട്ടിഫിക്കറ്റുണ്ടാക്കി സംവരണം തട്ടിയ സംഭവം: എസ്‌സി-എസ്ടി കമ്മീഷന്റെ റിപ്പോര്‍ട്ട് പൂഴ്ത്തി; തഹസില്‍ദാര്‍മാര്‍ സംശയനിഴലില്‍

കോഴിക്കോട്: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മുന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ ആദിവാസി-ദളിത് സംവരണ തൊഴിലുകള്‍ തട്ടിയെടുത്ത സംഭവത്തില്‍ നിജസ്ഥിതി വ്യക്തമാക്കി പട്ടികജാതി-ഗോത്രവര്‍ഗ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തി.

കിര്‍ത്താഡ്‌സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 360 ഫയലുകള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ 220 പേരും വ്യാജന്‍മാരാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ആറുമാസത്തിനകം നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തെങ്കിലും തുടര്‍നടപടിയുണ്ടായില്ല. കമ്മീഷന്‍ നല്‍കിയ കാലാവധി ആഗസ്ത് 31ന് അവസാനിക്കുകയും ചെയ്തിരുന്നു.


റിപ്പോര്‍ട്ട് സര്‍ക്കാറിലെ ഉന്നതര്‍ ഇടപെട്ട് പൂഴ്ത്തിയതാണ് നടപടിയുണ്ടാകാത്തതിന് കാരണമെന്നാണ് ആരോപണം. ഉന്നതതല ഇടപെടലിന്റെ ഫലമായാണ് റിപ്പോര്‍ട്ട് പൂഴ്ത്തപ്പെട്ടിരിക്കുന്നതെന്നും അറിയുന്നു. യുഡിഎഫ് ഭരണകാലത്ത് പട്ടികജാതി-പട്ടികവര്‍ഗ മന്ത്രിയുടെ മുന്നിലേക്ക് ഈ റിപ്പോര്‍ട്ട് പോകാതെ തടഞ്ഞത് ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നാണ് വിവരം.

32 ആദിവാസി-ദളിത് വിഭാഗങ്ങളുടെ പേരിലാണ് ഇപ്രകാരം സംവരണം തട്ടിയെടുത്തത്. നിയമനം വ്യാജമായി നേടിയ 220 പേരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് ജോലിയിലിരിക്കുന്നത്.

തഹസില്‍ദാര്‍മാര്‍ പ്രതിക്കൂട്ടില്‍

പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം നിലവില്‍ തഹസില്‍ദാര്‍മാര്‍ക്ക് മാത്രമാണുള്ളത്. ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലുള്ള 220 പേര്‍ക്കും പിന്നോക്കവിഭാഗത്തിന്റെ പേരില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അതത് തഹസില്‍ദാര്‍മാരാണോ അതോ ഇവര്‍തന്നെ വ്യാജമായി നിര്‍മ്മിച്ചതാണോയെന്നാണ് അന്വേഷിക്കേണ്ടത്. അതാത് താലൂക്കുകളില്‍ ആ കാലത്തുണ്ടായിരുന്ന തഹസില്‍ദാര്‍മാരെ ചോദ്യം ചെയ്താലേ നിജസ്ഥിതി വ്യക്തമാകൂ.

കമ്മീഷന്റെ കണ്ടെത്തല്‍

കിര്‍ത്താഡ്‌സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച്, ട്രയിനിംഗ് ആന്റ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ്) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ സര്‍വീസിലെ വ്യാജന്‍മാരെക്കുറിച്ചുള്ളത്. 1996 ലെ ആക്ട് 11 പ്രകാരം രൂപീകൃതമായ പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മീഷനും കിര്‍ത്താഡ്‌സിന്റെ കണ്ടെത്തലുകള്‍ ശരിവച്ചിരുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ സംവരണം തട്ടിയെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട് 360 കേസ് ഫയലുകള്‍ കമ്മീഷന്‍ പരിശോധിച്ചതില്‍ നിന്നാണ് 220 വ്യാജന്‍മാരെ കണ്ടെത്തിയത്. അന്വേഷണം നടത്തി യഥാസമയം കമ്മീഷന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയിരുന്നു.

സര്‍ട്ടിഫിക്കറ്റ് നോക്കിയാല്‍ വ്യാജന്‍മാരെ മനസ്സിലാവില്ലെന്നോ!

പിഎസ് എസി നിയമനം ലഭിക്കുംമുമ്പ്, അഡൈ്വസ് മെമ്മോ കൈപ്പറ്റുന്ന വേളയില്‍ത്തന്നെ ഉദ്യോഗാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്താറുണ്ട്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനാ വേളയില്‍ വ്യാജന്മാരെ കണ്ടെത്താതെ പോയത് ദുരൂഹമാണ്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ സംവരണം തരപ്പെടുത്തിയവരുടെ പേരും പിതാവിന്റെ പേരും വിലാസവും ഉള്‍പ്പെടെ മനസ്സിലാക്കിയാല്‍ത്തന്നെ പരിശോധിക്കുന്നവര്‍ വ്യാജന്‍മാരെ പിടികൂടേണ്ടതാണ്.

ഉദാഹരണമായി ശബരിമലക്കാട്ടില്‍ കാണപ്പെടുന്ന മലമ്പണ്ടാരങ്ങളുടെയും നിലമ്പൂരിലും വയനാട്ടിലുമുള്ള കാട്ടുനായ്ക്ക വിഭാഗത്തിന്റെയും ഗോത്രത്തില്‍ നിന്ന് ഒരാള്‍ ഉന്നത പദവിയിലെത്തുന്നതിന്റെ യുക്തിപോലും ഇവിടെ പരിശോധിക്കപ്പെട്ടില്ല. പേരും കൃത്യമായ വിലാസവുമില്ലാതെ വനത്തില്‍ താമസിക്കുന്ന ആദിവാസികളുടെ പേരില്‍ വ്യാപകമായി ജാതി സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് അതിവിചിത്രമാണെന്നു പോലും ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കും തോന്നിയില്ല. അതീവ ഗുരുതരം എന്നു മാത്രമേ ഈ വീഴ്ചയെക്കുറിച്ച് പറയാനാവൂ.

സംസ്ഥാനത്ത് മാത്രം 1100 വ്യാജന്മാര്‍?

സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 1100 പേര്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുപയോഗിച്ച് ജോലി ചെയ്യുന്നുണ്ടെന്ന് എസ്എസി-എസ്ടി കമ്മീഷന് മുമ്പാകെ ദളിത് കോണ്‍ഗ്രസ് നേതാവ് സി കെ ഗോവിന്ദന്‍ പരാതി നല്‍കിയിരുന്നു. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ക്രിമിനല്‍ കേസെടുക്കുകയും വേണമെന്ന് ഗോവിന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് ദളിത്-ആദിവാസി സംഘടനകള്‍.

ബീഹാറിനെ മാതൃകയാക്കാം

വ്യാജരേഖകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ജോലിയില്‍ കയറിയ 1137 അധ്യാപകരെ 2014ല്‍ ബീഹാര്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇവരെ അനധികൃതമായി നിയമിച്ച 147 ഗ്രാമ മുഖ്യന്‍മാര്‍, 27 പഞ്ചായത്ത് സേവകര്‍ തുടങ്ങിയവര്‍ക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു. അവിടെ 2006-2011 കലായളവില്‍ രണ്ടേകാല്‍ ലക്ഷം പേരെയാണ് പഞ്ചായത്തുകള്‍ മുഖേന റിക്രൂട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ കേരളത്തിലുള്‍പ്പെടെ സര്‍ക്കാര്‍ സര്‍വീസിലുള്ള വ്യാജന്‍മാരെ ജോലിയില്‍ നിന്ന് നീക്കം ചെയ്യാന്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാറിന് തടസ്സങ്ങളില്ല. കടുത്ത ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാനും സര്‍ക്കാറിന് കഴിയുകതന്നെ വേണം.