സംവരണത്തട്ടിപ്പിന് തുണയാവുന്നത് സര്‍ക്കാര്‍ വാദവും കോടതി ഇടപെടലും; മന്ത്രിയായിരിക്കെ ഐപിഎസ് ഉദ്യോഗസ്ഥനെവരെ പുറത്താക്കി: മുന്‍ മന്ത്രി കെ.രാധാകൃഷ്ണന്‍

സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടാല്‍ കോടതികളെ ആശ്രയിച്ചുള്ള കൃത്രിമക്കാരുടെ രക്ഷപ്പെടല്‍ അവസാനിപ്പിക്കാന്‍ കഴിയും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വാദം ശക്തിയായി വരാതിരിക്കുമ്പോഴാണ് കുറ്റക്കാര്‍ സ്വാഭാവികമായും രക്ഷപ്പെട്ടു പോകുന്നത്.

സംവരണത്തട്ടിപ്പിന് തുണയാവുന്നത് സര്‍ക്കാര്‍ വാദവും കോടതി ഇടപെടലും; മന്ത്രിയായിരിക്കെ ഐപിഎസ് ഉദ്യോഗസ്ഥനെവരെ പുറത്താക്കി: മുന്‍ മന്ത്രി കെ.രാധാകൃഷ്ണന്‍

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുണ്ടാക്കി ആദിവാസി - ദളിത് വിഭാഗങ്ങളുടെ തൊഴില്‍ തട്ടിയെടുത്ത സംഭവത്തില്‍, കൃത്രിമം കാട്ടിയവര്‍ക്ക് സ്വയം പിരിഞ്ഞു പോകാന്‍ വേണ്ടത്ര അവസരം നല്‍കിയിട്ടുണ്ടെന്ന് മുന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രിയും പി കെ എസ് നേതാവുമായ കെ രാധാകൃഷ്ണന്‍. ഇനി വേണ്ടത് കര്‍ശനമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

ചിലര്‍ സര്‍വീസില്‍ നിന്ന് സ്വമേധയാ പിരിഞ്ഞു പോയെങ്കിലും ബാക്കി പേര്‍ കോടതികളെ സമീപിച്ച് നടപടികള്‍ നീട്ടിക്കൊണ്ടുപോകുകയാണ്. സര്‍ക്കാര്‍ വാദം ദുര്‍ബലമാകുമ്പോഴാണ് കോടതികളിലൂടെ ഇക്കൂട്ടര്‍ രക്ഷപ്പെടുന്നത്. ഇതവസാനിപ്പിക്കാന്‍ കേസുകളില്‍ സര്‍ക്കാര്‍ ഫലവത്തായി ഇടപെടണം. കെ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.


കോടതിവിധി പ്രതികൂലമായാലും ഇവര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കി രക്ഷപ്പെടുകയാണ് പതിവ്. നടപടിക്രമങ്ങളെ ഇങ്ങനെ വച്ചുനീട്ടുന്നത് തടയാന്‍ സര്‍ക്കാര്‍ തന്നെ വിചാരിക്കണം.

'ഞാന്‍ മന്ത്രിയായിരിക്കെ സംസ്ഥാനത്താദ്യമായി, വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി തൊഴില്‍ നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനായ വിശ്വനാഥപിള്ളക്കെതിരെയാണന്ന് നടപടിയെടുത്തത്'- മന്ത്രിതലത്തില്‍ മുന്‍കയ്യെടുത്താല്‍ പരിഹാരമുണ്ടാക്കാനാവുന്നതാണ് ഇത്തരം അന്യായനിയമനങ്ങളെന്ന് വ്യക്തമാക്കുന്നതാണ് കെ രാധാകൃഷ്ണന്റെ ഈ വാക്കുകള്‍.

എല്ലാത്തരത്തിലും പഴുതുകള്‍ അടച്ച് രക്ഷപ്പെട്ടു പോകുകയായിരുന്നു വിശ്വനാഥപിള്ളയെന്ന് കെ. രാധാകൃഷ്ണന്‍ ഓര്‍മ്മിക്കുന്നു. പഴുതുകള്‍ അടച്ചുതന്നെ അന്ന് സര്‍ക്കാര്‍ ഇടപെടല്‍ നടത്തി. അങ്ങനെയാണ് വിശ്വനാഥപിള്ളയെ അനുകൂലിച്ച ട്രിബ്യൂണലിനെതിരെ കോടതി വിധിയുണ്ടാവാന്‍ സാഹചര്യം തെളിഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ അന്ന് സര്‍ക്കാര്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് ടെര്‍മിനേറ്റ് ചെയ്തു - കെ രാധാകൃഷ്ണന്‍ പറഞ്ഞു.

'ഇപ്പോഴുള്ള 220 പേരും കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയും മറ്റുമാണ് സര്‍വീസില്‍ തുടരുന്നത്. എങ്കിലും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടാല്‍ കോടതികളെ ആശ്രയിച്ചുള്ള കൃത്രിമക്കാരുടെ രക്ഷപ്പെടല്‍ അവസാനിപ്പിക്കാന്‍ കഴിയും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വാദം ശക്തിയായി വരാതിരിക്കുമ്പോഴാണ് കുറ്റക്കാര്‍ സ്വാഭാവികമായും രക്ഷപ്പെട്ടു പോകുന്നത്.'

വേണ്ടത്ര ദയാവായ്പ് കാണിച്ചിട്ടുണ്ട്; ഇനി വേണ്ടത് നടപടി

'കൃത്രിമ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തൊഴില്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ ഒരവസരം നേരത്തെ കൊടുത്തിട്ടുണ്ട്. പല കേസുകളിലും ഉദ്യോഗസ്ഥര്‍ കുട്ടികളായിരിക്കെ രക്ഷിതാക്കള്‍ ഉണ്ടാക്കുന്നതാണ് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍. വീട്ടുകാര്‍ ജാതി തിരുത്തിച്ചേര്‍ത്ത് അബദ്ധം പറ്റിയവര്‍ക്കാണ് അന്ന് മറ്റ് ശിക്ഷാ നടപടികളൊന്നും കൂടാതെ സ്വയം സര്‍വീസില്‍ നിന്ന് പിരിഞ്ഞു പോകാന്‍ അവസരം നല്‍കിയത്.'

'രക്ഷാകര്‍ത്താക്കള്‍ ചെയ്ത തെറ്റിന് കുട്ടി ശിക്ഷ അനുഭവിച്ചുകൂടെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. അതിന്റെ പേരില്‍പ്പോലും തനിക്ക് പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരക്കാരെയും പ്രോസിക്യൂഷന് വിധേയമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.' - കെ രാധാകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ അത് നീതിയല്ലെന്ന് തോന്നി. ഒറ്റക്കാര്യമേ ഉണ്ടായിരുന്നുള്ളൂ. ചെയ്തത് തെറ്റാണെന്ന് ബോധ്യം വന്നുകഴിഞ്ഞാല്‍ ആനുകൂല്യത്തില്‍ നിന്ന് പിന്മാറാന്‍ ധാര്‍മ്മികത കാണിക്കുക. അങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. അത്തരക്കാരെ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കാനും നിര്‍ദേശിച്ചിരുന്നു. അങ്ങനെയാണ് കുറെ പേര്‍ സര്‍വീസില്‍ നിന്ന് പിന്മാറിപ്പോയത്. അതിന്റെ ഭാഗമായി അന്ന് കുറേ എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്ക് ജോലി കിട്ടുകയും ചെയ്തു.

അറിവില്ലായ്മ കൊണ്ടും സംഭവിക്കുന്നതാണ് പലപ്പോഴും പഴയ കാലത്ത് ഇങ്ങനെ അബദ്ധം. ഉദാഹരണത്തിന്, തിരുവിതാംകൂര്‍ ഭാഗത്ത് തണ്ടാന്‍ എന്നത് എസ്.സി.യില്‍പ്പെട്ട ജാതിയാണ്. പാലക്കാട്, തൃശുര്‍ ജില്ലകളില്‍ ഈഴവരെയും  തണ്ടാന്‍ എന്നു പറയും. ചില സ്ഥലത്തൊക്കെ ദേശത്തിന്റെ അധികാരികളായിരുന്നു ഇവര്‍. തിരുവിതാംകൂറിലെ എസ്‌സി വിഭാഗത്തില്‍പ്പെട്ട തണ്ടാന്‍ ജാതിക്കാര്‍ക്ക് ഏരിയ തിരിച്ചുമാത്രം സംവരണം നല്‍കിപ്പോന്നത് എടുത്തു കളഞ്ഞതോടെ മറ്റു ഭാഗങ്ങളിലെ തണ്ടാന്‍ ജാതിക്കാര്‍ക്കും സംവരണ ജാതിയെന്ന്  സര്‍ട്ടിഫിക്കറ്റ് കിട്ടിത്തുടങ്ങി. അതുപയോഗിച്ച് അവര്‍ യൂണിവേഴ്‌സിറ്റികളിലും എഞ്ചിനീയറിംഗിനുമൊക്കെ പ്രവേശനം നേടുകയും ചെയ്തു. പ്രവേശനം പ്രശ്‌നമായപ്പോള്‍ അവര്‍ കേസിനു പോകുകയും ചെയ്തു.

അറിവില്ലായ്മകൊണ്ടുമാവാമെന്നു കരുതുന്ന അബദ്ധങ്ങള്‍ക്ക് ഇന്നത്തെക്കാലത്ത് ആനുകൂല്യമൊന്നും നല്‍കേണ്ടതില്ല- കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

വാര്‍ഷിക കണക്കെടുപ്പ് നടക്കണം; സ്‌പെഷല്‍ റിക്രൂട്ട്‌മെന്റും

എല്ലാ വര്‍ഷവും, മുഖ്യമന്ത്രി അധ്യക്ഷനായ അവലോകന കമ്മറ്റി ചേര്‍ന്ന് ഓരോ വകുപ്പിലുമുള്ള എസ്‌സി-എസ്ടി പ്രാതിനിധ്യം, കേഡര്‍ തിരിച്ച്, കണക്കാക്കിപ്പോരുന്ന രീതിയുണ്ട്. ഓരോ വകുപ്പിലെയും ബാക്ക് ലോഗ് നിര്‍ണ്ണയിച്ച്, സംവരണ വിഭാഗങ്ങള്‍ക്കു വേണ്ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്  നടത്തും.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ഈ അവലോകനം നടന്നിട്ടുണ്ടെങ്കിലും സംവരണ വിഭാഗങ്ങളുടെ ബാക്ക് ലോഗ് നികത്തപ്പെട്ടില്ല. നിയമനങ്ങളേ നടന്നിരുന്നില്ലല്ലോ അന്ന്.  - രാധാകൃഷ്ണന്‍ പറഞ്ഞു.

കേസുകള്‍ ത്വരിതപ്പെടുത്തണം: വാര്‍ഷിക കണക്കെടുപ്പ് കാര്യക്ഷമവുമാകണം

ഇത്തരം അനധികൃത നിയമനങ്ങളില്‍ കേസുകള്‍ സ്പീഡ്-അപ്പ് ചെയ്യണമെന്നാണ് പട്ടികജാതി ക്ഷേമസമിതിയുടെ ആവശ്യമെന്ന് കെ. രാധാകൃഷ്ണന്‍ പറഞ്ഞു. വ്യാജമായ സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യപ്പെടാതിരിക്കാന്‍ കര്‍ക്കശമായ നടപടിക്രമങ്ങള്‍ നിലവിലുണ്ട്. ഓരോ വര്‍ഷവും തൊഴില്‍ നേടുന്നവരുടെ കണക്കുകള്‍ പരിശോധിച്ച് കുഴപ്പങ്ങള്‍ കണ്ടെത്തുക മാത്രമേ ഇനിയും കൃത്രിമങ്ങള്‍ നടക്കാതിരിക്കാന്‍ പോംവഴിയുള്ളൂവെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

Read More >>