ദളിതരും ആദിവാസികളും മാത്രമല്ല; വീരേന്ദ്രകുമാറും സൂഫി മുസ്ലിങ്ങളും ഞങ്ങളുടെ കൂടെ വരും: സി കെ പത്മനാഭൻ

ആചാരാനുഷ്ഠാനങ്ങൾകൊണ്ടും രാഷ്ട്രസങ്കല്പം കൊണ്ടും ഗോത്രമഹാസഭയും കേരള പുലയർ മഹാസഭയും വീരേന്ദ്രകുമാറിനെപ്പോലുള്ള സോഷ്യലിസ്റ്റുകളും ഞങ്ങൾക്കൊപ്പമാണ്. ബി.ജെ.പി.ദേശീയ കൗൺസിൽ സമ്മേളനത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം വിവരിക്കുന്നു മുൻ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭൻ.

ദളിതരും ആദിവാസികളും മാത്രമല്ല; വീരേന്ദ്രകുമാറും സൂഫി മുസ്ലിങ്ങളും ഞങ്ങളുടെ കൂടെ വരും: സി കെ പത്മനാഭൻ

ബി ജെ പിയിൽ, ഒതുക്കപ്പെട്ടു കഴിയുന്ന സീനിയർ നേതാവിനെ കാണാനുള്ള മാധ്യമ പ്രവർത്തക കൗതുകമാണ് മുൻ പ്രസിഡണ്ടും ദേശീയ കൗൺസിൽ അംഗവുമായ സി.കെ.പത്മനാഭനിലേക്ക് നയിച്ചത്.


അടിയന്തര പ്രചോദനമായത് ബി.ജെ.പി.ദേശീയ കൗൺസിൽ യോഗത്തിന്റെ സംഘാടന നേതൃത്വത്തിലുള്ള ഒരു മുതിർന്ന  നേതാവുമായുള്ള ഫോൺ സംഭാഷണമാണ്. അത് ഏതാണ്ടിങ്ങനെ:


- ഹലോ, സി.കെ.പി. കോഴിക്കോട്ടുണ്ടോ? അദ്ദേഹം സമ്മേളന സംഘാടനത്തിൽ സജീവ നേതൃത്വത്തിലുണ്ടെന്ന് കേട്ടല്ലോ..


- സി.കെ.പി.യൊന്നുമല്ല, എം.ടി.രമേശും കെ.സുരേന്ദ്രനുമാണ് സംഘാടക സമിതിനേതാക്കൾ. അവരെ വേണമെങ്കിൽ കല്ലായ് റോഡിലുള്ള സംഘാടക സമിതി ഓഫീസിൽ വന്നാൽ കാണാം.


സി.കെ.പി.യ്ക്ക് പറയാനുള്ളത് ബി.ജെ.പി.യുടെ സ്ട്രാറ്റജി മാത്രം


എന്നാൽ, നിലവിലെ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം വെളിപ്പെടുത്താനൊന്നും പാർട്ടിയുടെ സർവോന്നത സമ്മേളനം പടിവാതിൽക്കൽ നിൽക്കെ സി.കെ.പി.ക്ക് താല്പര്യമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസം പങ്കെടുക്കുന്ന (23ന് ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല. 24 ന് വൈകീട്ട് പൊതുസമ്മേളനത്തിൽ; 25 ന് പൂർണ്ണസമയം ദേശീയ കൗൺസിൽ യോഗത്തിൽ. അങ്ങനെയാണ് പ്രധാനമന്ത്രിയുടെ ഷെഡ്യൂൾ) പാർട്ടിയുടെ ഉപരി സമിതി സമ്മേളനം കേരള രാഷ്ട്രീയത്തിൽ എത്രക്ക് പ്രധാനമാണെന്നു പറയാനാണ് സി.കെ.പി.ക്ക് താല്പര്യം.


നേതൃത്വത്തോടുള്ള അഭിപ്രായ വ്യത്യാസം കുത്തിക്കുത്തി ചോദിച്ചപ്പോൾ സി.കെ.പി. ഇത്രയും വാക്കുകളിലൊതുക്കി:


"അടൽജി പ്രധാനമന്ത്രിയായിരുന്ന കാലമടങ്ങുന്ന ആറു വർഷക്കാലം പാർട്ടി സംസ്ഥാന പ്രസിഡണ്ടായിരുന്നു ഞാൻ. കെ.സുരേന്ദ്രൻ ജനറൽ സെക്രട്ടറിയും എം.ടി.രമേശ് യുവമോർച്ച പ്രസിഡണ്ടുമൊക്കെയായി ഒരു ടീമായിരുന്നു അന്ന് ബി.ജെ.പി.നേതൃത്വം. നേതൃസംവിധാനം അങ്ങനെ ജനാധിപത്യപരമായ കൂട്ടുത്തരവാദിത്തത്തിൽ ആവണമെന്ന പക്ഷക്കാരനാണു ഞാൻ".


ഇന്ന് അങ്ങനെയല്ലെന്നാണോ എന്ന മട്ടിലുള്ള വികൃതിച്ചോദ്യങ്ങൾക്ക് സ്കോപ്പില്ലാത്ത വിധമുള്ള, സുവ്യക്തമായ മറുപടി! പിന്നെ പറയുന്നതു മുഴുവൻ ബി.ജെ.പി.യുടെ സ്ട്രാറ്റജിയെക്കുറിച്ചാണ്:


-ഗോത്രമഹാസഭക്കും കേരള പുലയർ മഹാസഭക്കും പിറകെ, മറ്റ് സാമുദായികസംഘങ്ങളും എം.പി.വീരേന്ദ്രകുമാറിനെപ്പോലുള്ള സോഷ്യലിസ്റ്റുകളുമൊക്കെ എന്തുകൊണ്ട് ബി.ജെ.പി. പക്ഷത്തേക്കു വരുമെന്നതിനെക്കുറിച്ച്.


-സൂഫിസം ബി.ജെ.പി. ആദരവോടെ കാണുന്ന അദ്വൈത ദർശനം തന്നെയെന്നും, സൂഫി മുസ്ലിങ്ങൾ ബി.ജെ.പി.യെ പിന്തുണക്കുമെന്നും. (അത് കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരിലൂടെ ആകുമോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും!)


'ദീൻ ദയാൽ ഉപാധ്യായ തുടങ്ങിവച്ചു; ഞങ്ങളത് വിജയിപ്പിക്കും'


1967 ഡിസംബറിലാണ് ഇതിനുമുമ്പ് പാർട്ടിയുടെ (അന്ന് ബി.ജെ.പി.യല്ല, ഭാരതീയ ജനസംഘം) ദേശീയ നേതൃയോഗം കോഴിക്കോട്ട് നടക്കുന്നത്. കോൺഗ്രസിന്റെ അധികാരക്കുത്തക ആദ്യമായി തെരഞ്ഞെടുപ്പുകളിൽ ചോദ്യംചെയ്യപ്പെട്ട വർഷമാണത്. സംയുക്ത വിധായക് ദൾ എന്ന പേരിൽ ജനസംഘം നയിച്ച മുന്നണി അന്ന് പല സംസ്ഥാനങ്ങളിലും ജയം കണ്ടു. കമ്യൂണിസ്റ്റുകാരാണ് കോൺഗ്രസിന് ബദലെന്ന പൊതു കാഴ്ചപ്പാട് ദക്ഷിണേന്ത്യയിലൊഴികെ അതോടെ വലിയ തോതിൽ മാറി.


സോഷ്യലിസ്റ്റുകൾ മാത്രമല്ല, ബിഹാറിൽ സി.പി.ഐ.യും ഉണ്ടായിരുന്നു സംയുക്ത വിധായക് ദളിൽ


ദീൻ ദയാൽ ഉപാധ്യായയെന്ന, ജനസംഘ പ്രവർത്തനത്തിലേക്ക് ആർ എസ് എസ് നിയോഗിച്ച സംഘ പ്രചാരകനാണ് കോൺഗ്രസിന് ദേശീയ ബദലെന്ന ആ മുന്നണി സങ്കല്പത്തിന്റെ ശില്പി. ഉത്തരേന്ത്യക്കാരുടെ  പാർട്ടിയെന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു അതുവരെയും ജനസംഘം. അതിനെ കേരളത്തിലേക്ക് പടർത്താൻ മുൻകയ്യെടുത്തതും ദീൻ ദയാൽ ഉപാധ്യായയാണ്.


1967 ലെ ദേശീയ നേതൃയോഗം കേരളത്തിൽ ചേരാൻ നിർദ്ദേശിക്കുന്നത് ദീൻ ദയാൽ ഉപാധ്യായയാണ്. അതിനു മെത്രയോ മുമ്പ് ദീൻ ദയാൽ ഉപാധ്യായ കേരളത്തിൽ പ്രവർത്തനനിരതനാണ്. തളിപ്പറമ്പിലെ ഒരു ടാക്കീസിൽ അദ്ദേഹവും ജഗന്നാഥ റാവുവുമെല്ലാം പ്രവർത്തകരോട് സംവദിക്കാനെത്തിയത് എന്റെ ഓർമ്മയിലുണ്ട്.


പതിനാലാം ദേശീയ സമ്മേളനം പാർട്ടി ശക്തമായുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെവിടെയെങ്കിലും വേണമെന്ന പൊതു ആവശ്യത്തെ നിരാകരിച്ച് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു ദീൻ ദയാൽ ഉപാധ്യായ. പി.പരമേശ്വർജിയും ഒ.രാജഗോപാലുമൊക്കെ അന്നാ സമ്മേളനത്തിന്റെ സംഘാടകരാണ്.


കേരളത്തിന്റെ പൾസ് നന്നായറിഞ്ഞ ദീൻ ദയാൽ ഉപാധ്യായയുടെ കാലത്ത് കോഴിക്കോട്ട് നടന്ന ദേശീയ സമ്മേളനത്തിൽ നിന്നുവിട്ട് അമ്പതാണ്ടിപ്പുറത്താണ് ഇക്കുറി സമ്മേളനം. കേരളം അന്നത്തേതിൽ നിന്ന് എത്രയോ മാറി. ഈ മാറ്റങ്ങളെല്ലാം ബി.ജെ.പി.ക്ക് അനുകൂലമാണ്. ദീൻ ദയാൽജിയുടെ ജന്മശതാബ്ദി വർഷത്തിലാണ് ആ മാറ്റങ്ങളെയെല്ലാം പ്രതിഫലിപ്പിക്കുന്ന ഈ സമ്മേളനം.


'ഞങ്ങൾ ജൂനിയർ പാർട്ണറായുള്ള  മുന്നണി ഇനി കേരളത്തിലുണ്ടാവില്ല'


അന്നും ഉത്തരേന്ത്യൻ മാതൃകയിൽ ഇവിടെ മുന്നണിയുണ്ടാക്കാൻ ഞങ്ങൾക്ക് വേണമെങ്കിൽ സാധിക്കുമായിരുന്നു. വിമോചനസമരത്തിന്റെയൊക്കെ പശ്ചാത്തലത്തിലുണ്ടായി വന്ന കക്ഷികളെ അതിന് ലഭിക്കുമായിരുന്നു.


എന്നാൽ പാർട്ടി ജൂനിയർ പാർട്ണറായിക്കൊണ്ടുള്ള മുന്നണി ഞങ്ങൾക്ക് സ്വീകാര്യമായിരുന്നില്ല. ഏതെങ്കിലും മുന്നണിയിൽ കയറിക്കൂടി എം.എൽ.എ.മാരെയും മന്ത്രിമാരെയുമുണ്ടാക്കൽ സംഘത്തിന്റെയും പാർട്ടിയുടെയും ലക്ഷ്യവുമായിരുന്നില്ല. പ്രത്യയശാസ്ത്രപരമായും സൈദ്ധാന്തികമായും ദീൻ ദയാൽ ഉപാധ്യായ ജനസംഘത്തിനു നൽകിയ അടിത്തറയായ ഏകാത്മ മാനവദർശനത്തിന് നിരക്കുന്നതായിരുന്നില്ല ആ ലക്ഷ്യം.


ഇന്നാ സ്ഥിതി മാറി. ദേശീയ തലത്തിൽ ഏറ്റവും വലിയ പാർട്ടിയാണ് ബി.ജെ.പി. പാർട്ടിക്കിവിടെ ശക്തമായ അടിത്തറയുണ്ട്. ഒരു മുന്നണിയുടെയും വാലായി പ്രവർത്തിക്കേണ്ട നിലയില്ല.


കോൺഗ്രസിനെയെന്നല്ല ആരെയും, എതിർക്കാൻ വേണ്ടി എതിർക്കാനല്ല ഞങ്ങൾക്ക് മുന്നണി. അതിന് പൊതുവായൊരു കാഴ്ചപ്പാടും ദർശനവുമുണ്ടാവണം. സോഷ്യലിസ്റ്റുകളുമായി ജനസംഘകാലം മുതൽ യോജിച്ചു പ്രവർത്തിച്ചത് ഈയൊരു കാഴ്ചപ്പാടിന്റെ അടിത്തറയാണ്.


സംഘത്തിന്റെ ട്രെയ്നിംഗ് ക്യാമ്പിൽ ജയപ്രകാശ് നാരായൺ പങ്കെടുത്തിട്ടുണ്ട്


യോജിച്ചു പ്രവർത്തിക്കാനാവുന്ന ഒരുപാട് നന്മയുള്ളതാണ് സോഷ്യലിസ്റ്റുകളുടെ ദർശനം. ദീൻ ദയാൽജിയെപ്പോലെത്തന്നെ ബദൽ ഭാരതീയ വ്യവസ്ഥയെക്കുറിച്ച് വളരെ താത്വികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് സോഷ്യലിസ്റ്റ് നേതാവ് രാംമനോഹർ ലോഹ്യ. മിനു മസായ്, രാജഗോപാലാചാരി എന്നിവരൊക്കെ ആ നിരയിലുള്ളവരാണ്. അവരൊക്കെയും  ജനസംഘവുമായും, തിരിച്ചും, സഹകരിച്ചിട്ടുണ്ട്.


ഇവരെല്ലാം ദേശീയവാദികളായിരുന്നുവെന്നതാണ് ഞങ്ങളുടെ സഹകരണത്തിന്റെ അടിസ്ഥാനം.


എന്നാൽ, കേരളത്തിൽ സോഷ്യലിസ്റ്റ് കക്ഷികളുമായി ഇത്തരമൊരു സഹകരണം ഒരുകാലത്ത് സാധ്യമായിരുന്നില്ല. ഇടതുപക്ഷം എന്ന നിലക്കാണ് ഇവർ പ്രവർത്തിച്ചുവന്നത് എന്നതാണ് ഈ സഹകരണത്തിന് തടസ്സമായത്.


ഇന്ന് കോൺഗ്രസ് ശിഥിലമായതോടെയും, സിപിഎമ്മിന്റെ ഭാഗത്തു നിന്നുള്ള തുടർച്ചയായ അവഹേളനങ്ങൾകൊണ്ടും, ഇരുമുന്നണികളിലുംപെട്ട കേരളത്തിലെ സോഷ്യലിസ്റ്റുകളുമായി ഞങ്ങൾക്ക് ഐക്യപ്പെടാൻ സാധ്യതകൾ തെളിഞ്ഞു വന്നിട്ടുണ്ട്. അടിയന്തരാവസ്ഥയിലടക്കം യോജിച്ചു പ്രവർത്തിച്ചുവെന്ന പശ്ചാത്തലവും ഞങ്ങൾക്കിടയിലുണ്ട്.


അടിയന്തരാവസ്ഥക്കാലത്ത് സംഘത്തിന്റെ ഒ.ടി.സി. ക്യാമ്പുകളിലടക്കം (ആർ.എസ്.എസ്. പ്രവർത്തകരെ പരിശീലിപ്പിക്കുന്ന ഓഫീസേഴ്സ് ട്രെയ്നിംഗ് ക്യാമ്പ് - ലേഖകൻ) ജയപ്രകാശ് നാരായണൻ വന്നു പ്രസംഗിച്ചിട്ടുണ്ട്. പാലക്കാട്ടോ കോഴിക്കോട്ടോ എന്ന് ഞാൻ വ്യക്തമായി ഓർക്കുന്നില്ല.


ഇടതു വിവാദങ്ങളിൽ സോഷ്യലിസ്റ്റുകളില്ല; വീരേന്ദ്രകുമാറിലെ മാറ്റം വ്യക്തം


വീരേന്ദ്രകുമാറിന്റെ കാര്യമെടുത്താൽ, സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ ട്രഷറർ പോലുള്ള ഉന്നത പദവികൾ എഴുപതുകളിൽത്തന്നെ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. ഭാരതീയ ജീവിത ദർശനത്തെക്കുറിച്ചും ഋഷി പാരമ്പര്യത്തെക്കുറിച്ചുമെല്ലാം പല പാർട്ടികളിലുമുള്ള ആളുകളേക്കാൾ ഉൾക്കാഴ്ചയുള്ള ആളാണ് അദ്ദേഹം.


കേരള രാഷ്ട്രീയത്തിലെ നല്ലൊരു പ്രഭാഷകനാണ് വീരേന്ദ്രകുമാർ. ദളിത്-ന്യൂനപക്ഷ രാഷ്ട്രീയ കാര്യങ്ങളിൽ മുൻകാലങ്ങളിൽ എടുത്തു പോന്ന നിലപാടുകൾ അദ്ദേഹത്തിൽ ഇന്നു പ്രകടമായും ഇല്ല.


ദളിത്-ന്യൂനപക്ഷ നിലപാടുകളിൽ ഊന്നിനിന്നു സംസാരിക്കുമ്പോൾ ദേശീയത, രാഷ്ട്രം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ഊന്നൽ നഷ്ടപ്പെടാറുണ്ടായിരുന്നു വീരേന്ദ്രകുമാറിന്. ജാതിപ്പോരുകൾ, ഭൂരിപക്ഷ - ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ ഊന്നലുകൾ. പിന്നീടു പിന്നീടായപ്പോഴേക്കും ആ നിലപാടുകളിൽ കാതലായ മാറ്റം അദ്ദേഹത്തിൽ വന്നിട്ടുണ്ട്. വീരേന്ദ്രകുമാറിൽമാത്രമല്ല, സോഷ്യലിസ്റ്റ് നേതാക്കളിൽ പൊതുവെ ഈ മാറ്റം കാണാം.


നാരായണ ഗുരുവിനെ ബി.ജെ.പി. സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നു തുടങ്ങിയ സമകാലിക വിവാദങ്ങളിലൊന്നും സോഷ്യലിസ്റ്റ് നേതാക്കളോ പാർട്ടികളോ സി.പി.എമ്മിന്റെ കൂടെയില്ല. നിൽക്കുന്നുണ്ടെങ്കിൽത്തന്നെ അത് നിവൃത്തികേടുകൊണ്ടുള്ള നില്പാണ്.


സംഘടനാപരമായി ഛിന്നഭിന്നമായിക്കിടക്കുന്ന സോഷ്യലിസ്റ്റുകൾക്ക് പഴയ ചൈതന്യം വീണ്ടെടുക്കാനായാൽ ബി.ജെ.പി.യുമായല്ലാതെ മറ്റാരുമായും അവർക്ക് സഹകരിക്കാനാവില്ല. കാരണം, അവർ ഞങ്ങൾക്കൊപ്പം ദേശീയ വിചാരധാരയുടെ വഴിയിലൂടെത്തന്നെ സഞ്ചരിച്ചവരാണ്; കമ്യൂണിസ്റ്റുകാരെപ്പോലെയല്ല.


വിഭ്രാന്തിരാഷ്ട്രീയം മാറിത്തുടങ്ങി;സോഷ്യലിസ്റ്റുകൾക്ക് പോസിറ്റീവ് ആറ്റിറ്റ്യൂഡ്


മത ന്യൂനപക്ഷങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളിലും മറ്റ് സാമൂഹ്യ സംവിധാനങ്ങളിലുമുള്ള വലിയ സ്വാധീനമാണ് കേരളത്തിൽ ഞങ്ങളുമായി സഹകരിക്കുന്നതിൽ വലിയൊരളവിൽ സോഷ്യലിസ്റ്റുകൾക്ക് തടസ്സം. അധികാരരാഷ്ട്രീയത്തിൽ ഏർപ്പെട്ടവരായതുകൊണ്ടുതന്നെ ഇവർ ന്യൂനപക്ഷ വോട്ടു ബാങ്കുകളെ ഭയക്കുന്നു. അധികാരനേട്ടത്തിനു വേണ്ടി ന്യൂനപക്ഷ രാഷ്ട്രീയത്തെ പിന്തുണക്കാൻ നിർബന്ധിതരായവരാണ് അവർ.


ബി.ജെ.പി.യെ തുണച്ചാൽ ന്യൂനപക്ഷ വോട്ട് നഷ്ടപ്പെട്ടുപോകുമെന്ന ആശങ്കാ രാഷ്ട്രീയമാണ് വളരെക്കാലമായി അവരെ നയിക്കുന്നത്. ബി.ജെ.പി. കൊള്ളാമെന്ന് അഭിപ്രായമുള്ളപ്പോഴും ഇപ്പറഞ്ഞ പേടി അവരെ വിട്ടുമാറുന്നില്ല.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.ഉണ്ടാക്കിയ മുന്നേറ്റംകൊണ്ട് സോഷ്യലിസ്റ്റുകളുടെ ഈ വിഭ്രാന്തിരാഷ്ട്രീയത്തിൽ പ്രകടമായ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ബി.ജെ.പി.യോട് വളരെ പോസിറ്റീവ് ആറ്റിറ്റ്യൂഡ് സോഷ്യലിസ്റ്റുകൾക്കിടയിൽ രൂപപ്പെട്ടിട്ടുണ്ട്. ഞങ്ങളോട് പല കാര്യങ്ങളിലും ഒന്നിച്ചു നിൽക്കാനും അവർ സന്നദ്ധരാവുന്നുണ്ട്.


നേരിട്ടുള്ള ചർച്ചകളൊന്നും ഈ ദിശയിൽ സോഷ്യലിസ്റ്റ് നേതാക്കളുമായി നടന്നിട്ടില്ലെങ്കിലും ദേശീയ സമ്മേളനം ഇക്കാര്യത്തിലൊരു വഴിത്തിരിവുണ്ടാക്കും.


'ആദിവാസി രാഷ്ട്രീയത്തിൽ വർഗ്ഗീസിനു ശേഷം ഞങ്ങൾ'


വർഗ്ഗീസിന്റെ കൊലപാതകത്തോടെ അടിച്ചമർത്തപ്പെട്ട് ലോ പ്രൊഫൈലിൽ ആയിത്തീർന്ന ആദിവാസി ജീവിത പ്രശ്നങ്ങളിൽ പിന്നീട് ആദ്യമായി ഇടപെട്ടുതുടങ്ങിയത് ജനസംഘമാണ്. സിവിൽ സപ്ലൈസ് വകുപ്പിന് നെല്ലു കൊടുക്കാൻ നിർബന്ധിതമാക്കിയ ലെവി സമ്പ്രദായത്തിനെതിരെ ആദിവാസികൾ രംഗത്തിറങ്ങിയത് ഞങ്ങളുടെ മുൻകയ്യിൽ സംഘടിപ്പിക്കപ്പെട്ട വയനാട് ആദിവാസി സംഘത്തിന്റെ നേതൃത്വത്തിലാണ്.


പള്ളിയറ രാമനെപ്പോലെ പ്രഗത്ഭരായ ആദിവാസി നേതാക്കൾ സംഘം പ്രവർത്തകരുമായിരുന്നു. സംഘത്തിന്റെ പ്രചാരകരായി പ്രവർത്തിച്ചു പോന്നിട്ടുള്ള എത്രയോ ആദിവാസി നേതാക്കളുണ്ട്. പള്ളിയറ രാമേട്ടന്റെ വീട്ടിൽവന്ന് വാജ്പേയി താമസിച്ചിട്ടു പോലുമുണ്ട്.


ഗോത്രമഹാസഭയുമായുള്ളത് സ്വാഭാവികമായ ഐക്യം


അടിയന്തരാവസ്ഥ വരെ ആദിവാസികളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടു നിന്ന വയനാട് ആദിവാസി സംഘത്തിന്റെ പ്രവർത്തനം പിന്നീട് നിലച്ചുപോവുകയായിരുന്നു. പിന്നീട് രംഗത്തുവന്ന ഗോത്രമഹാസഭയാണ് പിന്നീട് അത്തരം സമരങ്ങൾ ഏറ്റെടുത്തത്.


ഗോത്ര മഹാസഭയുമായി ഐക്യപ്പെടാനുള്ള നീക്കങ്ങൾ ഞാൻ പ്രസിഡണ്ടായിരുന്ന കാലത്തേ നടത്തിയിട്ടുണ്ട്. അവരുമായുള്ള ഇപ്പോഴത്തെ യോജിച്ച പ്രവർത്തനങ്ങൾ പാർട്ടിയുടെ ദേശീയ മാർഗ്ഗരേഖ പ്രകാരം ഉണ്ടാക്കിയിട്ടുള്ളതാണ്.


ഗോത്ര ജീവിതം നയിക്കുന്നവരെ പ്രത്യേകിച്ച് ഹിന്ദു മതത്തിലേക്ക് കൊണ്ടുവരേണ്ട കാര്യമൊന്നുമില്ല. ഗോത്രവർഗ്ഗക്കാരുടെ അസ്തിത്വമെന്നത് അവരുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമാണ്. അവയെല്ലാം ഹൈന്ദവ സംസ്കാരത്തിന്റെ വേറൊരു ഭാഗംതന്നെയാണ്.


'മുന്നണിയേതായാലും ദളിതരിലുള്ളത് ഹിന്ദു വികാരമാണ്'


ദളിത് വിഭാഗങ്ങളുമായി ഞങ്ങൾക്കുള്ളതും ഇതേ രീതിയിൽ സ്വാഭാവികമായ ബന്ധമാണ്‌. കേരളത്തിലെ ദളിത് സംഘടനകൾ രാഷ്ട്രീയമായി പൊതുവിൽ എൽ.ഡി.എഫിനോ യു.ഡി.എഫിനോ ഒപ്പം നില്ക്കുമ്പോഴും അടിസ്ഥാനപരമായി ഇവരെല്ലാം ഹിന്ദു ആചാരങ്ങൾ പിന്തുടരുന്നവരാണ്. ഹിന്ദു വികാരം ഉള്ളിലുള്ളവരുമാണ്.


ജാതീയമായ അസമത്വങ്ങളും തുടർന്നുള്ള യാതനകളുമാണ് അബേദ്കറെപ്പോലുള്ള നേതാക്കളുടെ പ്രതികരണങ്ങൾക്ക് വഴി തുറന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെയും ഭാരത ദേശീയതയുടെയും അവിഭാജ്യ ഭാഗമായ ബുദ്ധമതത്തിലേക്കാണ്  അദ്ദേഹം അനുയായികൾക്കൊപ്പം മാറിയത്; ക്രിസ്തുമതത്തിലേക്കോ ഇസ്ലാം മതത്തിലേക്കോ മറ്റേതെങ്കിലും ഭാരതേതര മതത്തിലേക്കോ അല്ല. അദ്ദേഹത്തിനു മുന്നിൽ അതിനൊക്കെയുള്ള പ്രലോഭനങ്ങളുണ്ടായിരുന്നു. എന്നാൽ അബേദ്കർ അവ നിരാകരിക്കുകയാണുണ്ടായത്.


ജാതി പീഡനങ്ങൾ അവസാനിക്കണം: അതാണ് ഞങ്ങളുടെ ദേശീയ നയം


ഉത്തരേന്ത്യയിൽ ഇന്നും സമാനമായ അസമത്വങ്ങൾ തുടരുന്നുണ്ട്. ഗുജറാത്തിൽ പശുവിന്റെ തോലുരിഞ്ഞുവെന്ന പേരിൽ നടന്ന അതിക്രമങ്ങൾ ഉദാഹരണം. അവ അവസാനിപ്പിക്കേണ്ടതുതന്നെയാണെന്നാണ് സംഘത്തിന്റെയും പാർട്ടിയുടെയും സമീപനം.


ജാതി പീഡനങ്ങൾ അവസാനിപ്പിച്ച് ദളിതരെ സമൂഹത്തിന്റെ മുൻനിരയിൽ കൊണ്ടുവരാതെ ഭാരതത്തിലെ ദേശീയതയെ ശക്തിപ്പെടുത്താനാവില്ല. അംബേദ്കറെ മാറ്റിനിർത്തി ദളിതരെ ശക്തിപ്പെടുത്താനും സാധിക്കില്ല. ദേശീയതലത്തിൽത്തന്നെ ഞങ്ങൾക്കുള്ള കാഴ്ചപ്പാട് ഇതാണ്.


രാഷ്ട്രത്തെ ചോദ്യം ചെയ്യുന്നത് ഇടതുപക്ഷവും മത പൗരോഹിത്യവും


ഭാരതം സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള ഒരു രാഷ്ട്രമാണ്. സംസ്കൃതിയും ചരിത്രവും ഇവിടെ നടന്നിട്ടുള്ള നല്ലതും ചീത്തയുമായ അനുഭവങ്ങളുമെല്ലാം പങ്കുവെച്ചു കൊണ്ടുള്ള ജനതയുടെ പൊതുവികാരമാണ് ഭാരതമെന്ന രാഷ്ട്രം.


ഈ തനിമയിൽ നിന്ന് ചില വിഭാഗങ്ങളെ അടർത്തിമാറ്റി, നിങ്ങൾ ഇന്ത്യയിൽ പെട്ടവരല്ലെന്ന് അവരിൽ പ്രചാരണം നടത്തുന്ന ശക്തമായ സംവിധാനം ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇടതുപക്ഷവും, മതത്തെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വിനിയോഗിക്കുന്ന പുരോഹിതവർഗ്ഗവുമാണ് ഇതിനു പിന്നിൽ.


രാഷ്ട്രമാണ് പ്രധാനം. ഹൈന്ദവതയെന്നത് ഈ രാഷ്ട്രത്തിലെ സംസ്കാരത്തിന്റെ പൊതു പേരാണ്. അതൊരു മതമേയല്ല.


ശാന്തി മതത്തെ വീണ്ടെടുക്കാൻ ഇന്ത്യൻ മുസ്ലിങ്ങൾ ആഗ്രഹിക്കുന്നു


മുസ്ലിങ്ങളും ഈ സാംസ്കാരിക ധാരയുടെ ഭാഗമാണ്. അവരിതിൽ നിന്ന് മാറിനിൽക്കേണ്ടവരേയല്ല.പക്ഷെ, അവരെ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമെന്നതിൽ നിന്ന് മാറ്റിനിർത്താൻ സംഘടിതമായിത്തന്നെ ശ്രമങ്ങളുണ്ട്.


ആചാരങ്ങൾ കൊണ്ടായാലും മറ്റു ഘടകങ്ങൾ കൊണ്ടായാലും, ഇന്ത്യൻ സംസ്കാരവുമായി യോജിക്കാത്തതെന്നു കരുതുന്ന മുസ്ലിങ്ങളുടെ കാര്യങ്ങളെല്ലാം പിന്നീട് വന്നു ചേരുന്നവയാണ്. ലോക മുസ്ലിങ്ങൾതന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് മുസ്ലിങ്ങളിൽ നിന്നാണ്. ഭീകരവാദം തന്നെ ഉദാഹരണം.


എന്നാൽ, ലോകരാജ്യങ്ങളിൽ മുസ്ലിങ്ങൾ ഏറ്റവുമധികം സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണ്. അവരുടെ എല്ലാ ആചാരങ്ങൾക്കും ആരാധനാ സമ്പ്രദായങ്ങൾക്കും സ്വാതന്ത്ര്യവും ബഹുമാനവും കൊടുക്കപ്പെടുന്നത് ഇവിടെയാണ്. അത് സാധിക്കുന്നത് ഭാരതീയ സംസ്കാരം ഇവിടെ നിലനില്ക്കുന്നതുകൊണ്ടാണ്.


ഇന്ത്യയിലെ മുസ്ലിം സംഘടനകളിൽ നല്ലൊരു പങ്കും ഈ യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുന്നവരാണ്. സമാധാനത്തിന്റെ മതം എന്ന ഇസ്ലാമിന്റെ യഥാർത്ഥ മുഖം തിരിച്ചുപിടിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.


സൂഫികളുടേത് ഭാരതീയ ഋഷീശ്വരന്മാരുടെ പാത


സൂഫി പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേകം പരാമർശിക്കേണ്ടവയാണ്. പ്രവാചകന്റെയും ഇസ്ലാം മതത്തിന്റെയും ത്യാഗോജ്വലതക്ക് ഊന്നൽ നൽകുന്നവയാണ് അവ.


ഭാരതീയമായ അദ്വൈതമെന്ന സങ്കല്പത്തിൽ നിൽക്കുന്നവരാണ്  സൂഫി പ്രസ്ഥാനങ്ങൾ. സാധന ചെയ്ത് സാധന ചെയ്ത് ചെന്നെത്തുന്ന ആത്മസാക്ഷാല്ക്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഋഷീശ്വരന്മാരുടെ പാതയാണത്. ആ നിലയ്ക്ക് അവയുമായി ഞങ്ങൾക്ക് തീർച്ചയായും യോജിപ്പിന്റെ വഴികളുണ്ട്.


കാന്തപുരവും സൂഫിയാണോ?


ഇന്ത്യക്കും പുറത്തുമുള്ള സൂഫി പണ്ഡിതർ പങ്കെടുത്ത് അടുത്തിടെ നടന്ന സൂഫി സമ്മേളനത്തിൽ കാന്തപുരം എ. പി. അബൂബക്കർ മുസ്ല്യാരും പങ്കെടുത്തിരുന്നുവെന്നത് വാസ്തവമാണ്. ചിലയാളുകൾ ചില കാര്യങ്ങളിൽ പങ്കെടുക്കുന്നത്, പങ്കെടുത്തില്ലെങ്കിൽ ദോഷമാവുമോ എന്ന കാരണത്താലുമാവാം. അതിന്റെ ഉള്ളടക്കത്തോട് ബഹുമാനമുള്ളതുകൊണ്ടായിരിക്കണം എന്നില്ല. ഭൗതിക സാഹചര്യങ്ങളുടെ കുരുക്കുകളെ പ്രതിരോധിക്കാനുള്ള ടാക്റ്റിക്സ് കൊണ്ടുമാവാം അത്.


എന്നാൽ, ഭീകരവാദത്തോട് കാന്തപുരം എടുക്കുന്ന ശക്തമായ നിലപാട് വളരെ പ്രധാനപ്പെട്ടതാണെന്നും ഞങ്ങൾ കാണുന്നു.

Read More >>