കാവേരി വീണ്ടും പുകയുമ്പോള്‍.....

സുപ്രീംകോടതി വിധി ചെറിയ ഇടവേളയ്ക്കു ശേഷം കന്നഡനാടിനെയും തമിഴകത്തെയും പ്രക്ഷുബ്ധമാക്കുകയാണ്. പത്തു ദിവസത്തിനകം 15,000 ഘന അടി വെള്ളം തമിഴ്‌നാടിനു വിട്ടുകൊടുക്കണമെന്നാണു സുപ്രീം കോടതി വിധി. ഇതു പ്രകാരം ബുധനാഴ്ച മുതല്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുകിത്തുടങ്ങി

കാവേരി വീണ്ടും പുകയുമ്പോള്‍.....

കാവേരി നദീജല വിഹിതത്തെച്ചൊല്ലി തമിഴ്‌നാടും കര്‍ണാടകയുമായുള്ള തര്‍ക്കത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നതാണ് ചരിത്രസാക്ഷ്യം. മൈസൂര്‍ നാട്ടുരാജ്യത്തില്‍ വരുന്ന ഭരണകൂടം 1961ല്‍ കൃഷ്ണരാജ സാഗര്‍ അണക്കെട്ടു നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ മദ്രാസ് അധികാരികള്‍ അതു ശക്തമായി എതിര്‍ത്തുകൊണ്ടു രംഗത്തുവന്നു. തമിഴ്‌നാട്ടില്‍ ജലം എത്തുകയില്ലെന്ന വാദമുയര്‍ത്തിയാണു മദ്രാസ് അധികാരികള്‍ പദ്ധതിയെ എതിര്‍ത്തത്. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ 1924ല്‍ പ്രാബല്യത്തില്‍ വന്ന കരാറനുസരിച്ചു മൈസൂരിന് അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറുകയും അതോടൊപ്പം തന്നെ മദ്രാസ് പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂര്‍ അണക്കെട്ടിലേക്കു ജലം എത്താന്‍ തടസ്സം ഉണ്ടാകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു. 575.68 ടി.എം.സി.എഫ്. ടി ജലത്തിന് തമിഴ്‌നാടിന് അര്‍ഹതയുണ്ടെന്നായിരുന്നു ഇതിലെ വ്യവസ്ഥ. കൂടാതെ പുതുമായി നിര്‍മ്മിക്കുന്ന കര്‍ണാടകത്തിലെ അണക്കെട്ടുകള്‍ക്ക് തമിഴ്‌നാടിന്റെ സമ്മതം ആവശ്യമായിരുന്നുവെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിനു കീഴിലുണ്ടായിരുന്ന മദ്രാസ് പ്രവിശ്യയും മൈസൂര്‍ രാജാവും തമ്മിലായിരുന്നു ആദ്യം തര്‍ക്കുമണ്ടായതെന്ന് മനസ്സിലാക്കുക.


തമിഴ്‌നാടിന്റെ ആദ്യജയം

കേരളത്തില്‍ നിന്നുത്ഭവിക്കുന്ന കബനി, കാവേരിയുടെ പോഷക നദിയാണ്. കബനിയില്‍ 1959 ല്‍ കര്‍ണാടകം അണക്കെട്ടുണ്ടാക്കിയതോടെ തമിഴ്‌നാട് പ്രതിഷേധവുമായി രംഗത്തു വന്നു. മറ്റൊരു പോഷകനദിയായ ഹേമാവതി നദിയില്‍ അണക്കെട്ടുണ്ടാക്കാന്‍ തീരുമാനമായപ്പോഴേക്കും എതിര്‍പ്പുമായി തമിഴ്‌നാട് അധികാരികള്‍ രംഗം സജീവമാക്കി. 1970 മുതലുള്ള കാവേരീ നദീജല തര്‍ക്കം ട്രൈബ്യൂണലിനു വിടണമെന്ന നിലപാടിലായിരുന്നു തമിഴകം. 1974ല്‍ അന്നത്തെ കേന്ദ്ര ജലസേചന മന്ത്രിയായിരുന്ന ജഗ്ജീവന്‍ റാം ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു പ്രശ്‌നപരിഹാരത്തിനായി നിരവധി ഫോര്‍മുലകള്‍ മുന്നോട്ടുവച്ചു. ഇതൊന്നും തമിഴ്‌നാട് അംഗീകരിക്കാന്‍ തയ്യാറായില്ല. കേന്ദ്രം ഇടപെട്ടു തമിഴ്‌നാടിന്റെ ഓഹരി 489 ടി.എം.സി ആയി കുറച്ചു. തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിക്കുകയും ട്രിബ്യൂണലിനെ നിയമിക്കാന്‍ വിധി സമ്പാദിക്കുകയും ചെയ്തു. വിധിയനുസരിച്ച് 1991ല്‍ വി.പി. സിംഗ് സര്‍ക്കാര്‍ മൂന്നംഗ ട്രൈബ്യൂണലിനെ നിയമിച്ചു. ട്രൈബ്യൂണല്‍ വിധിയനുസരിച്ച് തമിഴ്‌നാടിന് 205 ടി.എം.സി. ജലം നല്‍കാന്‍ കര്‍ണാടകം നിര്‍ബന്ധിതമായി. കാവേരി കേരളത്തെയും പോണ്ടിച്ചേരിയെയും സ്പര്‍ശിച്ചു കടന്നുപോകുന്നതിനാല്‍ ഇരുകൂട്ടരും ഈ പ്രശ്‌നത്തില്‍ ഇടപെടാറുണ്ടെങ്കിലും തമിഴ്‌നാടും കര്‍ണ്ണാടകയും ഈ വിഷയത്തില്‍ പ്രാദേശിക വാദമുയര്‍ത്തി വൈകാരികമായ പ്രശ്‌നങ്ങളിലേക്ക് എടുത്തു ചാടിക്കൊണ്ടേയിരുന്നു.
കേരളം ഉപയോഗിക്കാത്ത ജലം

കാവേരീ നദീജല തര്‍ക്കത്തിലെ അന്തിമ വിധിയുണ്ടായതു 2007 ഫെബ്രുവരി അഞ്ചിനായിരുന്നു. 562 ടി എം സി ജലം തമിഴ്‌നാട് ആവശ്യപ്പെട്ടപ്പോള്‍ 419 ടി എം സി ജലം കര്‍ണ്ണാടകം അനുവദിക്കണമെന്നായിരുന്നു വിധി. കര്‍ണാടകത്തിന് 270ഉം കേരളത്തിന് 30ഉം, പുതുച്ചേരിക്ക് 7ഉം ടി എം സി ജലത്തിന് അര്‍ഹതയുണ്ടെന്നും ട്രിബ്യൂണല്‍ വിധിച്ചു. കാവേരി ജലത്തിന്റെ അളവില്‍ 147 ടി എം സി കേരളത്തിന്റെ സംഭാവനയാണ്. കബനി, ഭവാനി എന്നിവയിലൂടെയാണ് ഇത്രയും അളവില്‍ ജലം കാവേരിയില്‍ എത്തുന്നത്. അതുകൊണ്ടാണ് കാവേരി ജലത്തില്‍ 30 ടി എം സി കേരളത്തിന് ലഭിക്കേണ്ടതുണ്ട്. ഇതില്‍ പകുതിപോലും കേരളം ഉപയോഗിക്കുന്നതില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ കേരളം ഉപയോഗിക്കാത്ത ജലംകൂടി തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കോടതിയെ സമീപിച്ചിരുന്നു. കേരളത്തിലെ കബനി കൂടാതെ ഹേമവതി, ഹാരംഗി,ലക്ഷ്മണതീര്‍ഥ, സുവര്‍ണവതി, അര്‍ക്കാവതി, ഷിംഷാ, കപില, ഹൊന്നുഹൊലെ, നൊയ്യല്‍ എന്നിവയാണു കാവേരിയുടെ പ്രധാനപ്പെട്ട പോഷക നദികള്‍.

കാര്‍ഷികമേഖലയുടെ നിലനില്‍പ്പ്

ആടിമാസ(കര്‍ക്കടകം)ത്തില്‍ പതിവു പോലെ കനത്തമഴ ലഭിച്ചാലെ തമിഴകത്തെ കാര്‍ഷികമേഖലയ്ക്കു പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളു. കുഴല്‍ക്കിണറിനെ ആശ്രയിച്ചാണു തമിഴ്‌നാട്ടിലെയും കര്‍ണാകത്തിലെയും കൃഷിയിടങ്ങള്‍ നിലനില്‍ക്കുന്നതു തന്നെ. എന്നാല്‍ ഈയടുത്തകാലത്തായി കുഴല്‍ കിണറിലും ജലത്തിന്റെ അളവു കുറഞ്ഞുകൊണ്ടിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആടിമാസത്തില്‍ കാലക്രമേണെ മഴ തീരെ കുറഞ്ഞതു തമിഴ്‌നാടിനെ ഒട്ടൊന്നുമല്ല ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ശ്രീരംഗപട്ടണം, ഭാഗമണ്ഡല, ഹൊഗേനക്കല്‍, തഞ്ചാവൂര്‍, കൃഷ്ണരാജ സാഗര്‍, ശിവന സമുദ്ര, മെക്കെദാട്ടു, തലക്കാട്, തിരുച്ചിറപ്പള്ളി, ശ്രീരംഗം, സംഗമേശ്വര, അബ്ബി വെള്ളച്ചാട്ടം എന്നിങ്ങനെ കാവേരിയുടെ വൃഷ്ടിപ്രദേശങ്ങളൊഴിച്ചാല്‍ മറ്റുള്ള കര്‍ണ്ണാടക, തമിഴ്‌നാട് മേഖല കടുത്ത വരള്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. മറ്റ് നദികളുണ്ടെങ്കില്‍പോലും കാവേരിയോളം സമൃദ്ധമല്ല ഒന്നുംതന്നെയെന്നതാണ് വാസ്തവം. 765 കിലോമീറ്ററാണ് കാവേരി നദിയുടെ നീളം. 87,900 ചതുരശ്ര കിലോമീറ്ററാണ് നദീതടപ്രദേശം. 41.2 ശതമാനം കര്‍ണ്ണാടകത്തിലും 55.5 ശതമാനം തമിഴ്‌നാട്ടിലും 3.3 ശതമാനം കേരളത്തിലും ഒഴുകുന്നു. കാവേരിയുടെ ഉത്ഭവ കേന്ദ്രമായ കുടക് ജില്ലയിലും നദിയുടെ പ്രധാന ജലാശയ പ്രദേശങ്ങളിലും ഈ വര്‍ഷം വേണ്ടത്ര മഴ ലഭിച്ചിട്ടില്ല. കര്‍ണാടകയില്‍ മാത്രമായി കാവേരി നദിയില്‍ നാല് ഡാമുകളുണ്ട്. ബാംഗ്ലൂര്‍, മൈസൂര്‍ തുടങ്ങിയ നഗരങ്ങളിലെ കുടിവെള്ള ആവശ്യങ്ങള്‍ക്കു പോലും ഈ ഡാമുകളിലെ വെള്ളം മതിയാകുന്നില്ലെന്നും കര്‍ണാടക പറയുന്നു. സമാനമാണ് തമിഴ്‌നാടിന്റെ വാദങ്ങളും. ഇതൊരു യാഥാര്‍ഥ്യമാണെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. കേരളംപോലെ ജലസമൃദ്ധമായൊരു നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് തമിഴ്‌നാടിന്റെയും കര്‍ണാടകത്തിന്റെയും പ്രശ്‌നങ്ങള്‍ എത്രത്തോളം രൂക്ഷമാണെന്ന് മനസ്സിലാക്കാനാവുകയുമില്ല.
പ്രാദേശികവാദങ്ങളും വൈകാരികപ്രകടനങ്ങളും

bandh

എന്നാലിപ്പോഴത്തെ സുപ്രീംകോടതി വിധി ചെറിയ ഇടവേളയ്ക്കു ശേഷം കന്നഡനാടിനെയും തമിഴകത്തെയും പ്രക്ഷുബ്ധമാക്കുകയാണ്. പത്ത് ദിവസത്തിനകം 15,000 ഘന അടി വെള്ളം തമിഴ്‌നാടിനു വിട്ടുകൊടുക്കണമെന്നാണു സുപ്രീം കോടതി വിധി. ഇതു പ്രകാരം ബുധനാഴ്ച മുതല്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുകിത്തുടങ്ങി. സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ചു വെള്ളിയാഴ്ച്ച കര്‍ണാടകത്തില്‍ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഇതുകൊണ്ട് അവസാനിക്കുന്നുമില്ല. കഴിഞ്ഞകാലങ്ങളില്‍ കാവേരീ നദീജല തര്‍ക്കം രൂക്ഷമാകുന്ന ഓരോ ഘട്ടത്തിലും തമിഴ്‌നാട്ടിലെ കര്‍ണാടക സ്വദേശികള്‍ക്ക് നേരെയും കര്‍ണാടകത്തിലെ തമിഴര്‍ക്ക് നേരെയും ആക്രമണം പതിവായിരുന്നു. പ്രാദേശികവാദം ആളിക്കത്തിച്ച് ചില തീവ്രസംഘടനകള്‍ ഇരുഭാഗത്തും മുതലെടുപ്പ് തുടര്‍ന്നുപോരുന്നു. ആക്രമണങ്ങളുടെ ഫലമായി വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഐടി മേഖലയില്‍ നിന്നുള്‍പ്പെടെ പാലായനം തുടരുക പതിവാണ്. കാവേരിയ്ക്ക് ഇരു സംസ്ഥാനങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ കാവേരി വിഷയം ചര്‍ച്ചയാകുമ്പോള്‍ വൈകാരികമായ പ്രശ്‌നമായിത് പരിണമിക്കുകയും ചെയ്യുന്നു. ചര്‍ച്ചകളിലൂടെയോ മറ്റോ പരിഹരിക്കാനാവാത്തവിധം ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള വൈകാരികമായ അകല്‍ച്ചയുടെ വ്യാപ്തി വര്‍ധിക്കുന്നതാണ് ഓരോ കോടതിവിധിയുടെയും അനന്തരഫലം.

Read More >>