മദ്യ നിരോധനം ഒരു സുപ്രഭാതത്തിൽ നടപ്പിൽ വരുത്താമെന്ന ചിന്തയില്ല; ലഹരിയുടെ ഉപഭോഗം വര്‍ധിക്കുന്നുണ്ടെങ്കില്‍ ബാര്‍ തുറക്കലല്ല പരിഹാരം; മദ്യ നയത്തിലെ സഭയുടെ കാഴ്ചപ്പാടുകള്‍

1996 ഏപ്രില്‍ ഒന്നിനു ചാരായം നിരോധിച്ചു. ചാരായ ഷാപ്പുകള്‍ അടച്ചു പൂട്ടുന്നതു മദ്യനിരോധനത്തിന്റെ ഒരു ഘട്ടമായിരുന്നു. കള്ളുഷാപ്പുകളുടെ എണ്ണം കുറച്ചു, ബാറുകള്‍ നിര്‍ത്തലാക്കിയത് അടുത്ത ഘട്ടം. ഘട്ടം ഘട്ടമായി മദ്യനിരോധനത്തിലേയ്ക്ക് അടുക്കണമെന്നാണ് കെസിബിസി യുടെ നയം. 17 വര്‍ഷമായി കെസിബിസി മദ്യവിരുദ്ധ സമിതിയിലെ പ്രവര്‍ത്തകനും മദ്യവിരുദ്ധ സമിതിയുടെ സ്ഥാപക സെക്രട്ടറിമാരിലൊരാളുമായ അഡ്വ.ചാര്‍ലി പോള്‍ സംസാരിക്കുന്നു.

മദ്യ നിരോധനം ഒരു സുപ്രഭാതത്തിൽ നടപ്പിൽ വരുത്താമെന്ന ചിന്തയില്ല; ലഹരിയുടെ ഉപഭോഗം വര്‍ധിക്കുന്നുണ്ടെങ്കില്‍ ബാര്‍ തുറക്കലല്ല പരിഹാരം; മദ്യ നയത്തിലെ സഭയുടെ കാഴ്ചപ്പാടുകള്‍

ഓണവും ക്രിസ്തുമസും  കഴിയുമ്പോള്‍ കേരളം കുടിച്ചു മത്തു പിടിച്ചതിന്റെ കണക്കുകള്‍ നിരത്താന്‍ മത്സരിക്കുകയാകും പത്രങ്ങള്‍. കോടികളുടെ കിലുക്കമുണ്ടാകും ഓരോ ആഘോഷങ്ങള്‍ക്കും. സാക്ഷര കേരളത്തിലാണ് ഏറ്റവും അധികം മദ്യപരുളളതും. മദ്യഉപഭോഗത്തെ തുടര്‍ന്നുളള കുറ്റകൃത്യങ്ങളുടെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്. മദ്യനിരോധനത്തിനെതിരെ ശക്തമായ ചുവടു വെപ്പു നടത്തുന്നതില്‍ കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് നിര്‍ണായകമായ പങ്കുണ്ട്. കേരളത്തിലെ കള്ളു കച്ചവടക്കാരില്‍ ഏറെ ക്രിസ്ത്യാനികളുണ്ടായിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും സഭയിലും സമുദായത്തിലും  മാറ്റങ്ങള്‍ വന്നുവെന്നാണു കത്തോലിക്കാ സഭയുടെ അവകാശവാദം.


[caption id="attachment_41999" align="alignleft" width="233"]unnamed (1) അഡ്വ: ചാര്‍ലി പോള്‍[/caption]

സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യമിട്ടു മുന്നോട്ടു വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ച സഭ, സര്‍ക്കാര്‍ നിലപാടു മാറ്റിയതിനൊപ്പം മലക്കം മറിഞ്ഞു. മദ്യനിരോധനത്തെ കുറിച്ചു സഭയിലും ആശങ്കകളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടെന്ന വ്യാപക പ്രചാരണത്തിന് ഇത് വഴി തെളിയിച്ചു. മദ്യനയത്തെ വിമര്‍ശിക്കാന്‍ സഭയ്ക്ക് അധികാരമില്ലെന്നും ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നതും മദ്യം വിതരണം ചെയ്യുന്നതും ക്രൈസ്തവരാണെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ സാംസ്‌കാരിക മന്ത്രി തന്നെ ആക്ഷേപവുമായി രംഗത്തു വന്നു.

മദ്യനയം കൈപൊള്ളുമെന്ന് ഉറപ്പിച്ചപ്പോള്‍ വെള്ളാപ്പള്ളി നടേശനും വിമര്‍ശന വിധേയമാക്കിയതും ലക്ഷ്യമിട്ടതും സഭയുടെ നിലപാടുകളെയായിരുന്നു. മദ്യനിരോധനത്തെ കുറിച്ച് സഭയുടെയും സമുദായത്തിന്റെയും കാഴ്ചപ്പാടുകള്‍ എന്തെല്ലാമാണ്. സര്‍ക്കാരിന്റെ മദ്യനയത്തെ കെസിബിസി എങ്ങിനെയാണു നോക്കി കാണുന്നത്. തുടങ്ങിയ കാര്യങ്ങളെ കുറിച്ചു 17 വര്‍ഷമായി കെസിബിസി മദ്യവിരുദ്ധ സമിതിയിലെ പ്രവര്‍ത്തകനും മദ്യവിരുദ്ധ സമിതിയുടെ സ്ഥാപക സെക്രട്ടറിമാരിലൊരാളുമായ അഡ്വ.ചാര്‍ലി പോള്‍ സംസാരിക്കുന്നു.
ഘട്ടം ഘട്ടമായുളള മദ്യനിരോധനമാണു സഭ ലക്ഷ്യം വെക്കുന്നുവെന്നു പറയുമ്പോഴും ആശയക്കുഴപ്പങ്ങള്‍ പ്രകടമല്ലേ? കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങളെയും പോരാട്ടങ്ങളെയും കുറിച്ച് വിശദമാക്കാമോ?

1998 ലാണു കെസിബിസിയുടെ കീഴില്‍ കെസിബിസി മദ്യ വിരുദ്ധ കമ്മീഷന്‍ രൂപം കൊളളുന്നത്. മദ്യ വിമുക്ത സഭയും സമൂഹവുമെന്നതായിരുന്നു മുദ്രാവാക്യം. സഭയിലും സമൂഹത്തിലുള്ളവരെയും ഒരേ പോലെ മദ്യ വിമുക്തരാക്കുകയായിരുന്നു ലക്ഷ്യം. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന ത്രിമാന പദ്ധതിയിലൂടെ മാത്രമേ ലോകത്തു മദ്യനിരോധനം സാധ്യമാകുകയുളളു എന്ന മുദ്രവാക്യമാണു കെസിബിസി മദ്യവിരുദ്ധ സമിതി മുന്നോട്ടു വച്ചിരുന്നത്.

364_923201451011PM_1മൂന്നു തലങ്ങളിലൂടെയായിരുന്നു മദ്യനിരോധനം ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. ഡിമാന്റ് റിഡക്ഷന്‍( മദ്യം ആവശ്യപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുക) എന്നതാണ് ആദ്യ ഘട്ടം. മദ്യം കുടിക്കാന്‍ ആളില്ലാത്ത സ്ഥിതി വിശേഷം ഉണ്ടാക്കുക. അതിനു ബോധവത്കരണമാണ് പ്രധാന്യം. ബോധവത്കരണത്തിനു ഫലമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഇവിടെ കുടുംബാസൂത്രണം നടപ്പാക്കിയതു ബോധവത്കരണത്തിലൂടെയാണ്. പത്തും പതിനാലും കുട്ടികള്‍ ഉളളിടത്തു നാം രണ്ടു നമുക്കു മൂന്ന് എന്നു പറഞ്ഞു കൊണ്ടാണു സര്‍ക്കാര്‍ കുടുംബാസൂത്രണം ആരംഭിച്ചത്.

പിന്നീട് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നാം രണ്ടു നമുക്കു രണ്ട് എന്ന മുദ്രവാക്യവുമായി ഫലപ്രദമായ ഇടപെടല്‍ നടത്തി. ഘട്ടം ഘട്ടമായി 25 കൊല്ലം കൊണ്ടു 1000 കോടി രൂപ മുടക്കിയാണു ഫലപ്രദമായി കുടുംബാസൂത്രണം നടപ്പാക്കിയത്. ഇനിയും കുടുംബാസുത്രണത്തെ കുറിച്ചൊരു ബോധവത്കരണം രാജ്യത്ത് ആവശ്യമില്ല. ഇനി ആരും പത്തും പതിനഞ്ചും കുട്ടികളെ ഉണ്ടാക്കില്ല. ബോധവത്കരണത്തിനു വ്യക്തമായ ഫലമുണ്ടെന്നാണ് ഞാന്‍ പറയുന്നത്.
പുകയിലയുടെ കാര്യം നോക്കു. പുകവലിയും പുകയില ഉത്പന്നങ്ങളും ഒരു സമയത്തു രാജ്യത്തു വ്യാപകമായിരുന്നു. പ്രായ വ്യത്യാസമില്ലാതെ എല്ലാവരും  വ്യാപകമായി ഉപയോഗിച്ചിരുന്നു.

നമ്മുടെ നാട്ടില്‍ കല്യാണ വീടുകളില്‍ മുറത്തില്‍ വെറ്റില, അടയക്ക, പുകയില എന്നിവ വിതരണം ചെയ്തിരുന്നു. 17  കൊല്ലമായി 730  കോടി രൂപയോളമാണു ബോധവത്കരണത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു. ഒപ്പം തന്നെ പൊതു സ്ഥലത്തു പുകവലിക്കരുതെന്ന നിയമം കൂടി വന്നു. ഇതും രണ്ടും ചേര്‍ന്നപ്പോള്‍ പുകവലിയുടെ കാര്യത്തിലും ഗണ്യമായ കുറവു വന്നു തുടങ്ങി.
റിസ്‌ക് റിഡക്ഷനാണ് രണ്ടാമത്തെ ഘട്ടം. (അപകട ലഘൂകരണം). 18 ലക്ഷത്തോളം പേരാണ് കേരളത്തില്‍ സ്ഥിരമായി മദ്യപിക്കുന്നത്. 45 ലക്ഷത്തോളം പേര്‍ കേരളത്തില്‍ പലപ്പോഴായി മദ്യം ഉപയോഗിക്കുന്നവരാണ്. സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന 18 ലക്ഷത്തോളം ആളുകളെ രോഗികള്‍ എന്നു തന്നെ വിശേഷിപ്പിക്കേണ്ടി വരും. മദ്യത്തിനു അടിമകളാണ് അവര്‍. അവരെ ബോധവത്കരിച്ചിട്ടു യാതൊരു കാര്യവുമില്ല. രോഗിക്ക് ചികിത്സയാണ് ആവശ്യം. വൈകുന്നേരമാകുമ്പോള്‍ മദ്യം കിട്ടിയില്ലെങ്കില്‍ ഇത്തരക്കാര്‍ക്ക് പ്രശ്‌നമാകും. അവര്‍ക്ക് വ്യക്തമായ ചികിത്സ നല്‍കണം.വെറും 36 ഡി അഡിക്ഷന്‍ സെന്ററുകള്‍ മാത്രമുളള കേരളത്തില്‍ 18 ലക്ഷത്തോളം സ്ഥിരമായി മദ്യപിക്കുന്നവരെ എങ്ങനെ ചികിത്സയ്ക്ക് വിധേയരാക്കും?

18 ലക്ഷം മദ്യപാനികള്‍ ഉള്ളിടത്തു കേവലം 36 ഡി അഡിക്ഷന്‍ സെന്ററുകള്‍ മാത്രം ഉള്ളതു കൊണ്ടു പൂര്‍ണ്ണമായും ഈ രോഗം ചികില്‍സിച്ചു മാറ്റാന്‍ കഴിയില്ല. ഇപ്പോള്‍ 30 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഡി അഡിക്ഷന്‍ പ്രോഗാമുകളിലൂടെയാണ് മദ്യത്തിനു അടിമകളായവരെ ചികില്‍സിക്കുന്നത്. അവനേറ്റ മുറിവുകള്‍ മനശാസ്ത്രപരമായ ചികിത്സയിലൂടെയും കൗണ്‍സിലിംഗിലൂടെയും മാറ്റേണ്ടതുണ്ട്. സൈക്കോ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി എന്നിവയും ഫലപ്രദമായ ചികിത്സാ രീതികളാണ്. മദ്യത്തിനു അടിമയായ ആളുകളെ ചികില്‍സിച്ച് സുഖപ്പെടുത്തണം. അതാണു റിസ്‌ക് റിഡക്ഷന്‍ എന്നതു കൊണ്ട് ഉദ്ദേശിച്ചത്. സ്വാഭാവികമായും മൂന്നാമത്തെ ഘട്ടം സപ്ലൈ റിഡക്ഷനാണ്. മദ്യത്തിന്റെ വിതരണം കുറയ്ക്കുകയെന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ.

ആവശ്യപ്പെടുന്നവരുടെ എണ്ണം കുറയുകയും പുതിയ തലമുറയില്‍പ്പെടുന്നയാള്‍ക്ക് മദ്യം വേണ്ടാതെ വരികയും ചെയ്യുന്ന സ്ഥിതി വിശേഷം ഉണ്ടാവുകയും ചെയ്യുമ്പോള്‍ സ്വഭാവികമായും മദ്യത്തിന്റെ വിതരണം കുറയും. അവിടെയാണ് മദ്യനിരോധനത്തിന്റെ പ്രസക്തി. ആദ്യത്തെ രണ്ടു തലം നടപ്പാക്കാതെ മൂന്നാമത്തെ തലമാണു കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. സമ്പൂര്‍ണ മദ്യനിരോധനമാണു കെസിബിസിയുടെ ലക്ഷ്യമെങ്കിലും ഒരു സുപ്രഭാതത്തില്‍ മദ്യം നിരോധിച്ചു കളയാമെന്ന ചിന്ത ഞങ്ങള്‍ക്കില്ല. സമ്പൂര്‍ണ്ണ മദ്യനിരോധനത്തിനായി ആളുകളെ ഒരുക്കേണ്ട ഒരു തലവും ബാധ്യതയും നമുക്കുണ്ട്.

svw (1)

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയം മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സഹായിച്ചോ?
തീര്‍ച്ചയായും സഹായിച്ചു. കേരളത്തിന്റെ ചരിത്രമെടുത്തു പരിശോധിച്ചാല്‍ ഒരു ഘട്ടത്തില്‍ പോലും മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞിരുന്നില്ല. 400 ശതമാനം വരെ മദ്യത്തിന്റെ ഉപഭോഗം വര്‍ദ്ധിച്ചിരുന്നിടത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും മദ്യത്തിന്റെ ഉപഭോഗം നെഗറ്റീവു രണ്ടു ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. 24.5 ശതമാനം വരെ മദ്യത്തിന്റെ ഉപഭോഗം യുഡിഎഫ് സര്‍ക്കാരിനു കുറയ്ക്കാന്‍ കഴിഞ്ഞു. ബാറുകള്‍ അടച്ചതു കൊണ്ടു മാത്രമല്ല മദ്യ ഉപഭോഗം കുറഞ്ഞത്. എക്‌സൈസ് വകുപ്പ്, ആരോഗ്യ വകുപ്പു, വിദ്യാഭ്യാസ വകുപ്പു, യുവജനക്ഷേമ വകുപ്പു തുടങ്ങിയവ മദ്യത്തിനെതിരെ ശക്തമായ ബോധവത്കരണവും പ്രതിരോധവും തീര്‍ത്തതു കൊണ്ടുളള നേട്ടമായിരുന്നു ഇത്.
വലിയ ബോധവത്കരണ പ്രക്രിയ സ്‌കൂളുകളിലും ക്യാപസുകളിലും ഒക്കെ നടന്നു. കുടുംബശ്രീ പോലുളള ഏജന്‍സികളും ഈ രംഗത്തു വ്യാപകമായി പ്രവര്‍ത്തിച്ചു. ബോധവത്കരണത്തിന്റെ ഫലമായിട്ടാണു മദ്യ ഉപഭോഗം കുറഞ്ഞത്. ദൂരത്തു പോയി മദ്യപിക്കുന്നത് ബുദ്ധിമുട്ടാകുന്നതും മദ്യത്തിന്റെ ഉപഭോഗം കുറയാന്‍ കാരണമായി. കിട്ടാനുളള എളുപ്പമാണു കുടിക്കാനുളള പ്രേരണ വര്‍ദ്ധിപ്പിക്കുന്നത്. പണ്ട് മദ്യ നിരോധനം ചില പ്രത്യേക വിഭാഗത്തിന്റെ മാത്രം പ്രവര്‍ത്തന മേഖലയായിരുന്നു. ഇന്ന് ഒരു സാമൂഹ്യ പ്രവര്‍ത്തനമായി ഒത്തിരിയേറേ ആളുകള്‍ അത് ഏറ്റെടുക്കുന്നുണ്ട്. മദ്യം മാന്യതയുടെ അടയാളമല്ലെന്ന പ്രചാരണം ശക്തമായതിനെ തുടര്‍ന്നാണു മദ്യത്തിന്റെ ഉപഭോഗം വ്യാപകമായി കുറഞ്ഞത്. ഈ കണക്കുകള്‍ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ചതാണ്. അതു തെറ്റാണെങ്കില്‍ ഇന്നു ഭരണപക്ഷത്തുളളവര്‍ അന്നു പ്രതിപക്ഷത്തുണ്ടായിരുന്നു. അവര്‍ക്ക് വേണെമെങ്കില്‍ അതു നിഷേധിക്കാമായിരുന്നു.

മദ്യം ഉത്പാദിപ്പിക്കുന്നതിന്റെയും സൂക്ഷിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശമുണ്ടല്ലോ. പരിശോധിച്ചു നോക്കിയാല്‍ വ്യത്യാസം മനസിലാകും. പിന്നെ വരുമാനത്തില്‍ കുറവു വന്നിട്ടില്ലെന്ന കാര്യമാണു ബാറുകള്‍ തുറക്കണമെന്നു മുറവിളി കൂട്ടുന്നവര്‍ പൊക്കി കാണിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മദ്യത്തിനു ടാക്‌സ് ഈടാക്കുന്നതു നമ്മുടെ രാജ്യത്താണ്. ഓരോ വര്‍ഷവും ഗണ്യമായ തോതിലുളള വര്‍ദ്ധനവാണ് ടാക്‌സിന്റെ കാര്യത്തില്‍ ഉണ്ടാകുന്നത്. ടാക്‌സ് വര്‍ദ്ധിപ്പിക്കുന്നതു കൊണ്ടാണ് തുകയില്‍ കുറവു വരാത്തതു. പക്ഷേ മദ്യത്തിന്റെ ഉപഭോഗത്തില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ മദ്യനയത്തെ കൈയ്യടിച്ചു സ്വീകരിക്കുന്നവര്‍ ഇടതു മുന്നണിയുടെ മദ്യനയത്തെ സംശയത്തോടെ കാണുന്നു?

മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണു തങ്ങളുടെ നയമെന്നാണ് ഇടതു മുന്നണി പറയുന്നത്. ഇതില്‍ ഒരു വ്യക്തതക്കുറവുണ്ട്. മദ്യ വര്‍ജ്ജനം എന്നു പറയുന്നത് ഒരു വ്യക്തി സ്വമനസാലേ എടുക്കേണ്ട വ്യക്തിപരമായ തീരുമാനമാണ്. അല്ലാതെ സര്‍ക്കാരിന് അക്കാര്യത്തില്‍ വലിയ റോളില്ല. സര്‍ക്കാരിന്റെ റോള്‍ ആ വ്യക്തിയോട് കുടിക്കേണ്ട എന്നു പറയുക മാത്രമാണ്. ആ കാര്യം ഞങ്ങള്‍ എല്ലാവരും വൃത്തിയായി ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ആ കാര്യം കൂടി ഏറ്റെടുക്കുന്നതെങ്കില്‍ സന്തോഷം. സര്‍ക്കാരാണ് മദ്യത്തിന്റെ ഉത്പാദനം, വിതരണം, സൂക്ഷിപ്പ, എന്നിവയുടെ  ഉത്തരവാദി. ഈ മൂന്നു കാര്യത്തില്‍ നയമെന്താണെന്നാണ് സര്‍ക്കാരാണ് പറയേണ്ടത്. സര്‍ക്കാര്‍ മദ്യം ഉത്പാദിപ്പിക്കുന്നതില്‍ കുറവു വരുത്തുമോ, മദ്യം സൂക്ഷിക്കുന്ന കാര്യത്തിലുളള നിലപാടെന്താണ്. മദ്യം വിതരണം ചെയ്യുന്നതു കുറച്ചു കൊണ്ടു വരുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണു നിലപാട് വ്യക്തമാക്കേണ്ടത്.

ഇതൊന്നും പറയാതെ മദ്യവര്‍ജ്ജനമാണു ഞങ്ങളുടെ നയമെന്നു പറയുന്നതു കപട നയമാണ്. അതൊരു നയമേയല്ല. സര്‍ക്കാര്‍ ചെയ്യേണ്ട ഉത്തരവാദിത്വം ചെയ്യാതെ ഒഴിഞ്ഞു മാറുന്നതിനു തുല്യമാണിത്. മനുഷ്യന്റെ ജീവിത നിലവാരവും സംസ്‌കാരവും ഉയര്‍ത്താന്‍ മദ്യം ഒരു ശതമാനമെങ്കിലും സഹായിക്കുമെങ്കില്‍ ഞങ്ങള്‍ മദ്യത്തെ സ്വാഗതം ചെയ്യാന്‍ ഒരുക്കമാണ്. ഏത് പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും വളര്‍ത്താനുമാണ് മദ്യ ഷാപ്പുകള്‍ വീണ്ടും തുറക്കുമെന്ന് പറയുന്നത്. മദ്യത്തിന്റെ നന്‍മകളെ കുറിച്ചു നിങ്ങള്‍ ഞങ്ങളോടു പറയു. മദ്യം മൂലം രക്ഷപ്പെട്ട വ്യക്തിയെയും കുടുംബത്തെയും കുറിച്ചു നിങ്ങള്‍ ഞങ്ങളോട് പറയു. മദ്യം മൂലം രക്ഷപ്പെട്ട സംസ്‌കാരത്തെ കുറിച്ച് ഞങ്ങളോട് പറയു. അങ്ങനെയുണ്ടെങ്കില്‍ മദ്യത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യാം.

മദ്യം ഒരു നന്‍മയും പ്രദാനം ചെയ്യുന്നില്ലെങ്കില്‍ മദ്യ വ്യാപാരം നടത്തി അതിന്റെ ലാഭം കൊണ്ടു വേണം കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്നു പറയുന്നുണ്ടെങ്കില്‍ അത് പാപത്തിന്റെ കൂലിയാണെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ആവര്‍ത്തിക്കാനാണ് എനിക്കിഷ്ടം. തായ്‌ലാന്റ് പോലെയുളള രാജ്യങ്ങളില്‍ സെക്‌സ് ടൂറിസമാണ്. വ്യഭിചരിച്ചുളള കാശു കൊണ്ടാണ് ആ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വ്യഭിചാരത്തേക്കാള്‍ മോഷണത്തേക്കാള്‍ അപലപനീയമാണ് മദ്യപാനം എന്നാണ് മഹാത്മാ ഗാന്ധി പറയുന്നത്. ബാറുകള്‍ വീണ്ടും തുറക്കുകയെന്നത് മലയാളിയെ മദ്യത്തില്‍ മുക്കികൊല്ലാനേ ഉപകരിക്കു. മലയാളിയുടെ നന്‍മ ആഗ്രഹിക്കുന്ന ആര്‍ക്കും ഈ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ കഴിയില്ല.
മദ്യത്തില്‍ നിന്നുളള വരുമാനം പൂര്‍ണമായും സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാണോ ആവശ്യപ്പെടുന്നത്?

ഇത്തരം മോശമായ കാര്യം ചെയ്തു കൊണ്ടു സര്‍ക്കാര്‍ വികസന പ്രവര്‍ത്തനം ചെയ്യുന്നതു ശരിയല്ല. മൊത്തം കേരളത്തില്‍  മദ്യത്തിൽ നിന്നു ലഭിക്കുന്ന വരുമാനം എത്രയാണ്. മദ്യം മൂലം സംഭവിക്കുന്ന സാമൂഹിക തിന്‍മകള്‍ എത്രയാണ് . ഇതു രണ്ടും കൂടി കൂട്ടി കിഴിച്ചിട്ടു വേണം മദ്യ വ്യവസായം സര്‍ക്കാരിനു ലാഭമാണോ എന്ന് കണക്ക് കൂട്ടാന്‍. ഇപ്പോള്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന കുറ്റവാളികളില്‍ ഭൂരിഭാഗവും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. ഗാര്‍ഹിക പീഡനങ്ങള്‍ അധികവും സംഭവിക്കുന്നതു മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിട്ടാണ്. ആത്മഹത്യകള്‍, കൊലപാതകങ്ങള്‍ അടിപിടികള്‍,. ജയിലില്‍ കിടക്കുന്ന കുറ്റവാളികള്‍, അവരെ തീറ്റിപോറ്റാന്‍ വേണ്ടി വരുന്ന സംവിധാനങ്ങള്‍, ഇതെല്ലാം മദ്യ വ്യവസായത്തിന്റെ പരിണത ഫലങ്ങളാണ്.
എക്‌സൈസ് സംവിധാനം, സാമൂഹിക ക്ഷേമ വകുപ്പ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയയെല്ലാം മദ്യത്തിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം എനര്‍ജിയും പണവും ചെലവാക്കുന്നുണ്ട്. ഇവയൊക്കെ നേരിടാന്‍ വേണ്ടി വരുന്ന തുകയും മദ്യത്തില്‍ നിന്നുളള വരുമാനം കൂടി കൂട്ടി നോക്കുമ്പോള്‍ മദ്യം നിരോധിക്കുകയാകും ഗവണ്‍മെന്റിനു പോലും ലാഭകരം. ഒരു നന്‍മയും പ്രധാനം ചെയ്യാത്ത മദ്യത്തിനു വേണ്ടി ഇത്രയധികം എനര്‍ജി എന്തിനു പാഴാക്കുന്നു. മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ മദ്യ ഷാപ്പുകള്‍ തുറക്കുന്നത് ഗുണകരമാണോ. മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഏത് നടപടിയും ഗവണ്‍ന്റെിന് സ്വീകരിക്കാം. അതിനു വേണ്ടിയാണ് ജനം വോട്ട് ചെയ്തത്. മലയാളിയെ മദ്യത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയായിരിക്കണം ഈ വിഷയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന ഓരോ നടപടിയും.

സമ്പൂര്‍ണ മദ്യനിരോധനം എന്നു പറഞ്ഞു വാളെടുത്ത സഭ സര്‍ക്കാര്‍ നിലപാട് മാറ്റിയപ്പോള്‍ മറുകണ്ടം ചാടി. സഭയുടെ ഭാഗത്തും അപക്വമായ നിലപാടുകള്‍ ഉണ്ടായില്ലേ?

സഭയുടെ പലഭാഗത്തു നിന്നും പലരും അഭിപ്രായം പറയുന്നുണ്ടാകും. സമ്പൂര്‍ണ മദ്യനിരോധനമാണു കെസിബിസിയുടെ നിലപാട്. ഘട്ടം ഘട്ടമായുളള സമ്പൂര്‍ണ മദ്യനിരോധനം. ഒറ്റയടിക്കു മദ്യം നിര്‍ത്തലാക്കുന്നതിനെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. 1996 ഏപ്രില്‍ ഒന്നിനു ചാരായം നിരോധിച്ചു. അതൊരു ഘട്ടമാണ്. ചാരായം ഇപ്പോള്‍ രാജ്യത്തില്ല. ചാരായ ഷാപ്പുകള്‍ അടച്ചു പൂട്ടുന്നതു മദ്യനിരോധനത്തിന്റെ ഒരു ഘട്ടമാണ്. കളളുഷാപ്പുകളുടെ എണ്ണം കുറച്ചു, ബാറുകള്‍ നിര്‍ത്തലാക്കിയത് അടുത്ത ഘട്ടം. ഘട്ടം ഘട്ടമായി മദ്യനിരോധനത്തിലേയ്ക്ക് അടുക്കണമെന്നാണു കെസിബിസി പറയുന്നത്. മദ്യം ഒറ്റയടിക്കു നിര്‍ത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
ALENCHERRY_931854fമദ്യം വില്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം: അബ്കാരികളുടെ പണം കൊണ്ട് തിരുനാള്‍ നടത്തരുതെന്നു നാം തീരുമാനിക്കണം എന്ന് ആലഞ്ചേരി പിതാവ് ആഹ്വാനം ചെയ്യുകയുണ്ടായി എത്ര മാത്രം പ്രായോഗികമാണ് ആ തീരുമാനം?

നവീകരണം സഭയില്‍ നിന്നു തന്നെ വേണമെന്ന കാര്യത്തില്‍ മാറ്റം ഒന്നുമില്ല. മദ്യത്തിനു ജാതിയില്ല, മതമില്ല, കുലമില്ല, വര്‍ഗം ഒന്നും തന്നെയില്ല. സഭയുടെ കൗദാശിക ജീവിതത്തില്‍ നിന്ന് മദ്യത്തിന്റെ പേരില്‍ ആളുകളെ വിലക്കാന്‍ പറയുന്നത് ഒരു തരത്തിലും ശരിയല്ല. സാവത്രികമായി അങ്ങനെയോരു നയം സഭയ്ക്ക് ഇല്ലതാനും. കേരളത്തിന്റെ പ്രത്യേക പശ്ചാത്തലത്തിലാണു കെസിബിസി പ്രത്യേക നിലപാടുകളുമായി മുന്നോട്ടു പോകുന്നത്. സഭയുടെ ഔദ്യോഗിക ബോഡികളില്‍ മദ്യപര്‍ക്ക് സ്ഥാനമില്ല. സഭയുടെ ഉന്നത സ്ഥാനങ്ങള്‍ മദ്യപര്‍ അലങ്കരിക്കരുതെന്നു തന്നെയാണ് സഭയുടെ കാഴ്ചപ്പാട്.കത്തോലിക്കനായ മന്ത്രി കെസി ജോസഫ് തന്നെ മദ്യനയത്തില്‍ സഭയ്‌ക്കെതിരെ രംഗത്തു വന്നു?

കേരളത്തിലെ  ജനസംഖ്യ പരിശോധിക്കുമ്പോള്‍ ഭൂരിപക്ഷം വരുന്നത് ക്രൈസ്തവര്‍ അല്ലല്ലോ. ക്രൈസ്തവര്‍ മദ്യം ഉപയോഗിക്കുന്നില്ലെന്ന് പറയുന്നില്ല. ഷാപ്പുകള്‍ കൂടുതല്‍ ക്രൈസ്തവര്‍ നടത്തിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഇപ്പോള്‍ ക്രൈസ്തവരല്ല കൂടൂതലായി ഷാപ്പു നടത്തുന്നത്. കരിസ്മാറ്റിക് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒത്തിരിയേറേ ക്രൈസ്തവര്‍ ഈ വ്യവസായത്തില്‍ നിന്നും മാറി നില്‍ക്കുന്നവരുണ്ട്. മദ്യപാനമെന്നാല്‍ ക്രൈസ്തവരെ മാത്രം ബാധിക്കുന്ന കാര്യമല്ല. മാമോദീസയ്ക്ക്, അടിയന്തരത്തിനു കല്യാണത്തിനു മദ്യം വിളമ്പുന്ന പതിവു കാലകാലങ്ങളില്‍ ക്രൈസ്തവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇത്തരം തഴക്ക ദോഷങ്ങള്‍ ഒറ്റയടിക്കു മാറ്റാന്‍ നമുക്കാര്‍ക്കും സാധിക്കില്ല. അത് ആഴത്തില്‍ വേരുറച്ചു പോയതു കൊണ്ടു ഇതു മാറ്റിയെടുക്കാന്‍ സമയം എടുക്കും.

ലഹരി വസ്തുക്കളുടെ ഉപഭോഗം ക്രമാതീതമായി വര്‍ദ്ധിച്ചു?

ബാര്‍ അടച്ചതു കൊണ്ട് മറ്റു ലഹരി ഉപഭോഗം വര്‍ദ്ധിച്ചുവെന്നത് പലരും പരാതിയായി പറയുന്ന കാര്യമാണ്. ബാര്‍ തുറന്നു കൊടുക്കുകയല്ല അതിനുളള പരിഹാരം. ഒരു വിഷത്തിനു എതിരെ മറ്റൊരു വിഷം ഉപയോഗിക്കുകയെന്ന വാദഗതി പ്രസ്‌കതമല്ലല്ലോ. ലഹരി ഉപഭോഗം വര്‍ധിക്കുന്നുണ്ടെങ്കില്‍ അതു സര്‍ക്കാരിന്റെ പിടിപ്പു കേടാണ്. മദ്യം നിരോധിക്കപ്പെട്ട വസ്തുവല്ല. എന്നാല്‍ കഞ്ചാവു പോലുളള ലഹരികള്‍ നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ട്. നിരോധിക്കപ്പെട്ട വസ്തു രാജ്യത്തു സുലഭമാകുന്നുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ കഴിവു കേടാണ്.18-marijuana

730 ബാറുകള്‍ അടച്ചതില്‍ 700 ഓളം ബാറുകള്‍ ബിയര്‍ വൈന്‍ പാര്‍ലറുകളായി മാറ്റി. അത്രയും ബിയര്‍, വൈന്‍ ഷോപ്പുകള്‍ തുറന്നപ്പോള്‍ കുടൂതല്‍ വില്‍പ്പനയുണ്ടായി. ബാറുകള്‍ അടച്ചത് കൊണ്ടാണ് വൈന്‍, ബിയര്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതെന്ന വാദവും തെറ്റാണ്. മദ്യപിക്കുന്ന ഒരാള്‍ ചെയ്യുന്നതിനേക്കാള്‍ ക്രൂരത ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ചെയ്യും. മദ്യം നിര്‍ത്തലാക്കിയതു കൊണ്ട് കുറ്റകൃത്യങ്ങള്‍ കൂടി എന്നു പറയുന്നതില്‍ എന്ത് കാര്യമാണ് ഉളളത്. ലഹരി മരുന്നുകളുടെ ഉപഭോഗം നിര്‍ത്തലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ പരാജയമാണ്.

മദ്യ നിരോധനം ടൂറിസത്തെ ബാധിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്?
14 അവാര്‍ഡുകള്‍ ഇതു വരെ കേരള ടൂറിസം വകുപ്പ് നേടിയിട്ടുണ്ട്. ഇത്രയധികം അവാര്‍ഡുകള്‍ നേടിയ ടൂറിസം വകുപ്പു മോശമാണെന്ന് പറയാന്‍ പറ്റില്ലല്ലോ. മദ്യം കുടിക്കാനാണു വിദേശികള്‍ ഇന്ത്യയില്‍ വരുന്നതെന്ന വാദം തന്നെ ടൂറിസ്റ്റുകളെ അപമാനിക്കുന്നതാണ്. മദ്യപാനമല്ല അവരുടെ ലക്ഷ്യം. മദ്യപിക്കാന്‍ വേണ്ടി മാത്രമാണു വിദേശികള്‍ ഇന്ത്യയില്‍ വരുന്നതെങ്കില്‍ അപ്രകാരം ടൂറിസത്തെ വളര്‍ത്തേണ്ട കാര്യമില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം.
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണു കെസിബിസി മദ്യ വിരുദ്ധ സമതി നടത്തുന്നത്.

ബോധവത്കരണം നടത്തുകയെന്നതാണ് ഏറ്റവും പ്രധാന പ്രവര്‍ത്തനം. വിദ്യാലയങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും വഴിയാണ് ബോധവത്കരണം നടത്തുന്നത്. സൈക്കിള്‍ റാലികള്‍, ബോധവത്കരണ ക്ലാസുകള്‍, നാടകങ്ങള്‍, സിനിമകള്‍ തുടങ്ങിയ മനുഷ്യ സാധ്യമായ എല്ലാ മേഖലകളെയും ബോധവത്കരണത്തിനായി ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാരിനെതിരെ സമരമുഖവും ഞങ്ങള്‍ തുറക്കുന്നുണ്ട്. ചെറുത്തു നില്‍പ്പിന്റെ അനിവാര്യത രാജ്യത്തുണ്ട്. മദ്യനിരോധനത്തിലേയ്ക്ക് രാജ്യത്തെ എത്തിക്കുകയെന്നതാണ് സഭയുടെ ലക്ഷ്യം.

Read More >>