വിലപേശപ്പെടുന്ന ശവശരീരങ്ങൾ

സ്‌നേഹത്തിനാണ് ഒന്നാം സ്ഥാനം, അല്ലാതെ സഭ നിയമങ്ങൾക്കും ലിറ്റർജിക്കും ധാർമിക നിയമങ്ങൾക്കും അല്ലെന്ന് കേരളത്തിലെ ക്രൈസ്തവ സഭകൾ അടിയന്തരമായി ശ്രദ്ധ പതിപ്പിക്കണ്ടി ഇരിക്കുന്നു. ഒന്നാം സ്ഥാനത്തു നിർത്തേണ്ട സ്‌നേഹത്തിനും കാരുണ്യത്തിനും മനുഷ്യത്വത്തിനും പകരം മറ്റു പലതും കയറി കൂടുബോഴാണ്, പള്ളിയും ഒരു ദാക്ഷിണ്യമില്ലാത്ത വ്യവസായ സ്ഥാപനമായി മാറുന്നത്, പുരോഹിതൻ കർക്കശക്കാരനായ ഒരു പ്രധാന ഉദ്യോഗസ്ഥൻ ആയി മാറുന്നത്. ശവശരീരങ്ങൾ വരെ വിലപേശപെടുന്നത്. ലീന മേഴ്സി എഴുതുന്നു.

വിലപേശപ്പെടുന്ന ശവശരീരങ്ങൾ

ലീന മേഴ്‌സി

ഒരു വ്യാഴവട്ടം മുമ്പ്, 2004 ലെ ജൂലൈ 4. സമയം രാത്രി 10 മണി കഴിഞ്ഞു. അന്ധവിശ്വാസങ്ങൾക്കും പുരോഹിത വർഗത്തിനും എതിരായി വിശ്രമമില്ലാതെ ചലിക്കുകയായിരുന്ന പൊൻകുന്നം വർക്കിയുടെ തൂലിക ചലനമറ്റു. പ്രതിഭാശാലിയായ ആ എഴുത്തുകാരൻ ഈ ലോകത്തോട് വിട പറഞ്ഞു. പുരോഹിത വർഗത്തിനും അന്ധവിശ്വാസികളായ മത വിശ്വാസികൾക്കും എതിരെ നിരന്തരം തന്റെ വാക്കുകളിലൂടെ പടവെട്ടിയാണ് അദ്ദേഹം ജീവിച്ചത്. മതാധികാരം അടിച്ചേല്പിക്കാൻ ശ്രമിച്ച ക്രിസ്ത്യൻ പൗരോഹിത്യത്തിനെതിരെ കൃത്യമായ വിമർശനം അഴിച്ചുവിട്ട കഥകളാണ്, `അന്തോണീ നീയും അച്ഛാനായോടാ', `പളങ്കോടൻ' തുടങ്ങിയ രചനകൾ. അതിനാൽ തന്നെ ക്രിസ്ത്യൻ പൗരോഹിത്യത്തിന്റെ ശക്തമായ എതിർപ്പുകളാണ് പൊൻകുന്നം വർക്കിക്ക് നിരന്തരം നേരിടേണ്ടി വന്നത്. പൗരോഹിത്യത്തിന്റെ മാനുഷിക വിരുദ്ധ നിലപാടിനെതിരെ ഉറച്ചു നിൽക്കാൻ അദ്ദേഹത്തത്തെ തുടർന്നും പ്രേരിപ്പിക്കുന്നതായിരുന്നു ഇത്തരം എതിർപ്പുകൾ.


പള്ളിയുമായി അദ്ദേഹത്തിന് ഒരു ആത്മീയ ബന്ധവും ഉണ്ടായിരുന്നില്ല, എന്നിട്ടും പൊൻകുന്നം വർക്കി മരണമടഞ്ഞപ്പോൾ ഇടവക പള്ളി അദ്ദേഹത്തെ പള്ളി സിമിത്തേരിയിൽ അടക്കാൻ സമ്മതമറിയിച്ചു. പള്ളിയിൽ അടക്കം ചെയ്താൽ അത്രയും കാലം വർക്കി സഭക്ക് എതിരെ എഴുതിയത് ഒക്കെ അപ്രസക്തമാവും എന്നതാവാം അന്ന് ഒരു നല്ല സമരിയാകാരൻ എന്ന മുഖം മൂടി അണിയാൻ സഭയെ പ്രേരിപ്പിച്ചത്

ponkunnam varkeyകാലചക്രം ഒന്ന് കറങ്ങി തിരിഞ്ഞു. 2016 സെപ്തംബറിലെ ഒരു ദിനം. പള്ളിയുമായി തീരെ ബന്ധം പുലർത്താത്ത ഒരു യുവാവിന്റെ 'അമ്മ നിര്യാതയായി. പള്ളിയിലെ കൈക്കാരൻ ആയിരുന്ന യുവാവിന്റെ അപ്പൻ ഒന്നര വർഷമായി തളർന്നു കിടക്കുന്നു. ഒരു മനുഷ്യന്റെ  നിസഹായാവസ്ഥയിൽ മറ്റൊരു ശവശരീരം കൂടി വിലപേശപ്പെട്ടു. യുവാവും കുടുംബവും മാപ്പ് എഴുതി കൊടുത്താൽ അമ്മയെ പള്ളിയിൽ അടക്കം ചെയ്യാൻ തയാറാണെന്നു പള്ളി കമ്മിറ്റി യുവാവിനെ അറിയിക്കുന്നു. തന്റെ അമ്മയുടെ ശവശരീരം വിലപേശപ്പെടാനുള്ളതല്ല എന്ന് മനസ്സിലാക്കിയ മകൻ അമ്മയെ ഹിന്ദു ആചാര പ്രകാരം വീട്ടുമുറ്റത്ത് ദഹിപ്പിച്ചു.  സ്നേഹത്തെക്കുറിച്ചും ക്ഷേമയെ കുറിച്ചും വാ തോരാതെ പ്രസംഗിക്കുകയും പ്രവർത്തിയിൽ അങ്ങേയറ്റം തരംതാഴുകയും ചെയ്യുന്ന മത സ്ഥാപനങ്ങളുടെ യഥാർത്ഥ ചിത്രം വെളിയിൽ കൊണ്ട് വരുന്നതാണ് ഇത്തരം സംഭവങ്ങൾ.

മതാന്ധത ബാധിച്ച വിശ്വാസി സമൂഹത്തിനു തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് പലപ്പോഴും മനസ്സിലാകാറുമില്ല. കരിമരുന്നു പ്രയോഗവുമായി ബന്ധപെട്ടു പള്ളിക്കെതിരെ വികാരിയച്ചന് എതിരെ കേസ് കൊടുത്ത ഒരു കുടുംബത്തിനെതിരെ പ്രതിഷേധം നടത്തിയ സംഭവം പുറത്ത് വന്നിട്ട് അധികമായിട്ടില്ല. ആ കുടുംബത്തിലെ വിവാഹം അനുവദിക്കരുത് എന്ന് പറഞ്ഞാണ് വിശ്വാസികൾ പ്രതിഷേധ ജാഥ നടത്തിയത്. തീവ്ര മതവിശ്വാസം മറ്റുള്ള ചില മത സംഘടനകൾക്കു പതിച്ചു കൊടുക്കുന്ന ഇത്തരം വിശ്വാസികൾ തങ്ങൾ എവിടെ നിൽക്കുന്നുവെന്ന് വിശകലനം ചെയ്യുന്നത് നല്ലതാണ്.

ഒരു ഇടവകയുടെ കേന്ദ്രബിന്ദു ആണ് അവിടുത്തെ പള്ളി. പള്ളിയുടെ ഭരണം ഇടവക വികാരിയിലും തിരഞ്ഞെടുക്കപെടുന്ന അംഗങ്ങളുള്ള പള്ളികമ്മിറ്റിയിലും നിക്ഷിപ്തമാണ്. ഏതൊരു സ്ഥാപനവും പോലെ, മത സംഘടനയും പോലെയാണ് ഇതും പ്രവർത്തിക്കുന്നത്. അതിനാൽ പളളിക്കും ഇടവകക്കും അതിന്റേതായ ചിട്ടവട്ടങ്ങൾ നിയമങ്ങൾ, നിയമ സംഹിതകൾ പെരുമാറ്റ ചട്ടങ്ങൾ ഒക്കെ ഉണ്ടാകാം. അതിനാൽ നിങ്ങൾക്ക് മാമോദിസ നടത്താനും കല്യാണത്തിനും മരിച്ചടക്കിനും മാത്രം കയറി വരാൻ ഉള്ളതല്ല ഇടവക പള്ളി എന്നതാണ് ഒരു വാദം. അങ്ങനെ വരുമ്പോൾ ഈ വാദത്തിനു ഒരു പൊതു നടപ്പാക്കൽ ഉണ്ടാവേണ്ടതില്ലേ? മാത്രവുമല്ല ഒരു സംഖ്യ പള്ളിക്കു മാസം തോറും കൊടുക്കാനും. പള്ളി പണിക്കു ഒരു വൻതുക സംഭാവന കൊടുക്കാനും ഒപ്പം ബിഷപ്പ് മുതൽ പിടിപാടുകളും ഉള്ളവർക്കും ഈ നിയമം ബാധകമാണല്ലോ? അല്ലെന്ന് തെളിയിച്ച എത്രയോ സംഭവങ്ങളുണ്ട്. പക്ഷേ അതൊന്നും വാർത്ത ആവാറില്ല. അതിനാൽ ആരും അറിയാറും ഇല്ല

Pope-Francis-3വിചിത്രമെന്നു തോന്നാമെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സഭാ സംഘടനയുള്ള കത്തോലിക്കാ സഭയുടെ പിതാവിന്റെ വാക്കുകളിൽ കാണാൻ കഴിയുക ഇത്തരം ധാർഷ്ട്യമല്ല, മറിച്ച് മാനവികതയാണ്. കത്തോലിക്കർക്ക് മാത്രമല്ല അക്രൈസ്തവർക്കും ഇന്ന് ഏറെ പ്രിയപ്പെട്ട ആളാണ് ഫ്രാൻസിസ് പാപ്പ. ലളിത ജീവിതവും സുതാര്യ സംസാരവും ഹൃദ്യമായ താഴ്മയും കൊണ്ട് അതിശയിപ്പിക്കുന്ന അദ്ദേഹം സകലരെയും തന്നിലേക്ക് ആകർഷിക്കുന്നുണ്ട്. ലോക പ്രീസ്‌റ് കോൺഫറൻസിൽ അദ്ദേഹം ലോകം എമ്പാടും നിന്ന് വന്നെത്തിയ പുരോഹിതർക്ക് കൊടുത്ത സന്ദേശം ഈ അവസരത്തിൽ ഏറെ ശ്രദ്ധേയമാണ്. ഒരു പുരോഹിതൻ നിയമങ്ങളെയും നിയമ സംഹിതകളെയും കൂട്ടു പിടിച്ചു ഒരു കർക്കശക്കാരനായ ദയ ഇല്ലാത്ത ഉദ്യോഗസ്ഥനായി മാറുമ്പോൾ ഒട്ടേറെ വിശ്വാസികൾക്ക് അമ്മ ആയ സഭയെ നഷ്ട്ടമാവുകയാണ് ചെയ്യുന്നത്, യേശുവിന്റെ സ്‌നേഹമോ കരുണയോ ഇല്ലാത്ത ഒരു സഭ, സഭയെ അല്ലെന്നാണ് പിതാവ് പറഞ്ഞത്.

സ്‌നേഹത്തിനാണ് ഒന്നാം സ്ഥാനം, അല്ലാതെ സഭ നിയമങ്ങൾക്കും ലിറ്റർജിക്കും ധാർമിക നിയമങ്ങൾക്കും അല്ലെന്ന് കേരളത്തിലെ ക്രൈസ്തവ സഭകൾ അടിയന്തരമായി ശ്രദ്ധ പതിപ്പിക്കണ്ടി ഇരിക്കുന്നു. ഒന്നാം സ്ഥാനത്തു നിർത്തേണ്ട സ്‌നേഹത്തിനും കാരുണ്യത്തിനും മനുഷ്യത്വത്തിനും പകരം മറ്റു പലതും കയറി കൂടുബോഴാണ്, പള്ളിയും ഒരു ദാക്ഷിണ്യമില്ലാത്ത വ്യവസായ സ്ഥാപനമായി മാറുന്നത്, പുരോഹിതൻ കർക്കശക്കാരനായ ഒരു പ്രധാന ഉദ്യോഗസ്ഥൻ ആയി മാറുന്നത്. ശവശരീരങ്ങൾ വരെ വിലപേശപെടുന്നത്.

മതസ്ഥാപനങ്ങളുടെ വിശേഷിച്ചും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ ശക്തമായ വിമർശനങ്ങൾ നടത്തിയിരുന്നു പ്രൊഫസർ എംപി പോൾ. അദ്ദേഹത്തിന്റെ മൃതദേഹം, 1952 ൽ, തെമ്മാടിക്കുഴിയിൽ മാത്രമേ അടക്കാൻ കഴിയുകയുള്ളു എന്ന് വാശിപിടിച്ച കേരള സഭയുടെ മുഷ്യത്വപരമായ മുരടിപ്പിൽ നിന്നും അരനൂറ്റാണ്ടു പിന്നിട്ടിട്ടും ഏറെ ഒന്നും മാറ്റമുണ്ടയിട്ടില്ല. സഭ വിശ്വാസത്തിന്റെ മറവിൽ ചെയ്യുന്നതെല്ലാം ഒരു സാധരണ മനുഷ്യന്റെ നന്മക്ക് ഉതുകുന്നതാണോ? മനുഷ്യത്വത്തിനും, മനുഷ്യ നന്മക്കുമാണോ ഇവിടെ ഒന്നാം സ്ഥാനം? സമ്പത്ത് മനുഷ്യന് വേണ്ടിയാണ് അല്ലാതെ മനുഷ്യൻ സമ്പത്തിനു വേണ്ടി ഉള്ളതല്ല (മാർകോ 2 . 27) എന്ന് പ്രസംഗിക്കുന്ന പുരോഹിതർ സ്വന്തം ചെയ്തികളിലേക്ക് ഒന്ന് കണ്ണോടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പാപബോധത്തെ കുറിച്ച് നിരന്തരം ഉത്ബോധിപ്പിക്കുന്ന സഭ സ്വന്തം തെറ്റുകൾ തിരുത്താൻ ഉള്ള ഹൃദയ വിശാലത പരിശീലിക്കേണ്ടി ഇരിക്കുന്നു.

സ്വവർഗ്ഗരതിയെ കുറിച്ച് ഫ്രാൻസിസ് പപ്പായയോടുള്ള ഒരു ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമാ യിരുന്നു 'നമ്മൾ ആദ്യം പരിഗണിക്കേണ്ടത് നമ്മുടെ മുന്നിലുള്ള വ്യക്തിയെ ആണ്, നിയമത്തെയും ധാർമികതയെയും അല്ല. ജീവിതത്തിൽ ദൈവം ഓരോ വ്യക്തിയെയും സ്‌നേഹത്തോടെ അനുധാവനം ചെയ്യുന്നു. നമ്മളും വ്യക്തികളെയും അവന്റെ ജീവിത സാഹചര്യങ്ങളെയും കരുണയോടെ അനുധാവനം ചെയ്യണം.'

ആചാരങ്ങൾക്കും നിയമങ്ങൾക്കപ്പുറം വ്യക്തിയെ അവന്റെ സാഹചര്യങ്ങൾ മനസിലാക്കി സ്നേഹത്തോടെ അനുധാവനം ചെയ്യേണ്ടതിന്റെ ബാലപാഠങ്ങൾ മാർപ്പാപ്പയിൽ നിന്നു തന്നെ സഭ പഠിച്ചു തുടങ്ങേണ്ടി ഇരിക്കുന്നു. വിധിക്കരുത് എന്ന ക്രിസ്തുകല്പന ഇടവകയിലെ പള്ളി പ്രസംഗത്തിൽ നിന്ന് തന്നെ സഭ പ്രാവർത്തികമാക്കി തുടങ്ങേണ്ടി ഇരിക്കുന്നു. ഇല്ലെങ്കിൽ ഇനിയും തെമ്മാടിക്കുഴികൾ പുനർ ജനിച്ചേക്കാം. മതാന്ധത ബാധിച്ച വിശ്വാസികൾ ജാഥ നടത്താം. ഒടുക്കം ശവശരീരങ്ങളും വിലപേശപ്പെടാം. അപ്പോഴും കാണും, ഇതൊന്നും കണ്ടില്ലെന്നു നടിച്ചു ദൈവസ്‌നേഹം വാഴ്ത്തിപ്പാടുന്ന ഒരു വിശ്വാസ സമൂഹം.