വിശ്വാസ്യത തെളിയിക്കാന്‍ സ്വയം മരുന്നു കഴിച്ചു ആയുര്‍വേദ ഡോക്ടര്‍ മരിച്ച സംഭവം: രോഗിയുടെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിനു കേസ്

രോഗിക്കു കുറിച്ച മരുന്നില്‍ വിഷം കലര്‍ന്നുവെന്ന ആരോപണം തെളിയിക്കാന്‍ സ്വയം മരുന്നു കഴിച്ച ആയുര്‍വേദ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ രോഗിയുടെ ഭര്‍ത്താവ് ബൈസന്‍വാലി സ്വദേശി തങ്കപ്പനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കും. നിലവില്‍ വധശ്രമത്തിനാണു കേസെടുത്തിരുന്നത്.

വിശ്വാസ്യത തെളിയിക്കാന്‍ സ്വയം മരുന്നു കഴിച്ചു ആയുര്‍വേദ ഡോക്ടര്‍ മരിച്ച സംഭവം: രോഗിയുടെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിനു കേസ്

മുവാറ്റുപുഴ: രോഗിക്കു കുറിച്ച മരുന്നില്‍ വിഷം കലര്‍ന്നുവെന്ന ആരോപണം തെളിയിക്കാന്‍ സ്വയം മരുന്നു കഴിച്ചു ആയുര്‍വേദ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ രോഗിയുടെ ഭര്‍ത്താവ് ബൈസന്‍വാലി സ്വദേശി തങ്കപ്പനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും. നിലവില്‍ വധശ്രമത്തിനാണു കേസെടുത്തിരുന്നത്. ഇയാൾക്കെതികെ കൊലക്കുറ്റത്തിനു കേസെടുത്തു റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് മുവാറ്റുപുഴ പൊലീസ് അറിയിച്ചു. വിഷം കലര്‍ന്ന മരുന്നു കഴിച്ചതിനെ തുടര്‍ന്ന് ഓര്‍മ നഷ്ടപ്പെട്ടു പൂര്‍ണമായി ശരീരം തളര്‍ന്ന് ഒന്‍പത് വര്‍ഷമായി കിടപ്പിലായിരുന്ന ആയുര്‍വേദ ഡോക്ടര്‍ മുവാറ്റുപുഴ പായിപ്ര മാനാറി പണ്ടിരി സ്വദേശി പി എ ബൈജു(45) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.


അടിമാലിയിലെ ബൈസന്‍ വാലി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സേവനം ചെയ്യവേ 2007 ജനുവരി 24നാണ് ബൈജുവിന്റെ ജീവിതം തകര്‍ത്ത സംഭവം അരങ്ങേറിയത്. ബെസണ്‍വാലി കാര്യംകുന്നേല്‍ ശാന്ത എന്ന രോഗി ഡോക്ടര്‍ ബൈജുവിന്റെ ചികിത്സയിലായിരുന്നു. ഡോക്ടര്‍ ബൈജു നിര്‍ദ്ദേശിച്ച 'രസനപഞ്ചകം' കഷായത്തില്‍ വിഷം കലര്‍ന്നുവെന്നും മരുന്നു കിടിച്ച ശാന്ത അബോധവസ്ഥയിലെന്നും പറഞ്ഞ് ശാന്തയുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി ബഹളം വയ്ക്കുകയായിരുന്നു. വിശ്വാസ്യത തെളിയിക്കാന്‍ ഒന്നും ആലോചിക്കാതെ രോഗിയുടെ ബന്ധുക്കളുടെ മുന്‍പില്‍ വെച്ച് ബെജു മരുന്നു വാങ്ങി കുടിക്കുകയായിരുന്നു.

മരുന്നു കഴിച്ചതിനെ തുടര്‍ന്നു  ബൈജുവിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. ശരീരം തളര്‍ന്ന് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സിച്ചെങ്കിലും ബൈജുവിന്റെ ആരോഗ്യ സ്ഥിതിയില്‍ മാറ്റം ഉണ്ടായില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഡോക്ടറുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഏലത്തിന് അടിക്കുന്ന കീടനാശിനിയിലെ ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യമാണ് ബൈജുവിനെ തളര്‍ത്തിയതെന്ന് കണ്ടെത്തിയിരുന്നു. രോഗിക്കു നല്‍കിയ മരുന്നില്‍ രോഗിയുടെ ഭര്‍ത്താവ് രാജപ്പനാണ് വിഷം കലര്‍ത്തിയെന്നത് പിന്നിടു തെളിഞ്ഞിരുന്നുവെങ്കിലും അന്വേഷണം ഫലപ്രദമായില്ല. രാജപ്പനെ അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം മുന്നോട്ടു പോകാന്‍ പൊലീസിന് കഴിഞ്ഞില്ല.