കോഴിക്കോട് നഗരത്തില്‍ നാളെ കര്‍ശന ഗതാഗത നിയന്ത്രണം; ഉച്ചയ്ക്ക് ഒന്നിന് ശേഷം ബീച്ചിലേക്കുള്ള പ്രവേശനം അടയ്ക്കും

കൗണ്‍സില്‍ യോഗം നടക്കുന്ന സ്ഥലത്തേക്ക് പോകേണ്ടവരെ നിശ്ചയിക്കുന്നത് കേന്ദ്ര സുരക്ഷാ സേനയായ എസ്പിജിയാണ്. നിലവിലെ ഗതാഗത പരിഷ്‌കരണത്തില്‍ സുരക്ഷാപ്രശ്നങ്ങള്‍ വിലയിരുത്തി മാറ്റം വരുത്തുന്നത് എസ്പിജിയായിരിക്കും.

കോഴിക്കോട് നഗരത്തില്‍ നാളെ കര്‍ശന ഗതാഗത നിയന്ത്രണം; ഉച്ചയ്ക്ക് ഒന്നിന് ശേഷം ബീച്ചിലേക്കുള്ള പ്രവേശനം അടയ്ക്കും

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റ് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ എത്തുന്ന സാഹചര്യത്തില്‍ കോഴിക്കോട് നഗരത്തില്‍ നാളെ കര്‍ശന ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് ഒന്നിന് ശേഷമാകും ഗതാഗത നിയന്ത്രണമുണ്ടാകുക.

ഉച്ചയ്ക്ക് ശേഷം ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം പൂര്‍ണ്ണമായും അടയ്ക്കും. നഗരത്തില്‍ ഇരുചക്ര വാഹനങ്ങള്‍ മുതല്‍ ഹെവി വാഹനങ്ങള്‍ വരെ വഴിതരിച്ചുവിടും. വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കാരന്തൂര്‍-തൊണ്ടയാട്-അരയിടത്ത് പാലം വഴിയാണ് നഗരത്തിലെത്തേണ്ടത്. കണ്ണൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പുതിയങ്ങാടി-പൂളക്കുന്ന്-വേങ്ങേരി വഴി അരയിടത്തുപാലം വഴി നഗരത്തിലെത്തണം.

മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പന്തീരങ്കാവ് ബൈപ്പാസ് വഴി തൊണ്ടയാട്-അരയിടത്തുപാലത്തേക്ക് തിരിച്ചുവിടും. പരപ്പനങ്ങാടി, തിരൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മണ്ണൂര്‍-മീഞ്ചന്ത വഴി റയില്‍വേസ്റ്റേഷനിലെത്തിയശേഷം ലിങ്ക് റോഡിലൂടെ മടങ്ങിപോകണം. പാലക്കാട്, തൃശൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ രാമാനാട്ടുകര-തൊണ്ടയാട്-അരയിടത്തും പാലം വഴി നഗരത്തിലെത്തിയിട്ട് അതുവഴി തന്നെ തിരിച്ചുപോകണം.

ബിജെപി ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്ന സരോവരം, കടവ് റിസോര്‍ട്ട്, പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ എത്തുന്ന വെസ്റ്റ് ഹില്‍ വിക്രം മൈതാനം, പ്രധാനമന്ത്രി താമസിക്കുന്ന ഗസ്റ്റ് ഹൗസ് പരിസരം, സ്മൃതി സന്ധ്യ നടക്കുന്ന സാമൂതിരി ഹൈസ്‌കൂള്‍ മൈതാനം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇതര വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.

Read More >>