അനാഥബാലനെ റാന്നിയിലെ ബാലമന്ദിരത്തിൽ ലൈംഗിക പീഡനത്തിന് ഇരയാക്കി; ആത്മഹത്യാഭീഷണി മുഴക്കി നടപടിയൊഴിവാക്കാൻ കുറ്റാരോപിതന്റെ ശ്രമം

റാന്നി പുതുമണ്ണിലെ ബാലമന്ദിരത്തിലാണ് പ്രത്യേക ശ്രദ്ധയും സംരക്ഷണവും അര്‍ഹിക്കുന്ന പന്ത്രണ്ടുവയസ്സുകാരന്‍ പീഡനത്തിന് ഇരയായത്. കുറ്റാരോപിതനായ കെയര്‍പ്രൊവൈഡറെ സംരക്ഷിക്കാന്‍ കുട്ടിക്കുമേല്‍ ഒരു വിഭാഗം ജീവനക്കാരുടെ സമ്മര്‍ദ്ദമുണ്ട്. മന്ദിരത്തിലെ കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം

അനാഥബാലനെ റാന്നിയിലെ ബാലമന്ദിരത്തിൽ ലൈംഗിക പീഡനത്തിന് ഇരയാക്കി; ആത്മഹത്യാഭീഷണി മുഴക്കി നടപടിയൊഴിവാക്കാൻ കുറ്റാരോപിതന്റെ ശ്രമം

പത്തനംതിട്ട: റാന്നി പുതുമണ്ണിലെ ബാലമന്ദിരത്തില്‍ താമസിക്കുന്ന പന്ത്രണ്ടുവയസ്സുകാരനായ അനാഥബാലൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായി. കഴിഞ്ഞ മാസം 26ന് ഈ കുട്ടി ശിശുക്ഷേമസമിതിക്കു മുന്നില്‍ പരാതി ഉന്നയിച്ചെങ്കിലും ജീവനക്കാരനെ രക്ഷിക്കാന്‍ പൊലീസും സ്ഥാപന അധികൃതരും ഒത്തുകളിച്ചെന്നാണ് ആരോപണം. എട്ടു ദിവസത്തിനു ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രത്യേക ശ്രദ്ധയും സംരക്ഷണവും അര്‍ഹിക്കുന്നയാളാണ് ഉപദ്രവത്തിന് ഇരയായ കുട്ടി.


ശിശുക്ഷേമ സമിതി അംഗങ്ങള്‍ ബാലനില്‍ നിന്നും മൊഴി രേഖപ്പെടുത്തി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കൈമാറുകയായിരുന്നു. പരാതി ലഭിച്ച അന്നു തന്നെ റാന്നി പൊലീസ് സ്റ്റേഷനില്‍ ഇക്കാര്യം അറിയിച്ചെന്നാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ഒ അബീന്‍ നാരദാന്യൂസിനോട് പറഞ്ഞത്. എന്നാല്‍ 29നാണ് പരാതി ലഭിച്ചതെന്ന് റാന്നി സി ഐ ന്യുമാന്‍ പ്രതികരിച്ചു. സി ഐയുടെ നിര്‍ദ്ദേശപ്രകാരം പരാതി പൂഴ്ത്തി വെച്ചിരുന്നെന്നും ആരോപണമുണ്ട്. കുട്ടി അനാഥനായതിനാല്‍ തുടര്‍നടപടി ആവശ്യപ്പെട്ട് ആരും എത്തില്ലെന്ന് കരുതിയായിരുന്നു പൂഴ്ത്തിവെപ്പ്.  ഇത്തരം പരാതികള്‍ ലഭിച്ച് അഞ്ചു മണിക്കൂറിനുള്ളില്‍ ഇരയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കണമെന്നാണു നിയമം.

'' അയാള്‍ വിളിക്കും... പറയുന്നത് പോലെ ചെയ്തു കൊടുക്കണം''

എട്ടുമാസം മുമ്പ് കൊല്ലത്തെ സര്‍ക്കാര്‍ ബാലമന്ദിരത്തില്‍ നിന്നാണ് ഉപദ്രവത്തിന് ഇരയായ കുട്ടിയെ റാന്നിയിലേക്കു മാറ്റിയത്. ബാലമന്ദിരത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പൊടിയും മറ്റുമേറ്റുള്ള അലര്‍ജിയെ തുടര്‍ന്നായിരുന്നു ഇത്.  ആദ്യ മാസങ്ങളിലൊന്നും ജീവനക്കാരന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായിരുന്നില്ല. അടുത്തിടെയാണ് പ്രകൃതി വിരുദ്ധ ഉപദ്രവം തുടങ്ങിയത്. ഇതോടെ പൊതുവേ ഊര്‍ജ്ജസ്വലനായ കുട്ടിയുടെ പെരുമാറ്റത്തിലും മനോനിലയിലും മാറ്റം വന്നു. ഇതുശ്രദ്ധിച്ച മന്ദിരത്തിലെ ചില ജീവനക്കാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരം പറയുന്നത്. ഇവര്‍ തന്നെയാണ് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കിയതും. 'അയാള്‍ വിളിക്കും, എന്നിട്ടു പറയുന്നതുപോലെ ചെയ്തു കൊടുക്കണം' എന്നായിരുന്നു കുട്ടി സമിതി അംഗങ്ങളോട് പറഞ്ഞത്.

കുട്ടിയുടെ പരാതി അറിഞ്ഞപ്പോള്‍ ബാലമന്ദിരം സൂപ്രണ്ട് ലതികയും ഇക്കാര്യം ഗൗരവമായി എടുത്തിരുന്നില്ല. വിഷയവുമായി ബന്ധപ്പെട്ട് സൂപ്രണ്ടുമായി ബന്ധപ്പെട്ടപ്പോള്‍ മറുപടി ഇങ്ങനെ.  ''എട്ടു മാസമായി കുട്ടിയെ തനിക്കറിയാം. ഈ കുട്ടി പെട്ടെന്നൊരു ദിവസം ഇങ്ങനെ പറഞ്ഞപ്പോള്‍ ഒരു തെളിവുമില്ലാതെ വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല''.

കുറ്റാരോപിതനെ രക്ഷിക്കാന്‍ കുട്ടിക്കുമേല്‍ സമ്മര്‍ദ്ദം

പരാതി നല്‍കാന്‍ മുന്‍കൈയെടുത്ത രണ്ടു കെയര്‍ടേക്കര്‍മാരെ അന്നു തന്നെ ജോലിയില്‍നിന്ന് സൂപ്രണ്ട് മാറ്റി നിര്‍ത്തിയിരുന്നു. കുറ്റാരോപിതനായ താത്ക്കാലിക ജീവനക്കാരനേയും ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഇപ്പോഴുള്ള താത്ക്കാലിക കെയര്‍ടേക്കര്‍മാരില്‍ ഒരാള്‍ ഇയാളുടെ അടുത്ത സുഹൃത്താണ്. ഇത്തരത്തിലൊരു സംഭവമേ നടന്നിട്ടില്ല എന്നാണ് കുറ്റാരോപിതനായ ജീവനക്കാരന്റെ സുഹൃത്ത് അര്‍ജുന്‍ വിഷ്ണു നാരദയോട് പറഞ്ഞത്. അങ്ങനെയെങ്കില്‍ ഇയാളെ മാറ്റി നിര്‍ത്തിയതെന്തിനെന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല.

കുട്ടിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന് പിന്നാലെ ബാലമന്ദിരത്തിലെ ഒരു വിഭാഗം ജീവനക്കാര്‍ കുറ്റാരോപിതനായ ജീവനക്കാരനെ പിന്തുണച്ചെത്തുകയായിരുന്നു. പൊലീസ് മൊഴിയെടുക്കാന്‍ എത്തുന്നതിന് മുമ്പ് ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് കുട്ടിയെക്കൊണ്ട് പറയിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി.  ജീവനക്കാരന്‍ ആത്മഹത്യ ചെയ്താല്‍ കുറ്റം തലയില്‍ വരുമെന്നും അയാളുടെ ഭാര്യയും മക്കളും അനാഥരാകുമെന്നും പറഞ്ഞ് കുട്ടിയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമം നടന്നിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡംഗം ഇടപെട്ടതായും ആരോപണമുണ്ട്.

കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പാചകക്കാരി...

പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമായ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് ഹോമും കുട്ടിക്കുറ്റവാളികള്‍ക്കായി ഒബ്സര്‍വേഷന്‍ ഹോമുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 15 അന്തേവാസികളാണ് ഇവിടെയുള്ളത്. ബാലമന്ദിരത്തിലെ പാചകക്കാരിയാണ് പുറമെ നിന്ന് എത്തുന്നവരോട് കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പറയപ്പെടുന്നു. സൂപ്രണ്ടിനും രണ്ട് കെയര്‍ടേക്കര്‍മാര്‍ക്കും പാചകക്കാരിക്കും പുറമെ മറ്റ് ജീവനക്കാരെല്ലാം താത്ക്കാലിക ജീവനക്കാരാണ്.

വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്

കുട്ടിയില്‍ നിന്ന് 164 പ്രകാരം മൊഴിയെടുക്കാനുള്ള അനുമതി ആവശ്യപ്പെട്ട് പൊലീസ് റാന്നി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.  മൊഴി പരിശോധിച്ചും മെഡിക്കല്‍ പരിശോധനക്ക് ശേഷവും അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ നാരദയോട് പ്രതികരിച്ചു. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന ആരോപണം അദ്ദേഹം തള്ളി.

എന്നാല്‍ മാനദണ്ഡം പാലിച്ചല്ല പൊലീസ് കുട്ടിയുടെ മൊഴി എടുത്തതെന്നും ആരോപണമുണ്ട്. കുട്ടിയെ മൊഴി മാറ്റാന്‍ ശ്രമിച്ചവരുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുപ്പ് നടന്നത്. ചട്ടപ്രകാരം കുട്ടിയെ മാത്രമായി വേണം മൊഴിയെടുക്കാന്‍.  മറ്റ് അന്തേവാസികളുടെ മൊഴിയും പൊലീസ് ശേഖരിക്കേണ്ടതുണ്ട്. മന്ദിരത്തിലെ കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ മറ്റ് അന്തേവാസികളുടെ മേല്‍ ഒരു വിഭാഗം ജീവനക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം. പൊലീസ് നടപടികള്‍ പൂര്‍ത്തിയായാല്‍ കുട്ടിയെ കൊല്ലത്തെ ബാലമന്ദിരത്തിലേക്ക് തന്നെ മാറ്റാനാണ് തീരുമാനം.

Read More >>