അല്ല നാരായണാ... ആരാണീ ബൂർഷ്വ...?

ഇതൊക്കെയാണ് നിർവചനങ്ങളെങ്കിൽ ശ്രീനാരായണ ഗുരു ഏതു വകുപ്പിലാണ് "ബൂർഷ്വാ" നവോത്ഥാന നായകനാകുന്നത്? വമ്പിച്ച മൂലധനത്തിന്റെ ഉടമയായിരുന്നില്ല ശ്രീനാരായണ ഗുരു. കൂലിവേലയ്ക്ക് ആളെ നിർത്തി ജോലി ചെയ്യിച്ച പാരമ്പര്യവും അദ്ദേഹത്തിനില്ല.

അല്ല നാരായണാ... ആരാണീ ബൂർഷ്വ...?

മല രണ്ടായി പിളരട്ടെ,

കടലേഴും വിതുമ്പുട്ടെ

ദിക്കെട്ടും കിടുങ്ങട്ടെ,

ബൂര്‍ഷ്വാസികളുടെ മണിമേടകളില്‍

ഈങ്ക്വിലാബ് മുഴങ്ങട്ടെ...

പണ്ട് എസ്എഫ്ഐയ്ക്കു പഠിക്കുമ്പോൾ ആവേശത്തോടെ വിളിച്ച മുദ്രാവാക്യമാണ്. ഈ മുദ്രാവാക്യമനുസരിച്ച് മണിമേടകളൊക്കെയുളള കഥാപാത്രമാകുന്നു, ബൂർഷ്വാസി.  മൂലധനത്തിന്റെ (സമ്പത്തിന്റെ) ഉടമയും കൂലിവേലയ്‌ക്ക്‌ ആളെ നിര്‍ത്തി ജോലി ചെയ്യിക്കുകയും ചെയ്യുന്ന വര്‍ഗത്തെയാണ്‌ ബൂര്‍ഷ്വാസി എന്ന്‌ മാര്‍ക്‌സിസ്റ്റ്‌ പദാവലിയില്‍ പറയുന്നതെന്ന് സഖാവ് പുത്തലത്തു ദിനേശൻ സാക്ഷ്യപ്പെടുത്തുന്നു. ഫ്രഞ്ച്‌ ഭാഷയിലെ പട്ടണവാസി എന്ന പദത്തില്‍ നിന്നാണത്രേ ഈ പദം രൂപപ്പെട്ടത്.bourgeoisകമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും ബൂർഷ്വകളെ പരിചയപ്പെടുത്തുന്നുണ്ട്. അതുപ്രകാരം, "നെടുകെ പിളർന്ന സമൂഹത്തിൽ ഗംഭീര ശത്രുപാളയത്തിൽ നിന്ന് പോരടിക്കുന്നവരാണ്  ബൂർഷ്വാസിയും തൊഴിലാളിവർഗ്ഗവും".  മൂലധനത്തിന്റെ ഉടമകളായിരിക്കുകയും ഉല്പാദനോപാധികൾ കയ്യടക്കിവെയ്ക്കുകയും ചെയ്യുന്ന ആളുകളെ ബൂർഷ്വാസി എന്നു വിളിക്കുന്നുവെന്നാണ് വിക്കി പീഡിയ സാക്ഷ്യപ്പെടുത്തുന്നത്. സ്വാഭാവികമായും ബൂർഷ്വാസികളുടെ മണിമേടകളിൽ ഈങ്ക്വിലാബ് മുഴങ്ങേണ്ടത് നമ്മുടെയും കൂടി ആവശ്യമാണ്. അവർ തന്നെ വിളിക്കുമോ, അതോ നാം ഇടിച്ചു കയറി വിളിക്കണോ എന്ന് മുദ്രാവാക്യം ക്ലാരിഫൈ ചെയ്യുന്നില്ല എന്നൊരു ന്യൂനത മുദ്രാവാക്യത്തിനുണ്ട്. അതവിടിരിക്കട്ടെ.


ഇതൊക്കെയാണ് നിർവചനങ്ങളെങ്കിൽ ശ്രീനാരായണ ഗുരു ഏതു വകുപ്പിലാണ് ബൂർഷ്വാ നവോത്ഥാന നായകനാകുന്നത്?  വമ്പിച്ച മൂലധനത്തിന്റെ ഉടമയായിരുന്നില്ല ശ്രീനാരായണ ഗുരു. കൂലിവേലയ്ക്ക് ആളെ നിർത്തി ജോലി ചെയ്യിച്ച പാരമ്പര്യവും അദ്ദേഹത്തിനില്ല. അദ്ദേഹമുൾപ്പെട്ട സമുദായമാണെങ്കിൽ, ചാതുർവർണ്യവ്യവസ്ഥയ്ക്കു പുറത്തു നിൽക്കുന്ന ഈഴവരായിരുന്നു. അവർ കൂലി വേല ചെയ്യിച്ചവരല്ല വർഗമല്ല, കൂലി വേല ചെയ്ത വിഭാഗമായിരുന്നു.


ഏതാണ്ട് അമ്പതിനായിരം പറ നെല്ല് പാട്ടമായി ലഭിക്കുമായിരുന്ന പ്രതാപൈശ്വര്യങ്ങളുടെ പൂങ്കാവനമായ  ഏലംകുളം മനയിൽ പിറന്ന ഇഎംഎസിനെ ആരും "ബൂർഷ്വാ രാഷ്ട്രീയ നേതാവ്" എന്നു വിളിക്കുന്നില്ല എന്നും ഓർമ്മിക്കാം.  ഏലംകുളം ഗ്രാമത്തിലേയ്ക്ക് ബസ് സർവീസും, കാറും, ആധുനിക പരിഷ്കാരവും എല്ലാം കൊണ്ടുവന്നത് അദ്ദേഹത്തിന്റെ മനയിലുളളവരായിരുന്നുവത്രേ.

ഇഎംഎസ് അഹോരാത്രം കഷ്ടപ്പെട്ടത് തൊഴിലാളികളുടെ രാഷ്ട്രീയ പ്രസ്ഥാനം സംഘടിപ്പിക്കാനായിരുന്നു. ശ്രീനാരായണഗുരുവോ, ജാതി വ്യവസ്ഥ അടിച്ചേൽപ്പിച്ച തൊഴിലുകളിൽ തലമുറകളായി ചുരുങ്ങിപ്പോയവരെ സാമൂഹികമായി ഉണർത്താനും. സംഘടിച്ചു ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ആഹ്വാനം ചെയ്തു, ശ്രീനാരായണ ഗുരു. ഒറ്റക്കല്ലിൽ തീർത്ത സംഘടന കെട്ടിപ്പെടുക്കാൻ എണ്ണമറ്റ സ്റ്റഡി ക്ലാസുകളെടുത്തു ഇഎംഎസ്.


പക്ഷേ, സിദ്ധാന്തം പറയുന്നത് നാരായണഗുരു ബൂർഷ്വാ നവോത്ഥാന നായകനായിരുന്നു എന്നാണ്. ഇഎംഎസ് തൊഴിലാളി വർഗത്തിന്റെ ദത്തു പുത്രനും. പരസ്പരം പോരടിക്കുന്ന രണ്ടു വർഗമാണല്ലോ ബൂർഷ്വാസിയും തൊഴിലാളി വർഗവും. എന്നുവെച്ചാൽ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികാന്തസുയർത്താൻ ആത്മീയതയുടെ വഴി തേടിയ ഗൂരുവും ഇതേ വിഭാഗം ഉൾപ്പെടുന്ന തൊഴിലാളികളുടെ  തൊഴിൽ സാഹചര്യങ്ങളും കൂലിയും മെച്ചപ്പെടുത്തി മിച്ചമൂല്യത്തിന്റെ പങ്കുചോദിക്കാൻ സംഘടിത പ്രസ്ഥാനമുണ്ടാക്കാൻ ഇറങ്ങിത്തിരിച്ച ഇഎംഎസും പരസ്പരം പോരടിച്ച രണ്ടു വലിയ വർഗങ്ങളെയാണോ പ്രതിനിധീകരിക്കുന്നത്? ആലോചിച്ചു നോക്കിയാൽ ആകെപ്പാടെ ഒരു മൂടൽമഞ്ഞ്.

ബൂര്‍ഷ്വാസി ചരിത്രത്തില്‍ വഹിച്ച പങ്ക്‌ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയില്‍ വിശദീകരിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു, പുത്തലത്ത് ദിനേശൻ. ലോകത്തില്‍ അതുവരെയുള്ള സാമൂഹ്യവ്യവസ്ഥകള്‍ മനുഷ്യന്‌ നല്‍കിയതിനേക്കാള്‍ എത്രയോ വലിയ നേട്ടങ്ങള്‍ ചുരുങ്ങിയ കാലത്ത്‌ ബൂര്‍ഷ്വാസി നല്‍കിയതായി മാനിഫെസ്റ്റോ വിലയിരുത്തുന്നുവെന്നും കൂട്ടിച്ചേർക്കുന്നു.


അതേ ശ്വാസത്തിൽത്തന്നെ യൂറോപ്പില്‍ ബൂര്‍ഷ്വാസി ഫ്യൂഡലിസത്തെ തകര്‍ത്തപ്പോള്‍ ഇന്ത്യയില്‍ അവര്‍ അതുമായി സന്ധി ചെയ്യുകയായിരുന്നുവെന്നും നിരീക്ഷണമുണ്ട്. ഇന്ത്യൻ ഫ്യൂഡലിസത്തിന്റെ ആത്മാവായിരുന്നു ജാതിവ്യവസ്ഥ. ഈ വ്യവസ്ഥയുടെ ക്ഷേത്രഗണിതത്തിനെതിരെയാണ് ശ്രീനാരായണ ഗുരു അങ്കം വെട്ടിയത്. ആ വ്യവസ്ഥയുമായി സന്ധി ചെയ്തുവരാണ് ഇന്ത്യൻ ബൂർഷ്വാസി. അങ്ങനെ ജാതിവ്യവസ്ഥയുമായി സന്ധി ചെയ്ത ഇന്ത്യൻ ബൂർഷ്വാസിയുടെ പ്രതിനിധിയായിരുന്നോ ശ്രീനാരായണഗുരു? ഹീശ്വരാ..


സത്യത്തിൽ ആരാണു നാരായണാ, ഈ ബൂർഷ്വ?