സ്‌കൂളില്‍ 'അപൂര്‍വ മോഷണം'; സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് അപൂര്‍വ പുസ്തകങ്ങള്‍ കവര്‍ന്നു

സ്‌കൂളില്‍ കള്ളന്‍ കയറിയ സംഭവങ്ങള്‍ ഏറെയുണ്ടെങ്കിലും 'പുസ്തകക്കള്ളന്‍' അപൂര്‍വമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സ്‌കൂളില്‍

കണ്ണൂര്‍: കള്ളന് മോഷ്ടിക്കാന്‍ കഴിയാത്ത മുതലാണ് അറിവ് എന്നൊക്കെ എല്ലാവരും കേട്ടുകാണും. അറിവ് മോഷ്ടിക്കാന്‍ കഴിയില്ലെങ്കിലും അറിവ് പകരുന്ന പുസ്തകങ്ങള്‍ മോഷണം പോയ അമ്പരപ്പിലാണ് പാപ്പിനിശ്ശേരി ഇഎംഎസ് സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.

ഓണാവധി കഴിഞ്ഞു സ്‌കൂളിലെത്തിയ അധ്യാപകരും കുട്ടികളുമാണ് പൂട്ട് തകര്‍ത്ത് ലൈബ്രറിയില്‍ കള്ളന്‍ കയറിയ വിവരം അറിയുന്നത്. ഏറെ പഴക്കം ചെന്ന റഫറന്‍സ് ഗ്രന്ഥങ്ങള്‍ മോഷണം പോയതായാണ് പ്രാഥമിക നിഗമനം. ഏതൊക്കെ പുസ്തകങ്ങള്‍ ആണ് മോഷണം പോയതെന്ന് കൃത്യമായി പരിശോധിച്ച് വരികയാണെന്ന് പ്രധാനാധ്യാപകന്‍ എപി രമേശന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

പ്രധാനാധ്യാപകന്റെ പരാതിയില്‍ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യവിരുദ്ധ സംഘങ്ങളിലേക്ക് ഉള്‍പ്പെടെ അന്വേഷണം വ്യാപിപ്പിച്ചതായാണ് സൂചന. സ്‌കൂളില്‍ കള്ളന്‍ കയറിയ സംഭവങ്ങള്‍ ഏറെയുണ്ടെങ്കിലും 'പുസ്തകക്കള്ളന്‍' അപൂര്‍വമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Read More >>