സമ്മേളന വികാരത്തിൽ പശുവില്ല, പാക്കിസ്ഥാൻ മാത്രം; ബിജെപിയുടെ അജണ്ടയിൽ തൽക്കാലം യുപി മാത്രം

കോഴിക്കോട്ട് ഉയരാൻ പോകുന്നത് വിജൃംഭിച്ച ദേശവികാരത്തിന്റെ മുദ്രാവാക്യങ്ങളാണ്. ദേശീയ കൗൺസിൽ യോഗം പിരിഞ്ഞാൽ പ്രതിനിധികൾ പാക്കിസ്ഥാനുമായി പടവെട്ടാൻ അതിർത്തിയിലേക്ക് നീങ്ങിയേക്കുമെന്നു വരെ തോന്നിക്കും വിധമാണ് പാക്കിസ്ഥാൻ ഇഷ്യൂ സമ്മേളന വികാരമായിത്തീരുന്നത്

സമ്മേളന വികാരത്തിൽ പശുവില്ല, പാക്കിസ്ഥാൻ മാത്രം; ബിജെപിയുടെ അജണ്ടയിൽ തൽക്കാലം യുപി മാത്രം

കോഴിക്കോട്ട് ബിജെപി ദേശീയ സമ്മേളനത്തിന്റെ ആരവത്തിൽ മുങ്ങാൻ പോകുന്നത് ഗോരക്ഷാ സമിതിയുടെ ആക്രോശങ്ങളാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ മുൻകയ്യിൽ വളർത്തി വലുതാക്കിയ ഈ 'വിശുദ്ധ സംഘടന'യെ തൊഴുത്തിൽക്കെട്ടിയ ശേഷമാണ് പ്രധാനമന്ത്രിയും പരിവാർ നേതാക്കളും കേരളത്തിലേക്ക് തിരിച്ചിരിക്കുന്നത്.

പകരം കോഴിക്കോട്ട് ഉയരാൻ പോകുന്നത് വിജൃംഭിച്ച ദേശവികാരത്തിന്റെ മുദ്രാവാക്യങ്ങളാണ്. ദേശീയ കൗൺസിൽ യോഗം പിരിഞ്ഞാൽ പ്രതിനിധികൾ പാക്കിസ്ഥാനുമായി പടവെട്ടാൻ അതിർത്തിയിലേക്ക് നീങ്ങിയേക്കുമെന്നു വരെ തോന്നിക്കും വിധമാണ് പാക്കിസ്ഥാൻ ഇഷ്യൂ സമ്മേളന വികാരമായിത്തീരുന്നത്.


എന്താണീ പൊടുന്നനെയുള്ള തന്ത്രം മാറ്റലിനു പിന്നിൽ? ഉത്തരം: പടിവാതിൽക്കൽ വന്നു നിൽക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്. ഉനയിൽ നിന്ന് ഏറ്റ പൊള്ളൽ, ഉത്തർ പ്രദേശിലും തുടർന്നാൽ ബി.ജെ.പിക്ക് നഷ്ടപ്പെടാൻ പോകുന്നത് വെറും യു.പി.യല്ല: അതിനു തൊട്ടടുത്ത വർഷം നടക്കാൻ പോകുന്ന കേന്ദ്ര തെരഞ്ഞെടുപ്പാണ്.

ഗോ രക്ഷാസമിതികളെ ഉണർത്തിയതും യു.പി. മുന്നിൽക്കണ്ട്

ലാൽ കൃഷ്ണ അദ്വാനിയുടെ മുൻകയ്യിൽ ഉയർത്തിക്കൊണ്ടുവന്ന മന്ദിർ പ്രശ്നത്തെ പിന്നിലേക്ക് തള്ളി ഗോ രക്ഷ മുഖ്യ മുദ്രാവാക്യമാക്കിയത് നരേന്ദ്ര മോദിയാണ്. തീർച്ചയായും, ആർ.എസ്.എസിന്റെ ദീർഘദർശനം നിറഞ്ഞ തന്ത്രമാറ്റം ചുമലിലേറ്റുകയായിരുന്നു 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി.

കേന്ദ്ര തെരഞ്ഞെടുപ്പിനൊപ്പംതന്നെ, തൊട്ടുപിന്നാലെയുള്ള ബീഹാർ തെരഞ്ഞെടുപ്പും (2015) പിന്നെയുള്ള യുപി തെരഞ്ഞെടുപ്പും ( 2017) തന്നെയായിരുന്നു 'പശു' മുദ്രാവാക്യത്തിനു പിന്നിൽ. മുസ്ലിം- ഹിന്ദു വിഭജനം വളർത്തി ഗുണമുണ്ടാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് പശു മുദ്രാവാക്യം മുൻപന്തിയിലേക്ക് സംഘപരിവാർ ഉയർത്തിവിട്ടത്. ബീഹാർ തെരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂറുകളിൽ സംസ്ഥാനത്താകെ ഉയർന്ന ഹോർഡിങ്ങുകൾ  ഇങ്ങനെ പറഞ്ഞു: 'ഗോ രക്ഷ ഉറപ്പാക്കാൻ ബിജെപിയെ അധികാരമേറ്റൂ'.

എന്നാൽ ബിഹാറിൽ പശു മുദ്രാവാക്യം ഏറ്റില്ല. ദളിതരിൽ ഈ മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കുകയും ചെയ്തു. ബിഹാർ ബിജെപിയെ തളളി.

പശു മുദ്രാവാക്യത്തിനേറ്റ തിരിച്ചടി ബിജെപിയിൽ സ്വാഭാവികമായും ചർച്ചയായി. നരേന്ദ്ര മോദിക്കെതിരെ വാളുയർത്താൻ കാത്തിരുന്നവർക്ക് അത് നിമിത്തമായെങ്കിലും ആർഎസ്എസ് മോദിയുടെ മുദ്രാവാക്യത്തിലെ 'ശരി 'ക്കൊപ്പം നിന്നു. വിമത സ്വരങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റിനെക്കാൾ ചെറുതായി.

മോദിക്ക് ഷോക്കടിപ്പിച്ചത് ആനന്ദിബെൻ വിരുദ്ധ കലാപം


ബിഹാർ ഒരു അപഭ്രംശം മാത്രമാണെന്നും ഗോ രക്ഷാ മുദ്രാവാക്യം എക്കാലത്തും ബി.ജെ.പി.ക്ക് ഗുണമേ നൽകിയിട്ടുള്ളൂ എന്നുമുള്ള മോദി ജിയുടെ തിയറി ഗുജറാത്തിൽ ആദ്യമായി കശക്കിയെറിയപ്പെടുന്നതാണ് പിന്നീട് കണ്ടത്.

ജൂലൈ 11ന് ഉന നഗരത്തിൽ നാല് ദളിത് യുവാക്കൾ പശുവിന്റെ തോലുരിച്ചതിന്റെ പേരിൽ ഇരുമ്പുദണ്ഡങ്ങളാൽ ആക്രമിക്കപ്പെട്ടത് ഗുജറാത്തിലെ ഹിന്ദുത്വ ചരിത്രത്തെ മാറ്റിയെഴുതുന്നതായി. ഇരമ്പിയുയർന്ന ദളിത് പ്രക്ഷോഭത്തിൽ നരേന്ദ്ര മോദിയുടെ വിശ്വസ്തയായ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ കസേര ഇളകി. ആനന്ദിക്ക് രാജിവച്ചൊഴിയേണ്ടിവന്നു.

മനംമാറ്റം പ്രഖ്യാപിച്ചതും പ്രധാനമന്ത്രി തന്നെ

ബി.ജെ.പി. പശുവിനെ മുഖ്യ മുദ്രാവാക്യമായി ഏറ്റെടുത്തതോടെ ഹിന്ദി ബെൽറ്റിലാകെ ആർഎസ്എസ് തണലിൽ ഗോ രക്ഷാസമിതികൾ പൊട്ടിപ്പരന്നു. ഇങ്ങ് കേരളത്തിൽ വരെ മാധ്യമ ചർച്ചകൾ ബീഫ് നിരോധന ചർച്ചകളാൽ മുഖരിതമായി. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പശുവിന്റെയും പോത്തിന്റെയും ഇറച്ചിയുടെ പേരിൽ പ്രതിദിനമെന്നോണം അക്രമ വാർത്തകൾ ഉയർന്നു.

എന്നാൽ, ഉനയും ബിഹാറും ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന തിയറി ബിജെപി പിൻവലിക്കുന്നതാണ് വൈകാതെ കണ്ടത്. ആഗസ്ത് മാസത്തിൽ അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി പ്രധാനമന്ത്രിതന്നെ മനംമാറ്റം പ്രഖ്യാപിച്ചു.

ആഗസ്ത് ആറിന്, പ്രസിദ്ധി നേടിക്കഴിഞ്ഞ ടൗൺ ഹാൾ യോഗത്തിൽ ഗോരക്ഷാ സമിതിക്കാർക്ക് പ്രധാനമന്ത്രിയുടെ വായിൽനിന്നുതന്നെ 'സമൂഹ വിരുദ്ധരെ'ന്ന വിളി കേൾക്കേണ്ടിവന്നു.

ആഗസ്ത് ഏഴിന്, ഹൈദരാബാദിലെത്തിയപ്പോൾ മോദി ജി ഒരുപടികൂടി കടന്നു. അന്നാണ് സ്ക്രോളർമാരാൽ മോദി ഏറ്റവുമധികം പരിഹസിക്കപ്പെട്ട 'ഹൃദയവാക്യം' പൊട്ടിപ്പുറപ്പെട്ടത്: '(ദളിതരെയല്ല), നിങ്ങൾക്ക് വേണമെങ്കിൽ എന്നെ ഷൂട്ട് ചെയ്യൂ'!

കൂട്ടിലടയ്ക്കുന്നത് 1966 മുതൽ ഉയർത്തുന്ന മുദ്രാവാക്യം

ആർ.എസ്‌.എസുമായുള്ള കൂടിയാലോചനകൾക്കൊടുവിലാണ് ബി.ജെ.പി. പശു മുദ്രാവാക്യം മാറ്റിവെക്കുന്നതെങ്കിലും സംഘപരിവാരത്തിൽ അത് തീക്ഷ്ണചർച്ചകൾക്കും ഇടയാക്കിയിട്ടുണ്ട്. അരനൂറ്റാണ്ടെങ്കിലും പഴക്കമുള്ള മുദ്രാവാക്യമാണ് ബിജെപിക്ക് പുറത്തെടുത്തശേഷം അകത്തു പൂഴ്ത്തേണ്ടി വരുന്നത് - അതും കേന്ദ്രാധികാരമിരിക്കെ.

1966ൽ ആണ് സംഘപരിവാരം ഈ മുദ്രാവാക്യം ആദ്യമായി സംഘടിതമായി പുറത്തെടുത്തത്. ആർഎസ്എസ് നേതൃത്വത്തിൽ ഒരു പറ്റം ഹിന്ദു സംഘടനകളന്ന് പാർലമെന്റിലേക്ക് മാർച്ച് ചെയ്ത. ഭരണഘടനയുടെ മാർഗനിർദ്ദേശക തത്ത്വങ്ങൾ ഉദ്ധരിച്ച്, ഗോവധം നിരോധിക്കണമെന്നായിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് അവരുടെ ആവശ്യം.

ആ നവംബർ ഏഴിന് പാർലമെന്റിലേക്ക് ഇരച്ചുകയറാൻ വരെ അവർ ശ്രമിച്ചു. തടഞ്ഞതിനെത്തുടർന്ന് തലസ്ഥാന നഗരി അക്രമ നഗരിയായി. 48 മണിക്കൂർ കർഫ്യൂ വേണ്ടിവന്നു നഗരം പഴയ സ്ഥിതിയിലാവാൻ. എന്നിട്ടും ഇന്ദിരാഗാന്ധി വഴങ്ങിയില്ല.

പിന്നീടാ മുദ്രാവാക്യം സംഘടിതമായി ഉയർത്തപ്പെടുന്നത് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലാണ്. മോദിയുടെ മുൻകയ്യിൽ. അത് അദ്ദേഹത്തിന്റെ മുൻകയ്യിൽത്തന്നെ മടക്കിയൊതുക്കപ്പെടുന്നതാണ് കോഴിക്കോട്ടെ ദേശീയ സമ്മേളനത്തോടെ പൂർണ്ണമായിത്തീരുന്ന ചിത്രം.

യു.പി.ക്ക് വേണ്ടതിനി മുസ്ലിം വിരുദ്ധ വികാരം

മുദ്രാവാക്യം പിൻമടക്കിയതുകൊണ്ട് യുപി മറക്കാനാവില്ല ബിജെപിക്ക്. അവിടെ പശു മുദ്രാവാക്യം ഗുണം ചെയ്യുമെന്നും ഇല്ലെന്നുമുള്ള വാദങ്ങളെ മുൻനിർത്തിയാണ് ബിജെപിയിൽ ഇപ്പോൾ സജീവമായി വരുന്ന അഭിപ്രായ ഭിന്നതകൾ.

എന്നാൽ, കാവി സഖ്യത്തിനെതിരെ മായാവതി ആരംഭിച്ചു കഴിഞ്ഞ മുന്നണി രൂപീകരണ നീക്കങ്ങൾ ബിജെപിക്ക് ആധി നൽകുന്നതാണ്. ഹിന്ദു -മുസ്ലിം ഭിന്നതയെ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾക്ക് ദളിതരുടെ മുന്നേറ്റങ്ങൾ തിരിച്ചടി നൽകിയ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.

മുസ്ലിങ്ങളെ അപര സ്ഥാനത്തു നിർത്തുന്ന മുദ്രാവാക്യം മാത്രമേ ബിജെപിക്ക് ഇനി ബാക്കി തുണയുളളൂ. അതാണ് 'ചലോ പാക്കിസ്ഥാൻ'.

കോഴിക്കോട്ടു നിന്ന് ഉയരാൻ പോകുന്ന മുദ്രാവാക്യങ്ങളും പ്രമേയങ്ങളുമെല്ലാം ഇസ്ലാമാബാദിനോടുള്ള കൊലവിളിയാകുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

കേരളത്തിലെ മൃദു ഹിന്ദു മനസ്സുകൾക്ക് അമൃതം പകരാൻ പോകുന്ന ഉത്സവാഘോഷത്തിലെ നായകൻ എത്തിയിട്ടില്ലെങ്കിലും ഉപനായകൻ മാധ്യമ താരമായി നിറഞ്ഞു വിലസിത്തുടങ്ങി - ഗുജറാത്ത് ഹീറോ അമിത് ഷാ ജി.

Read More >>