'വാമന ജയന്തി' ആഘോഷിക്കാന്‍ 'ഓണപ്പൊട്ടനെ' അടിച്ചോടിച്ച് സംഘപരിവാര്‍; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഓണം-വാമന ജയന്തി വിവാദവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് കായികമായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കോഴിക്കോട്: തിരുവോണദിവസം ഗൃഹ സന്ദര്‍ശനത്തിനിറങ്ങിയ 'ഓണപ്പൊട്ടന്‍' കോലത്തെ ആക്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓണപ്പൊട്ടന്‍ കോലം ധരിച്ച ചിയ്യൂര്‍ വട്ടക്കണ്ടിയില്‍ സജേഷിനാണ് മര്‍ദനമേറ്റത്. ബിജെപി പ്രവര്‍ത്തകരായ വിഷ്ണുമംഗലം സ്വദേശി അനീഷ്, പ്രണവ്, നന്ദു എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം നാദാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഗൃഹസന്ദര്‍ശനം നടത്തുന്ന തെയ്യക്കോലമാണ് ഓണപ്പൊട്ടന്‍. ഓണപ്പൊട്ടന്‍ ഓരോ വീടുകളിലുമെത്തി ഐശ്വര്യം നല്‍കുന്നു എന്നാണ് വിശ്വാസം. മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേക രീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനം.


[caption id="attachment_44070" align="alignright" width="277"]ആക്രമണത്തിനിരയായ സജേഷ് ആക്രമണത്തിനിരയായ സജേഷ്[/caption]

ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്. ഓണപ്പൊട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നല്‍കാറുണ്ട്. മലയ സമുദായത്തില്‍പെട്ടവരാണ് ഓണപ്പൊട്ടന്‍ കെട്ടുന്നത്. ജാതി ഭേദമന്യേ എല്ലാ ഗൃഹങ്ങളിലും ഓണപ്പൊട്ടനെ അരിയെറിഞ്ഞു സ്വീകരിക്കും.

വടക്കന്‍ മലബാറില്‍ ഓണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഏറ്റവും ശക്തമായ മിത്ത് ആയാണ് ഓണപ്പൊട്ടനെ നാടോടി വിജ്ഞാനീയത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ഓണവുമായി യാതൊരു ബന്ധവുമില്ലാത്ത ഓണപ്പൊട്ടനെ വീടുകളില്‍ സ്വീകരിക്കരുതെന്ന് നേരത്തെ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രചാരണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

തലശേരി മേഖലയില്‍ ഓണപ്പൊട്ടന്‍ എത്തുന്ന ദിവസം ആര്‍എസ്എസ് അനുകൂലികളുടെ വീടുകള്‍ പൂട്ടിക്കിടന്നതായും ആരോപണമുണ്ട്. ഓണം-വാമന ജയന്തി വിവാദവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് കായികമായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.