ഇത് ആർ എസ് എസിന്റെ സംഘാടനമാണ്; ലക്ഷ്യം അടുത്ത ലോകസഭാ തെരഞ്ഞെടുപ്പുമാണ്

മൂന്നു ദിവസത്തെ ദേശീയ സമ്മേളനത്തിലെ നടപടിക്രമങ്ങളിൽ സത്യത്തിൽ, കാമ്പുള്ള മൂന്നു ഭാഗങ്ങളേയുള്ളൂ. അതിൽ രണ്ടെണ്ണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗമാണ് മുഖ്യഭാഗം - കടപ്പുറത്തെ പൊതുസമ്മേളനവും സ്വപ്നനഗരിയിലെ ദേശീയ കൗൺസിൽ യോഗവും. രണ്ടിലും, മോദിയും പ്രസംഗകരുമൊഴികെ എല്ലാവരും കേൾവിക്കാർ മാത്രമാണ്

ഇത് ആർ എസ് എസിന്റെ സംഘാടനമാണ്; ലക്ഷ്യം അടുത്ത  ലോകസഭാ തെരഞ്ഞെടുപ്പുമാണ്

ഒരു കാര്യം നമ്മൾക്ക് പൊതുസമ്മതമാവുമെന്നു തോന്നുന്നു: മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു ബിജെപി ദേശീയ സമ്മേളനം. കേരളത്തിലെ, സമ്മേളനവേദിയായ മലബാറിലെ, ബിജെപിയുടെ സംഘടനാസ്വാധീനം വച്ച് പ്രത്യേ കിച്ചും.


അതിനു പിന്നിലെ കാരണങ്ങൾ ചുഴിയാൻ ശ്രമിച്ചാൽ കേരളത്തിലെ ബിജെപി നേതൃത്വത്തിനും സെക്കുലർ ക്യാമ്പിനും അനിഷ്ടമുണ്ടാക്കുന്ന ഉത്തരമാണ് കിട്ടുക: സംസ്ഥാനത്തെ ബിജെപി സംഘടനാ സംവിധാനത്തിന്റെ നിയന്ത്രണം മുഴുവനായും ആർഎസ്എസ് നേരിട്ട് ഏറ്റെടുത്തിരിക്കുന്നു.


ഈ വാദഗതിയിൽ ഒരു കാര്യവുമില്ലെന്നു വിശ്വസിക്കുന്ന ശുദ്ധാത്മാക്കൾക്ക് 2019ൽ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പുവരേക്കും ആത്മവിശ്വാസത്തോടെയിരിക്കാം.


അല്പം സത്യമുണ്ടായാൽപ്പോലും അത് ആശങ്കാകരമാണെന്നു തോന്നുന്ന അശുഭാപ്തി വിശ്വാസികൾക്ക് തുടർന്നു വായിക്കാം.


ഒരു ഗൃഹപാഠത്തിൽ തുടങ്ങട്ടെ


മൂന്നു ദിവസത്തെ ദേശീയ സമ്മേളനത്തിലെ നടപടിക്രമങ്ങളിൽ സത്യത്തിൽ, കാമ്പുള്ള മൂന്നു ഭാഗങ്ങളേയുള്ളൂ. അതിൽ രണ്ടെണ്ണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗമാണ് മുഖ്യഭാഗം - കടപ്പുറത്തെ പൊതുസമ്മേളനവും സ്വപ്നനഗരിയിലെ ദേശീയ കൗൺസിൽ യോഗവും. രണ്ടിലും, മോദിയും പ്രസംഗകരുമൊഴികെ എല്ലാവരും കേൾവിക്കാർ മാത്രമാണ്.


ഇതൊഴിച്ചുള്ള പ്രധാന സമ്മേളനഭാഗം കടവ് റിസോർട്ടിൽ നടന്നതാണ്. അതിൽ പങ്കെടുത്തത് കേരളത്തിൽ നിന്ന് മൂന്നു പേരാണ്. സംസ്ഥാന പ്രസിഡണ്ട് കുമ്മനം. പിന്നെ, സംഘടനാ  സെക്രട്ടറി എം ഗണേശൻ, സഹ സംഘടനാ സെക്രട്ടറി കെ സുഭാഷ് എന്നിവർ. കൂടെ, മുൻ സംസ്ഥാന പ്രസിഡണ്ട് പി കെ കൃഷ്ണദാസ്.


ഒ.രാജഗോപാൽ, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, കെ.സുരേന്ദ്രൻ, ബി.രാധാകൃഷ്ണമേനോൻ, സി കെ പത്മനാഭൻ, പി.എസ്.ശ്രീധരൻ പിള്ള.. കേരളത്തിലെ ബി ജെ പിയിൽ പ്രവർത്തകർക്കും നമുക്കും പരിചിതരും, സംഘടനയുടെ ഉയർന്ന പദവി വഹിക്കുന്നവരുമായ നേതാക്കൾ ഇവരൊക്കെയാണല്ലോ. സമ്മേളന ഭാഗമായി ഇപ്പറഞ്ഞ നേതാക്കൾ കേന്ദ്ര നേതാക്കൾക്കു കൂടെയിരുന്ന് ആശയവിനിമയം നടത്തിയ ഫോറം എവിടെയാണ് നടന്നതെന്ന് താല്പര്യമുള്ളവർക്ക് അന്വേഷിക്കാം. കണ്ടെത്തിയാൽ ഈ പോസ്റ്റിനടിയിൽ ടൈപ്പു ചെയ്തു വച്ചാൽ അറിയാത്ത മറ്റുള്ളവർക്കും അത് മനസ്സിലാക്കാം. അങ്ങനെയൊന്ന് നടന്നിട്ടില്ല!


ഇവരാണ് കേരള പ്രതിനിധികൾ


വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘടനാ കാര്യങ്ങളുടെ റിപ്പോർട്ടിങ്ങാണ് പ്രസിഡണ്ട് അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന, സമ്മേളനത്തിലെ നേരത്തെ സൂചിപ്പിച്ച മുഖ്യഭാഗം. അതിൽ പങ്കെടുത്ത നാലു കേരള നേതാക്കളിൽ പി.കെ.കൃഷ്ണദാസിന്റെത് സ്പെഷ്യൽ കേസാണ്. അത് മറ്റൊരു ന്യൂസ് സ്റ്റോറിയാണ്. പിന്നീടാവാം.


ബാക്കി മൂന്നു പേർ പ്രത്യേകം പരിചയപ്പെടുത്തൽ അർഹിക്കുന്നു. കുമ്മനവും ഗണേശനും സുഭാഷും. മൂന്നു പേരും ബി.ജെ.പി. സംഘടനാത്തലപ്പത്തേക്കുള്ള സമീപകാല റിക്രൂട്ടുകളാണ്. സംഘം (ആർ എസ് എസ് ) നേരിട്ടു നിയോഗിച്ച ഭടന്മാർ. അവരാണ്, അവർ മാത്രമാണ്‌, കേരളത്തിലെ ബി.ജെ.പി.കാര്യങ്ങൾ ആധികാരികമായി റിപ്പോർട്ട് ചെയ്യാൻ ചുമതലപ്പെട്ടവർ.


പറഞ്ഞു തുടങ്ങിയ കഥയിൽ ഇപ്പോൾ വല്ല കാര്യവും മണക്കുന്നുണ്ടെങ്കിൽ ബാക്കി കേൾക്കാം.


പാർട്ടി ചരിത്രം ഒറ്റ നോട്ടത്തിൽ


കുമ്മനം പാർട്ടി പ്രസിഡണ്ടായി വന്ന കഥ നമുക്കൊക്കെ ഏതാണ്ടറിയാം. ഒരു രേഖപ്പെടുത്തലെന്ന നിലക്കതിനെ ഇങ്ങനെ ചുരുക്കിപ്പറയാം:


കേരളത്തിൽ ബി.ജെ.പി ഉണ്ടായ മുതൽ വിഭാഗീയതയുണ്ടോയെന്നത് മറ്റൊരന്വേഷണ വിഷയമാണ്. പക്ഷെ, കേരളത്തിൽ സിപിഎമ്മിനും കോൺഗ്രസിനുമെതിരായ ജനവിഭാഗങ്ങളുണ്ടെന്നും അവർ തെരഞ്ഞെടുപ്പ് സാധ്യതകളിലേക്ക് വിനിയോഗിക്കപ്പെടാവുന്നവരാണെന്നും

ബിജെപിക്ക് ബോധ്യം വന്നത് ഏതെങ്കിലുമൊരു ഗോൾഡൻ മൊമെന്റിലാണെങ്കിൽ, ആ നിമിഷംതൊട്ട് ഇപ്പാർട്ടിയിൽ കടുത്ത ഗ്രൂപ്പുവൈരങ്ങളുണ്ട്.


പി പി മുകുന്ദൻ അനഭിമതനാവുന്നതും പാർട്ടിപ്പത്രത്തിൽ നിന്ന് സ്വയം സേവകർ നീറിപ്പുകഞ്ഞ് ഇറങ്ങിപ്പോകുന്നതുമൊക്കെ കേരളത്തിലൊരു സീറ്റുകിട്ടുമെന്നതുപോലും ബി.ജെ.പി.ക്ക് വന്യ പ്രതീക്ഷയായിരുന്ന 'മധ്യകാല' കഥകൾ. പാർട്ടി വളരുന്തോറും വിഭാഗീയത കൂടുതൽ പ്രകടമായി വന്നു. ഒടുവിൽ പാർട്ടിക്ക് നിയമസഭയിൽ ഏതാനും സീറ്റുകൾ ലഭിച്ചേക്കാമെന്ന സ്ഥിതിയിലേക്കുയർന്നപ്പോൾ പി.കെ.കൃഷ്ണദാസിന്റെയും വി.മുരളീധരന്റെയും പേരിലുള്ള രണ്ട് ശക്തമായ ചേരികളായി സംഘടനാ നേതൃത്വം പിളർന്നു നിൽക്കുന്നതായിരുന്നു കാഴ്ച.


ക്ലിയർ വഴിയിലെ പാത മുടക്കികൾ


നമുക്കിത് രസികൻ കാഴ്ചയാവാം. എന്നാൽ അങ്ങനെ കരുതാനൊരു നിലക്കും സാധ്യമല്ലാത്തൊരു സംഘം കേരളത്തിലുണ്ട്.


അധികാരത്തിന്റെയോ ജനപ്രിയതയുടെയോ ഇടങ്ങളിൽ പ്രത്യക്ഷപ്പെടാതെ, ത്യാഗ പരിവേഷങ്ങളോടെ, ആർ എസ് എസിനെ കേരളത്തിൽ നയിച്ചുകൊണ്ടിരിക്കുന്നവർ. ഗാന്ധിവധം തൊട്ട് ബാബരി മസ്ജിദ് തകർക്കൽ വരെയുള്ള ഘോരകൃത്യങ്ങളിൽ കുറ്റാരോപിതമായിട്ടും സംഘത്തിന് സനാതനീ പരിവേഷം നിലനിർത്തിക്കൊടുക്കുന്നതിൽ വിജയിച്ചു നിൽക്കുന്നവർ.


കേരളത്തിലെ സന്യാസി പാരമ്പര്യങ്ങളുടെ പിന്തുടർച്ചക്കാർ മുതൽ നമ്മിൽപ്പെട്ടവരെ വരെ ഹൈന്ദവതയുടെ നിശ്ശബ്ദരാധകരാക്കിയത് ഈ സംഘത്തിന്റെ 'അവധാനത'യോടെയുള്ള, ദീർഘകാലമായി തുടരുന്ന സൂക്ഷ്മതല പ്രവർത്തനങ്ങളാണ്. നമുക്കിടയിൽ ഒട്ടും ധൃതിയില്ലാതെ അവരാ പ്രവൃത്തി തുടരുകയും ചെയ്യുന്നു.


ബി.ജെ.പി.യുടെ പെർഫോർമൻസിന്റെ കാര്യത്തിലും ആ ക്ഷമ വേണ്ടുവോളം കാണിച്ചു ആർഎസ്എസ്. ഇനിയാ ക്ഷമ തുടരുക വയ്യാതാക്കിയിരുന്നു നരേന്ദ്ര മോദിയോളം വളർന്നു വന്ന ദേശീയ സാഹചര്യങ്ങൾ.


അവർക്ക് മോദിയെന്നത് രണ്ടാം നരേന്ദ്രനാണ്. നരേന്ദ്രനെന്നാൽ, ഹിന്ദുത്വയുടെ പ്രതിപുരുഷനായി അവതരിപ്പിക്കുന്നതിൽ അവർ വിജയിച്ചിരിക്കുന്ന സ്വാമി വിവേകാനന്ദൻ. ആ നിലക്ക് ഹിന്ദുത്വയുടെ രണ്ടാം പ്രതിപുരുഷനായ മോദി അവർക്ക് ഭാരത ചക്രവർത്തിയായി വാഴിക്കപ്പെട്ടിരിക്കുന്നു.


ജാതിഭേദങ്ങൾ ഹിന്ദുത്വ അജണ്ടക്ക് നേരിയതെങ്കിലും പ്രതിരോധങ്ങളുയർത്തുന്ന ഇതര സംസ്ഥാനങ്ങളുടെ സ്ഥാനത്ത്, ജാതിഭേദങ്ങളില്ലാതെ, പുരോഗമനവാദികൾ വരെ ആർഎസ്എസിന്റെ ആശയാദർശങ്ങളോട് ചേർന്നു നിൽക്കുന്ന കേരളം. അവിടെ തെരഞ്ഞെടുപ്പു സാധ്യതകൾക്കു മുന്നിൽ കുരങ്ങുകളിക്കുന്നവരായി തമ്മിലടിക്കാരായ ബിജെപി നേതൃത്വത്തെ ആർഎസ്എസ് കണ്ടുവെങ്കിൽ അത്ഭുതപ്പെടാനില്ലല്ലോ. ആർഎസ്എസ് അവരുടെ വിവേകം പുറത്തെടുക്കാൻ പിന്നെ വൈകിച്ചില്ല.


തത്ത്വം ഇത്രമാത്രം: ബിജെപിയുടെ മുരടിച്ച ഒഴിച്ചാൽ ഇതുവരെയുള്ള പാതയെല്ലാം കേരളത്തിൽ ക്ലിയറായിരുന്നു. ഇനി വേണ്ടത് 2019ലെ കേന്ദ്ര തെരഞ്ഞെടുപ്പിലും അതിനിടക്ക് വേണ്ടി വരാവുന്ന മാറാട് - ഗുജറാത്ത് മോഡൽ പരീക്ഷണങ്ങൾക്കും നരേന്ദ്ര മോദിക്ക് (അതായത്, ഭഗവദ്ധ്വചത്തിന്റെ ഉത്തമനായ പരിപാലകന്) കേരളം ചുമതലപ്പെട്ട പിന്തുണ ഉറപ്പാക്കണം.


ആർഎസ്എസ് മാന്ത്രികവടിയെടുക്കുന്നു


ഇതാണ് കേരളത്തിലെ ബിജെപി സംഘടനയിൽ ആർഎസ്എസ് ഇതുവരെയുണ്ടായതിൽനിന്നും വ്യത്യസ്തമായി ഇടപെടുന്ന പശ്ചാത്തലം.


അതുവരെയുമുള്ള 'പൊതു സ്വീകാര്യതാ' പരീക്ഷണങ്ങൾ ആർഎസ്എസ് നിർത്തിവച്ചു. സുപ്രധാന സംഘടനാ സ്ഥാനങ്ങളിലേക്ക് ആർഎസ്എസ് പ്രമുഖരെ നിയമിച്ചുകൊണ്ട് ധാരണയായി. എം ഗണേശനും കെ സുഭാഷും മാത്രമല്ല, കുമ്മനവും വരുന്നത് ആ വഴിക്കാണ്.


സ്വാഭാവികമായും എതിർപ്പുയർന്നു. ആർഎസ്എസ് നേരിട്ട് സംഘടനാ നേതൃത്വത്തിൽ വരുന്നത് 'മതനിരപേക്ഷ കേരളം' സഹിക്കില്ലെന്നുവരെ ബിജെപി നേതാക്കൾ വാദിച്ചു നോക്കി. പ്രത്യയശാസ്ത്രകാരൻ എസ്.ഗുരുമൂർത്തി നേരിട്ടിടപെട്ട്, ശ്രീനാരായണീയരെ കമ്യൂണിസ്റ്റ് ബാധ കുടഞ്ഞെറിഞ്ഞ് ഹിന്ദുത്വ പക്ഷത്ത് കുമ്പിടുവിക്കുന്നത് ആർഎസ്എസ് മറുപടിയായി കാണിച്ചുകൊടുത്തു.


ദളിതരും ആദിവാസികളും തിരിച്ചടിക്കുമെന്നു വാദിച്ചു ബിജെപി. കേരള പുലയർ മഹാസഭയും ഗോത്രമഹാസഭയും ഹിന്ദുത്വപക്ഷത്ത് നിരക്കുന്നത് കാട്ടിക്കൊടുത്തു ആർഎസ്എസ്.


കണ്ണൂരും പാലക്കാട്ടും നേതാക്കൾ പാർട്ടി വിടുമെന്ന് വാദിച്ചു ബിജെപി. അവരങ്ങനെ പോവുകയും സിപിഎമ്മിലും മറ്റു പാർട്ടികളിലും ചേരുകയും ചെയ്തു. വഴങ്ങിയില്ല ആർഎസ്എസ്.


ലിബറൽ ഹിന്ദുക്കൾ സ്വീകരിക്കില്ലെന്നു വാദിച്ചു ബിജെപി. കേരളത്തിലെ ലിബറൽ ഹിന്ദുക്കളുടെ മുഖപത്രം സ്വപാരമ്പര്യത്തെ വലിയങ്ങാടി മാർക്കറ്റ് റോഡുവഴി അറബിക്കടലിൽ കൊണ്ടിട്ട് ഹിന്ദുത്വ പ്രചാരകരായി മാറുന്ന മാജിക് കാണിച്ചുകൊടുത്തു ആർഎസ്എസ്.


മോഹൻലാലിനെ കാട്ടിക്കൊടുത്തു: സുരേഷ് ഗോപിയെ കാട്ടിക്കൊടുത്തു. കെ എം മാണി, കാന്തപുരം അബൂബക്കർ മുസ്ല്യാർ, പി.വത്സല, എം.പി.വീരേന്ദ്രകുമാർ തുടങ്ങി  ആർഎസ്എസിന്റെ മാജിക് സഞ്ചിയിൽ പലേ അത്ഭുത വസ്തുക്കൾ കിലുങ്ങിക്കൊണ്ടിരുന്നു. ആവശ്യത്തിന് അവയിൽ നിന്നും 'അത്ഭുതങ്ങൾ' പുറത്തുവന്നുകൊണ്ടിരുന്നു.


'മഹത്തായ അച്ചടക്ക'ത്തിലേക്ക് കാൽവെപ്പ്


ബി.ജെ.പി. നേതാക്കൾ വായടക്കി. ഏറ്റവുമൊടുക്കം ഒ.രാജഗോപാലിനെ നിയമസഭയിൽ എത്തിച്ച് ആർഎസ്എസ് പറഞ്ഞു:


'താങ്ക് യു, ഡിയർ കേരള ബി.ജെ.പി.. ഇതുവരെയുള്ള സേവനത്തിനു നന്ദി.. നിൽക്കുന്നവർക്ക് നിൽക്കാം. അല്ലാത്തോർക്ക് പോവാം'.


അപ്പറച്ചിലിന്റെ ആവർത്തനമാണ് കോഴിക്കോട്ടെ ദേശീയ സമ്മേളനത്തിൽ കുറിക്കുകൊണ്ടിരിക്കുന്നത്. അവരുടെ യന്ത്രസംവിധാനമാണ് സമ്മേളനത്തെ വിജയിപ്പിച്ചിരിക്കുന്നത്. 'മഹത്തായ അച്ചടക്ക'ത്തിന്റെ പേരിൽ മുഖ്യധാരാ മാധ്യമങ്ങൾ ശ്ലാഘിക്കാൻ പോകുന്ന സമ്മേളനത്തിന്റെ ശില്പികൾ സംഘമാണ്.


ഗ്രൂപ്പുവീരന്മാരെയൊക്കെയും 'ഫാൾ ഇൻ' ആക്കിയത്. തരാതരം പരസ്പരം പാര വെക്കുകയും കുതികാൽ വെട്ടുകയും ചെയ്ത നേതാക്കളെ പത്തി മടക്കി അച്ചടക്ക മഹാശയന്മാരായി മാറ്റിയത്. ധാർഷ്ട്യക്കാരെന്നും കുതന്ത്രശാലികളെന്നും പേരുകേൾപ്പിച്ച വേന്ദ്രന്മാരെ അന്ന-വസ്ത്ര-പാർപ്പിടാദി ചുമതലകൾ ഏല്പിച്ച് അടങ്ങിയിരുന്ന് ചെയ്യാൻ നിയോഗിച്ചത്. എല്ലാറ്റിലും കണ്ടത് കേരളം അധികം വൈകാതെ ഭയന്നുകാണേണ്ടി വരാവുന്ന 'സംഘ' അച്ചടക്കമാണ്.


പ്രധാനമന്ത്രി സംസാരിച്ച വേദിയിലും, അണമുറിഞ്ഞെത്തിയ ആർഎസ്എസ് അണികൾ കാണുന്നിടങ്ങളിലൊക്കെയും ആളുകാണാൻ തിക്കിത്തിരക്കിയ പല നേതാക്കളും കരുതുന്നുണ്ടാവാം, ഈ സമ്മേളനം വിജയമാക്കിയത് തങ്ങളാണെന്ന് ഈ അണികൾ വിശ്വസിക്കുമെന്ന്.


എന്നാൽ, അവരുടെ ഇസ്തിരി വേഷങ്ങൾക്കു പിന്നിലിരുന്ന്, നമുക്ക് അദൃശ്യരായി ആർഎസ്എസ് നേതൃത്വം ചിരിക്കുന്നു.


അവസാനത്തെ ചിരി ആരുടെതാകുമെന്ന ഉറപ്പോടെ.

Read More >>