കേരളത്തില്‍ സവര്‍ണ്ണ പാര്‍ട്ടിയാണെന്ന പേരുദോഷം മാറ്റിയെടുക്കണം; ക്രൈസ്തവ സഭകളുമായി സഹകരിക്കാന്‍ നീക്കവുമായി സംസ്ഥാന ബിജെപി നേതൃത്വം

കുറച്ചു കാലമായിട്ട് ക്രൈസ്തവ സഭകള്‍ ബിജെപിയുമായി സൗഹാര്‍ദ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ അസരം മുതലെടുത്ത് മധ്യകേരളത്തില്‍ സഭകളുമായുള്ള സഹകരണം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

കേരളത്തില്‍ സവര്‍ണ്ണ പാര്‍ട്ടിയാണെന്ന പേരുദോഷം മാറ്റിയെടുക്കണം; ക്രൈസ്തവ സഭകളുമായി സഹകരിക്കാന്‍ നീക്കവുമായി സംസ്ഥാന ബിജെപി നേതൃത്വം

ക്രൈസ്തവ സഭകളുമായി സഹകരിക്കാന്‍ നീക്കവുമായി സംസ്ഥാന ബിജെപി നേതൃത്വം. ബിജെപി ദേശീയ കൗണ്‍സിലില്‍ സംസ്ഥാന നേതൃത്വം വെച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സവര്‍ണ്ണ പാര്‍ട്ടിയാണെന്നുള്ള പേരുദോഷം മാറ്റിയെടുക്കാന്‍ ന്യൂനപക്ഷങ്ങളെ സഹകരിപ്പിക്കുന്നതിനായി നേതാക്കള്‍ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തണമെന്നും സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

കുറച്ചു കാലമായിട്ട് ക്രൈസ്തവ സഭകള്‍ ബിജെപിയുമായി സൗഹാര്‍ദ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ അസരം മുതലെടുത്ത് മധ്യകേരളത്തില്‍ സഭകളുമായുള്ള സഹകരണം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനായി ശ്രമിക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തിലുള്ള നീക്കങ്ങള്‍ സമയബന്ധിതമായി നടത്തണമെന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.


ചില ന്യനപക്ഷ വിഭാഗങ്ങളുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പിന്നീട് പുരോഗമനം നടന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മെയ്ക്ക് ഇന്‍ കേരള പദ്ധതിയുടേത് പോലെ മെയ്ക്ക് കേരള പദ്ധതിയും സാക്ഷാത്കരിക്കേണ്ടതുണ്ട്. കേരള വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ചൂണ്ടിക്കാണിച്ചുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ കേരള നേതൃത്വം വ്യക്തമാക്കുന്നു.

ആറന്മുള- പമ്പ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി 200 ഏക്കറില്‍ പൈതൃക പദ്ധതി, ആയുര്‍വേദത്തിന് ലോക അംഗീകാരം കിട്ടാന്‍ പ്രത്യേക പദ്ധതി എന്നിവ പ്രവര്‍ത്തികമാക്കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. ഇതെല്ലാം ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് ഇന്ന് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുവാനാണ് തീരുമാനം.