കേരളം ലോകത്തിനു സംഭാവന നല്‍കിയ ഹിന്ദു സന്യാസിയാണു ശ്രീനാരായണ ഗുരുവെന്നു ബിജെപി; മാവേലിക്കു പുറമേ ചതയദിനവും റാഞ്ചാന്‍ സംഘപരിവാർ

പുഴുക്കുത്തുകള്‍ ഇല്ലാതാക്കി ഹിന്ദു ധര്‍മ്മത്തെ നവീകരിച്ച ഗുരുദേവന്‍ തന്നെയാണു കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരി. ചതയദിനാശംസകള്‍ നേര്‍ന്നു കൊണ്ടുളള ഫെയ്‌സ്ബുക്ക് കുറിപ്പിലാണു ബിജെപി സംസ്ഥാന നേതൃത്വം ഗുരുവിനെ ഹിന്ദു സന്യാസിയായി അവതരിപ്പിച്ചത്.

കേരളം  ലോകത്തിനു സംഭാവന നല്‍കിയ ഹിന്ദു സന്യാസിയാണു ശ്രീനാരായണ ഗുരുവെന്നു ബിജെപി; മാവേലിക്കു പുറമേ ചതയദിനവും  റാഞ്ചാന്‍ സംഘപരിവാർ

കൊച്ചി: ഒരു ജാതി ഒരു മതം ഒരു ദൈവമെന്നു പഠിപ്പിച്ച ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയെന്നു വിശേഷിപ്പിച്ചു  ബിജെപി. ബിജെപി കേരളത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ഗുരുവിനെ ഹിന്ദുവാക്കിയത്. കേരളം ലോകത്തിനു സംഭാവന ചെയ്ത  ഏറ്റവും മഹാനായ ഹിന്ദു സന്യാസിയാണ് ശ്രീനാരായ ഗുരുവെന്നും പുഴുക്കുത്തുകള്‍ ഇല്ലാതാക്കി ഹിന്ദു ധര്‍മ്മത്തെ നവീകരിച്ച ഗുരുദേവന്‍ തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരി എന്നും ഫെയ്സ് ബുക്ക് പോസ്റ്റ് പറയുന്നു.   ചതയദിനാശംസകള്‍ നേര്‍ന്നു കൊണ്ടുളള ഫെയ്‌സ്ബുക്ക് കുറിപ്പിലാണു  ബിജെപി സംസ്ഥാന നേതൃത്വം ഗുരുവിനെ ഹിന്ദു സന്യാസിയായി അവതരിപ്പിച്ചത്.


പരിഷ്‌കാരത്തിന്റെ പേരില്‍ സംസ്‌കാരത്തെയും സ്വന്തം നാടിനെ തന്നെയും തള്ളി പറയാന്‍ മടി കാണിക്കാത്ത ഇന്നത്തെ കപട 'പുരോഗമന' വാദികള്‍ക്ക് ഒരു പാഠമാണ് ഗുരുദേവന്റെ പ്രവൃത്തികള്‍. ഗുരു ഉയര്‍ത്തിയ ചിന്തകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നതു കണ്ടു അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കല്‍ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണ് എന്നത് ശ്രദ്ധേയമാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ഗുരുദേവ ദര്‍ശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയ ധാരയില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ബിജെപി നേതൃത്വം ആഹ്വാനം ചെയ്യുന്നു.

ജനസംഘത്തിന്റെ ദേശീയ സമ്മേളനം ആദ്യമായി കേരളത്തില്‍ നടന്നപ്പോള്‍ സമ്മേളന നഗരിക്കു നല്‍കിയതു ഗുരുദേവന്റെ പേരായിരുന്നുവെന്നും സമ്മേളനത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ മറ്റൊരു ദേശീയ കൗണ്‍സിലിനു കൂടി കോഴിക്കോട് സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നും ബിജെപിയുടെ പോസ്റ്റില്‍ സൂചിപ്പിക്കുന്നു. സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എത്തുന്ന ഗുരുദേവ ജയന്തി ആവേശ സ്മരണകളാണ് ഉയര്‍ത്തുന്നതെന്നും ഫെയ്സബുക്കിലൂടെ ബിജെപി വ്യക്തമാക്കുന്നു.

ഇതാദ്യമായല്ല  ബിജെപി നേതൃത്വം ആഘോഷങ്ങളിൽ ഹൈന്ദവ വത്കരണം നടത്തുന്നത്.  ഓണം വാമന ജയന്തിയാണെന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പ്രസ്താവന വിവാദങ്ങള്‍ക്കു വഴി തെളിയിച്ചിരുന്നു. മാത്രമല്ല തിരോഓണത്തിനു തൊട്ടു തലേ ദിവസം ട്വിറ്ററിലൂടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാമനജയന്തി ആശംസകള്‍ നേര്‍ന്നതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നീട് ഓണാശംസകള്‍ നേര്‍ന്നുവെങ്കിലും വിവാദ പോസ്റ്റ് പിന്‍വലിക്കാനോ പ്രസ്താവന തിരുത്താനോ അമിത്ഷായോ ബിജെപി സംസ്ഥാന നേതൃത്വമോ തയ്യാറായിരുന്നില്ല.