ആർക്കുവേണ്ടിയും കേസ് നടത്തിയിട്ടില്ലെന്ന് ‘ആകാശപ്പറവകൾ’; ഗോവിന്ദച്ചാമിയെ അന്വേഷിച്ചു ജയിലിലെത്തിയത് അകന്ന ബന്ധുവും ആളൂരും മാത്രം; കുറ്റവാളികളെ സഹായിക്കുന്നത് ക്രിമിനൽ സിൻഡിക്കേറ്റുക�

ദൈനംദിനപ്രവർത്തനങ്ങൾ തന്നെ ഞെരുങ്ങിയാണ് നടത്തുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ഒരു കുറ്റവാളിക്ക് വേണ്ടി ഇത്രയും തുക ചെലവാക്കുക എന്നതൊക്കെ യുക്തിക്കു നിരക്കുന്നതല്ല. സഭക്ക് വിവാദങ്ങളോട് താല്പര്യമില്ലെന്നും വിവാദങ്ങൾ ഉണ്ടാക്കിയവരോട് ക്ഷമിക്കുകയാണെന്നും ഇമ്മാനുവൽ അപ്പൻ നാരദാ ന്യൂസിനോട് പറഞ്ഞു.

ആർക്കുവേണ്ടിയും കേസ് നടത്തിയിട്ടില്ലെന്ന് ‘ആകാശപ്പറവകൾ’; ഗോവിന്ദച്ചാമിയെ അന്വേഷിച്ചു ജയിലിലെത്തിയത് അകന്ന ബന്ധുവും ആളൂരും മാത്രം; കുറ്റവാളികളെ സഹായിക്കുന്നത് ക്രിമിനൽ സിൻഡിക്കേറ്റുക�

കണ്ണൂർ: ഗോവിന്ദച്ചാമിക്ക് നിയമസഹായം നൽകിയതും പണം മുടക്കിയതും 'ആകാശപ്പറവകൾ' എന്ന ക്രിസ്തീയ സംഘം ആണെന്ന വാദം തള്ളി ആകാശപ്പറവകൾ. ഗോവിന്ദച്ചാമിയുമായി യാതൊരു ബന്ധവും തങ്ങൾക്കില്ലെന്ന് ‘നാഷണൽ സെന്റർ ഓഫ് ദി ഫ്രണ്ട്സ് ആൻഡ് ബേർഡ്സ് ഓഫ് ദ എയർ’ എന്ന സംഘടനയുടെ പ്രതിനിധി നാരദാ ന്യൂസിനോട് പറഞ്ഞു. സഭയുടെ സ്ഥാപകനും ഡയറക്ടറുമായ റെവ. ഫാദർ ജോർജ് കുറ്റിക്കലിന്റെ സന്തതസഹചാരിയും സഹപ്രവർത്തകനുമായ ഇമ്മാനുവൽ അപ്പനാണ് നാരദാ ന്യൂസിനോട് പ്രതികരിച്ചത്.


സൗമ്യ കൊല്ലപ്പെട്ട അവസരത്തിൽ ഇനിയൊരു സൗമ്യ ഉണ്ടാകരുതെന്നും നമ്മുടെയെല്ലാം ഉള്ളിൽ ഗോവിന്ദച്ചാമിമാർ ഉണ്ടെന്നും ചൂണ്ടിക്കാട്ടി സഭ കേരളമൊട്ടാകെ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇത് ആരംഭിച്ചത് സൗമ്യയുടെ വീട്ടിൽ അവരുടെ അമ്മ ദീപം കൊളുത്തിയാണ്. ഈ പരിപാടിയിൽ വിവിധ സംഘടനകളുടെ സംസ്ഥാന നേതാക്കൾ പോലും പങ്കെടുത്തിരുന്നു. ഈ പരിപാടിയോട് അസഹിഷ്ണുത പുലർത്തിയ ചിലരാണ് അപ്പോൾ മുതൽ ഈ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ഇമ്മാനുവൽ അപ്പൻ പറഞ്ഞു.

സഭയുടെ ആശ്രമങ്ങൾക്കു പോലും സ്വന്തം കെട്ടിടം ഇല്ല. ഡൽഹി ആശ്രമം പോലും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ചില എൻആർഐ മലയാളികൾ സഹായിക്കുന്നത് ഒഴിച്ചാൽ സഭയ്ക്ക് വിദേശഫണ്ടുകൾ ഒന്നും തന്നെയില്ല. ദൈനംദിനപ്രവർത്തനങ്ങൾ തന്നെ ഞെരുങ്ങിയാണ് നടത്തുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ഒരു കുറ്റവാളിക്ക് വേണ്ടി ഇത്രയും തുക ചെലവാക്കുക എന്നതൊക്കെ യുക്തിക്കു നിരക്കുന്നതല്ല. സഭക്ക് വിവാദങ്ങളോട് താല്പര്യമില്ലെന്നും വിവാദങ്ങൾ ഉണ്ടാക്കിയവരോട് ക്ഷമിക്കുകയാണെന്നും ഇമ്മാനുവൽ അപ്പൻ നാരദാ ന്യൂസിനോട് പറഞ്ഞു.

[caption id="attachment_43485" align="aligncenter" width="640"]akasha parava തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവർക്ക് നൽകുന്ന സേവനങ്ങളെ പ്രതി ആകാശപ്പറവകളുടെ സ്ഥാപകനായ ഫാ. ജോർജ്ജ് കുറ്റിക്കലിനെ കഴിഞ്ഞ സെപ്തംബറിൽ അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ചേർന്ന് പൊന്നാട അണിയിക്കുന്നു.[/caption]

ഗോവിന്ദച്ചാമിയുടെ നിയമപ്പോരാട്ടത്തിന് ആരാണ് സാമ്പത്തിക സഹായം നൽകിയത് എന്ന വിവാദങ്ങൾ ഉയരുന്നതിനിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നാരദാ ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഗോവിന്ദച്ചാമിയെ സെൻട്രൽ ജയിലിൽ നാളിതുവരെയായി സന്ദർശിച്ചിട്ടുള്ളത് രണ്ടു പേർ മാത്രമാണെന്ന് കണ്ടെത്തി. ഒന്ന് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ബി എ ആളൂരും മറ്റൊന്ന് ഗോവിന്ദച്ചാമിയുടെ സഹോദരൻ സേലം സ്വദേശി സുബ്രഹ്മണ്യനും.

ഗോവിന്ദച്ചാമി ജയിലിലെ ഫോൺ സംവിധാനം ഉപയോഗിച്ച് വിളിച്ചിട്ടുള്ളതും ഇവർ രണ്ടുപേരെ മാത്രമാണ്. പുരോഹിതരോ പ്രാർത്ഥനാ സംഘങ്ങളോ ഇതുവരെയായി ഗോവിന്ദച്ചാമിയെ കാണാനായി അനുമതി പോലും തേടിയിട്ടില്ലെന്ന് ജയിൽ ഉദ്യോഗസ്ഥരിൽ ചിലർ നാരദാ ന്യൂസിനോട് പറഞ്ഞു.

കണ്ണൂർ സെൻട്രൽ ജയിലിനു പുറമേ സമാന്തരമായി തമിഴ് നാട്ടിലും നാരദാ ന്യൂസ് അന്വേഷണം നടത്തിയിരുന്നു. വാർഡൻ മുതൽ ജയിൽ സൂപ്രണ്ട് വരെയുള്ള തസ്തികകളിൽ പണിയെടുത്ത് അടുത്തിടെ റിട്ടയർ ചെയ്ത തമിഴ്നാട് ജയിൽ വകുപ്പിലെ ഒരു മുൻ ഉദ്യോഗസ്ഥൻ പേരുവെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങളെ കുറിച്ച് നാരദാ ന്യൂസിനോടു പ്രതികരിക്കാൻ തയ്യാറായി.

പ്രിസൺ ഫെലോഷിപ്പ് പോലെയുള്ള ക്രിസ്ത്യൻ മിഷണറി സംഘടനകളിൽ ചിലത് തമിഴ് നാട്ടിലെ ജയിലുകൾ സന്ദർശിക്കാറുണ്ട്. എന്നാൽ അവർ ഒരു കുറ്റവാളിക്കുവേണ്ടി ഇത്രയധികം പണം ചെലവാക്കും എന്നു പറയുന്നത് മണ്ടത്തരമാണ്. പലപ്പോഴും ഒരു കുറ്റവാളി ജയിലിലാകുമ്പോൾ അയാളുടെ ആശ്രിതരായിരുന്ന അടുത്ത ബന്ധുക്കൾ വലിയ സാമ്പത്തിക പ്രയാസങ്ങളിലായിരിക്കും. കുറ്റവാളികളെ ജയിലിൽ സന്ദർശിച്ച് അവരെ അവരുടെ പാപങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുക, കുറ്റസമ്മതത്തിനും മാനസാന്തരത്തിനും പ്രേരിപ്പിക്കുക, വിചാരണയെ സമചിത്തതയോടെ നേരിടാനും ശിക്ഷ സമാധാനത്തോടെ അനുഭവിക്കാനും അവരെ മാനസികമായി പ്രാപ്തരാക്കുക, അവരിൽ നിന്ന് വിലാസം വാങ്ങി കുറ്റവാളികളുടെ അടുത്ത ബന്ധുക്കളെ വീട്ടിൽ പോയി സന്ദർശിക്കുക, അവർക്ക് അവശ്യമായ വൈദ്യ, വിദ്യാഭ്യാസ സഹായങ്ങൾ, ആവശ്യമെങ്കിൽ ഭക്ഷണസാമഗ്രികൾ, വസ്ത്രങ്ങൾ തുടങ്ങിയവ എത്തിച്ചുകൊടുക്കുക തുടങ്ങിയവയാണ് അവർ ചെയ്യുന്നത്. വോളന്ററി പ്രവർത്തനത്തിനുള്ള ഊർജ്ജവും മറ്റുള്ളവരിൽ നിന്നു സ്വരൂപിക്കുന്ന ചെറുസഹായങ്ങളും മാത്രമേ ഇവർക്കു കൈമുതലായുള്ളൂ. ഇതിലൂടെ കുറ്റവാളികളുടെ കുടുംബങ്ങളെ അപ്പാടെ തങ്ങളുടെ വിശ്വാസത്തിലേക്കു കൊണ്ടുവരാനാണ് അവർ പരിശ്രമിക്കുന്നത്. അല്ലാതെ ഈ സംഘടനകളൊന്നും തന്നെ കുറ്റവാളികളുടെ കേസ് നടത്തിപ്പ് ഏറ്റെടുക്കാറില്ല. അമ്പതുലക്ഷം മുടക്കി ഒരാളെ കൊലക്കയറിൽ നിന്നു രക്ഷപ്പെടുത്തുന്ന സ്ഥാനത്ത് അമ്പതിനായിരം മുടക്കിയാൽ മതംമാറാൻ തയ്യാറാവുന്ന ആളുകളില്ലേ? അത്രയെങ്കിലും ചിന്തിച്ചുകൂടേ, ഇത്തരം ഗൂഢാലോചനാ സിദ്ധാന്തക്കാർക്ക്? അദ്ദേഹം വാചാലനാകുന്നു.

പലപ്പോഴും ഇത്തരം കുറ്റവാളികൾക്കുവേണ്ടി പണം മുടക്കുന്നത് വലിയ ക്രിമിനൽ സിൻഡിക്കേറ്റുകൾ ആണെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാത്ത ക്രിമിനലുകളെക്കുറിച്ച് പത്രവാർത്തകളിൽ നിന്നും അറിയുന്ന ക്രിമിനൽ സംഘങ്ങൾ പണം മുടക്കി അവരെ രക്ഷിക്കും. പുറത്തിറങ്ങുന്ന ക്രിമിനലുകൾ തുടർന്ന് തങ്ങളെ രക്ഷിച്ചവർക്കു വേണ്ടി ഓർഗനൈസ്ഡ് ക്രൈമുകളിൽ ഏർപ്പെടാൻ തയ്യാറാവും. പണംമുടക്കി ജീവൻ രക്ഷിച്ചവർക്കുവേണ്ടി എന്ത് കൃത്യം ചെയ്യാനും ഇത്തരക്കാർ റെഡിയാണ്. അത്തരം സാധ്യതകൾ ഗോവിന്ദച്ചാമി കേസിൽ തള്ളിക്കളയാൻ കഴിയില്ല. - പേരുവെളിപ്പെടുത്താൻ തയ്യാറാവാത്ത റിട്ട. ഉദ്യോഗസ്ഥൻ നാരദാ ന്യൂസിനോട് പറഞ്ഞു.

Read More >>