ക്ഷേത്രങ്ങളില്‍ ശാഖാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ ഉത്തരവ് തയ്യാറായി

1988 ലെ മതസ്ഥാപന നിയമമുസരിച്ചും കേരളാ പോലീസ് ആക്ട് അനുസരിച്ചും രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.

ക്ഷേത്രങ്ങളില്‍ ശാഖാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ ഉത്തരവ് തയ്യാറായി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ശാഖാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാനുള്ള ഉത്തരവ് തയ്യാറായി. കേരള പോലീസ് ആക്ട് 73 അനുസരിച്ച് തയാറാക്കിയ ദേവസ്വം വകുപ്പിന്റെ ഉത്തരവ് നിയമവകുപ്പ് അംഗീകരിച്ചു.

1988 ലെ മതസ്ഥാപന നിയമനുസരിച്ചും കേരളാ പോലീസ് ആക്ട് അനുസരിച്ചും രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.

ആരാധനാലയങ്ങള്‍ക്കുള്ളില്‍ ആയുധ-കായിക പരിശീലനങ്ങള്‍ നിരോധിക്കുന്ന ഉത്തരവിനെ കുറിച്ച് നിയമസെക്രട്ടറിയുടെ ഉപേദശം തേടണമെന്നായിരുന്നു ദേവസ്വം സെക്രട്ടറിയുടെ നിര്‍ദേശം. പോലീസ് ആക്ടും മതസ്ഥാപന നിയമവുമനുസരിച്ച് ക്ഷത്രങ്ങളില്‍ ആയുധപരിശീലനവും കായികപരിശീലനവും നടത്തുന്നത് നിരോധിക്കാന്‍ കഴിയുമെന്നായിരുന്നു നിയമ സെക്രട്ടറിയുടെ നിയമോപദേശം.


മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി കണ്ടതിന് ശേഷമാകും ഉത്തരവ് പുറത്തിറങ്ങുക. നേരത്തേ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശാഖകളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്ന് പ്രസ്താവിച്ചിരുന്നു.

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധപരിശീലനം തുടര്‍ന്നാല്‍ സിപിഐ(എം) തടയുമെന്ന് പത്തനംതിട്ടയില്‍ നടന്ന പൊതുയോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആര്‍എസ്എസിനെ കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രംഗത്തെത്തി.

നിയമപരമായാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ദിരാ ഗാന്ധി നിരോധിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

ആര്‍എസ്എസിന്റ ആയുധപരിശീലനം തടയാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും വിശ്വാസികള്‍ രംഗത്തിറങ്ങിയില്ലെങ്കില്‍ റെഡ് വളണ്ടിയര്‍മാര്‍ രംഗത്തുവരുമെന്നുമായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

Read More >>