ബലിപെരുന്നാൾ; മൃഗബലിക്ക് തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ജീവിതത്തിന്റെ പ്രൗഡി കാണിക്കാനോ രണ്ടാൾക്ക് മുന്നിൽ തന്റെ സാമ്പത്തിക സ്ഥിതി വിളിച്ചറിയാക്കാനോ അല്ല പെരുന്നാൾ ദിനത്തിൽ ബലിയർപ്പണം നടത്തേണ്ടത്. അത് തികച്ചും ദൈവികമായ കൽപനയോടുള്ള വിധേയപ്പെടലാവണം. ബലി പെരുന്നാളിന്റെ ചരിത്രം അതാണ് മനുഷ്യരോട് ആഹ്വാനം ചെയ്യുന്നത്.

ബലിപെരുന്നാൾ; മൃഗബലിക്ക് തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സുഹെയ്ൽ അഹമ്മദ്

ബലി പെരുന്നാൾ ദിനത്തിലോ തുടർന്നുള്ള ദിവസങ്ങളിലോ മൃഗത്തെ ബലി നൽകാൻ തയ്യാറെടുക്കുകയാവും മുസ്ലിംകൾ. ഉരുവിനെ ബലി നൽകുക എന്നതിനപ്പുറം അത് പങ്ക് വെയ്ക്കുന്ന സന്ദേശത്തെക്കുറിച്ച് പലരും അശ്രദ്ധരാണ്.

ബലി നൽകുന്നതിനെ അറബിയിൽ ഉള്ഹിയ്യത്ത് എന്നാണ് പറയുക. ളുഹാ സമയത്ത് അറക്കുന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത് (സുര്യൻ ഉദിച്ചുയർന്നതിനു ശേഷം മധ്യത്തിൽ നിന്നു നീങ്ങുന്നതിനു മുന്നെയുള്ള സമയത്തിനെ ആണ് ളുഹാ എന്നു പറയുന്നത്. നിലവിൽ ഏഴ് മണിയുടെയും പന്ത്രണ്ട് മണിയുടെയും ഇടയിലുള്ള സമയത്തെ ളുഹാ എന്നു വിളിക്കാം).


ജീവിതത്തിന്റെ പ്രൗഡി കാണിക്കാനോ രണ്ടാൾക്ക് മുന്നിൽ തന്റെ സാമ്പത്തിക സ്ഥിതി വിളിച്ചറിയാക്കാനോ അല്ല പെരുന്നാൾ ദിനത്തിൽ ബലിയർപ്പണം നടത്തേണ്ടത്. അത് തികച്ചും ദൈവികമായ കൽപനയോടുള്ള വിധേയപ്പെടലാവണം. ബലി പെരുന്നാളിന്റെ ചരിത്രം അതാണ് മനുഷ്യരോട് ആഹ്വാനം ചെയ്യുന്നത്. വാർധക്യ കാലത്ത് തന്റെ അടിമയായ ഹാജറാ ബീവിയിൽ ഇബ്രാഹീം നബിക്ക് മകൻ ഉണ്ടാവുന്നു. വൈകാതെ അമ്മയേയും കുഞ്ഞിനെയും മരുഭൂമിയിൽ ഉപേക്ഷിക്കാൻ ദൈവത്തിന്റെ ആജ്ഞ. അതു നിറവേറ്റി കാലം കഴിയവേ, നാളേറെ കാത്തിരുന്നു കിട്ടിയ പുത്രനെ ദൈവത്തിനു ബലി നൽകാൻ ഉത്തരവ്. കുടുംബം എന്നത് വലിയ ദൗർബല്യമായ ഒരാൾക്ക് ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യുന്ന അവസ്ഥ ദുഷ്‌കരമാണ്. അവിടെയാണ് എല്ലാം ദൈവഹിതമെന്നു പറഞ്ഞ് ഇബ്രാഹീം നബി സ്വയം സമർപ്പിതനാവുന്നത്. മരുഭൂമിയിൽ ഉപേക്ഷിക്കപ്പെടുന്ന സമയത്ത് ഹാജറയും.

തന്നെ അറുക്കാൻ പിതാവിന് സ്വപ്ന ദർശനത്തിലുടെ വെളിപാട് ഉണ്ടായി എന്നു മകൻ ഇസ്മാഈൽ അറിയുമ്പോൾ തയ്യാറാണ് എന്നു പറയുന്ന മകൻ അനുസരണക്കേടുകൾ മാത്രം ശീലിക്കുന്ന പുതു തലമുറയ്ക്ക് മാതൃകയാണ്. പുതിയ സാഹചര്യങ്ങളിലെ കുടുംബങ്ങൾക്കകത്തെ ഇണക്കമില്ലായ്മക്ക് ഒരു ഓർമ്മപ്പെടുത്തലുകൾ കൂടിയാവണം ബലിപെരുന്നാൾ. അല്ലാതെ പുതു വസ്ത്രം ധരിച്ചും, ഉരുക്കളെ അറുത്തും മാത്രം ആഘോഷിക്കുന്നതിൽ അർഥമില്ല.

ഇസ്ലാമിക കർമ്മശാസ്ത്രം പഠിപ്പിക്കുന്നത്; ബലി പെരുന്നാൾ ദിനത്തിൽ മൃഗത്തെ ബലികൊടുക്കുമ്പോൾ അതു വീട്ടുകാരോടൊപ്പം നൽകുക എന്നാണ്. അല്ലാതെ ഇന്നു കാണുന്നതു പോലെ മഹല്ലു പരിധികളിൽ കൂട്ടമായി ബലികർമ്മം നിർവഹിക്കലല്ല. ഇതിനർഥം ഇന്നു ചെയ്യുന്നത് തെറ്റാണ് എന്നല്ല. മറിച്ച് ഏറെ പുണ്യം അവരവരുടെ വീട്ടിന്റെ പരിസരങ്ങളിൽ കർമ്മം നിർവഹിക്കലാണ്. അതേസമയം ഭരണാധികാരികൾക്ക് അത് പൊതു ജനമധ്യത്തിൽ ചെയ്യുന്നതാണ് ഉചിതം. അദ്ദേഹം ഒരു ജനതയുടെ പ്രതിനിധികൂടയാണല്ലോ.

ഒരിക്കലും ഒരു ബലി ദർപ്പണം കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. അറുത്തിട്ട മൃഗത്തിന്റെ മാംസം പാവപ്പെട്ടവർക്ക് വിതരണം ചെയ്യേണ്ടതുണ്ട്. എന്നു മാത്രമല്ല, പെരുന്നാൾ കഴിഞ്ഞാൽ തുടർച്ചയായി മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കൽ നിഷിദ്ധമാണെന്നു ഹദീസ് ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നു. പ്രവാചക കാലത്ത് അറുക്കപ്പെട്ട മൃഗങ്ങളുടെ ഇറച്ചി ഉണക്കി സൂക്ഷിക്കലായിരുന്നത്രേ ഈ ദിവസങ്ങളിൽ പതിവ്. ആ മൂന്ന് ദിവസങ്ങൾക്ക്
അയ്യാമു തശ്രീഖ്
 , ഇറച്ചി ഉണക്കുന്ന ദിവസങ്ങൾ എന്നു തന്നെയാണ് പേരും. ബലി പെരുന്നാൾ നമസ്‌കാരം കഴിഞ്ഞത് മുതൽ ബലി അറുക്കൽ ആരംഭിക്കാം. അന്നത്തേക്കു മൂന്ന് ദിവസം വരെ ബലി നൽകൽ തുടരുകയുമാവാം. അറുക്കപ്പെടുന്ന മൃഗത്തിന്റെ ഒന്നും വിൽപന നടത്താൻ ഇസ്ലാം അനുവദിക്കുന്നല്ല. മൃഗത്തിന്റെ തോലും അതിൽ പെടുന്നു. തോലിനു നല്ല വില കിട്ടുന്ന കാലമായാൽപ്പോലും അത് ഒരു പാവപ്പെട്ടവന് നൽകണം. അവർക്ക് അത് വിൽക്കാവുന്നതും അതുവഴി പണം കണ്ടെത്താവുന്നതുമാണ്.

പെരുന്നാൾ ദിനത്തിലെ തന്റെയും കുടുംബത്തിന്റെയും ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ കഴിഞ്ഞ് മിച്ചമുള്ളതിൽ നിന്ന് ബലി നൽകാനാണ് ആഹ്വാനം. ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ഒരു മൃഗത്തെ ബലി നൽകാൻ കഴിയാത്ത പക്ഷം പങ്ക് ചേർന്നു നൽകാൻ കഴിയും. ഏഴു വ്യക്തികളിൽ കൂടരുതെന്നാണ് നിയമം. ഇവിടെ ഏറെ ശ്രദ്ധേയമായ കാര്യം മൃഗത്തെ ബലി നൽകാൻ ഒരാൾ നേർച്ചയാക്കിയാൽ അതേ മൃഗത്തിന്റെ മാംസത്തിൽ നിന്നു ഒന്നും അദ്ദേഹത്തിനു ഭക്ഷിക്കാവുന്നതല്ല. എല്ലാം അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യണം. എന്നാൽ അദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് ആവാം. ബലി അർപ്പണമെന്നാൽ മറ്റുളളവർക്കു നൻമകൾ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. സ്വയം അർപ്പിക്കുക എന്ന സന്ദേശത്തെ കൂടെ അത് കൈമാറുന്നു.

ദുൽഹിജ്ജ പിറന്നാൾ പിന്നെ മൃഗത്തെ ബലി നൽകാൻ തീരുമാനിച്ചവർ ശരീരത്തിലെ നഖം, രോമങ്ങൾ എന്നിവ നീക്കാതിരിക്കൽ പുണ്യമുള്ള കാര്യമാണ്. ദൈവ സന്നിധിയിൽ അവയുടെ സാക്ഷിത്വം ബലിയുടെ കാര്യത്തിൽ ഉണ്ടാവുമെന്നാണ് വിശ്വാസം.

അറുക്കപ്പെടുന്ന മൃഗത്തിന്റെ കാര്യത്തിലും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിശിഷ്യ അസുഖം ബാധിച്ച മൃഗങ്ങളെ ബലി കൊടുക്കാൻ പാടില്ല. അന്യസംസ്ഥാനത്തു നിന്നു ധാരാളം മൃഗങ്ങളെ അതിർത്തി കടത്തി കൊണ്ടുവരുന്ന സാഹചര്യം കൂടി പരിഗണിക്കുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം. തിരഞ്ഞെടുക്കുന്ന മൃഗം ആരോഗ്യമുള്ളതായിരിക്കണം. ഒരു അസുഖവും ഇല്ലെന്നു പരിശോധിക്കണം. ഗർഭിണികളായ മൃഗങ്ങൾ, പാൽ ചുരത്തുന്നവ ഇവയെ തിരഞ്ഞെടുക്കരുത്. പരിക്ക് പറ്റിയ മൃഗങ്ങളെയും തിരഞ്ഞെടുക്കരുത്. സ്വയം പോറ്റി വളർത്തിയ മൃഗത്തെ ബലി അറുക്കുന്നതിൽ പ്രത്യേകതയുണ്ട്. ഒട്ടകത്തെ അറുക്കലാണ് ഏറ്റവും ഉത്തമം. ആടിനേയും മറ്റ് മൃഗങ്ങളെയും തിരഞ്ഞെടുക്കാം.

അറവിന് ശേഷം അവശിഷ്ടങ്ങൾ സംസ്‌കരിക്കൻ പ്രത്യേകം ശ്രദ്ധ വേണം. ബലി മൃഗത്തിന്റെ അവശിഷ്ടം എന്നതു കൊണ്ടു മാത്രമല്ല. ഇന്ന് കൂട്ടമായി ഒരിടത്ത് അറവ് നടത്തുന്നതിനാൽ സംസ്‌കരിക്കാത്ത പക്ഷം അവ ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെകുറിച്ചും ബലി നടത്തുന്നവർ ജാഗരൂഗരായിരിക്കണം.

Story by