നിയമലംഘനത്തിനു കുടപിടിക്കാൻ സബ് കളക്റ്റർക്കു സുഖചികിത്സ; ദൃശ്യങ്ങൾ നാരദാ ന്യൂസിന്

വയനാട്ടില്‍ നിയമംലംഘിച്ച് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ യോഗ വില്ലയില്‍ സബ് കളക്റ്റര്‍ക്കും കുടുംബത്തിനും സുഖചികിത്സ; 12 നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാനുള്ള ഫയല്‍ സബ് കളക്ടറുടെ മേശപ്പുറത്ത്; ദൃശ്യങ്ങള്‍ നാരദ ന്യൂസിന്

നിയമലംഘനത്തിനു കുടപിടിക്കാൻ സബ് കളക്റ്റർക്കു സുഖചികിത്സ; ദൃശ്യങ്ങൾ നാരദാ ന്യൂസിന്

കോഴിക്കോട്: കബനിയുടെ തീരത്ത് കുറുവാദ്വീപിനോട് ചേര്‍ന്ന് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ യോഗാ വില്ലയില്‍ വയനാട് സബ് കളക്ടര്‍ സാംബശിവറാവുവും കുടുംബവും കര്‍ക്കടക മാസത്തില്‍ സുഖചികിത്സ  നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ആയുര്‍വേദ യോഗാ വില്ല നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നതായി പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായെന്നുള്ള തിരുനെല്ലി വില്ലേജ് ഓഫീസറുടെയും മാനന്തവാടി തഹസില്‍ദാറുടെയും റിപ്പോര്‍ട്ട് സബ് കളക്ടറുടെ മേശപ്പുറത്തിരിക്കെയാണ് സ്ഥാപനത്തില്‍ ഉദ്യോഗസ്ഥ മേധാവിയുടെ കുടുംബസമേതമുള്ള സുഖവാസം. സബ് കളക്ടര്‍ തന്റെ ഔദ്യോഗിക വാഹനത്തില്‍ വില്ലയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ നാരദന്യൂസിന് ലഭിച്ചു.
സബ് കളക്ടറും കുടുംബവും വില്ലയില്‍ സുഖചികിത്സ നടത്തിയതായി പാല്‍വെളിച്ചം ആയുര്‍വേദ യോഗാവില്ലയിലെ മാനേജരുടെ ഫോണ്‍ സംഭാഷണത്തിലൂടെ വ്യക്തമാണ്.
''ഒരാള്‍ക്ക് 9000 രൂപയില്‍ കൂടുതല്‍ തുക ഒരു ദിവസത്തെ ചികിത്സയ്ക്ക് ആവശ്യമായുണ്ട്, യൂറോപ്യന്‍സിനെ മാത്രമേ ഞങ്ങള്‍ താമസിപ്പിക്കുകയുള്ളൂ. സബ് കളക്ടറും കുടുബവും 30 ദിവസം ഇവിടെ താമസിച്ചിട്ടുണ്ട്. തങ്ങളുടേത് ആശുപത്രിയാണ്.''

റിസോര്‍ട്ട് മാനേജര്‍, ഡോക്ടര്‍ എന്നിവര്‍ ഇത്രയും വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും നാരദ ന്യൂസിന് ലഭ്യമായി.

[embed]https://youtu.be/02C0SJY599U[/embed]

ആയുര്‍വേദ യോഗവില്ലയില്‍ നിന്ന് മീറ്ററുകളുടെ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന ആദിവാസി സെറ്റില്‍മെന്റിലുള്ളവര്‍ നിരവധി പരാതികളാണ് കബനിയുടെ തീരത്തുള്ള ഇത്തരം റിസോര്‍ട്ടുകള്‍ക്കെതിരെ സബ് കളക്ടര്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ അതെല്ലാം അവഗണിച്ചാണ് കഴിഞ്ഞ മുപ്പതു ദിവസവും ആദിവാസികളുടെ കുടിലുകള്‍ക്ക് സമീപത്തുകൂടി ഔദ്യോഗിക വാഹനത്തില്‍ സ്വകാര്യ റിസോര്‍ട്ടിലേക്ക് സുഖ ചികിത്സയ്ക്കു സബ് കളകട്‌റും കുടുംബവും പോയത്. റിസോര്‍ട്ടിനെതിരെ റിപ്പോര്‍ട്ട് ലഭിച്ച് ഒന്നരവര്‍ഷമായിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാതെയാണ് സബ് കളക്ടര്‍ സാംബശിവറാവുവും ഭാര്യയും മാതാപിതാക്കളും ആയുര്‍വേദ യോഗവില്ലയില്‍ ഒരുമാസക്കാലം സുഖചികിത്സ നടത്തിയത്.

[caption id="attachment_40367" align="aligncenter" width="640"]വയനാട് സബ് കളക്റ്റർ സാംബശിവ റാവു വയനാട് സബ് കളക്റ്റർ സാംബശിവ റാവു[/caption]

ആയുര്‍വേദ ആശുപത്രിയോ റിസോര്‍ട്ടോ?

റിസോര്‍ട്ടെന്നും ആയുര്‍വേദ ആശുപത്രിയെന്നും സൗകര്യംപോലെ മാറ്റിപ്പറയുന്ന യോഗവില്ലയുടെ പ്രവര്‍ത്തനം തുടക്കംമുതലെ ദുരൂഹമായിരുന്നു. ഉദ്യോഗസ്ഥരില്‍ പലര്‍ക്കും ഇപ്പോഴും ഇത് എന്ത് സ്ഥാപനമാണെന്ന് പോലും കണ്ടെത്താനാവാത്ത ആശയക്കുഴപ്പവും ഉണ്ട്. അത്രത്തോളം പണമെറിഞ്ഞാണ് യോഗവില്ലക്കാര്‍ അധികാരികളെ സ്വാധീനിക്കുന്നതെന്നാണ് വിവരം. നിയമലംഘനങ്ങളുടെ വ്യാപ്തി പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

1) അപേക്ഷയോടൊന്നിച്ചു സമര്‍പ്പിച്ച ടൂറിസം വകുപ്പിന്റെ ഇ 5 ./1965/08 നമ്പര്‍ 'ഒലിവ് ലീഫ്' ക്ലാസ്സിഫിക്കേഷന്‍/അനുമതി 31.07.2011 ല്‍ കാലാവധി കഴിഞ്ഞതാണ് (31.07.2008 മുതല്‍ 31.07.2011 വരെ മാത്രം കാലാവധി). അതേ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്‍ 'ആയുര്‍വേദ യോഗ വില്ല'യ്ക്ക് പുറമേ 7 കോട്ടേജുകളും, 22 മുറികളും ഒരു റെസ്റ്റോറന്റ്‌റും ഉള്‍പ്പെടുന്ന 'കുറുവ റിസോര്‍ട്ട്' എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമായി പറയുന്നു. എന്നാല്‍ പഞ്ചായത്ത് രേഖകള്‍പ്രകാരം തിരുനെല്ലി പഞ്ചായത്തില്‍ 'കുറുവ റിസോര്‍ട്ട്' എന്ന പേരില്‍ പാല്‍വെളിച്ചത്തോ മറ്റെവിടെയെങ്കിലുമോ ഒരു റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുമില്ല!

2) 2013-2014 ല്‍ ആയുര്‍വേദ യോഗ വില്ല ലൈസന്‍സിനായി പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ അജയകുമാര്‍, പൂവത്ത് കുന്നേല്‍, ബാവലി. പി. ഒ പാല്‍വെളിച്ചം എന്ന അപേക്ഷകന്റെ വയസ്സ് 45 ആണെന്ന് കാണിച്ചിരുന്നു. 2014-15 വര്‍ഷത്തേക്കുള്ള ലൈസന്‍സിനായി പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയിലാകട്ടെ ഇദേഹത്തിന്റെ വയസ്സ് 49ഉം!

3) ആയുര്‍വേദ ആശുപത്രിക്കുള്ള അപേക്ഷയിലെ പല ചോദ്യങ്ങള്‍ക്കും തെറ്റായ മറുപടിയാണ് നല്‍കിയിരിക്കുന്നത്. പലചോദ്യങ്ങള്‍ക്കുമുള്ള കോളം അപൂര്‍ണമായാണ് പൂരിപ്പിച്ചിരിക്കുന്നതും.

4) ഓഫീസ് ആവശ്യത്തിനായി സ്ഥാപനത്തിന് ലൈസന്‍സ് അനുവദിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ട് പഞ്ചായത്ത് സെക്രട്ടറി ഒപ്പിടുകയോ ലൈസന്‍സ് നമ്പര്‍ നല്‍കുകയോ ചെയ്തിട്ടില്ല.

5) കെട്ടിടം ഓടുമേഞ്ഞതാണെന്ന് അപേക്ഷയില്‍ പറയുമ്പോള്‍ത്തന്നെ കോണ്‍ക്രീറ്റ് കെട്ടിടത്തിന് മുകളിലാണ് ഓട് ഒട്ടിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

6) പഞ്ചായത്ത് ലൈസന്‍സിന് അപേക്ഷിച്ചപ്പോള്‍ തങ്ങളുടെ സ്ഥാപനത്തില്‍ 29 തൊഴിലാളികള്‍ ജോലി ചെയ്തിരുന്നെന്നും ഇപ്പോള്‍ 21 പേരാണ് ഉള്ളതെന്നും പറഞ്ഞിരുന്നു. അതേസമയം ആയുര്‍വേദ യോഗവില്ല അവകാശപ്പെടുന്നത് തങ്ങള്‍ 2006-ല്‍ റിസോര്‍ട്ടായാണ് ആരംഭിച്ചതെന്നും എന്നാല്‍ 2009 മുതല്‍ 'ആയുര്‍വേദ ആശുപത്രി' ആയാണ് പ്രവര്‍ത്തിച്ചു വരുന്നതെന്നുമാണ്. ഇവിടെ 150 ല്‍ കൂടുതല്‍ ജോലിക്കാരുണ്ടെന്നും പറയുന്നു.

7) ആശുപത്രി നടത്തുന്നതിന് ആവശ്യമായ പഞ്ചായത്ത് ലൈസന്‍സ്, ആഡംബര നികുതി, ഫയര്‍ ആന്റ് സേഫ്റ്റി, പോലീസ്, ആരോഗ്യ വകുപ്പിന്റെ അനുമതി, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ അനുമതികളും തങ്ങള്‍ക്കുണ്ടെന്ന് സ്ഥാപനത്തിന്റെ ഉടമസ്ഥര്‍ അവകാശപ്പെടുന്നുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഒരു അനുമതി ഒഴികെ യാതൊരുവിധത്തിലുമുള്ള അനുമതിയോ അനുബന്ധ രേഖകളോ സ്ഥാപനത്തിനില്ലെന്ന് വിവരകാശപ്രകാരം ലഭിച്ച പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് ലഭിച്ച രേഖകളില്‍ വ്യക്തമാണ്. ആ നിലക്ക്, റിസോര്‍ട്ടധികൃതര്‍ സൂക്ഷിക്കുന്ന രേഖളില്‍ പലതും വ്യാജമാണെന്നതും വ്യക്തമാണ്.

[caption id="attachment_40364" align="aligncenter" width="640"]palvelicham-resort കബനീനദീതീരത്ത് കുറുവാ ദ്വീപിനോടു ചേർന്നു പാൽവെളിച്ചത്തുള്ള ആയുർവേദ യോഗ വില്ല[/caption]

വനനിയമങ്ങളും ലംഘിച്ചു

തോല്‍പെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഉദയഗിരി റിട്രീറ്റ് സെന്റ്ററും ആയുര്‍വേദ യോഗ വില്ലയും വന്യജീവി സങ്കേതത്തോടും സംരക്ഷിത വനമേഖലയോടും ചേര്‍ന്നുള്ള കബനീ നദിക്കരയിലാണ് പ്രവര്‍ത്തിക്കുന്നത്. വനം വകുപ്പിന്റെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെ അതും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. 2014 ഫെബ്രുവരി 12 നു ബേഗൂര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ. രാധാകൃഷ്ണ ലാല്‍ തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കും അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കത്ത് പഞ്ചായത്ത് അധികൃതര്‍ സൗകര്യപൂര്‍വം പൂഴ്ത്തി.

ലൈസന്‍സുകളും ദുരൂഹം

ആയുര്‍വേദ ആശുപത്രികളോ ആയുര്‍വേദ യോഗ സ്ഥാപനങ്ങളോ ഫാര്‍മസികളോ നടത്തുന്നതിന് മേല്‍പ്പറഞ്ഞ അനുമതികള്‍ക്ക് പുറമേ ഡ്രഗ് കണ്‍ട്രോളറുടെ ലൈസന്‍സ് (ദി ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്റ്റ് 1940, അനുബന്ധ ചട്ടങ്ങള്‍ 1945 പ്രകാരം) നിര്‍ബന്ധമാണ്. ഇവയ്ക്ക് പുറമെ പഞ്ചായത്ത് ലൈസന്‍സ് ഡയറക്ടര്‍ ഓഫ് ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍, കേരള സര്‍ക്കാറിന്റെ ലൈസന്‍സ് (ദി ആയുര്‍വേദ ഹെല്‍ത്ത് സെന്റേഴ്‌സ് ഇഷ്യു ഓഫ് ലൈസന്‍സ് ആൻഡ് കണ്ട്രോള്‍ ആക്റ്റ് 2007 പ്രകാരം), കേരള പഞ്ചായത്ത് രാജ് (രജിസ്‌ട്രേഷന്‍ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് ആൻഡ് പ്രൈവറ്റ് പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റൂഷന്‍സ്) റൂള്‍സ് 1977 പ്രകാരമുള്ള ലൈസന്‍സ് എന്നിവയും നിര്‍ബന്ധമാണ്.

ഈ ലൈസന്‍സുകളൊന്നുമില്ലാതെയാണ് ആയുര്‍വേദ യോഗ വില്ല പ്രവര്‍ത്തിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന ചൂണ്ടിക്കാട്ടുന്നു. റിസോര്‍ട്ടുടമകളും അധികൃതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് ഈ സ്ഥാപനത്തിന്റെ അനധികൃതപ്രവര്‍ത്തനമെന്ന് സംശയിക്കുകന്നതായും അദേഹം ആരോപിച്ചു.

സംശയനിഴലില്‍ എംഎല്‍എയും

ആയുര്‍വേദ യോഗ വില്ലയ്ക്ക് വേണ്ടി ഉന്നത ഉദ്യോഗസ്ഥരും പഞ്ചായത്തധികൃതരും വഴിവിട്ട് പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ പുറത്തുവരുമ്പോള്‍ ഇപ്പോള്‍ മാനന്തവാടി എംഎല്‍എയും മുന്‍ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റുമായ ഒ ആര്‍ കേളുവും സംശയനിഴലിലാണ്. സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഒ കേളു തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരിക്കുന്ന കാലത്താണ്.

സ്ഥാപനം പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്ന് റവന്യൂവകുപ്പ് അധികാരികളുടെ കണ്ടെത്തലുകള്‍ പുറത്തുവന്നപ്പോഴും ഒ ആര്‍ കേളു പ്രസിഡന്റായ ഭരണസമിതി യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ആയുര്‍വേദ യോഗ വില്ലയ്‌ക്കെതിരെ പരാതി ലഭിച്ചപ്പോള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ പഞ്ചായത്ത് നിയോഗിച്ചെങ്കിലും ഇതിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളുണ്ടായില്ല. മാത്രമല്ല ആയുര്‍വേദ യോഗ വില്ലയ്ക്ക് ഒരൊറ്റ ദിവസംകൊണ്ടാണ് അന്വേഷണം പോലും നടത്താതെ അനുമതി നല്‍കിയതും.

Read More >>