കയ്യൊന്നുയര്‍ത്തിയാല്‍ ഫോണ്‍ ഉണരും; അതിശയങ്ങളുമായി ഐ ഫോണ്‍ 7

ഇന്ത്യയില്‍ പുതിയ മോഡലുകളുടെ വില 60000ല്‍ കൂടുതലാകാനാണ് സാധ്യത.

കയ്യൊന്നുയര്‍ത്തിയാല്‍ ഫോണ്‍ ഉണരും; അതിശയങ്ങളുമായി ഐ ഫോണ്‍ 7

സാന്‍ ഫ്രാന്‍സിസ്‌കോ: ഐഫോണ്‍ പ്രേമികളുടെ കാത്തിരിപ്പിന് ആവേശം വിതറി ആപ്പിള്‍ പുതിയ ഐഫോണ്‍ മോഡലുകള്‍ അവതരിപ്പിച്ചു. ഐഫോണ്‍ 7 നും 7പ്ലസുമാണ് പുതിയ മോഡലുകള്‍. ഈ മാസം 16 മുതല്‍ അമേരിക്കയിലും ഒക്ടോബര്‍ 7 മുതല്‍ ഇന്ത്യയിലും പുതിയ ഐഫോണുകള്‍ ലഭ്യമാകും.

പഴയത് പോലെ ഹോം ബട്ടണ്‍ അമര്‍ത്തി ഫോണ്‍ പ്രവര്‍ത്തനസജ്ജമാക്കേണ്ടതില്ല. ഫോണുകളെ ഉണര്‍ത്താന്‍ കൈ കൊണ്ടൊന്നുയര്‍ത്തിയാല്‍ മതി. ഐഫോണ്‍ 7ന് 12മെഗാപിക്‌സല്‍ പിന്‍ക്യാമറയാണുള്ളത്. ഐഫോണ്‍ 7പ്ലസ് മോഡലാകട്ടെ 12 എംപി വീതമുള്ള ഇരട്ടക്യാമറയുമായാണ് എത്തിയിട്ടുള്ളത്.


സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ബ്ലാക്ക്, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലായിരിക്കും പുതിയ മോഡലുകള്‍ ലഭ്യമാകുക. 32ജിബി, 128ജിബി, 256ജിബി എന്നീ സ്റ്റോറേജ് വേര്‍ഷനുകളും ഉണ്ടാകും.

വെള്ളവും പൊടിയും ചെറുക്കാനുള്ള സൗകര്യം പുതിയ മോഡലുകളുടെ സവിശേഷതയാണ്. പുതിയ മോഡലുകള്‍ക്കൊപ്പം വയേഡ് ഇയര്‍പോഡുകളും വയര്‍ലെസ് ഇയര്‍പോഡുകളും ആപ്പിള്‍ അവതരിപ്പിച്ചു.

35 മില്ലീമീറ്റര്‍ ഓഡിയോ ജാക്ക് ഇനി ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ പുതിയ മോഡലുകളുടെ വില 60000ല്‍ കൂടുതലാകാനാണ് സാധ്യത.

സാന്‍ ഫ്രാന്‍ഡസിസ്‌കോയിലെ ബില്‍ ഗ്രഹാം സിവിക് ഓഡിറ്റോറിയത്തില്‍ ആപ്പിള്‍ സിഇഒ ടിം കുക്കാണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്. ഇതുവരെ പുറത്തിറക്കിയതില്‍ മികച്ച മോഡലാണിതെന്ന് ആപ്പിള്‍ മേധാവി പറഞ്ഞു.