തുമ്പപ്പൂവേ പൂത്തളിരേ, നാളേക്കൊരു വട്ടി പൂ തരണേ..

മറ്റെല്ലാ കാര്യങ്ങളിലും എന്ന പോലെ ഓണവും നമ്മള്‍ യാത്രയില്‍ എവിടെയോ മറന്നിരിക്കുന്നു. എല്ലാ ആഘോഷങ്ങളില്‍ എന്ന പോലെ ഓണത്തെയും നമ്മള്‍ വാണിജ്യവല്‍ക്കരിച്ചു. എന്നിട്ട് ആഘോഷപ്പൂര്‍വ്വം ഇതിനെയും ഓണം എന്ന് വിളിക്കുന്നു.

തുമ്പപ്പൂവേ പൂത്തളിരേ, നാളേക്കൊരു വട്ടി പൂ തരണേ..

ഓണം ഒരിക്കലും ഇപ്പോള്‍ ഉള്ളത് പോലെയായിരുന്നില്ല  എന്ന് മുതിര്‍ന്നവര്‍ ആരെങ്കിലും പറഞ്ഞാല്‍ അത് വെറും നൊസ്റ്റാള്‍ജിയയാണ് എന്ന് ഉടനെ ന്യൂ ജെന്‍ വക്താക്കളുടെ പരിഹാസമായി. എന്നാല്‍ സത്യമതാണ്. ഓണം കുറച്ചുകാലം മുന്‍പ് വരെ ഒരിക്കലും ഒരു വ്യാപാരോത്സവമായിരുന്നില്ല.

പൊന്നിന്‍ ചിങ്ങമാസം: 

കാലവര്‍ഷം കഴിഞ്ഞു മാനം തെളിയുമ്പോളാണ് കേരളത്തിലേക്ക് വിദേശ കപ്പലുകള്‍ സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരത്തിനായി വന്നുകൊണ്ടിരുന്നത്. അങ്ങിനെ സ്വര്‍ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങ മാസം എന്നും ഓണത്തെ പൊന്നോണം എന്നും വിളിക്കാന്‍ തുടങ്ങിയത്‌ എന്നൊരു കഥയുണ്ട്.


കർക്കിടകമഴ കഴിഞ്ഞ് സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കുമ്പോൾ തന്നെ ഓണക്കാലത്തെക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുകയായി. അതില്‍ ഏറ്റവും പ്രധാനം ശുചിത്വത്തിന് തന്നെയായിരുന്നു. ശുചിത്വം ഉണ്ടങ്കില്‍ മാത്രമേ ആരോഗ്യമുണ്ടാകു. ഈ ശുചിത്വം പാലിക്കാന്‍ ആരും ഉപദേശിക്കുകയോ ഭീഷണിപ്പെടുത്തുക്കയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. ഓണം നല്‍കി വന്ന സന്ദേശങ്ങളില്‍ ഒന്നാമനായി ശുചിത്വം തിളങ്ങി നിന്നു.

ഓണം ആരംഭിക്കുന്നത് ശുചീകരണത്തിലൂടെ:

കര്‍ക്കിടം കഴിഞ്ഞുള്ള കാലമായതിനാല്‍ തന്നെ തകർത്തുപെയ്ത മഴയെ തുടര്‍ന്ന്‍ വീട്ടിനുള്ളിലും പറമ്പിലും കുറേ കെടുതികൾ ഉണ്ടായിട്ടുണ്ടാകും. പ്രകൃതി പോലും ഒരു നവീകരണത്തിന് നല്‍കുന്ന ആഹ്വാനമാകാം ഈ കെടുതികള്‍ എന്ന് കരുതി മലയാളികള്‍ ശുചിത്വത്തിനുള്ള കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുകയായി. അത്തം തുടങ്ങി തിരുവോണം പത്തുനാൾ.അതിന് മുന്‍പ് തന്നെ വീടും പരിസരവുമെല്ലാം വൃത്തിയാക്കാന്‍ തുടങ്ങിയിട്ടുണ്ടാവും.

വീടെല്ലാം കഴുകിയിറക്കി, മുറ്റമെല്ലാം വെടിപ്പാക്കി, കയ്യാലകള്‍ ചെത്തിയൊരുക്കി മലയാളി ചിങ്ങം വരവേല്‍ക്കുകയായി. ഓണക്കാലത്തെ ഈ ശുചീകരണത്തിന് പിന്നില്‍ വേറെയും ചില കാര്യങ്ങള്‍ ഉണ്ട്. കൃഷിതന്നെ ജീവിതമായിരുന്ന ഒരു സമൂഹത്തിൽ കൃഷിയിടങ്ങൾ സൂക്ഷിക്കുക പ്രധാനമാണ്. മഴയെത്തുടർന്നു മുറ്റത്തു വളരുന്ന പുല്ല് വെട്ടി വൃത്തിയാക്കി നീക്കം ചെയ്യുന്നതു മലയാളിയുടെ ബാഹ്യശുചിത്വത്തിന്റെ ഭാഗമായിട്ടാണ്. ആരോഗ്യമില്ലെങ്കിൽ വേറെന്തും ഉണ്ടായാലും പ്രയോജനമില്ല എന്ന് ആരും പറഞ്ഞു കൊടുക്കേണ്ടത് ഉണ്ടായിരുന്നില്ല.

വീടിന് പുറത്തുള്ള ശുചീകരണം പുരുഷന്‍റെ  ജോലിയാണെങ്കില്‍, വീടിനുള്ളിലെ ശുചിത്വം സ്ത്രീയുടെ കടമയായിരുന്നു. കാരണം ഇത് കുടുംബത്തിലുള്ളവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പഴകിയതെല്ലാം പടിക്ക് പുറത്ത്:


കര്‍ക്കിടകം കഴിഞ്ഞു സൂര്യനു ചൂടുപിടിക്കുന്നതോടെ വീട്ടിനുള്ളിലെ ഈര്‍പ്പം കുറയാന്‍ തുടങ്ങും. അതോടെ മറഞ്ഞിരിക്കുന്ന ചെറുജീവികൾ പുറത്തുവരാൻ തുടങ്ങും.അവയെ നിയന്ത്രിക്കണമെങ്കില്‍ വീടിന്‍റെ മുക്കും മൂലയും വരെ അടിച്ചുവാരി വൃത്തിയാക്കണം. കീറിപ്പറിഞ്ഞ പായും, കരിമ്പന്‍ തല്ലിയ തുണികളും എന്ന് വേണ്ട, പഴയതെല്ലാം പടിക്ക് പുറത്ത്. ഇങ്ങനെയുള്ളപ്പോഴാണ് ഓണക്കൊടിക്ക് മൂല്യമേറുന്നത്. വാര്‍ഷിക ശുചീകരണ യജ്ഞത്തിന്‍റെ അരങ്ങായിരുന്നു ഓണക്കാലം.

തമ്പ്രാ.. അടിയന്റെ കൂര മേയാൻ...

cowdung houses

ഇന്നത്തെ പോലെ ടൈല്‍സും, മാര്‍ബിളുമൊന്നും ആയിരുന്നില്ല മിക്ക വീടുകള്‍ക്കും ഉണ്ടായിരുന്നത്. തറ മെഴുകാന്‍ ചാണകവും, കൂര മേയാന്‍ ഓലയും വേണം. ഇത് പണിയെടുക്കുന്ന വീട്ടില്‍ നിന്നും ഓണത്തിന് തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന അവകാശമായിരുന്നു. കൂടാതെ ഓണത്തിനുള്ള നെല്ലും, തേങ്ങയും, വിറകും എല്ലാം..

ഓണക്കാലത്ത് വിദ്യാലയങ്ങള്‍ക്ക് പത്ത് ദിവസത്തിലധികം അവധിയുണ്ടാകുമെന്ന് തീര്‍ച്ച. കുസൃതികുരുന്നുകള്‍ വീട്ടിലുള്ളപ്പോള്‍ ഒരു കാര്യവും നടക്കില്ല. അവരെ വീടിന് പുറത്തിറക്കി വിടുകയേ നിവൃത്തിയുള്ളൂ. അത്തപ്പൂകളത്തിനുള്ള പൂക്കള്‍ ശേഖരിക്കുക ഇവരുടെ ജോലിയാണ്. പൊന്നോണ പൂവിളിയുമായി തൊടിയിലും തടത്തിലുമെല്ലാം വലിഞ്ഞുകയറി, പൂക്കള്‍ പറിക്കാന്‍ മത്സരിക്കുന്ന കുട്ടികളെ ഇന്ന് കണികാണാന്‍ കിട്ടില്ലെന്ന് മാത്രമല്ല, തൊടിയില്‍ വിടരുന്ന പൂക്കള്‍ പോലും ഇന്ന് അത്തപ്പൂക്കളം ഒരുക്കാന്‍ ലഭ്യമല്ല എന്നുള്ളതാണ് സത്യം.


പൂക്കളം:

പൂക്കളം ഒരു മിനി കലണ്ടര്‍ ആയിരുന്നു. അത്തം പത്തോണത്തിന്‍റെ ഒരു കലണ്ടര്‍. ഒന്നാം ദിവസം ഒരു ചുറ്റുപൂവ്. രണ്ടാം ദിവസം രണ്ടു വരി പൂവ് എന്ന രീതിയിലായിരിക്കും പൂക്കളം ഒരുങ്ങുക. ഓരോദിവസത്തേയ്ക്കുമുള്ള പൂക്കൾക്കുമുണ്ട് പ്രത്യേകത. മുറ്റത്തൊരു പൂക്കളമുണ്ടായാൽ അന്നേതു ദിവസമാണെന്നു പൂക്കളുടെ ചുറ്റുകൊണ്ടോ, പുറത്തെ വരിയിലെ പൂവേതാണ് എന്നത് കൊണ്ട് തിരിച്ചറിയാം!

പ്രകൃതിയോട് ഏറ്റവും ചേര്‍ത്തുനിര്‍ത്തുന്ന ഒരു കലയായിരുന്നു പൂക്കളം ഒരുക്കുക എന്നുള്ളത്.
‘തുമ്പപ്പൂവേ പൂത്തളിരേ.. നാളേക്കൊരു വട്ടി പൂ തരണേ.. കാക്കപ്പൂവേ പൂത്തളിരേ..നാളേക്കൊരു വട്ടി പൂതരണേ’

എന്ന് പാടിയായിരിക്കും കുട്ടികള്‍ പൂ ശേഖരിക്കാന്‍ എത്തുക. നമുക്ക് ആവശ്യമുള്ളത് മാത്രമാണ് നാം പ്രകൃതിയില്‍ നിന്നെടുക്കുന്നത്. അതിന് പ്രകൃതിയോട് അനുവാദം ചോദിക്കുകയും ചെയ്യണം എന്ന കാഴ്ച്ചപാടാണ് ഇതിനു പിന്നില്‍.

pookalm

കുട്ടികള്‍ക്ക് പ്രകൃതിയുമായി ഇണങ്ങാനുള്ള ഒരു കാലയളവ്‌ കൂടിയാണ് ഓണം. പുഴയില്‍ നീന്തിത്തുടിക്കാനും, തൊടിയില്‍ ഓടിക്കളിക്കുവാനുമുള്ള ഒരു അവധിക്കാലം! നേരം പുലരുന്നതോടെ പുറത്തേക്ക്..കണ്ണുപൊത്തിക്കളി മുതല്‍ ചില്ലാട്ടം, കബഡി തുടങ്ങിയ മത്സരങ്ങളില്‍ അവരങ്ങനെ തിരക്കോടെ തിരക്കിലായിരിക്കും. കൂടാതെ വീട്ടില്‍ കയറുന്നത് നേരം നല്ലപോലെ ഇരുട്ടിയിട്ടു മാത്രമായിരിക്കും. അതുവരെ പ്രകൃതിയുമായി ഇങ്ങനെ സല്ലപിച്ചു, അതിനെ ആസ്വദിക്കാന്‍ ലഭിക്കുന്ന ഒരു ഉത്സവകാലം! കടിച്ചുകീറാന്‍ നായ്ക്കളും, തട്ടിയെടുക്കാന്‍ മനുഷ്യചെന്നായ്ക്കളും ഇല്ലാത്ത ഒരു കാലത്ത് അവര്‍ സുരക്ഷിതരായിരുന്നു.

ഉത്രാട രാത്രിയില്‍..

ഉത്രാടപാച്ചില്‍ ഒരിക്കലും നീണ്ട ഒരു ലിസ്റ്റുമായി സൂപ്പര്‍മാര്‍ക്കെറ്റിലേക്കോ, ചന്തയിലേക്കോ ആയിരുന്നില്ല. കൃഷി ചെയ്തുണ്ടാക്കിയ കായ്ഫലത്തില്‍ നിന്നും രുചികരമായ വിഭവങ്ങള്‍ അടുക്കളയില്‍ ഒരുങ്ങുന്നുണ്ടാകും. വിരുന്നുകാരായും, വീട്ടുകാരായും ഒരു ആള്‍ക്കൂട്ടം എവിടെയെങ്കിലും ഒത്തുകൂടിയിട്ടുണ്ടാകും. എല്ലാ ദിവസം കഴിക്കുന്ന ഭക്ഷണത്തെയല്ല സദ്യ എന്ന് പറഞ്ഞിരുന്നത്. ചേരുംപടി ചേരുവകള്‍ ചേര്‍ന്ന്, സ്വാഭാവികമായ സമയമെടുത്ത്, കനലടുപ്പില്‍ വേവേണ്ടുന്ന ഭക്ഷണം അങ്ങനെ..ഉത്രാടരാത്രിയുടെ തയ്യാറെടുപ്പുകള്‍ അളന്നിരുന്നത് ഒരിക്കലും പണമായിരുന്നില്ല.

onam2

കൂട്ടായ്മയുടെ സന്തോഷവും, തിരുവോണ നാളിന്‍റെ പ്രതീക്ഷയും ആയിരിക്കും അന്ന് പ്രതിഫലിക്കുക. പറഞ്ഞു തീര്‍ക്കാവുന്ന ചെറിയ പിണക്കങ്ങളും പരിഭവങ്ങളും ഉത്രാടരാത്രിയിലെ ഒരുക്കുങ്ങളില്‍ എവിടെയെങ്കിലും അലിഞ്ഞു ഇല്ലതായിട്ടുണ്ടാകും.
തിരുവോണനാള്‍ ഓണത്തിന്‍റെ എല്ലാ ഐശ്വര്യത്തോടും കൂടി പുലരുമ്പോള്‍, ഒരു പുതുവര്‍ഷപ്പിറവിയും ആഘോഷിക്കുകയായി. ഓണവിനോദങ്ങള്‍ കേവലം മത്സരങ്ങള്‍ ആയിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സന്തോഷവും സാഹോദര്യവും പകര്‍ന്നു നല്കിയ ഒരു സംസ്ക്കാരമായിരുന്നു അത്. ഓണത്തപ്പനെ മലയാളികള്‍ വരവേറ്റിരുന്നത് നിറഞ്ഞ മനസ്സോടെയായിരുന്നു.

സദ്യ എന്നും കഴിക്കാനുള്ളതല്ല:

sadya

എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയലും സാമ്പാര്‍, പരിപ്പ്, എരിശ്ശേരി, നാലുകൂട്ടം ഉപ്പിലിട്ടത് പപ്പടം, പായസം തുടങ്ങിയവയാണ് സദ്യയുടെ പ്രധാനപ്പെട്ട വിഭവങ്ങള്‍.

സദ്യ വിളമ്പുന്നതിനും സദ്യ ഉണ്ണുന്നതിനും അതിന്റെതായ രീതികള്‍ ഉണ്ട്. തറയില്‍ പായ വിരിച്ച് അതില്‍ ഇല ഇട്ടു അതില്‍ സദ്യ വിളമ്പും. നാക്കില തന്നെ വേണം സദ്യക്ക്. ഇലയുടെ നാക്ക്‌ ഇടതു വശത്തുവേണം വരാന്‍. നിലത്തു ചമ്രം പടഞ്ഞിരുന്നു വേണം സദ്യയുണ്ണാന്‍.

സദ്യ കഴിയുന്നതോടെ വിനോദങ്ങളായി. 'ഓണത്തപ്പാ കുടവയറാ' എന്ന ആരവത്തില്‍ ആഘോഷങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും. വള്ളംകളി, തിരുവാതിര, പുലിക്കളി, ഓണത്തല്ല്, കൈക്കൊട്ടിക്കളി, തുമ്പിതുള്ളല്‍ എന്നിങ്ങനെ നീണ്ടു പോകുന്ന ഒന്നായിരുന്നു ആവേശം ഉണര്‍ത്തുന്ന ഓണാഘോഷം.

മറ്റെല്ലാ കാര്യങ്ങളിലും എന്ന പോലെ ഓണവും നമ്മള്‍ യാത്രയില്‍ എവിടെയോ മറന്നിരിക്കുന്നു. എല്ലാ ആഘോഷങ്ങളില്‍ എന്ന പോലെ ഓണത്തെയും നമ്മള്‍ വാണിജ്യവല്‍ക്കരിച്ചു. എന്നിട്ട് ആഘോഷപ്പൂര്‍വ്വം ഇതിനെയും ഓണം എന്ന് വിളിക്കുന്നു.

Read More >>