'ബിഗ് ബി' ചെറുമക്കൾക്കെഴുതിയ ഈ കത്ത് എല്ലാ പെൺകുട്ടികള്‍ക്കും ഉള്ള സന്ദേശമാണ്

"ആരാധ്യാ, എന്റെ വാക്കുകൾ നിനക്ക് മനസ്സിലാവുമ്പോഴേക്കും ഒരു പക്ഷെ ഞാൻ നിനക്കൊപ്പം ഉണ്ടാവണമെന്നില്ല. പക്ഷെ അന്നും എന്റെ ഈ വാക്കുകൾ പ്രസക്തമായിരിക്കും എന്ന് ഞാന്‍ കരുതുന്നു." ബിഗ്‌ ബി കുറിക്കുന്നു.

അമിതാഭ് ബച്ചൻ എന്ന 'ബിഗ്‌ ബി' ഇന്ത്യൻ മനസ്സുകൾ കീഴടക്കിയ ഒരു സൂപ്പർ സ്റ്റാർ മാത്രമല്ല, വാൽസല്യനിധിയായ ഒരു പിതാവും, മുത്തശ്ശനും കൂടിയാണ്. തന്റെ ചെറുമക്കളായ നവ്യ നവേലിയ്ക്കും, ആരാധ്യയ്ക്കും  ഈ മുത്തശ്ശൻ എഴുതിയ കത്തിലെ ഏതാനും വരികളിൽ നിറഞ്ഞു നിന്നിരുന്നതും അതേ വാൽസല്യവും സ്നേഹവുമാണ് പ്രകടമാകുന്നതും. ലിംഗ അസമത്വത്തെ കുറിച്ചു മാത്രമല്ല, ലോകം എന്തു ചിന്തിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ല എന്നീ പിതാവ് അവരെ ധൈര്യപ്പെടുത്തുന്നു.


തന്‍റെ മകളുടെ മകളായ നവ്യക്കും, മകന്‍ അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായിയുടെ മകളായ ആരാധ്യയ്ക്കുമായിട്ടാണ് ഈ മുത്തശ്ശന്‍ കത്ത് എഴുതിയിരിക്കുന്നത്.

big b

ടൈംസ്‌ ഓഫ് ഇന്ത്യയിലാണ് ബിഗ് ബി ചെറുമക്കൾക്കെഴുതിയ ഈ മനോഹര സന്ദേശം പ്രസിദ്ധീകരിച്ചത്.

ബിഗ് ബിയുടെ കത്തിന്റെ വിവർത്തനം:

ഇളം ചുമലുകളിൽ മൂല്യമേറിയ ഒരു പാരമ്പര്യം നിങ്ങൾ വഹിക്കുന്നുണ്ട്. ആരാധ്യ നിനക്ക് നിന്റെ മുതുമുത്തശ്ശൻ ഡോ: ഹരിവംശ് റായ് ബച്ചന്റെ പൈതൃകവും, നവ്യാ നിനക്ക് നിന്റെ മുതുമുത്തശ്ശൻ ശ്രീ.എച്ച്.പി.നന്ദയുടെ പൈതൃകം വഹിക്കേണ്ടതുണ്ട്.


ഈ രണ്ടു മുത്തശ്ശൻമാരും നിങ്ങളുടെ പേരിനൊപ്പം അഭിമാനകരമായ സർനാമങ്ങളും, പ്രശസ്തിയും, അഭിമാനവും, തിരിച്ചറിവും നൽകിയിരിക്കുന്നു. നിങ്ങൾ ഇരുവരും നന്ദയോ, ബച്ചനോ ആയിരിക്കാം, പക്ഷെ നിങ്ങൾ പെൺകുട്ടികൾ കൂടിയാണ്.


നിങ്ങൾ സ്ത്രീകളായതിനാൽ തന്നെ വൈകാതെ സമൂഹം നിങ്ങൾക്ക് സ്വയമേവ നിങ്ങളുടെ അതിർവരമ്പുകൾ നിശ്ചയിക്കുവാൻ തുടങ്ങും. നിങ്ങൾ ഏതു വസ്ത്രം ധരിക്കണം എന്നും, നിങ്ങൾ എങ്ങനെ പെരുമാറണം എന്നും, നിങ്ങൾ എവിടെ പോകണം ആരെ കാണണം എന്നല്ലാം അവർ നിർദ്ദേശിക്കും. അങ്ങനെ ചെയ്യണം എന്ന് അവര്‍ നിഷ്കര്ഷിക്കും.


മറ്റുള്ളവർ വിധിക്കുന്നതിന്റെ നിഴലിൽ നിങ്ങള്‍ ഒരിക്കലും ജീവിക്കരുത്. നിങ്ങളുടെ വിവേകം നിങ്ങളുടെ തീരുമാനങ്ങളെ നിശ്ചയിക്കണം.


പാവാടയുടെ ഇറക്കം അളന്ന് നിങ്ങളുടെ സ്വഭാവം അളക്കാൻ ആരെയും അനുവദിക്കരുത്.


നിങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കാൻ മറ്റുള്ളവരുടെ അഭിപ്രായം കാരണമാകരുത്, ആരെ സുഹൃത്തായി സ്വീകരിക്കണമെന്ന് മറ്റുള്ളവർ ശുപാർശ ചെയ്യേണ്ടതില്ല.


നിങ്ങൾക്ക് വിവാഹം കഴിക്കണമെന്ന് സ്വയം തോന്നുന്നത് വരെ ഒരു കാരണവശാലും വിവാഹത്തിന് മുതിരരുത്.
ആളുകൾ ഇത് ചർച്ച ചെയ്യും. അവർ മോശപ്പെട്ട കാര്യങ്ങൾ പറയും. അതിനർത്ഥം, നിങ്ങൾ അവരെ കേൾക്കണമെന്നല്ല. മറ്റുള്ളവർ എന്ന് പറയും എന്ന് ഒരിക്കലും ആശങ്കപ്പെടരുത്.


ദിവസത്തിനൊടുവിൽ, നിങ്ങളുടെ പ്രവർത്തികളുടെ ഫലം അനുഭവിക്കുന്നത് നിങ്ങൾ മാത്രമായായിരിക്കും. അതിനാൽ മറ്റുള്ളവർ നിങ്ങളിൽ തീരുമാനം വളർത്തുവാൻ അനുവദിക്കേണ്ടതില്ല.


നവ്യാ, നിന്റെ പേരിന്റെ ആനുകൂല്യം നിന്റെ പാരമ്പര്യ നാമം നിനക്ക് നൽകുന്ന ഈ ആനുകൂല്യം ഒരു പെൺകുട്ടി എന്ന നിലയിൽ നീ നേരിടാൻ പോകുന്ന പ്രതിസന്ധികളിൽ നിന്നും ഒരിക്കലും നിന്നെ രക്ഷിക്കുകയില്ല.


ആരാധ്യാ, എന്റെ വാക്കുകൾ നിനക്ക് മനസ്സിലാവുമ്പോഴേക്കും ഒരു പക്ഷെ ഞാൻ നിനക്കൊപ്പം ഉണ്ടാവണമെന്നില്ല. പക്ഷെ അന്നും എന്റെ ഈ വാക്കുകൾ പ്രസക്തമായിരിക്കും എന്ന് ഞാന്‍ കരുതുന്നു.


ഇത് പ്രയാസകരമാണ്.. സ്ത്രീകൾക്ക് തീര്‍ത്തും പ്രയാസകരമായ ഒരു ലോകമാണിത്. എങ്കിലും ഞാൻ വിശ്വസിക്കുന്നു... നിങ്ങളെ പോലെയുള്ള സ്ത്രീകൾക്ക് ഈ ലോകത്തെ മാറ്റുവാൻ കഴിയും. അത് അത്ര എളുപ്പമല്ല!


നിങ്ങളുടെ പരിമിതികളെ നിശ്ചയിച്ചു കൊണ്ട്, ആളുകളുടെ മുൻധാരണകളെ അതിജീവിച്ച് തീരുമാനങ്ങളെടുക്കുവാന്‍ അത്ര എളുപ്പമല്ല.


പക്ഷെ നിങ്ങള്‍ക്ക് ... നിങ്ങള്‍ക്കത് സാധിക്കും. ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് മാതൃകയാകാൻ നിങ്ങള്‍ക്ക് സാധിക്കും.


നിങ്ങൾ ഇങ്ങനെയാകണം.. എനിക്ക് ചെയ്യാൻ സാധിച്ചതിലും അധികം നിങ്ങൾക്ക് പ്രവർത്തിക്കുവാൻ കഴിയണം.


അങ്ങനെയാകുമ്പോൾ, അമിതാഭ് ബച്ചൻ എന്ന പേരിലല്ല,നിങ്ങളുടെ മുത്തശ്ശൻ എന്നറിയപ്പെടുന്നതിലായിരിക്കും ഞാൻ അഭിമാനം കൊള്ളുക!ഈ കത്ത് തനിക്ക് എഴുതേണ്ടിവന്നു എന്നാണ് ബിഗ്‌ ബി ട്വീറ്റ് ചെയ്തത്. പെണ്‍കുട്ടികള്‍ ഉള്ള രക്ഷകര്‍ത്താക്കളുടെ ആശങ്കയും, അവര്‍ക്കുള്ള ധൈര്യവും ഈ കത്തില്‍ ഉടനീളം ദൃശ്യമാകുന്നതാണ്.

ബിഗ് ബി ചെറുമൾക്കെഴുതിയ ഈ കത്ത് എല്ലാ പെൺകുട്ടികളും വായിച്ചിരിക്കണം. ഇത് നവ്യയെയും ആരാധ്യയെയും പോലെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കുമുള്ള ഒരു സന്ദേശമാണ്. മനോഹരമായ സന്ദേശം!