മഹാബലിയുടെ സ്മരണയില്‍ മലയാളികള്‍ ഓണം ആഘോഷിക്കുമ്പോള്‍ വാമന ജയന്തി ആശംസിച്ച് അമിത് ഷാ

തിരുവോണത്തെ വാമനാവതാര ദിനമെന്ന നിലയിലാണ് ആര്‍എസ്എസും ബിജെപിയും അവതരിപ്പിക്കുന്നത് എന്നതിന്റെ പുതിയ ഉദാഹരണമാണ് അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മഹാബലിയുടെ സ്മരണയില്‍ മലയാളികള്‍ ഓണം ആഘോഷിക്കുമ്പോള്‍ വാമന ജയന്തി ആശംസിച്ച് അമിത് ഷാ

തിരുവനന്തപുരം: മലയാളികള്‍ക്ക് ഇന്ന് മഹാബലിയുടെ സ്മരണയില്‍ ഓണമാണെങ്കില്‍ ബിജെപി അധ്യക്ഷന് ഇന്ന് വാമന ജയന്തിയാണ്. ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് മുന്നില്‍ വാമന ജയന്തി ആശംസകളുമായാണ് അമിത് ഷാ എത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്കിലൂടെയാണ് അമിത് ഷായുടെ ആശംസ. അസുരനായ മഹാബലിയെ വിഷ്ണുവിന്റെ അവതാരമായ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയെന്നാണ് ഐതിഹ്യം. മഹാബലി തന്റെ പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് മലയാളികള്‍ ഓണമായി ആഘോഷിക്കുന്നത്. ഈ ദിവസത്തെയാണ് വാമന ജയന്തി എന്ന പേരില്‍ അമിത് ഷാ ആശംസകളുമായി എത്തിയിരിക്കുന്നത്.


ഓണവുമായി ബന്ധപ്പെട്ട് ബിജെപിയും ആര്‍എസ്എസും സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി അധ്യക്ഷന്റേയും വക ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഓണത്തിന് വാമന ജയന്തി ആശംസിച്ച അമിത് ഷായുടെ പോസ്റ്റിന് താഴെ പൊങ്കാലയുമായി മലയാളികളും എത്തിയിട്ടുണ്ട്. കടുത്ത വിമര്‍ശനും പരിഹാസവുമാണ് പോസ്റ്റിന് താഴെ മലയാളികള്‍ നല്‍കുന്നത്.വാമനന്റെ മുഖചിത്രം പ്രസിദ്ധീകരിച്ച് ആര്‍എസ്എസ് മുഖമാസികയായ കേസരിയായിരുന്നു ആദ്യം രംഗത്തെത്തിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ശശികലയും എത്തി.

കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് ഒരു കുഞ്ഞിക്കാല്‍ വെച്ച് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനനെന്നായിരുന്നു ശശികലയുടെ പരാമര്‍ശം.

മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനന്‍. മഹാബലി പോലും ആരാധിക്കുന്നതാണ് മഹാവിഷ്ണുവിനെയെന്നും അതിനെ ഇകഴ്ത്താനായി മാത്രം ഓണം പ്രയോജനപ്പെടുത്തരുതെന്നുമായിരുന്നു ശശികലയുടെ പ്രസ്താവന.

തിരുവോണത്തെ വാമനാവതാര ദിനമെന്ന നിലയിലാണ് ആര്‍എസ്എസും ബിജെപിയും അവതരിപ്പിക്കുന്നത് എന്നതിന്റെ പുതിയ ഉദാഹരണമാണ് അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കേസരിയിലും ഈ നിലപാട് അവര്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഓണത്തപ്പനായി പൂജിക്കുന്നത് വാമന മൂര്‍ത്തിയെയാണെന്നും എന്നാല്‍ ജനങ്ങള്‍ മഹാബലിയെ ഓണത്തപ്പനായി തെറ്റിദ്ധരിക്കുകയാണെന്നും കേസരി ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.

Read More >>