അമേരിക്കന്‍ സേനയ്ക്ക് നേരെ ഐഎസ് രാസായുധം പ്രയോഗിച്ചതിന് സ്ഥിരീകരണം

മൊസ്സൂളിലുള്ള ഖ്വയാറ വ്യോമ കേന്ദ്രത്തില്‍ ചൊവ്വാഴ്ച്ചയായിരുന്നു ആക്രമണമുണ്ടായത്. വീര്യം കുറഞ്ഞ രാസായുധമുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ സേന വ്യക്തമാക്കി

അമേരിക്കന്‍ സേനയ്ക്ക് നേരെ ഐഎസ് രാസായുധം പ്രയോഗിച്ചതിന് സ്ഥിരീകരണം

മൊസൂള്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ കഴിഞ്ഞ ദിവസം ഐഎസ് രാസായുധ പ്രയോഗം നടത്തിയെന്ന് സ്ഥിരീകരണം. അമേരിക്കന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്.

മൊസ്സൂളിലുള്ള ഖ്വയാറ വ്യോമ കേന്ദ്രത്തില്‍ ചൊവ്വാഴ്ച്ചയായിരുന്നു ആക്രമണമുണ്ടായത്. വീര്യം കുറഞ്ഞ രാസായുധമുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ സേന വ്യക്തമാക്കി. സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ സള്‍ഫര്‍ ഉള്‍പ്പെടെയുള്ള രാസ പദാര്‍ഥങ്ങളാണ് ഉപയോഗിച്ചത്.

എന്നാല്‍ റോക്കറ്റുകള്‍ ഉപയോഗിച്ചുനടന്ന ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. സിറിയയിലെയും ഇറാഖിലേയും ഐഎസ് ശക്തികേന്ദ്രങ്ങളില്‍ രാസായുധങ്ങള്‍ നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്യാറുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു