ഭാഷയല്ല, രാഷ്ട്രീയമാണ് പ്രധാനം; ജെഎന്‍യു സാരഥികളിലെ മലയാളി സാന്നിധ്യമായി അമല്‍

പിന്നോക്ക സമുദായത്തില്‍ നിന്ന് വന്നതും എംഎ വരെ നാട്ടിലെ ഭാഷയില്‍ പഠിക്കുകയും ചെയ്തത് തന്റെ രാഷ്ട്രീയ ബോധത്തെ ചെറുതാക്കില്ലെന്ന അമലിന്റെ പ്രസ്താവന അക്ഷരം പ്രതി ശരിയാക്കുന്നതായിരുന്നു അമലിന്റെ വിജയം.

ഭാഷയല്ല, രാഷ്ട്രീയമാണ് പ്രധാനം; ജെഎന്‍യു സാരഥികളിലെ മലയാളി സാന്നിധ്യമായി അമല്‍

എബിവിപിയെ തൂത്തുവാരിയെറിഞ്ഞ ജെഎന്‍യു തെരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യമാണ് അമല്‍ പുല്ലാര്‍ക്കാട്ട് എന്ന ഗവേഷണ വിദ്യാര്‍ത്ഥി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മലയാളി.

എസ്എഫ്‌ഐ യൂണിറ്റ് ജോയിന്‍ സെക്രട്ടറിയായ അമല്‍ ഐസ-എസ്എഫ്‌ഐ സഖ്യമായ യുണൈറ്റഡ് ലഫ്റ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചാണ് വൈസ് പ്രസിഡന്റായത്. 1305 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അമലിന്റെ വിജയം.


എറണാകുളം നോര്‍ത്ത് പറവൂരിലെ മൂത്തക്കുന്നത്ത് കൊപ്ര കച്ചവടം നടത്തുന്ന പുഷ്‌കരന്റേയും ലതയുടെയും മകനാണ് അമല്‍. അഞ്ച് വര്‍ഷമായി സിപിഐ(എം) അംഗം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യം. കഴിഞ്ഞ വര്‍ഷത്തെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ കൗണ്‍സിലറായും അമല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

jnu-suഎറണാകുളം മഹാരാജാസ് കോളേജിലെ യൂണിയന്‍ ജനറല്‍ സെക്രട്ടറി(2009-10)യായിരുന്നു. മഹാരാജാസില്‍ നിന്ന് ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ അമല്‍ കാര്യവട്ടം കാമ്പസില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. 2012-2013 ല്‍ കാര്യവട്ടം കാമ്പസിലെ യൂണിയന്‍ ചെയര്‍മാനായിരുന്നു.

പിന്നീട് ജെഎന്‍യുവില്‍ എംഫില്‍ പൂര്‍ത്തിയാക്കിയ അമല്‍ റഷ്യന്‍ ആന്റ് സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണിപ്പോള്‍.

തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യൂണിവേഴ്‌സിറ്റി ജനറല്‍ ബോര്‍ഡി മീറ്റിംഗിനിടയില്‍ അമലിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തെ അപഹസിച്ച് ബാപ്‌സ(ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍)യിലെ ചില പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

'എന്റെ ഇംഗ്ലീഷ് മുറിഞ്ഞതായിരിക്കാം. പക്ഷേ, ആശയങ്ങള്‍ അങ്ങനെയല്ല.' എന്ന എകെ ഗോപാലന്റെ പരാമര്‍ശം ഉദ്ദരിച്ചായിരുന്നു താന്‍ അനുഭവിച്ച അപമാനത്തെ അമല്‍ നേരിട്ടത്.പിന്നോക്ക സമുദായത്തില്‍ നിന്ന് വന്നതും എംഎ വരെ നാട്ടിലെ ഭാഷയില്‍ പഠിക്കുകയും ചെയ്തത് തന്റെ രാഷ്ട്രീയ ബോധത്തെ ചെറുതാക്കില്ലെന്ന അമലിന്റെ പ്രസ്താവന അക്ഷരം പ്രതി ശരിയാക്കുന്നതായിരുന്നു അമലിന്റെ വിജയം.

Read More >>