ആം ആദ്മി പാര്‍ട്ടിക്ക് പുതിയ കൂട്ട്; ആം ആദ്മി പാര്‍ട്ടിയുടെ ട്രേഡ് യൂണിയനായി പെമ്പിളൈ ഒരുമൈ മാറുന്നു

ആം ആദ്മി പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായി പെമ്പിളൈ ഒരുമൈ അഫിലിയേറ്റ് ചെയ്യുവാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഇന്ന് വൈകുന്നേരത്തെ പത്രസമ്മേളനം കഴിയുന്നതോടെ മാത്രമേ ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആം ആദ്മി പാര്‍ട്ടിക്ക് പുതിയ കൂട്ട്; ആം ആദ്മി പാര്‍ട്ടിയുടെ ട്രേഡ് യൂണിയനായി പെമ്പിളൈ ഒരുമൈ മാറുന്നു

തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തില്‍ കടന്നുവന്ന് ചുരുങ്ങിയ കാലത്തിനിടയില്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തി അത്ഭുതം കാട്ടിയ ആംആദ്മി പാര്‍ട്ടിയും മൂന്നാറിലെ തൊഴില്‍ സമരത്തിലൂടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട പെമ്പിളൈ ഒരുമൈ സംഘടനയും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഡല്‍ഹി റോസ് അവന്യുവില്‍ വെച്ച് നടക്കുമെന്ന് ഇരു സംഘടനകളുടെയും ഔദ്യോഗിക ഭാരവാഹികള്‍ അറിയിച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായി പെമ്പിളൈ ഒരുമൈ അഫിലിയേറ്റ് ചെയ്യുവാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഇന്ന് വൈകുന്നേരത്തെ പത്രസമ്മേളനം കഴിയുന്നതോടെ മാത്രമേ ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

പെമ്പിളൈ ഒരുമൈയുടെ മൂന്നാറിലെ ചരിത്രസമരത്തില്‍ ആദ്യം മുതല്‍ ആം ആദ്മിയുടെ പിന്തുണയുണ്ടായിരുന്നതായും സിആര്‍ നീലക്ണ്ഠന്‍ പറഞ്ഞു. സഹകരിക്കാന്‍ തീരുമാനിച്ചതോടെ ആം ആദ്മിയും പെമ്പിളൈ ഒരുമൈയും സംസ്ഥാനത്തെ ഒരു നിര്‍ണ്ണായക ശക്തിയായി മാറും. അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങള്‍ കൂടുതല്‍ ദൃഢമാകും. പെമ്പിളൈ ഒരുമൈയുടെ ഓഫീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനി ആം ആദ്മിയുടെ സഹായമുണ്ടാകും. അവര്‍ക്ക് ദേശീയ തലത്തില്‍ ആം ആദ്മി രാഷ്ട്രീയ പിന്തുണ നല്‍കും- സി ആര്‍ നീലകണ്ഠണ്‍ പറഞ്ഞു.

പലകാരണങ്ങള്‍ കൊണ്ട് പെമ്പിളൈ ഒരുമൈയില്‍ നിന്നും വിട്ടുപോയവര്‍ അതിലേക്കു തന്നെ മടങ്ങിവരുമെന്നും അദ്ദേഹം പറഞ്ഞു. ആ സംഘടനയ്ക്ക് ശക്തമായ ഒരു നേതൃത്വം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പല രാഷ്ട്രീയ പാര്‍ട്ടികളും അതിനുള്ളില്‍ ഇടപെട്ട് അവരെ ഭിന്നിപ്പിക്കുകയായിരുന്നു. ആം ആദ്മിയുടെ ഈ സഹകരണ തീരുമാനം ഒരു വന്‍ മാറ്റമാണ് ആ സംഘടനയില്‍ വരുത്തുന്നത്. മാത്രമല്ല ആ സംഘടന ദേശീയ തലത്തിലേക്ക് ഉയരുകയും ചെയ്യുകയാണ്- സിആര്‍ പറഞ്ഞു.

മാത്രമല്ല, അസംഘടിതരായ തൊഴിലാളികളെ ഈ ഒരു കൂട്ടായ്മയുടെ കീഴിലേക്ക് കൊണ്ടുവരാനുള്ള നീക്കവും ഇന്ത്യ മുഴുവന്‍ നടക്കുന്നുണ്ടെന്നും സിആര്‍ അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍, കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍, സെയില്‍സ് ഗേള്‍സ് തുടങ്ങിയവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല. നഴ്സുമാര്‍ തുടങ്ങിയവര്‍ക്ക് സംഘടനകളുണ്ടെങ്കിലും അത് ശക്തമല്ല. അത്തരം ആളുകളേയും അവരുടെ സമരങ്ങളേയും പിന്തുണയ്ക്കുക എന്നുള്ളതാണ് ആം ആദ്മിയുടെ നിലപാട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന സ്ത്രീകളുടെ സമരത്തിന് ആം ആദ്മിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകുന്നേരം ഡല്‍ഹിയില്‍ നടക്കുന്ന സംയുക്ത പത്ര സമ്മേളനത്തില്‍ ആംആദ്മയുടെ ദേശീയ സംസ്ഥാന നേതാക്കളും പെമ്പിളൈ ഒരുമൈയുടെ നേതാക്കളും പങ്കെടുക്കും.

Read More >>