ഒരു കുടുംബത്തിലെ അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത ആലുവ കേസ്

മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍, ഭാര്യ ബേബി, മക്കളായ ജെയ്‌മോന്‍, ദിവ്യ, അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി , സഹോദരി കൊച്ചുറാണി എന്നിവരാണ് കൊലചെയ്യപ്പെട്ടത്

ഒരു കുടുംബത്തിലെ അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത ആലുവ കേസ്

2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ച് എംഎ ആന്റണിയെ കുറ്റക്കാരനായി കണ്ടെത്തിയത്. പിന്നീട് സിബിഐയും കേസ് അന്വേഷിച്ചു. സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന കെമാല്‍ പാഷയാണ് ആന്റണിയ്ക്ക് വധശിക്ഷ വിധിച്ചത്.


മാഞ്ഞൂരാന്‍ കുടുംബത്തിലെ ഡ്രൈവറായിരുന്നു പ്രതിയായ ആന്റണി. വിവാഹബന്ധം വേര്‍പ്പെട്ട് കഴിഞ്ഞിരുന്ന കൊച്ചുറാണിയുടെ ബാല്യകാലസുഹൃത്തുകൂടിയായിരുന്നു അയാള്‍. ആന്റണിക്ക് സൗദിയിലേക്ക് പോകാന്‍ വിസ തരപ്പെട്ടപ്പോള്‍ അതിനുവേണ്ടിയുള്ള പണം നല്‍കാമെന്ന് കൊച്ചുറാണി പറഞ്ഞിരുന്നു. അവസാന സമയം കൊച്ചുറാണി പണം നല്‍കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് ഇവരെ കൊല്ലാനായാണ് ആന്റണി വീട്ടിലെത്തിയത്. ഈ സമയം കൊച്ചുറാണിയും അമ്മ ക്ലാരയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇരുവരെയും കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. പൂര്‍ണമായി തെളിവ് നശിപ്പിക്കുന്നതിനുവേണ്ടി പിന്നീട് അഗസ്റ്റ്യനെയും ഭാര്യയെയും രണ്ട് മക്കളെയും അതേ കോടാലികൊണ്ട് തന്നെ വെട്ടി വീഴ്ത്തി. തുടര്‍ന്ന് തീവണ്ടികയറി മുംബൈയിലെത്തിയ പ്രതി അവിടെനിന്ന് ദമാമിലേക്ക് കടന്നു.

എന്നാല്‍ ആന്റണിയാണ് കുറ്റവാളിയെന്ന് മനസ്സിലായ പൊലീസ് തന്ത്രപൂര്‍വം ആന്റണിയെ വിളിച്ചുവരുത്തി മുംബൈയില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം മറ്റാര്‍ക്കോ വേണ്ടി ആന്റണി കുറ്റമേറ്റെടുക്കുകയായിരുന്നു എന്നാണ് പലരും ഇപ്പോഴും വിശ്വസിക്കുന്നത്. മാഞ്ഞൂരാന്‍ കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ നടന്ന വന്‍ ഗൂഡാലോചനയായിരുന്നു കൊലപാതകങ്ങള്‍ എന്ന് ആക്ഷേപിക്കുന്നവരുണ്ട്‌. പക്ഷേ, ഇത്തരം ആക്ഷേപങ്ങള്‍ സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

2001ല്‍ നടന്ന ആലുവ കൂട്ടക്കൊല കേസില്‍ 2006ലാണ് ഹൈക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2013ല്‍ ദയാഹര്‍ജി സമര്‍പ്പിച്ചു. ഒരു കുടുംബത്തെ ഒന്നടങ്കം തുടച്ചുനീക്കും വിധം കൂട്ടക്കൊല നടത്തിയെന്ന വിലയിരുത്തലിലായിരുന്നു കടുത്ത ശിക്ഷ.  പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇതുവരെ ആന്റണി 12 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ദൃക്‌സാക്ഷികളാരുമില്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് വധശിക്ഷ വിധിച്ചതെന്നും ഇക്കാര്യം സുപ്രീംകോടതി പരിഗണിച്ചില്ലെന്നും ആന്റണിക്കുവേണ്ടി ഹാജരായ കോളിന്‍ ഗോന്‍സാല്‍വസും മനോജ്. വി. ജോര്‍ജ്ജും വാദിച്ചു. കൊള്ളയായിരുന്നു പ്രതിയുടെ ലക്ഷ്യം എന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാല്‍ മോഷണമൊന്നും നടന്നിട്ടില്ലെന്ന് പൊലീസ് കണ്ടത്തെിയിരുന്നു. ഭാഷ അറിയാതെയാണ് തമിഴ്‌നാട്ടിലെ കോടതിയില്‍ പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്. മജിസ്‌ട്രേറ്റ് തമിഴില്‍ പറഞ്ഞ കാര്യങ്ങളൊന്നും ആന്റണിക്ക് മനസിലായിരുന്നില്ലെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

ആന്റണിയുടെ വധശിക്ഷ 2009ല്‍ സുപ്രീംകോടതി ശരിവെച്ചിരുന്നു. വധശിക്ഷയ്‌ക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദംകേള്‍ക്കണമെന്ന് 2014ല്‍ ചീഫ് ജസ്റ്റിസായിരുന്ന ആര്‍ എം ലോധയുടെ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ഹര്‍ജിയും തുറന്ന കോടതിയില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ആന്റണി നല്‍കിയ പുന:പരിശോധനാ ഹര്‍ജി പരിഗണിച്ചായിരുന്നു സ്റ്റേ. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി 2015 ഏപ്രില്‍ 27ന് തള്ളിയിരുന്നു.