ഇങ്ങനെയും ഒരു നാടും മനുഷ്യരുമുണ്ടോ; ആതിഥ്യ മര്യാദയുടെ കാര്യത്തിൽ അൽബേനിക്കാർ നമ്മളെ കടത്തിവെട്ടും

അല്‍ബേനിയയിലെ ഏതു വീട്ടിലും കയറി ഒന്നു കതകിൽ മുട്ടൂ. വീട്ടുടമ വാതിൽ തുറക്കുമ്പോൾ നിങ്ങള്‍ ചോദിച്ചു നോക്കൂ അതിഥികളെ ആവശ്യമുണ്ടോ എന്ന്. അവര്‍ നിങ്ങളെ സ്വീകരിച്ചിരിക്കും.

ഇങ്ങനെയും ഒരു നാടും മനുഷ്യരുമുണ്ടോ; ആതിഥ്യ മര്യാദയുടെ കാര്യത്തിൽ അൽബേനിക്കാർ നമ്മളെ കടത്തിവെട്ടും

സുഹൈൽ അഹമ്മദ്
'അതിഥി  ദേവോ ഭവഃ' എന്നു ആര്‍ഷഭാരത സംസ്‌കാരത്തെ ഉദ്ധരിച്ചു രോമാഞ്ചമണിഞ്ഞു  നാം പ്രസംഗിക്കുമായിരിക്കും.  പക്ഷേ പ്രവര്‍ത്തിക്കില്ലെന്നു ഉറപ്പ്. എന്നാല്‍ അല്‍ബേനിയന്‍ ജനത അങ്ങനെ അല്ല.

അല്‍ബേനിയന്‍ നഗരത്തെ കുറിച്ചു പറഞ്ഞു കേട്ടൊരു കഥയുണ്ട്. നഗരത്തില്‍ വന്നെത്തുന്നവര്‍ക്കു താമസിക്കാന്‍ ഒരു ഹോട്ടല്‍ നിർമ്മിക്കാനുള്ള ശ്രമം തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു തടഞ്ഞത്രെ ! അവരുടെ ന്യായം ഇതായിരുന്നു. 'ഇന്നാട്ടില്‍ ഒരാള്‍ക്ക് താമസിക്കാനൊരിടം വേണോ പ്രദേശത്തെ ഏതു വാതിലില്‍ വേണമെങ്കിലും വന്നു മുട്ടട്ടെ,  അതു തുറക്കപ്പെടുക തന്നെ ചെയ്യും'.

ഇതു വെറുംവാക്കല്ല. പാരമ്പര്യം  അതാണവരെ ശീലിപ്പിച്ചത്. ആതിഥ്യ മര്യാദയുടെ പരമകാഷ്ട !

അന്നാട്ടില്‍  ഒരു പഴഞ്ചൊല്ലു തന്നെയുണ്ട്. ''ഞങ്ങളുടെ വീടുകളെല്ലാം  ഉടമകളുടെ കയ്യിലാണ്. ഒന്നാം ഉടമ ദൈവമാണ്. രണ്ടാമത്തെ അവകാശി അതിഥികളും''
നിങ്ങളൊരു അഭയാര്‍ത്ഥിയാണോ . അല്‍ബേനിയയിലെ ഏതു വീട്ടിലും കയറി ഒന്നു കതകിൽ മുട്ടൂ. വീട്ടുടമ വാതിൽ തുറക്കുമ്പോൾ നിങ്ങള്‍ ചോദിച്ചു നോക്കൂ അഥിതികളെ ആവശ്യമുണ്ടോ എന്ന് . അവര്‍ നിങ്ങളെ സ്വീകരിച്ചിരിക്കും.
അന്നാട്ടിലെ  എല്ലാ ഗൃഹനാഥൻമാർക്കും രണ്ടു കട്ടിലുകള്‍ ഉണ്ടാവുമത്രെ. ഒന്നു അദ്ദേഹത്തിനും മറ്റേത് അപ്രതീക്ഷിതമായെത്തുന്ന അതിഥിക്കു വേണ്ടിയും.
പണ്ടു പ്രവാചകര്‍ മുഹമ്മദ് നബി മക്കയില്‍ നിന്നു മദീനയിലേക്ക് പാലായനം ചെയ്ത സമയം. സമാനമായ രീതിയില്‍ മദീനക്കാര്‍ പ്രവാചകാനുചരൻമാരായ  മക്കക്കാരെ സ്വീകരിക്കുകയും താമസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പശ്ചിമേഷ്യയില്‍ നിന്നു വന്‍ അഭയാര്‍ഥി പ്രവാഹം ഉണ്ടായപ്പോള്‍  പോലും ഇസ്ലാമിക രാജ്യമെന്നു അഭിമാനിക്കുന്ന ആരും അഭയാര്‍ഥികളെ സ്വീകരിക്കാനോ പുനരധിവസിപ്പിക്കാനോ തയ്യാറായിരുന്നില്ല.

അല്‍ബേനിയക്കാരെ സംബന്ധിച്ചിടത്തോളം അതിഥികളെ സ്വീകരിക്കുക,  വീട്ടില്‍ താമസിപ്പിക്കുക എന്നതു തലവേദനയുണ്ടാക്കുന്ന കാര്യമല്ല. അതവര്‍ക്കു തലക്കനമാണ്. നാലാളുടെ മുന്നില്‍ അഭിമാനമാണ്.
കൊസോവിയന്‍ ജനത സെര്‍ബിയന്‍ പട്ടാളത്തില്‍ നിന്നു രക്ഷതേടി അല്‍ബേനിയന്‍ കാടുകളിലേക്കും അല്‍ബേനിയന്‍ അതിര്‍ത്തികളിലെ അഭയാര്‍ഥി ക്യാമ്പുകളിലേക്കും ചേക്കേറിയപ്പോള്‍ അവിടെയെത്തി അഭയാര്‍ത്ഥികളെ സ്വീകരിച്ചവരാണവര്‍. അവരിലാരും അല്‍ബേനിയക്കാരുടെ ബന്ധുക്കളായിരുന്നില്ല. എല്ലാവരും അപരിചിതരായിരുന്നു. സ്വന്തം വീടുകളില്‍ പാര്‍പ്പിച്ചു, ഭക്ഷണം നൽകി സൽക്കരിച്ചു.  അഭയാര്‍ഥികളെ സ്വന്തം കുടുംബത്തെ പോലെ കരുതി. 'പോലെ' എന്ന പദം പോലും അനാവശ്യമാണ്. അഭയാർത്ഥികളെ സ്വന്തം കുടുംബത്തിന്റെ ഭാഗമായി പരിഗണിച്ച ജനതയാണവര്‍.

എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പല കുടുംബങ്ങളേയും ഇതു   ദോഷകരമായി ബാധിച്ചിട്ടുണ്ട്. കൊസോവക്കാരെ സഹായിക്കാനുളള സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്ത കുടുംബങ്ങള്‍ ഒരുപാടുണ്ട്. എന്നാല്‍ സ്വീകരിച്ച അതിഥിയെ പുറമ്പോക്കിലേയ്ക്കയക്കാന്‍ അവരാരും തയ്യാറാല്ല എന്നത്  അഭിനന്ദനമര്‍ഹിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചു ദാരിദ്ര്യത്തിന്റെ പേരില്‍, മകളെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ പണമില്ലാത്ത കാരണത്താല്‍ ദേവദാസിയാക്കുന്ന രാജ്യത്തു  ('വിശുദ്ധ പാപങ്ങളുടെ ഇന്ത്യ'അരുണ്‍ എഴുത്തച്ഛന്‍) ഇതൊക്കെ സ്വപ്ന സമാനമായ വാര്‍ത്തകളാണ്.

നിങ്ങള്‍ക്കിതു പ്രയാസം സൃഷ്ടിക്കില്ലേ എന്നു അൽബേനിയക്കാരോടു ചോദിച്ചാല്‍ മറുപടി ഇങ്ങനെ ആവും-  ഇതു ഞങ്ങളുടെ 'ബെസ' ആണെന്ന്. ബെസ എന്ന വാക്കിനര്‍ത്ഥം കണ്ടെത്താൻ  പ്രയാസമാണ്.  'ഇതു അല്‍ബേനിയന്‍ ശീല'മെന്നാണ് ഉദ്ദേശം. സഹായം ആവശ്യപ്പെട്ടവനെ സംരക്ഷിക്കുക  എന്ന ശീലം.

ഈ ശീലം അല്‍ബേനിയന്‍ സാമൂഹിക ജീവതത്തെ രൂപപ്പെടുത്തിയ 'കാനൂന്‍ ഓഫ് ലെക്കെ ദുക്കാഗിജ്‌നി' എന്ന നിയമത്തിന്റെ ഭാഗമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ വടക്കന്‍ അല്‍ബേനിയയിലെ ഗോത്ര വംശജരുടെ നിയമത്തിന്റെ ഭാഗമായിരുന്നു അവയെന്നാണു വിശ്വാസം. ഒരു പക്ഷേ പണ്ടേ ഉള്ള ശീലം 15 ാം നൂറ്റാണ്ടില്‍  നിയമമാക്കി എന്നും പറയാം. ഇതിനെ കുറിച്ചു പഠിച്ച  ക്വിന്ന ഹര്‍ഗിത്തായി ബിബിസിയില്‍ അങ്ങനെ നിരൂപിച്ച് എഴുതുകയുണ്ടായി.
രണ്ടാം ലോക മഹായുദ്ധ കാലത്തു മറ്റു യുറോപ്യന്‍ രാജ്യങ്ങള്‍ക്കു വിപരീതമായി ധാരാളം ജൂതരെ അല്‍ബേനിയ സ്വീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നു നാസി-ഫാസി പട്ടാളങ്ങള്‍ അല്‍ബേനിയക്കു മേല്‍ അവരെ തുരത്താന്‍ ശക്തമായ സമ്മര്‍ദം ചെലുത്തി. പക്ഷേ ഒരു കുടുംബവും തങ്ങളുടെ അതിഥികളെ പറഞ്ഞുവിടാന്‍ തയ്യാറായില്ല. അവരെ സംബന്ധിച്ചത്തോളം മഹാ അപരാധമാണത്. അങ്ങനെ സംഭവിച്ചാല്‍ പാപമോചനം നേടാന്‍ ഗൃഹനാഥന്‍ മരണം വരിക്കണമെന്നാണു നിയമം. അല്ലെങ്കില്‍ വിശ്വാസം.

ഇന്നു സിറിയന്‍ അഭയാര്‍ഥികള്‍, ഇറാഖ് - ഇറാനിയന്‍ അഭയാര്‍ത്ഥികള്‍, പശ്ചിമേഷ്യയുടെ ഇതര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കൊക്കെ അല്‍ബേനിയ അഭയം നല്‍കുന്നുണ്ട്. ജര്‍മനിയും മറ്റു രാജ്യങ്ങളുമൊക്കെ വല്ലപ്പോഴും  അഭയം നല്‍കുമ്പോള്‍ വാര്‍ത്തയാവുന്നു. അല്‍ബേനിയ വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നതു വാര്‍ത്തയാവുന്നില്ല. കാരണം ഇത് 'ബെസ'യാണ്,  അല്‍ബേനിയന്‍ ശീലാണ്.

Read More >>