നിശബ്ദനായി സിനിമയുടെ ലോകത്ത് ഞാനുണ്ടായിരുന്നു: മഹേഷിന്റെ പ്രതികാരം തന്ന സൗഭാഗ്യങ്ങളെ കുറിച്ച് അലന്‍സിയര്‍

എന്റെ ഐഡിയയായിപ്പോയി. നിന്റേതായിരുന്നെങ്കില്‍ ഞാന്‍ കൊന്നേനെ..' മഹേഷിന്റെ പ്രതികാരത്തിലെ ആര്‍ട്ടിസ്റ്റ് ബേബിച്ചായന്‍ ഇത് പറഞ്ഞു നിര്‍ത്തിയപ്പോള്‍ തിയേറ്ററില്‍ കണ്ടത് നിറഞ്ഞ കയ്യടിയും പൊട്ടിച്ചിരിയും. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമയുടെ സെറ്റില്‍നിന്നും തന്റെ വിശേഷങ്ങള്‍ നാരദ ന്യൂസുമായി പങ്കുവെക്കുകയാണ് അലന്‍സിയര്‍.

നിശബ്ദനായി സിനിമയുടെ ലോകത്ത് ഞാനുണ്ടായിരുന്നു: മഹേഷിന്റെ പ്രതികാരം തന്ന സൗഭാഗ്യങ്ങളെ കുറിച്ച് അലന്‍സിയര്‍

എന്റെ ഐഡിയയായിപ്പോയി, നിന്റേതായിരുന്നെങ്കില്‍ ഞാന്‍ കൊന്നേനെ..' മഹേഷിന്റെ പ്രതികാരത്തിലെ ആര്‍ട്ടിസ്റ്റ് ബേബിച്ചായന്‍ ഇത് പറഞ്ഞു നിര്‍ത്തിയപ്പോള്‍ തിയേറ്ററില്‍ കണ്ടത് നിറഞ്ഞ കയ്യടിയും പൊട്ടിച്ചിരിയും. വൈകിയെങ്കിലും, മുഖ്യധാരാ മലയാള സിനിമയില്‍ ഇന്ന് ചുരുക്കം നില്‍ക്കുന്ന സ്വഭാവ നടന്‍മാരുടെ സ്ഥാനത്തേക്ക് അലന്‍സിയര്‍ എന്ന കലാകാരനെത്തിയത് നാടക വേദികളില്‍ നിന്നും കരസ്ഥമാക്കിയ അഭിനയ പാഠവവും രണ്ടു പതീറ്റാണ്ടുകളായി നിരവധി സിനിമകളില്‍ ചെയ്ത ചെറിയ വേഷങ്ങളുടെ അനുഭവ സമ്പത്തില്‍ നിന്നുമാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമയുടെ സെറ്റില്‍നിന്നും തന്റെ വിശേഷങ്ങള്‍ നാരദ ന്യൂസുമായി പങ്കുവെക്കുകയാണ് അലന്‍സിയര്‍.


  • ആര്‍ട്ടിസ്റ്റ് ബേബിയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ അലന്‍സിയര്‍ എന്ന നടന്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി ഇവിടെയുണ്ട് എന്ന് മനസ്സിലാക്കുകയും കൂടെയായിരുന്നു മലയാള സിനിമാ പ്രേക്ഷകര്‍. 


മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രം എനിക്ക് ഏനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുപോലെ തന്നെ പ്രേക്ഷകരും ബേബിച്ചായനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇരുപതോളം വര്‍ഷങ്ങളായി ഞാന്‍ അഭിനയിച്ച ചെറിയ വേഷങ്ങള്‍ പ്രേക്ഷകര്‍ ഇപ്പോള്‍ തിരിച്ചറിയുമ്പോള്‍ എന്നെ പോലുള്ള ഒരു കലാകാരനെ സംബന്ധിച്ചിടുത്തോളം വലിയ അംഗീകാരമാണ്. ഞാന്‍ ചെയ്ത ചെറു വേഷങ്ങളുള്ള സീനിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് 'ഇദ്ദേഹത്തെ മനസിലായൊ' എന്ന കാപ്ഷനൊക്കെ ചേര്‍ത്ത് ഇന്ന് ഫേസ്ബുക്കിലും മറ്റും കാണാറുണ്ട്.


  • വര്‍ഷങ്ങളായി നാടക- സിനിമ അഭിനയ രംഗത്ത് ഉള്ള ആളാണ് താങ്കള്‍. ശ്രദ്ധിക്കപ്പെടാന്‍ വൈകിപ്പോയോ?


രണ്ടാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഞാന്‍ സിനിമാ മേഖലയില്‍ എത്തിയത്. പ്രേം കുമാര്‍ നായകനായ, പി എ ബക്കര്‍ സംവിധാനം ചെയ്ത സഖാവ്-വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം എന്ന സിനിമയിക്കു വേണ്ടിയായിരുന്നു ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. ചില കാരണങ്ങളാല്‍ ആ സിനിമ റിലീസ് ആയില്ല. പിന്നീട് 1997 ല്‍ വേണു സംവിധാനം ചെയ്ത 'ദയ' എന്ന സിനിമയില്‍ ഒരു ചെറിയ വേഷം അഭിനയിച്ചു. അതായിരുന്നു എന്റെ ആദ്യത്തെ റിലീസ്. അതിനു ശേഷം നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായിരുന്നില്ല ഭൂരിഭാഗവും


  • രാജീവ് രവി തന്ന അവസരം കരിയറിലെ വഴിത്തിരിവായി.


 തീര്‍ച്ചയായും. മുഖ്യധാരാ സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ കിട്ടിത്തുടങ്ങിയത് രാജീവ് രവിയുടെ 'ഞാന്‍ സ്റ്റീവ്ലോപ്പസിനു ശേഷമായിരുന്നു. പിന്നീട് ചെയ്ത മള്‍സൂണ്‍ മാംഗോസിലൂടെയും മഹേഷിന്റെ പ്രതികാരത്തിലൂടെയെല്ലാം പ്രേക്ഷകരുടെയെല്ലാം അംഗീകാരം ലഭിച്ചു തുടങ്ങി. മമ്മൂക്കയുടെ കൂടെ കസബയിലും ലാല്‍ സാറിന്റെ കൂടെ ഇപ്പോള്‍ ഈ സിനിമയിലും അഭിനയിക്കാന്‍ കഴിഞ്ഞത് പ്രേക്ഷകര്‍ തന്ന അംഗീകാരം സിനിമാ മേഖലയിലും ലഭിച്ചു തുടങ്ങിയശേഷമാണ്.


  • നാടക വേദികളില്‍ നിന്നും ലഭിച്ച ശക്തമായ അഭിനയ അനുഭവത്തിന്റെ പിന്‍തുണയുള്ള കലാകാരനാണ് താങ്കള്‍. ആ അനുഭവം സിനിമയിലെ പ്രകടനങ്ങള്‍ക്ക് എത്രത്തോളം സഹായകമായിട്ടുണ്ട് ? 


നാടക വേദികളില്‍ നിന്നും എനിക്ക് ലഭിച്ചത് ശക്തമായ അടിത്തറയാണ്. എന്നിലുള്ള നടനെ വാര്‍ത്തെടുത്തത് ഞാന്‍ അഭിനയിച്ച നാടകങ്ങളും അവിടെ നിന്നും കിട്ടിയ ഗുരുക്കന്‍മാരുമാണ്.


  • നാടക നടന്‍മാര്‍ സിനിമാഭിനയ രംഗത്തേക്ക് എത്തുമ്പോള്‍ അവരുടെ അഭിനയത്തില്‍ നാടകീയത കലരാനുള്ള സാധ്യത കൂടുതലാണ് എന്ന് പല സംവിധായകരും പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍ താങ്കളെ പോലുള്ള നടന്‍മാരില്‍ അത് തോന്നിക്കുന്നുമില്ല. ഇത്തരത്തിലുള്ള നാടകീയത ഒഴിവാക്കാന്‍ താങ്കള്‍ ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ടോ ?


 അതിനെപറ്റി ആധികാരികമായി പറയാന്‍ എനിക്ക് പറ്റി എന്നുവരില്ല. എങ്കിലും തിയേറ്റര്‍ ആവശ്യപ്പെടുന്നതും സ്‌ക്രീന്‍ ആവശ്യപ്പെടുന്നതും രണ്ടുരീതീയില്‍ ഉള്ള പ്രകടനങ്ങളാണ്. നമ്മള്‍ ഒരു വേദിയില്‍ അഭിനയിക്കുമ്പോള്‍ ലൈവ് ആയിട്ടുള്ള വലിയ ഒരു പ്രേക്ഷക സമൂഹത്തിന്റെ മുന്നില്‍ വച്ചാണ് പെര്‍ഫോം ചെയ്യുന്നത്. അവിടെ പ്രേക്ഷകനാണ് വലുത്. എന്നാല്‍ സിനിമയെ സംബന്ധിച്ച് ഇത് വ്യത്യസ്ഥമാണ്. നമ്മുടെ ശരീരത്തിന്റ യതാര്‍ത്ഥ വലുപ്പത്തേക്കാള്‍ കൂടുതലായിരിക്കും സ്‌ക്രീനില്‍ നമ്മുടെ പ്രസന്‍സ് എന്നു പറയുന്നത്. അതുകൊണ്ടുതന്നെ നാടകത്തില്‍ നമ്മള്‍ കൊടുക്കുന്ന എക്സ്പ്രഷനുകള്‍ അതേ തീവ്രതയില്‍ സ്‌ക്രീനില്‍ അവതരിപ്പിച്ചാല്‍ അതിന്റെ സ്വാഭാവികത നഷ്ടപ്പെടും. ആദ്യകാലത്ത് എനിക്കും ഈ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പിന്നീട് നമുക്ക് അവസരം തന്ന സംവിധായകരുടെ പരിശീലനം കൊണ്ടാണ് ഇത് മാറ്റാന്‍ കഴിഞ്ഞത്.


  • കഴിവുണ്ടായിട്ടും നല്ല അവസരങ്ങള്‍ ലഭിക്കാത്ത ഒട്ടനവധി കലാകാരന്‍മാര്‍ സിനിമയിലുണ്ട്. അത്തരത്തിലുള്ള അംഗീകാരം ലഭിക്കാതെ ഒരുപാടുകാലം സിനിമയില്‍ പ്രവര്‍ത്തിച്ചയാളാണ് താങ്കള്‍. 


തലവര നന്നായതുകൊണ്ടാവാം. ഞാന്‍ മാത്രനല്ല. കഴിവുകളുള്ള ഒട്ടനവധി ആളുകള്‍ നല്ല അവസരം ലഭിക്കാതെയും തിരിച്ചറിയപ്പെടാതെയും പോകുന്നുണ്ട്. അതുപോലെ തന്നെ ഈ മേഖലയിലേക്ക് ഒരു പ്രവേശനം ആഗ്രഹിച്ച് നില്‍ക്കുന്ന ധാരാളം പേര്‍ പുറത്തുമുണ്ട്. സമയം ശരിയോകുമ്പോള്‍ സംഭവിക്കേണ്ടത് സംഭവിക്കും. എന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ. ഭാഗ്യ നിര്‍ഭാഗ്യങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. നമ്മള്‍ ചെയ്യുന്ന പ്രവൃത്തി, അത് നല്ലതാണെങ്കിലും മോശപ്പെട്ടതാണെങ്കിലും, അതിന്റെ ഫലം നമ്മള്‍ അനുഭവിക്കും. അതുപോലെ തന്നെ, മതം പോലെയുള്ള പ്രത്യേക ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള ഒരു ആത്മീയ ചിന്തകളും എനിക്കില്ല. ലോകത്തെ നിയന്ത്രിക്കാന്‍ പരമമായ ഒരു ശക്തിയുണ്ട്. ആ ശക്തിയിലാണ് ഞാന്‍ വിശ്വസിക്കുന്നത്.

Read More >>