രാജ്യത്തെ വായുമലിനീകരണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്

ശ്വാസകോശ-ഹൃദയസംബന്ധമായ അസുഖങ്ങളില്‍ വന്‍ വര്‍ധനവാണ് രാജ്യത്ത് പ്രതിവര്‍ഷമുണ്ടാകുന്നത്.

രാജ്യത്തെ വായുമലിനീകരണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്

വായു മലിനീകരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍. ലോകത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. വായുമലിനീകരണമാണ് ഇതിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യക്കാരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം യൂറോപ്യന്‍കാരെയും അമേരിക്കക്കാരേയും അപേക്ഷിച്ച് മുപ്പത് ശതമാനം ദുര്‍ബലമാണെന്ന് പൂനെയിലെ ചെസ്റ്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. സന്ദീപ് സാല്‍വി പറയുന്നു.


വായു മലിനീകരണം കൂടിവരുന്നതിനനുസരിച്ച് ലോകത്ത് ആസ്ത്മയടക്കമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളും വര്‍ധിച്ചുവരുന്നതായി ഇദ്ദേഹം പറയുന്നു.

വാഹനങ്ങളുടെ അതിപ്രസരമാണ് മനുഷ്യന്റെ ആരോഗ്യത്തെ ദുര്‍ബലമാക്കുന്നതിന്റെ പ്രധാന കാരണമെന്ന് ഡോ. സാല്‍വി പറയുന്നു. '1951 ല്‍ ഇന്ത്യയില്‍ 3 മില്യണ്‍ വാഹനങ്ങളാണുണ്ടായിരുന്നത്. 1997 ല്‍ ഇത് 37.2 മില്യണായി വര്‍ധിച്ചു. 2012 രാജ്യത്തെ മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം 100 മില്യണിന് മുകളിലാണ്.' അദ്ദേഹം പറഞ്ഞു.

ഡീസല്‍ വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുക ശ്വാസകോശത്തിന് വലിയ കേടുപാടുകള്‍ വരുത്തുന്നതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ശ്വാസകോശ-ഹൃദയസംബന്ധമായ അസുഖങ്ങളില്‍ വന്‍ വര്‍ധനവാണ് രാജ്യത്ത് പ്രതിവര്‍ഷമുണ്ടാകുന്നത്.

പൂനെയിലെയും നാഗ്പൂരിലെയും 16,000 ഓളം കുട്ടികളില്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായത് റോഡരികിലുള്ള ജീവിതം കുട്ടികളില്‍ ആസ്ത്മ വരാനുള്ള സാധ്യത രണ്ടര ശതമാനം കൂടുതലാണെന്നാണ്.

ദി ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ്(ജിബിഡി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2010 ല്‍ ഇന്ത്യയില്‍ വായു മലിനീകരണം മൂലം 627,000 മരണങ്ങളുണ്ടായെന്നാണ്. 2010 ല്‍ ലോകത്താകമാനം 3.2 മില്യണ്‍ അകാലമരണമുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

എയിംസിലെ മുന്‍ ഓങ്കോളജി തലവന്‍ ഡോ. വിനോദ് റയ്‌ന പറയുന്നത്, പ്രതിവര്‍ഷം കാന്‍സര്‍ ബാധിതരായ പത്ത് ലക്ഷം ആളുകളാണ് എത്തുന്നത് എന്നാണ്. ഇതില്‍ ഏകദേശം ഒരു ലക്ഷം പേര്‍ ശ്വാസകോശ കാന്‍സര്‍ ബാധിതരാണ്. ഇതില്‍ വായുമലിനീകരണം മൂലം രോഗം ബാധിച്ചവര്‍ എത്രയെന്ന് നിര്‍ണിയിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പുകവലി ശീലമില്ലാത്ത ശ്വാസകോശ അര്‍ബുദം ബാധിച്ചവരില്‍ അറുപത് ശതമാനത്തിന്റേയും രോഗ കാരണം വായുമലിനീകരണമാണെന്ന് ബോസ്റ്റണിലെ ഹെല്‍ത്ത് എഫക്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പള്‍ സയിന്റിസ്റ്റ് ഡോ. ആരോണ്‍ കോഹന്‍ ചൂണ്ടിക്കാട്ടുന്നു.

ദരിദ്ര-വികസ്വര രാജ്യങ്ങളില്‍ വായുമലിനീകരണം രൂക്ഷമാണെന്ന വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഈ വര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ടും ഇതിനൊപ്പം ചേര്‍ത്തു വായിക്കാം. പ്രതിവര്‍ഷം മൂന്ന് മില്യണ്‍ അകാല മരണങ്ങളാണ് വായുമലിനീകരണം മൂലമുണ്ടാകുന്നത്.

ഡബ്ല്യൂഎച്ച്ഒയുടെ എയര്‍ ക്വാളിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്. 2008 മുതല്‍ 2013 വരെയുള്ള കാലയളവില്‍ നഗരങ്ങളിലെ വായു മലിനീകരണത്തില്‍ എട്ട് ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് വര്‍ഷം മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയായിരുന്നു മുന്‍പന്തിയിലുണ്ടായിരുന്നത്.