കോടതികളിൽ ആളൂർ ശ്രമിച്ചത് സൗമ്യയെ ഹീനമായി സ്വഭാവഹത്യ ചെയ്യാൻ, വക്കീലിനെതിരെ ബാർ കൗൺസിൽ ഇടപെടണമെന്നും കേരള ഹൈക്കോടതി

പ്രസിദ്ധീകരിക്കാൻ സാധ്യമല്ലാത്ത കാര്യങ്ങളാണ് അന്വേഷണോദ്യോഗസ്ഥനായ ചെറുതുരുത്തി എസ്ഐയെ വിസ്തരിച്ചതിലൂടെ സ്ഥാപിക്കാൻ ശ്രമിച്ചത്. 47-ാം സാക്ഷിയായ തൃശൂർ മെഡിക്കൽ കോളജിലെ പോലീസ് സർജനിൽനിന്ന് സ്വയംഭോഗത്തെക്കുറിച്ചും ലൈംഗികബന്ധത്തെക്കുറിച്ചുമൊക്കെയുളള അനാവശ്യമായ വിശദാംശങ്ങളാണ് തേടിയതെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു

കോടതികളിൽ ആളൂർ ശ്രമിച്ചത് സൗമ്യയെ ഹീനമായി സ്വഭാവഹത്യ ചെയ്യാൻ, വക്കീലിനെതിരെ ബാർ കൗൺസിൽ ഇടപെടണമെന്നും കേരള ഹൈക്കോടതി

ഗോവിന്ദച്ചാമി ക്രൂരമായി കൊലപ്പെടുത്തിയ സൗമ്യയെ കോടതിമുറികളിൽ ഹീനമായി സ്വഭാവഹത്യ ചെയ്ത പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ആളൂരിനെതിരെ ഹൈക്കോടതി വിധിയിലുളളത് രൂക്ഷ പരാമർശങ്ങൾ. ക്രോസ് വിസ്താരത്തിൽ അനാവശ്യവും അപകീർത്തിപരവുമായ ചോദ്യങ്ങളാണ് അഡ്വ. ആളൂരിന്റെ ഭാഗത്തു നിന്നും ഉയർന്നതെന്ന് തെളിവുകൾ നിരത്തി ജസ്റ്റിസ് കെമാൽ പാഷ വിധിന്യായത്തിൽ വിമർശിക്കുന്നു. നീതിയുടെ താൽപര്യം സംരക്ഷിക്കാൻ ഇയാൾക്കെതിരെ കേരളത്തിലെയും ഇന്ത്യയിലെയും ബാർ കൗൺസിൽ ഇടപെടണമെന്നും വിധിയുടെ  ഖണ്ഡിക 365 ൽ ജസ്റ്റിസ് കെമാൽപാഷ നിർദ്ദേശിച്ചിട്ടുണ്ട്.


[caption id="attachment_43609" align="aligncenter" width="640"]ആളൂരിനെതിരെ ബാർ കൌൺസിലുകൾ ഇടപെടണമെന്ന് കേരള ഹൈക്കോടതി ആളൂരിനെതിരെ ബാർ കൌൺസിലുകൾ ഇടപെടണമെന്ന് കേരള ഹൈക്കോടതി[/caption]

താനായിരുന്നു സൗമ്യയ്ക്കു വേണ്ടി ഹാജരായിരുന്നതെങ്കിൽ ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുമായിരുന്നുവെന്നാണ് സുപ്രിംകോടതി വിധി വന്നശേഷം ആളൂർ പ്രതികരിച്ചത്. സർക്കാർ അഭിഭാഷകർ പ്രൊഫഷണലായല്ല കേസു വാദിച്ചതെന്നും ആരോപിച്ചിരുന്നു. എന്നാൽ സ്വയം പ്രൊഫഷണലാണെന്ന് കൊട്ടിഘോഷിക്കുന്ന ആളൂരിന്റെ തനിനിറം ഹൈക്കോടതി വിധിയിൽ അക്കമിട്ടു വിവരിച്ചിട്ടുണ്ട്.

സൗമ്യയ്ക്ക് മുഹമ്മദ് ജഫ്രി എന്നയാളുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്നു സ്ഥാപിക്കാൻ 81-ാം സാക്ഷിയായിരുന്ന ചേലക്കര സിഐയെ ആറു ദിവസമാണ് ആളൂർ തുടർച്ചയായി വിസ്തരിച്ചത്. സൗമ്യയെ പലപ്പോഴും റെയിൽവേസ്റ്റേഷനിൽ നിന്ന് വീട്ടിലെത്തിച്ചിരുന്ന ഓട്ടോ ഡ്രൈവർ ഭർത്താവിനെപ്പോലെയായിരുന്നു എന്ന് വാദിക്കാൻ ശ്രമിച്ച ആളൂരിന് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുന്നതിൽനിന്ന് പിന്മാറണമെന്ന താക്കീതു നൽകിയകാര്യം 353-ാം ഖണ്ഡികയിൽ എടുത്തു പറയുന്നു. സ്വഭാവഹത്യ സ്ഥാപിക്കാനുളള പ്രതിഭാഗം വക്കീലിന്റെ ശ്രമം വഴി മരണത്തിനു ശേഷവും സൗമ്യയുടെ അഗ്നിപരീക്ഷ തുടരുകയായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിക്കുന്നു.

പ്രസിദ്ധീകരിക്കാൻ സാധ്യമല്ലാത്ത കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ചെറുതുരുത്തി എസ്ഐയെ വിസ്തരിച്ചതിലൂടെ സ്ഥാപിക്കാൻ ശ്രമിച്ചത്. 47-ാം സാക്ഷിയായ തൃശൂർ മെഡിക്കൽ കോളജിലെ പോലീസ് സർജനിൽനിന്ന് സ്വയംഭോഗത്തെക്കുറിച്ചും ലൈംഗികബന്ധത്തെക്കുറിച്ചുമൊക്കെയുളള അനാവശ്യമായ വിശദാംശങ്ങളാണ് തേടിയതെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

മാധ്യമശ്രദ്ധ കിട്ടാനും കോടതി നടപടികൾ വലിച്ചു നീട്ടാനും തരംതാണ തന്ത്രങ്ങളാണ് ആളൂർ പയറ്റിയത്. കേസുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളായിരുന്നു ദീർഘമായ ക്രോസ് വിസ്താരങ്ങളിലുടനീളം പരാമർശിച്ചത്.

ആളൂർ കോടതിയ്ക്കൊരു ശല്യമായി മാറിയെന്ന് വിധിയിലൊരുഭാഗത്ത് തുറന്നടിക്കുന്നുണ്ട്. അതിനു കാരണവും വിധിയിലുണ്ട്. യാതൊരു കാര്യവുമില്ലാതെ 'പച്ചക്കുതിര' മാസികയുടെ എഡിറ്ററെയും റിപ്പോർട്ടറെയും ആളൂർ സാക്ഷികളാക്കി വിസ്തരിച്ചു. അപായച്ചങ്ങല പിടിച്ച് ട്രെയിൻ നിർത്താൻ ശ്രമിക്കാതിരുന്നതിനെ അഭിനന്ദിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാൻ ഡോ. സുകുമാർ അഴിക്കോട് അടക്കം നാലുപേരെ സാക്ഷികളാക്കാൻ ശ്രമിച്ചു. അന്ന് സ്പീക്കറായിരുന്ന കെ രാധാകൃഷ്ണനെയും മന്ത്രിയായിരുന്ന കെപി രാജേന്ദ്രനെയും ഒരു കാര്യവുമല്ലാതെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി. വ്യക്തമായ മേൽവിലാസം പോലുമില്ലാത്ത ആളിനെയാണ്, പ്രതി സംഭവദിവസം തന്നോടൊപ്പമുണ്ടായിരുന്നു എന്നു സ്ഥാപിക്കാൻ അവതരിപ്പിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.

പ്രതിയിൽ നിന്ന് പോലീസ് ശേഖരിച്ച ശുക്ലം പിന്നീട് പ്രതിയ്ക്കെതിരെയുളള തെളിവായി കെട്ടിച്ചമച്ചുവെന്നായിരുന്നു ആളൂരിന്റെ ഏറ്റവും പ്രധാനവാദം. ഒരു നിമിഷത്തേയ്ക്കെങ്കിലും വിശ്വസിക്കാൻ കഴിയുന്ന ആരോപണമാണോ ഇതെന്ന് ചോദിച്ചാണ് കോടതി ഈ വാദം തളളിയത്. ജീവച്ഛവമായി ഐസിയുവിലെ വെൻറിലേറ്ററിൽ കിടക്കുന്ന ഇരയുടെ ഗുഹ്യഭാഗത്ത് പ്രതിയുടെ ശുക്ലം തേച്ച് തെളിവുണ്ടാക്കാൻ ശ്രമിച്ചു എന്ന വാദം തങ്ങൾ വിശ്വസിക്കണോയെന്നും കോടതി ചോദിച്ചു.

ആളൂരിന്റെ വിഡ്ഢിച്ചോദ്യങ്ങളിൽ സഹികെട്ട കോടതി ഇക്കാര്യങ്ങൾ ചോദിക്കണമെന്ന് പ്രതിയിൽ നിന്ന് രേഖാമൂലം നിർദ്ദേശം കിട്ടിയിട്ടുണ്ടോ എന്ന് ആരാഞ്ഞു. കോപാകുലനായ ആളൂർ, താനും കക്ഷിയും തമ്മിലുളള "പ്രൊഫഷണൽ വിനിമയങ്ങൾ" കോടതിയിൽ വെളിപ്പെടുത്താനാവില്ലെന്നാണ് പ്രതികരിച്ചത്. കേസുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളെക്കുറിച്ചുളള ചോദ്യങ്ങളിൽ യാതൊരു "പ്രൊഫഷണൽ വിനിമയ"ങ്ങളും ദർശിക്കാൻ തങ്ങൾക്കു കഴിയുന്നില്ലെന്ന് വിധിയിൽ കോടതി പരിഹസിക്കുന്നു.

അനാവശ്യവും സൗമ്യയെ വ്യക്തിഹത്യ ചെയ്യുന്നതുമായ ചോദ്യങ്ങൾ എങ്ങനെ കീഴ്ക്കോടതിയിൽ അനുവദിക്കപ്പെട്ടു എന്നും ഹൈക്കോടതി ആരാഞ്ഞു. അനാവശ്യ ചോദ്യങ്ങൾ കീഴ്ക്കോടതി തടഞ്ഞപ്പോഴൊക്കെ കോടതിയോട് ആളൂർ വഴക്കിടുകയും പൊട്ടിത്തെറിക്കുകയും ചെയ്ത കാര്യം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തിയ കാര്യവും വിധിയിൽ എടുത്തു പറയുന്നുണ്ട്.