ഓം... എംകെ ദാമോദരായ നമഹ...

എന്തുകൊണ്ട് എംകെഡി? അതാണ് ചോദ്യം. അതുമാത്രമാണ് ചോദ്യം. ഇത്രയും കാലം 'മാര്‍ക്‌സിസ്റ്റ് ഭീകര' വക്കീലായിരുന്നു അദ്ദേഹം. കണ്ണൂരിലെ അക്രമികളുടെ 'ഹൈക്കോടതി ദൈവ'മെന്ന് കോണ്‍ഗ്രസുകാരാല്‍ പരസ്യമായി ആക്ഷേപിക്കപ്പെട്ട അഭിഭാഷകന്‍. മാര്‍ക്‌സിസ്റ്റുകാരനും കണ്ണൂര്‍ക്കാരനുമായ ദാമോദരന്‍. അതായിരുന്നു അവര്‍ എംകെഡിയ്ക്കു നല്‍കിയ എക്‌സ്പാന്‍ഷന്‍.

ഓം... എംകെ ദാമോദരായ നമഹ...

വിജിലന്‍സ് കേസില്‍ പ്രതിയായവരും ആകാനിരിക്കുന്നവരുമായ യുഡിഎഫ് നേതാക്കള്‍ക്ക് പൊടുന്നനെ എറണാകുളം കച്ചേരിപ്പടിയില്‍ ഒരു ആപത്ബാന്ധവനുണ്ടായിരിക്കുന്നു. സാക്ഷാല്‍ എംകെ ദാമോദരന്‍. സ്വന്തം പൂജാമുറിയിലെ ദാമോദരന്‍ വക്കീലിന്റെ ചിത്രത്തെ  ചന്ദനത്തിരി കത്തിച്ചും കുന്തിരിക്കം പുകച്ചും പ്രസാദിപ്പിക്കാന്‍ ശ്രമിക്കുന്ന മുന്‍മന്ത്രിമാരുണ്ടത്രേ. ആരതിയുഴിഞ്ഞും മെഴുകുതിരി കൊളുത്തിയും ആപത്തില്‍നിന്ന് രക്ഷിക്കണേയെന്ന് പ്രാര്‍ത്ഥിക്കുന്നവരും. മുട്ടുകുത്തി മുട്ടിപ്പായി താണുകേഴുന്നവര്‍, ശീര്‍ഷാസനത്തില്‍ ശരണമന്ത്രം ജപിക്കുന്നവര്‍...  വൃതം നോറ്റ്, ഇരുമുടിയേന്തി, ശരണം വിളിച്ച്  എംകെ ദാമോദരന്‍ അസോസിയേറ്റ്‌സിന്റെ പടികയറേണ്ട ദിവസം കാത്തു കഴിയുന്നവര്‍. 'ദാമോദരന്‍ എവിടെയോ, അവിടെയാണാശ്വാസം' എന്ന് പല യുഡിഎഫ് നേതാക്കളുടെയും മൊബൈലിന്റെ റിംഗ്ബാക് ടോണ്‍.


രണ്ടായിരം ടണ്‍ കശുവണ്ടി ഇറക്കുമതി ചെയ്ത വകയില്‍ സംഭവിച്ചുപോയ അഴിമതിക്കേസിലെ പ്രതിയാണ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. ബാര്‍ തുറക്കാനും അടയ്ക്കാനും കോഴ വാങ്ങിയ കേസിലെ പ്രതിയാണ് കരിങ്ങോഴക്കാരന്‍ മാണി. ഇരുവരുടെയും വക്കാലത്ത് എംകെ ദാമോദരന്. കെ ബാബുവാണെങ്കില്‍ മാലയിട്ടു കഴിഞ്ഞു. 'താന്‍ താന്‍ നിരന്തരം ചെയ്‌തൊരു കര്‍മ്മഫല ദോഷങ്ങള്‍' തീര്‍ക്കാന്‍ തൃപ്പൂണിത്തുറയിലെ കല്ലും മുളളും ചവിട്ടി എംകെഡി അസോസിയേറ്റ്‌സിലേയ്ക്ക് 'കഠിനതരമായോരു ഹഠയോഗയാത്ര'യ്ക്കു തയ്യാറെടുക്കുകയാണദ്ദേഹം. കോഴ മുതലിന്റെ ചങ്കും കരളും കച്ചേരിപ്പടിയിലെ കാണിക്കപ്പെട്ടി കൊണ്ടുപോകുമെന്നു ചുരുക്കം.

എന്തുകൊണ്ട് എംകെഡി? അതാണ് ചോദ്യം. അതുമാത്രമാണ് ചോദ്യം. ഇത്രയും കാലം 'മാര്‍ക്‌സിസ്റ്റ് ഭീകര' വക്കീലായിരുന്നു അദ്ദേഹം. കണ്ണൂരിലെ അക്രമികളുടെ 'ഹൈക്കോടതി ദൈവ'മെന്ന് കോണ്‍ഗ്രസുകാരാല്‍ പരസ്യമായി ആക്ഷേപിക്കപ്പെട്ട അഭിഭാഷകന്‍. മാര്‍ക്‌സിസ്റ്റുകാരനും കണ്ണൂര്‍ക്കാരനുമായ ദാമോദരന്‍. അതായിരുന്നു അവര്‍ എംകെഡിയ്ക്കു നല്‍കിയ എക്‌സ്പാന്‍ഷന്‍.

ആ കാലം പോയി. ഉമ്മന്‍ചാണ്ടി ആന്‍ഡ് കമ്പനിയ്ക്കു വേണ്ടി അഹോരാത്രം പണിയെടുത്ത പഴയ അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണിയെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫലിയെയും ആര്‍ക്കും വേണ്ട. എല്ലാവര്‍ക്കും എംകെ ദാമോദരന്‍ എന്ന പഴയ പടക്കുതിരയെ മതി. ഇതൊക്കെ മനസിലാക്കിയാണ് പികെ കുഞ്ഞാലിക്കുട്ടി പണ്ടേയ്ക്കു പണ്ടേ ദാമോദരന്‍ വക്കീലിന്റെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ കയറിപ്പറ്റിയതും ലൈക്കും ഷെയറും എമ്പാടും വാരിക്കൂട്ടിയതും.

ഹൈക്കോടതിയിലെ തൂണുകള്‍ അടക്കം പറയുന്ന ഒരു ഗോസിപ്പുണ്ട്. കറുത്ത ഗൗണ്‍ പിടിച്ചുകുലുക്കി ദാമോദരന്‍ വക്കീല്‍ കോടതിലെഴുന്നേല്‍ക്കുമ്പോള്‍ നീതി പീഠത്തിലിക്കുന്ന ജഡ്ജിയ്ക്ക് ഒരു പ്രസ്ഥാനം എഴുന്നേറ്റു നില്‍ക്കുന്നതായി തോന്നുമത്രേ. ആ സ്‌നേഹവും ആദരവും ഏതാണ്ടെല്ലാ യുവറോണര്‍മാരും അദ്ദേഹത്തോടു കാണിക്കുന്നുണ്ട്.  സംശയമുളളവര്‍ എംവി ജയരാജനെ കോടതിയലക്ഷ്യത്തിന് ആറുമാസം തടവിനു ശിക്ഷിച്ച വിധിന്യായത്തിന്റെ അവസാന ഭാഗം വായിച്ചു നോക്കുക. അവിടെ ഇങ്ങനെയെഴുതി വെച്ചിട്ടുണ്ട് :  Senior Advocate Sri. M.K. Damodaran was at his best in defending this case. The dexterity with which he cut across the witnesses examined in support of the charge and mustered defence evidence and finally argued the case was a delightful forensic treat. We have no better expressions at our command to pay ourencomiums to Sri. Damodaran. ഈ വിധിയെഴുതിയത് ജസ്റ്റിസ് വി രാംകുമാറായിരുന്നു!

കേസ് തോറ്റ വക്കീലിനെ ഏതെങ്കിലും കോടതി ഇതേപോലെ പുകഴ്ത്തിയിട്ടുണ്ടോ?  സംശയമാണ്. എംവി ജയരാജനെ ശിക്ഷിച്ചതിലൂടെ സിപിഐ(എം) നേതാക്കള്‍ക്ക്  ഒരു പണി കൊടുക്കുകയായിരുന്നു ഹൈക്കോടതി.  അപ്പോള്‍പ്പോലും എംകെ ദാമോദരന്റെ ഈഗോ സാറ്റിസ്ഫാക്ഷന്‍ എത്ര ഉത്തരവാദിത്തത്തോടെയാണ് നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്! എല്ലാ അഭിഭാഷകര്‍ക്കും കിട്ടുന്ന സൗഭാഗ്യമല്ലിത്.

ഇതൊന്നും ചെറിയ കാര്യമല്ല. കേരളത്തിലെ ഏറ്റവും മികച്ച ക്രിമിനല്‍ അഭിഭാഷകനാണ് എംകെ ദാമോദരന്‍. 1964ല്‍ അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ച് ഒരു വര്‍ഷത്തിനകം കൊലപാതകക്കേസു നടത്തിയ ചരിത്രമുണ്ട്, അദ്ദേഹത്തിന്. രണ്ടു മൂന്നു വര്‍ഷത്തിനുളളില്‍ സെഷന്‍സ് കേസുകള്‍ കൈകാര്യം ചെയ്യാനുളള വൈദഗ്ധ്യമാര്‍ജിച്ച മിടുക്കന്‍. തലശേരിയിലെ പ്രഗത്ഭ അഭിഭാഷകനായിരുന്ന അഡ്വ. എവികെ നായരുടെ ജൂനിയറായി കോടതിയിലെത്തിയ ദാമോദരന്‍ കഠിനപ്രയത്‌നം നടത്തിയാണ് കേരളത്തിലെ അറിയപ്പെടുന്ന അഭിഭാഷകരുടെ നിരയിലെത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലും കിടന്നിട്ടുണ്ട്.

നക്‌സല്‍ കേസുകളാണ് ക്രിമിനല്‍ അഭിഭാഷകനെന്ന നിലയില്‍ എംകെഡിയെ പ്രശസ്തനാക്കിയത്. തലശേരി പുല്‍പ്പളളി നക്‌സല്‍ക്കേസുകളില്‍ ആകെ പ്രതിയാക്കപ്പെട്ട 123 പേരില്‍ അറുപത്തേഴു പേരുടെയും വക്കാലത്ത് എംകെദാമോദരനായിരുന്നു. പാനൂര്‍ സോമന്‍ കേസിലെ ഹൈക്കോടതി വിധിയാണ് എംകെഡിയെ ലോകപ്രശസ്തനാക്കിയ മറ്റൊരു സംഭവം. പാനൂര്‍ എസ്‌ഐ ആയിരുന്ന സോമനെ സഹപ്രവര്‍ത്തകര്‍ വെടിവെച്ചു കൊന്നുവെന്നായിരുന്നു കേസന്വേഷിച്ച സിബിഐയുടെ കണ്ടെത്തല്‍.  ആറുപേരെയും സെഷന്‍സ് കോടതി ശിക്ഷിച്ചു. പക്ഷേ, സോമന്‍ ആത്മഹത്യ ചെയ്തതാണെന്ന് എംകെ ദാമോദരന്‍ കേരള ഹൈക്കോടതിയില്‍ വാദിച്ചു സ്ഥാപിച്ചു. കസേരയില്‍ ഇരുന്നുകൊണ്ട് ഒരാള്‍ക്കെങ്ങനെ റിവോള്‍വര്‍ നെഞ്ചിനുനേരെ ചൂണ്ടി വെടിവെയ്ക്കാമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഭിനയിച്ചു സമര്‍ത്ഥിക്കുക കൂടി ചെയ്തതോടെ ജസ്റ്റിസ് കെടി തോമസുള്‍പ്പെട്ട ബെഞ്ച് സംശയത്തിന്റെ അനുകൂല്യം നല്‍കി എല്ലാ പ്രതികളെയും വിട്ടയച്ചു.  ദാമോദരന്‍ പറഞ്ഞതാണ് സത്യമെന്ന് അന്ന് കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. രത്‌നസിംഗ് പിന്നീട് തന്നോടു സമ്മതിച്ച കാര്യം 'സോളമന്റെ തേനീച്ചകള്‍' എന്ന ആത്മകഥയില്‍ ജസ്റ്റിസ് കെടി തോമസ് ഓര്‍മ്മിക്കുന്നുണ്ട്.

ക്രിമിനല്‍ കേസില്‍പ്പെടുന്നവര്‍ എം കെ ദാമോദരനെത്തേടി പോകുന്നത്, അദ്ദേഹത്തിനു ചുറ്റും ആരോപിക്കപ്പെടുന്ന പ്രഭാവലയത്തില്‍ മയങ്ങി മാത്രമല്ല. സമര്‍ത്ഥമായി കേസു നടത്തിത്തന്നെയാണ് മിടുക്കനായ ക്രിമിനല്‍ അഭിഭാഷകന്‍ എന്ന പേര് അദ്ദേഹം സ്വന്തമാക്കിയത്.  എന്നാല്‍ മേല്‍പ്പറഞ്ഞ പ്രഭാവലയത്തെക്കുറിച്ച് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പ്രചരിപ്പിക്കുന്ന കഥകള്‍ എംകെഡിയുടെ ബാങ്ക് ബാലന്‍സ് ഇരട്ടിയ്ക്കിരട്ടിയാക്കിയിട്ടുമുണ്ട്. പണ്ടൊരു കേസില്‍ അദ്ദേഹത്തിന്റെ ഉപദേശം തേടി ഒരു വക്കീല്‍ കക്ഷിയെയും കൊണ്ട് കച്ചേരിപ്പടിയിലെത്തി. ഉപദേശത്തിന് ഫീസ് അമ്പതിനായിരം രൂപ കൊടുക്കേണ്ടി വരുമെന്ന് കക്ഷിയോട് വക്കീല്‍ ആദ്യമേ പറഞ്ഞിരുന്നു. ഇരുവരും ഓഫീസിനു മുന്നില്‍ ഊഴം കാത്തിരുന്നപ്പോള്‍ അതാ വരുന്നു, അത്യുന്നതനും മന്ത്രിയുമായിരുന്ന ഒരു സിപിഐ(എം) നേതാവ്. ഈ രംഗം കണ്ടയുടനെ ഉപദേശത്തിന്റെ ഫീസ് കക്ഷി സ്വമേധയാ ഇരട്ടിയായി ഉയര്‍ത്തിയെന്നാണ് കഥ.

ചന്ദ്രശേഖരനും കെഎം മാണിയുമടക്കമുളള യുഡിഎഫ് നേതാക്കള്‍ 'ഓം ദാമോദരായ നമഹ' ജപിക്കുന്നതിന് എംകെ ദാമോദരന്റെ പ്രൊഫഷണല്‍ മികവും ഒരു കാരണമാണ്. അതിനപ്പുറം എംകെ ദാമോദരനില്‍ പിണറായി വിജയനെയും കേരള സര്‍ക്കാരിനെയും ദര്‍ശിച്ച്, വിരമിച്ച ശേഷമുളള സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ജഡ്ജിമാര്‍ അനുകൂലവിധി പറയുമെന്നൊക്കെ വാദിക്കുന്നത് കടന്ന കൈയാവും. ആ വാദത്തിന് നിലവില്‍ തെളിവുകളൊന്നുമില്ല. നടപ്പുവിവാദങ്ങളും ആ പ്രചരണവും എംകെ ദാമോദരന്റെ ഫീസ് ഇരട്ടിയ്ക്കപ്പുറമായി ഉയര്‍ത്തിയിട്ടുണ്ട് എന്ന പിന്നാമ്പുറ സംസാരവും കേള്‍ക്കാതെ പോകുകയുമരുത്.

ഓരോ വിവാദവും എംകെ ദാമോദരനെ കൂടുതല്‍ കരുത്തനാക്കുന്നതിന്റെ കാരണവും ഇതാണ്. ശാരീരികാസ്വാസ്ഥ്യങ്ങള്‍ മറന്ന് ദാമോദര്‍ജി കോടതി മുറിയില്‍ ചീറ്റപ്പുലിയാവുകയാണ്. താനൊക്കെ ജന്മനാ ഫൈറ്റേഴ്‌സാണെന്നും പ്രായത്തിന്റെ അവശതകള്‍ മറന്ന് കൂടുതല്‍ ഊര്‍ജ്വലനാകാന്‍ ഈ വിവാദങ്ങള്‍ കാരണമായിട്ടുണ്ടെന്നും സഹപ്രവര്‍ത്തകരോട് മനസു തുറക്കാനും അദ്ദേഹം മടിക്കുന്നില്ല. പ്രതിഫലത്തുകയും കേസിന്റെ എണ്ണവും ഉത്തരോത്തരം വര്‍ദ്ധിപ്പിക്കുന്ന ഏതു വിവാദവും വക്കീലന്മാരെ ഊര്‍ജസ്വലരാക്കുക സ്വാഭാവികം.

പിണറായി സര്‍ക്കാര്‍ കോടതിയിലെത്തിക്കുന്ന യുഡിഎഫ് നേതാക്കളെ  കേസില്‍ നിന്ന് ഊരിയെടുക്കാന്‍ എന്തു മായാജാലമാണ് കേരള ഹൈക്കോടതിയില്‍ അദ്ദേഹം അവതരിപ്പിക്കുക എന്നു നമുക്കു കാത്തിരിക്കാം.