സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമിക്കെതിരെ ബലാത്സംഗം ചുമത്തിയത് കൊണ്ട് റെയില്‍വേ നഷ്ടപരിഹാരം നല്‍കാതെ രക്ഷപ്പെട്ടെന്ന് അഡ്വ. ബിഎ ആളൂര്‍

സൗമ്യ ട്രെയിനില്‍ നിന്ന് വീണുമരിച്ചതാണെങ്കില്‍ റെയില്‍വേ 30 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമായിരുന്നെന്നും ആളൂര്‍ പറഞ്ഞു. അത് മറച്ച് വെക്കാന്‍ വേണ്ടി മറ്റൊരാളുടെ മേല്‍ കുറ്റം ചുമത്തി റെയില്‍വേ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നെന്നും ആളൂര്‍ ആരോപിച്ചു.

സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമിക്കെതിരെ ബലാത്സംഗം ചുമത്തിയത് കൊണ്ട് റെയില്‍വേ നഷ്ടപരിഹാരം നല്‍കാതെ രക്ഷപ്പെട്ടെന്ന് അഡ്വ. ബിഎ ആളൂര്‍

സുധീഷ് സുധാകരന്‍

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ നീതി ലഭിക്കാതിരിക്കാന്‍ കാരണം സര്‍ക്കാരും പോലീസുമാണെന്ന് ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ അഡ്വ. ബിഎ ആളൂര്‍. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി സുപ്രീംകോടതി വിധി വന്നതിന് ശേഷമായിരുന്നു ആളൂരിന്റെ പ്രതികരണം.

താനായിരുന്നു വാദിഭാഗം അഭിഭാഷകനെങ്കില്‍ ഗോവിന്ദച്ചാമിക്ക് പരമാവധി ശിക്ഷ കിട്ടേണ്ടതാണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ പ്രതിഭാഗം വക്കീല്‍ എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്തം പ്രതിയെ രക്ഷിക്കുക എന്നതാണ്.


കെട്ടിച്ചമച്ചതോ ദുര്‍ബലമായതോ ആയ തെളിവുകളുമായാണ് സര്‍ക്കാര്‍ കോടതിയിലെത്തിയത്. ഗോവിന്ദച്ചാമിയെ ശിക്ഷിക്കാനല്ല, മറിച്ച് രക്ഷിക്കാന്‍ തക്ക പഴുതുകളാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച തെളുവുകളിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പ്രോസിക്യൂട്ടറെയോ ഏതെങ്കിലും വ്യക്തിയേയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

സൗമ്യ വധക്കേസ് പോലുള്ള കേസുകള്‍ അന്വേഷിക്കുമ്പോള്‍ ഡിവൈഎസ്പി പോലുള്ള ഓഫീസറുടെ കീഴില്‍ നിയമ ഉദ്യോഗസ്ഥനെ വെച്ചുവേണം കുറ്റപത്രം തയ്യാറാക്കേണ്ടത് എന്ന സുപ്രീംകോടതി ഉത്തരവുണ്ട്. ഈ ഉത്തരവ് പല കേസുകളിലും പാലിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് സൗമ്യ വധിക്കേസിലെ കുറ്റപത്രം. സുപ്രീംകോടതിയില്‍ നിലനില്‍ക്കാത്ത തരത്തിലുള്ള കുറ്റപത്രമായിരുന്നു സൗമ്യവധക്കേസിലേത്.

സൗമ്യ ട്രെയിനില്‍ നിന്ന് വീണുമരിച്ചതാണെങ്കില്‍ റെയില്‍വേ 30 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമായിരുന്നെന്നും ആളൂര്‍ പറഞ്ഞു. അത് മറച്ച് വെക്കാന്‍ വേണ്ടി മറ്റൊരാളുടെ മേല്‍ കുറ്റം ചുമത്തി റെയില്‍വേ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നെന്നും ആളൂര്‍ ആരോപിച്ചു.

ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രീംകോടതി വരെ ഹാജരായ തനിക്ക് അതിനനുസരിച്ചുള്ള പ്രതിഫലവും ലഭിച്ചിട്ടുണ്ടെന്നും ആളൂര്‍ പറഞ്ഞു. അഭിഭാഷകനെന്ന നിലയില്‍ കക്ഷികളുടെ രഹസ്യം തനിക്ക് വെളിപ്പെടുത്താനാകില്ല. എന്നാലും ഗോവിന്ദച്ചാമിയുടെ കേസ് ഏറ്റെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടയാള് പറഞ്ഞത് സുപ്രീംകോടതി വരെ പോയാലും ഗോവിന്ദച്ചാമിയെ രക്ഷിക്കണമെന്നാണ്. ഇതിനായി അഞ്ചംഗ അഭിഭാഷക സംഘത്തേയും രൂപികരിച്ചാണ് കീഴ്‌ക്കോടതി മുതല്‍ വാദിച്ചതെന്നും ആളൂര്‍ പറഞ്ഞു.

കൂടാതെ ഗോവിന്ദച്ചാമി കേരളത്തിലെ ജയിലില്‍ സുരക്ഷിതനല്ലെന്നും തമിഴ്‌നാട്ടിലേയോ കര്‍ണാടകയിലേയോ ജയിലിലേക്ക് മാറ്റാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുമെന്നും ആളൂര്‍ പറഞ്ഞു. കേരളത്തില്‍ പല കൊലപാതകങ്ങളും ഇതിന് മുമ്പും നടന്നിരുന്നെങ്കിലും അന്നൊന്നും ഉയരാത്ത ജനരോഷമാണ് ഗോവിന്ദച്ചാമിക്കെതിരെ ഉയര്‍ന്നത്. ഗോവിന്ദച്ചാമി തമിഴ്‌നാട്ടുകാരനായതാണ് ഇതിന് കാരണമെന്നും ആളൂര്‍ പറഞ്ഞു.