ഹരീഷ് വാസുദേവനെതിരെ അച്ചടക്ക നടപടി വേണം; ബാർ കൌൺസിലിനോട് അഭിഭാഷകൻ

ഹരീഷിന്റെ ഫേസ് ബുക്ക് പ്രതികരണം അഭിഭാഷകരുടെ അന്തസിനും വിശ്വാസ്യതയ്ക്കും കളങ്കമേൽപ്പിക്കുന്ന പ്രവൃത്തിയാണ്. മാധ്യമങ്ങളുടെ അഭാവത്തിൽ പക്ഷപാതപരമായ വിധികളാണ് ഹൈക്കോടതി പുറപ്പെടുവിക്കുന്നത് എന്ന തെറ്റായ സന്ദേശം നൽകുന്നു.

ഹരീഷ് വാസുദേവനെതിരെ അച്ചടക്ക നടപടി വേണം; ബാർ കൌൺസിലിനോട് അഭിഭാഷകൻ

ശിശു പീഡനക്കേസിലെ പ്രതിയുടെ വക്കാലത്തെടുത്ത് ജാമ്യം ലഭിച്ചതിനു ശേഷം ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ ഫേസ് ബുക്കിൽ വിവാദ പ്രതികരണം നടത്തിയ അഡ്വ. ഹരീഷ് വാസുദേവനെതിരെ അച്ചടക്ക നടപടിയാവശ്യപ്പെട്ട് ബാർ കൌൺസിലിനു പരാതി. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനായ അഡ്വ. ബി. ശ്രീകുമാറാണ് ബാർ കൌൺസിലിൽ പരാതി നൽകിയത്. ഹരീഷിന്റെ പ്രവൃത്തി അഭിഭാഷകരുടെ തൊഴിൽ മര്യാദയുടെ ലംഘനമാണെന്ന് പരാതിയിൽ ആരോപിക്കുന്നു.

harish-bar-council

ഹരീഷിന്റെ ഫേസ് ബുക്ക് പ്രതികരണം അഭിഭാഷകരുടെ അന്തസിനും വിശ്വാസ്യതയ്ക്കും കളങ്കമേൽപ്പിക്കുന്ന പ്രവൃത്തിയാണ്. മാധ്യമങ്ങളുടെ അഭാവത്തിൽ പക്ഷപാതപരമായ വിധികളാണ് ഹൈക്കോടതി പുറപ്പെടുവിക്കുന്നത് എന്ന തെറ്റായ സന്ദേശം നൽകുന്നു. പ്രതിയുടെ വക്കാലത്തെടുത്ത ശേഷം ജഡ്ജിയ്ക്കെതിരെ അപവാദപ്രചരണം നടത്തുന്നത് അഭിഭാഷകരുടെ പെരുമാറ്റ മര്യാദയുടെ ലംഘനമാണ്. കോടതിയോടും കക്ഷിയോടുമുളള കടമ വിസ്മരിച്ച് തരംതാഴ്ന്ന പബ്ലിസിറ്റിയ്ക്കു വേണ്ടിയാണ് ഫേസ് ബുക്ക് പ്രതികരണമെന്നും ഇത്തരം പോസ്റ്റുകൾ നിയമസംവിധാനത്തെയും ജഡ്ജിമാരെയും അഭിഭാഷകരെയും കുറിച്ച് സമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്നും പരാതിയിൽ ആരോപിക്കുന്നു.


എന്തും ചെയ്യാൻ മടിക്കാത്ത ഇത്തരക്കാർക്കെതിരെ ബാർ കൌൺസിൽ സ്വമേധയാ നടപടി സ്വീകരിക്കണമെന്നും അഡ്വ. ബി. ശ്രീകുമാർ ആവശ്യപ്പെട്ടു. തന്റെ ഫേസ് ബുക്ക് പ്രതികരണത്തെക്കുറിച്ച് ഹരീഷ് സ്വമേധയാ ഫേസ് ബുക്കിലൂടെ മാപ്പു പറഞ്ഞ കാര്യവും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിധി വായിച്ചു നോക്കാതെയും നിയമത്തിന്റെ പ്രയോഗം മനസിലാക്കാതെയുമാണ് ഹരീഷ് ഫേസ് ബുക്കിൽ പ്രതികരിച്ചത് എന്നതിന് ഈ മാപ്പപേക്ഷ തന്നെയാണ് തെളിവ്.

ജഡ്ജിമാരുടെയും വക്കീലന്മാരുടെയും നിയമസംവിധാനത്തിന്റെയും അന്തസ് നിലനിർത്താൻ ബാർ കൌൺസിൽ സ്വമേധയാ കേസെടുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി അവസാനിപ്പിക്കുന്നത്.

Read More >>