'പിന്നെയും' അടൂര്‍ വരുന്നു

അദ്ദേഹം ചെയ്ത 13 ചിത്രങ്ങളില്‍ എട്ടും അദ്ദേഹത്തിന്റെ സ്വന്തം കഥകളില്‍ നിന്നും വികസിപ്പിച്ചെടുത്തതാണ്.

ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്‌ നേടി 12 വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാള സിനിമ ലോകത്തേക്ക് ഒരു തിരിച്ചു വരവ് നടത്തിയത് ദിലീപിനെ നായകനാക്കി 'പിന്നെയും' എന്നാ ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ്. എഴുപത്തിയഞ്ചുക്കാരനായ അടൂരിന്റെ പതിമൂന്നാമത് ചിത്രമായ പിന്നെയും ടോര്‍ണാടോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മാസ്റ്റേഴ്സ് വിഭാഗത്തില്‍ പ്രദര്‍ശിപിക്കുന്നുണ്ട്.

അദ്ദേഹം ചെയ്ത 13 ചിത്രങ്ങളില്‍ എട്ടും അദ്ദേഹത്തിന്റെ സ്വന്തം കഥകളില്‍ നിന്നും വികസിപ്പിച്ചെടുത്തതാണ്. മറ്റൊരാളുടെ കഥയെ സ്വന്തം ഫ്രെയിമിലൂടെ ഒപ്പിയെടുക്കാന്‍ ശ്രമിക്കാതെ, സ്വന്തം ആശയത്തെ തന്‍റെതായ രീതിയില്‍ ആവിഷ്കരിക്കാന്‍ പിന്നെയും എന്നാ ചിത്രം വരെയും അദ്ദേഹത്തിനു കഴിഞ്ഞു.


കേരളത്തിലെ മധ്യ വര്‍ഗത്തിനിടയില്‍ നില നില്‍ക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രമാണ് പിന്നെയും. ഒരു കാലത്ത് ഏതൊരു സാധാരണ മലയാളിയും സ്വപ്നം കണ്ടിരുന്ന സ്വര്‍ഗ്ഗമാണ് ഗള്‍ഫ്, ആ സ്വര്‍ഗ്ഗം സ്വപ്നം കണ്ടു നടക്കുന്ന ഒരാളുടെ കഥയും ഈ ചിത്രം പറയുന്നു. അസംഖ്യം അസന്തുഷ്ടരായ ജനങ്ങള്‍ ജീവിക്കുന്ന അക്രമം നിറഞ്ഞതും ഹിംസാത്മകവും ആയ സ്ഥലമാണ് ഈ ലോകം എന്ന് അടൂര്‍ ഈ ചിത്രത്തിലൂടെ പറയാതെ പറയുന്നുവെന്ന് കാനഡിയന്‍ ഫെസ്റ്റിവല്‍ പ്രോഗ്രാമറായ കാമറൂണ്‍ ബൈലി പറയുന്നു.

സാധാരണ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് മികച്ച പിന്തുണ ലഭിക്കാറില്ല. കാനിലും, വെനീസിലും, ബെര്‍ളിനിലും ഒക്കെ മത്സര വിഭാഗത്തില്‍ ഇന്ത്യന്‍ സിനിമകള്‍ കാലു കുത്തിയിട്ട് തന്നെ വര്‍ഷങ്ങളാകുന്നു. ഈ ഒരു അവസരത്തില്‍ ടോര്‍ണാടോയിലെ മാസ്റ്റേഴ്സ് വിഭാഗത്തില്‍ പിന്നെയും എത്തിയെന്നത് തന്നെ അടൂര്‍ എന്നാ സംവിധായകന്റെ ക്ലാസ് വ്യക്തമാക്കുന്നു.

പിന്നെയും ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സരിക്കുന്നുവെന്നതില്‍ അപ്പുറം, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നാ അമൂല്യ കലാകാരന്‍ വീണ്ടും തന്‍റെ ഫ്രെയിമുകളെ പറ്റി ചിന്തിച്ചു തുടങ്ങിയെന്നത് മലയാള സിനിമ ലോകത്തിനു കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു. സിനിമകളുടെ ലോകത്തെ തേരോട്ടം അവസാനിപ്പിച്ച്‌ വിശ്രമ ജീവിതത്തിലേക്ക് കടക്കും മുന്‍പ് രാജ്യം നല്‍കുന്ന ആദരമമാണ് ഫാല്‍ക്കെ അവാര്‍ഡ്‌ എന്നാ അപ്രഖ്യാപിത വീക്ഷണം തിരുത്തി കുറിച്ച വ്യക്തി കൂടിയാണ് അടൂര്‍. ഫാല്‍ക്കെ പുരസ്ക്കാരം ലഭിച്ച ശേഷം അദ്ദേഹം ചെയ്ത ചിത്രങ്ങള്‍, പതിവിനു വിപരീതമായി മറ്റുള്ളവരുടെ കഥകളെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും, അതിലും ഒരു അടൂര്‍ ടച്ച്‌ പ്രകടമായിരുന്നു.

പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂറ്റ് പ്രശ്നങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍, അടൂരിനെ പോലുള്ള പ്രതിഭകള്‍ ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയതും ഇവിടെ നിന്നും പഠിച്ചിറങ്ങിയ ശേഷമാണ് എന്ന് ഓര്‍ക്കണം. സത്യാജിത് റോയ് അടക്കമുള്ള ബഹുമുഖ പ്രതിഭകള്‍ മറ്റുള്ളവരുടെ കഥകളെ സിനിമയാക്കി മാറ്റിയപ്പോള്‍ സ്വന്തം കഥകള്‍ക്ക് വേണ്ടി ഫ്രെയിമുകള്‍ വയ്ക്കാനാണ് അടൂരിന്റെ മനസ്സ് കൊതിച്ചത്, അദ്ദേഹം വിജയിച്ചതും അവിടെയാണ്...