മുഖ്യമന്ത്രീ, യുഎപിഎ ചുമത്തപ്പെട്ട കേരളത്തിലെ ആദ്യ ആദിവാസി യുവതി ഓണത്തിനും ജയിലിലാണ്

പോരാട്ടം സംഘടനയുടെ പേരില്‍ തിരഞ്ഞെടുപ്പു ബഹിഷ്‌കരണ പോസ്റ്റര്‍ പതിച്ചതിനാണു വയനാട് തിരുനെല്ലി അപ്പപ്പാറ സ്വദേശിയായ ഗൗരി (29) അറസ്റ്റിലാവുന്നത്. 2016 മെയ് ആറിന് വെള്ളമുണ്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. ഗൗരിയെ കൂടാതെ പോരാട്ടം പ്രവര്‍ത്തകരായ സി എ അജിതന്‍, ചാത്തു, സാബു എന്നിവരും അറസ്റ്റിലായിരുന്നു.

മുഖ്യമന്ത്രീ, യുഎപിഎ ചുമത്തപ്പെട്ട കേരളത്തിലെ ആദ്യ ആദിവാസി യുവതി ഓണത്തിനും ജയിലിലാണ്

മാനന്തവാടി: കേരളത്തിന്റെ മുക്കും മൂലയും ഓണാഘോഷത്തിമര്‍പ്പിലാകുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടു ജാമ്യംപോലും ലഭിക്കാതെ ഇരുമ്പഴിക്കുള്ളില്‍ കഴിയുകയാണു വയനാട് സ്വദേശിയായ ആദിവാസിയുവതി. ഗൗരിയുടെ തിരിച്ചുവരവ് എപ്പോഴുണ്ടാകുമെന്നറിയാതെ കാത്തിരിക്കുന്നു ഭര്‍ത്താവ് അഷ്‌റഫും അഞ്ചുവയസ്സുള്ള മകനും മാനന്തവാടി നെടുമ്പൊയിലിലുള്ള വീട്ടില്‍. കേരളത്തില്‍ യുഎപിഎ ചുമത്തി തുറുങ്കിലടക്കപ്പെടുന്ന ആദ്യത്തെ ആദിവാസി സ്ത്രീയാണ് ഗൗരി.


പോരാട്ടം സംഘടനയുടെ പേരില്‍ തിരഞ്ഞെടുപ്പു ബഹിഷ്‌കരണ പോസ്റ്റര്‍ പതിച്ചതിനാണു വയനാട് തിരുനെല്ലി അപ്പപ്പാറ സ്വദേശിയായ ഗൗരി (29) അറസ്റ്റിലാവുന്നത്. 2016 മെയ് ആറിന് വെള്ളമുണ്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. ഗൗരിയെ കൂടാതെ പോരാട്ടം പ്രവര്‍ത്തകരായ സി എ അജിതന്‍, ചാത്തു, സാബു എന്നിവരും അറസ്റ്റിലായിരുന്നു.


രാജ്യദ്രോഹക്കുറ്റം ആരോപിച്ചു നാലുപേരെയും യുഎപിഎ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് ) ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. സി എ അജിതന്‍, സാബു എന്നിവര്‍ക്കു ജാമ്യം ലഭിച്ചെങ്കിലും ഗൗരിക്കും ദളിതനായ ചാത്തുവിനും മാത്രം ജാമ്യം കിട്ടിയില്ല.
[caption id="attachment_42663" align="aligncenter" width="479"]GGGG ഗൗരി മകനൊപ്പം പോലീസ് സ്റ്റേഷനിൽ[/caption]

സ്ത്രീയെന്ന പരിഗണനപോലും നൽകാതെയാണു കരിനിയമം ഉപയോഗിച്ചു. ആദിവാസി യുവതിയെ തടങ്കലില്‍ വച്ചിരിക്കുന്നതെന്ന് പോരാട്ടം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന സംഘടനയുടെ പേരിൽ പോസ്റ്റർ പതിച്ചതെങ്ങനെ രാജ്യദ്രോഹക്കുറ്റമാവുമെന്നും അവർ ചോദ്യമുന്നയിക്കുന്നു.


 തെരഞ്ഞെടുപ്പു ബഹിഷ്‌ക്കരണം രാജ്യദ്രോഹമോ?


തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു വെള്ളമുണ്ടയിലും പരിസരത്തും പോസ്റ്റര്‍ പതിച്ചുവെന്നാണു ഗൗരി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന 'രാജ്യദ്രോഹ കുറ്റം'. 2013 നോട്ടയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ ഒരാളെ വോട്ടു ചെയ്യാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതു പ്രകാരം, വോട്ടു ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യത്തെയാണ് യുഎപിഎ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.


മാവോയിസ്റ്റ് ബന്ധമെന്ന് പൊലീസ്


നാലു മാസത്തിനിടെ ഗൗരിയുടെ ജാമ്യത്തിനായി ആറുതവണ കോടതിയെ സമീപിച്ചിരുന്നു ബന്ധപ്പെട്ടവർ. കല്‍പറ്റ ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചതേയില്ല. ഗൗരിയ്ക്കു നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കരുതെന്നും വെള്ളമുണ്ട പൊലീസ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.


പോരാട്ടം സംഘടനയുടെ പോസ്റ്ററൊട്ടിച്ചാല്‍ എങ്ങനെയാണ് മാവോയിസ്റ്റാവുകയെന്നാണ് ഗൗരിയുടെ ഭര്‍ത്താവ് അഷ്‌റഫിന്റെ ചോദ്യം. പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ഗൗരിയും സംഘവും മാവോയിസ്റ്റ് പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന  മാവോയിസ്റ്റ് സംഘടനയുമായി ഇവര്‍ക്ക് ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് ഇതിനു നൽകുന്ന വിശദീകരണം.


ദളിത്-ആദിവാസി സംഘടനകള്‍ക്ക് മൗനം


125 ദിവസമായി ഗൗരിയും ചാത്തുവും ജയിലിൽ പിന്നിട്ടിട്ടും കുറിച്യ വിഭാഗത്തില്‍പ്പെട്ട ആദിവാസി യുവതിയുടെ ജയില്‍ മോചനത്തിനു വേണ്ടി പോരാട്ടം ഒഴികെ മറ്റ് ആദിവാസി സംഘടനകളൊന്നും രംഗത്തില്ലെന്നതാണു വിചിത്രം. അജിതനും സാബുവിനും 102 ദിവസത്തിനു ശേഷമാണു ജാമ്യം ലഭിച്ചിരുന്നത്.


വെള്ളമുണ്ട പൊലീസ് ഇങ്ങനെയൊക്കെയാണ്


ഭര്‍ത്താക്കന്‍മാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി ആദിവാസി പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം മാസങ്ങള്‍ക്കു മുമ്പാണ് വയനാട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതും ഇതേ വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍. ഉന്നത ബന്ധങ്ങളുള്ള പ്രതികളെ പിടികൂടാതെ വെള്ളമുണ്ട പൊലീസ്  അനാസ്ഥ തുടര്‍ന്നപ്പോൾ വൻ ജനകീയ പ്രതിഷേധമുയർന്നു. തുടർന്നു മാത്രമാണ് നടപടിയുണ്ടായത്. സംഭവം നടന്നു ആഴ്ചകൾക്കു ശേഷമാണു പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്.


അതേ സ്റ്റേഷന്‍ പരിധിയിലാണു തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനു പോസ്റ്റര്‍ പതിച്ചതിനു സംസ്ഥാനത്താദ്യമായൊരു ആദിവാസി സ്ത്രീയെ അറസ്റ്റു ചെയ്ത് യുഎപിഎ ചുമത്തുന്നതും.


സംസ്ഥാനത്ത് യുഎപിഎ റെക്കോര്‍ഡിലേക്ക്


ഒരു വര്‍ഷത്തിനിടെ 56 പേര്‍ക്കെതിരെ സംസ്ഥാനത്ത് യുഎപിഎ ചുമത്തിയിരിക്കുന്നത്. കുറഞ്ഞ കാലയളവില്‍ ഇത്രയും യുഎപിഎ കേസുകള്‍ ചാര്‍ജ്ജ് ചെയ്തതിൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണെന്നും കണക്കുകൾ പറയുന്നു.


പ്രതിപക്ഷത്തിരിക്കെ യുഎപിഎക്കെതിരെ രംഗത്തുവന്ന എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോൾ ഇക്കാര്യത്തില്‍ മൗനത്തിലാണ്. ഗൗരിയുടെ കുടുംബം ഉറ്റുനോക്കുന്നതു അടിയന്തരാവസ്ഥയിലടക്കം കരിനിയമങ്ങളുടെ രുചിയറിഞ്ഞ കേരളത്തിലെ ആഭ്യന്തര മന്ത്രി ഇക്കാര്യത്തിൽ എന്തു മുൻകൈ എടുക്കുമെന്നാണ്.