രജിനിയും തമിഴ് മണ്ണിന്റെ രാഷ്ട്രീയവഴികളും

ഇക്കാലം കൊണ്ടുണ്ടാക്കിയ ബിംബ നിര്‍മ്മിതികൊണ്ട് രജിനി കാന്ത് ഇനിയങ്ങോട്ട് എത്രകാലം പിടിച്ചു നില്‍ക്കുന്നു എന്ന് കണ്ടു തന്നെ അറിയണം. തന്റെയൊപ്പം താരസ്വരൂപം കയറിയ കമല്‍ ഹാസന്‍ അതിന്റെ പടവുകള്‍ ഇറങ്ങാന്‍ തുടങ്ങിയിട്ടു കുറച്ചായി. രജിനിയുടെയും ശോഭയ്ക്ക് മങ്ങലേല്‍ക്കുന്ന പരാജയങ്ങള്‍ ഇതിനിടയില്‍ ഉണ്ടായെങ്കിലും തൊട്ടടുത്ത സിനിമയുടെ അപാര മാര്‍ക്കറ്റിംഗ് വിദ്യകള്‍ കൊണ്ട് രജിനിയെന്ന താരത്തിനു ഒരിടിവും സംഭവിച്ചിട്ടില്ല എന്ന് അണിയറക്കാര്‍ ആരാധകര്‍ക്ക് ഉറപ്പു കൊടുത്തുകൊണ്ടേയിരിക്കുന്നു. ആർ ജെ സലിം എഴുതുന്നു.

രജിനിയും തമിഴ് മണ്ണിന്റെ രാഷ്ട്രീയവഴികളും

ആർ ജെ സലിം

എണ്‍പതുകള്‍ ഇന്ത്യന്‍ സിനിമയുടെ ഏറ്റവും നിര്‍ണ്ണായക ശക്തി സങ്കേതങ്ങള്‍ രൂപീകരിക്കപ്പെട്ട കാലഘട്ടമാണ്. ആ എണ്‍പതുകളില്‍ മുഖ്യാധാര സിനിമകളുടെ മുന്‍നിരയില്‍ സജീവമായിരുന്ന ഏതാണ്ട് മിക്ക ഇന്ത്യന്‍ ഭാഷകളിലെയും നടന്മാര്‍ക്ക് അതിനു മുന്‍പും അവര്‍ക്ക് ശേഷവും വന്ന നടന്മാരെക്കാള്‍ കരിയര്‍ ലൈഫ് സ്പാന്‍ കൂടുതലായിരുന്നു. ഹിന്ദിയില്‍ ഖാന്‍മാരും, മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും, തെലുങ്കില്‍ ചിരഞ്ജീവി, തമിഴില്‍ കമല്‍ ഹാസന്‍, രജിനി കാന്ത്. അങ്ങനെ അവരവരുടെ ഭാഷാ സിനിമകളില്‍ ഇപ്പോഴും വലിയ ശക്തിയായി തുടരുന്ന ഇവരെല്ലാവരും തന്നെ അക്കാലയളവില്‍ സിനിമയില്‍ വന്നവരോ സജീവമായവരോ ആണ് എന്നത് കേവലമൊരു യാദൃശ്ചികതയല്ല.


ഇന്ത്യയില്‍ ടിവി വിപ്ലവമുണ്ടാവുന്നതിനു മുന്‍പ് സിനിമയില്‍ അവരവരുടെ സ്ഥാനം കണ്ടെത്തിയെന്നതാണ് ഇവരുടെയൊക്കെ കരിയര്‍ ഇന്നും നീണ്ടു നില്‍ക്കുന്നതിന്റെ കാരണം. ടിവിയുടെ തുടക്കകാലത്ത്, അതിനു അതിന്റേതായ കണ്ടന്റ് വികസിപ്പിക്കാന്‍ വന്ന കാലതാമസവും, സിനിമയോട് ഒട്ടിച്ചേര്‍ന്നുള്ള നിലനില്‍പ്പും ടിവിക്ക് സമ്മാനിച്ചത്‌ സിനിമയില്ലാതെ മുന്നോട്ടു പോകാന്‍ കഴിയാത്ത ഒരു കാലത്തെയാണ്.

ടിവിയുടെ ഈ ആശ്രയം കാരണം, മുന്‍പ് കൊട്ടകയിലെ കളി കഴിഞ്ഞാല്‍ സിനിമ ഒരോര്‍മ്മ ആകുന്നിടത്ത് നിന്നും സിനിമയ്ക്ക്‌ മറ്റൊരു കമ്പോളം കൂടി അങ്ങനെ തുറന്നു കിട്ടി. ഹോം വീഡിയോ. അവിടെ സിനിമ കണ്ടവരില്‍ അധികവും കുട്ടികളായിരുന്നു. അവരിലേക്ക്‌, അവരുടെ ബാല്യത്തിലേക്ക് സിനിമ ഇറങ്ങി ചെന്നതോട് കൂടി സിനിമകളുടെ മൈലേജ് എത്രയോ ഇരട്ടി വര്‍ധിച്ചു. അങ്ങനെ സിനിമകള്‍ക്ക് റീവാച് സാധ്യമായി. ആ റീവാച് സാധ്യമായതോട് കൂടി താരങ്ങള്‍ അവരവരുടെ സ്ഥാനം അടുത്ത തലമുറയില്‍ കൂടി അരക്കിട്ടുറപ്പിക്കുകയായിരുന്നു. സിനിമ കണ്ടും കേട്ടും വളര്‍ന്ന കുട്ടികള്‍ യുവാക്കളായപ്പോഴും അവരവര്‍ കണ്ടു വളര്‍ന്ന താരങ്ങളെത്തന്നെ നെഞ്ചേറ്റി. ഈ ഒരൊറ്റ വികാസം കാരണം താരങ്ങളുടെ കരിയറില്‍ പതിറ്റാണ്ടുകളുടെ വര്‍ധനവാണ് ഉണ്ടായത്.

തൊണ്ണൂറുകളില്‍ തമിഴ്നാട്ടില്‍ ജനിച്ച ഒരു കുട്ടിയെ സംബന്ധിച്ച് അവന്‍ ടിവിയില്‍ ഏറ്റവും അധികം കാണുന്നത് ബാഷയും അരുണാചലവും, മുത്തുവും ഒക്കെ തന്നെയാണ്. അതായത്, അവനു മുന്‍പേ സംഭവിച്ചു കഴിഞ്ഞ ഒരു താര നിര്‍മ്മിതിയില്‍ അവന്‍ അവന്റെ ബാല്യത്തിലെ തന്നെ പങ്കു ചേരുന്നു. അവന്‍ ഇന്ട്രഡ്യൂസ് ചെയ്യപ്പെടുന്നതേ രജിനി എന്ന അതിമാനുഷനിലേക്കാണ്.

അവന്‍ ചെറുപ്പമാകുബോഴേക്കും അതിനെ ചോദ്യം ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ അവന്റെയുള്ളില്‍ രജിനിയെന്ന ബിംബം കൊത്തിവെക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവും. അങ്ങനെ വളര്‍ന്നു വന്നു, ഇപ്പോള്‍ സജീവമായ തലമുറയില്‍ രജിനിയുടെ പിടി താരതമ്യേന ശക്തമാണ്. പക്ഷേ പത്തു വര്‍ഷം മുന്‍പത്തെ സിനിമയല്ല ഇന്നത്തേത് എന്നതും ഓര്‍ക്കേണ്ട കാര്യമാണ്.. രജിനി തന്നെ തന്റെ കരിയറിന്റെ പല വിധ പ്രതിസന്ധികളില്‍ക്കൂടി കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നു. ഉയര്‍ന്നുയര്‍ന്നു വരുന്ന ആരാധക പ്രതീക്ഷകള്‍ നിറവേറ്റാന്‍ തനിക്കു ചുറ്റും വിഭവങ്ങളുടെ പരിമിതി, അല്ലെങ്കില്‍ അവയുടെ ഉപയോഗത്തിലെ അപര്യാപ്തത രജിനിയുടെ കരിയറിനെ വിഴുങ്ങാന്‍ വാ തുറന്നു നില്‍ക്കുകയാണ്.

ടിവിക്ക് സ്വതന്ത്രമായി കണ്ടന്റ് വികസിപ്പിക്കപ്പെട്ടു കഴിഞ്ഞതോടു കൂടി സിനിമയോടുള്ള അതിന്റെ  ആശ്രയം പല മടങ്ങ്‌ കുറഞ്ഞു. സീരിയലുകളും ഗെയിം ഷോകളും റിയാലിറ്റി ഷോകളും മറ്റു സിനിമ ഇതര ഷോകളുമായി ചാനലുകള്‍ സിനിമയേക്കാള്‍ വളര്‍ന്ന് സിനിമക്ക് ഏറ്റവും വലിയ ഭീഷണിയായി മാറിക്കഴിഞ്ഞു. പൈറസിയുടെയും മറ്റും വിഷയങ്ങള്‍ മറു വശത്ത്. ഇനിയുണ്ടാകാന്‍ പോകുന്നത് അങ്ങേയറ്റം ക്രൌഡഡ് ആയിട്ടുള്ള ഒരു കമ്പോള സംസ്കാരമാണ്. അല്ലെങ്കില്‍ അത് ഇപ്പോഴേ അങ്ങനെ ആയിക്കഴിഞ്ഞു എന്ന് പറഞ്ഞാലും തെറ്റില്ല.

ഇരിക്കാന്‍ (താര) കസേരയുണ്ട് എന്നാല്‍ ആളില്ല എന്ന പോലത്തെ അന്‍പതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെയുള്ള കാലഘട്ടം. എണ്‍പതുകള്‍ മുതല്‍ ഇപ്പോള്‍ വരെ നീണ്ടുകിടക്കുന്ന ഇരിക്കാന്‍ ആളുമുണ്ട്, കസേരയുമുണ്ട്, കൈയ്യടിക്കാന്‍ ഫാന്സുമുണ്ട് എന്ന സുവര്‍ണ്ണ കാലഘട്ടം. എന്നാല്‍ ഇനിയങ്ങോട്ട് സിനിമ മാത്രമായി അഭിരുചികള്‍ ചുരുങ്ങുന്ന കാലഘട്ടം ഉണ്ടാകാനിടയില്ല. അതുകൊണ്ട് തന്നെ ഇനിയൊരു രജിനിയോ ചിരഞ്ജീവിയോ മോഹന്‍ലാലോ ഉണ്ടാകാനുള്ള സാധ്യത അസാധ്യം എന്ന് തന്നെ പറയണം. ഇരിക്കാന്‍ കസേരയില്ലാത്ത, കൈയ്യടിക്കാന്‍ ആളുകളും ഇല്ലാത്തപോലെ മാര്‍ക്കറ്റ്‌ അത്ര ബഹളമയമായിക്കഴിഞ്ഞു. ഇനിയുണ്ടാകുന്നത്‌ ഒറ്റപ്പെട്ട ആഘോഷങ്ങള്‍ മാത്രമാവും.

ഇക്കാലം കൊണ്ടുണ്ടാക്കിയ ബിംബ നിര്‍മ്മിതികൊണ്ട് രജിനി കാന്ത് ഇനിയങ്ങോട്ട് എത്രകാലം പിടിച്ചു നില്‍ക്കുന്നു എന്ന് കണ്ടു തന്നെ അറിയണം. തന്റെയൊപ്പം  താരസ്വരൂപം കയറിയ കമല്‍ ഹാസന്‍ അതിന്റെ പടവുകള്‍ ഇറങ്ങാന്‍ തുടങ്ങിയിട്ടു കുറച്ചായി. രജിനിയുടെയും ശോഭയ്ക്ക് മങ്ങലേല്‍ക്കുന്ന പരാജയങ്ങള്‍ ഇതിനിടയില്‍ ഉണ്ടായെങ്കിലും തൊട്ടടുത്ത സിനിമയുടെ അപാര മാര്‍ക്കറ്റിംഗ് വിദ്യകള്‍ കൊണ്ട് രജിനിയെന്ന താരത്തിനു ഒരിടിവും സംഭവിച്ചിട്ടില്ല എന്ന് അണിയറക്കാര്‍ ആരാധകര്‍ക്ക് ഉറപ്പു കൊടുത്തുകൊണ്ടേയിരിക്കുന്നു.

രജിനിയുടെ മുന്നില്‍ ഇനിയുള്ളത് രണ്ടു വഴികളാണ്

ഒന്ന്- എണ്‍പതുകളിലും തോന്നൂറുകളിലും ഒഴിച്ച പെട്രോളിന്റെ ബലത്തില്‍ ഇപ്പോഴുമോടുന്ന താരവാഹനം പോകുന്നിടത്തോളം കാലം പോട്ടെയെന്നു കരുതി സ്വയം നിന്ന് കൊടുക്കുക. അങ്ങനെ ചെയ്‌താല്‍ സംഭവിക്കുന്നത്‌ അയാളുടെ താരത്തിന്റെ ഒരു സ്ലോ ഡെത്ത് ആവും. അത് ലോകത്തെല്ലായിടത്തും താര രാജാക്കന്മാര്‍ വീണത്‌ അങ്ങനെ തന്നെയാണ്. ഹോളിവുഡ് കണ്ട ഏറ്റവും മികച്ച ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റല്ലോന്‍ ഇക്കാലത്തെ ജോകര്‍ ആകുന്നതും ഇതേ വളര്‍ച്ചാ ഘട്ടത്തിലൂടെയാണ്.

രണ്ടു – ഇപ്പോഴുള്ള സിനിമാ ലിവറേയ്ജിനെ  അതേപോലെ തന്നെ രാഷ്ട്രീയത്തിലേക്ക് കൺവേര്‍ട്ട് ചെയ്തു തന്റെ സിനിമകള്‍ കാണിച്ചുകൊടുക്കാന്‍ ശ്രമിച്ച അതേ മൂല്യബോധ ജീവിതത്തെ തമിഴന്റെ അധികാര രാഷ്ട്രീയ ബോധത്തില്‍ മുക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുക. ഇത്. അങ്ങേയറ്റം ശ്രമകരമാണ്. പക്ഷേ രജിനിയെക്കൊണ്ട് സാധിക്കാവുന്നതേയുള്ളൂ. വിജയ് കാന്തിനു കഴിയുമെങ്കില്‍ രാജിനിക്കത് അനായാസം കഴിയും. പക്ഷേ രാഷ്ട്രീയം സിനിമ പോലെ അത്ര ഗ്ലാമര്‍ ഇല്ലാത്ത ഏര്‍പ്പാടാണ്. അവിടെ ആരാധകരെക്കാളും ആരാച്ചാരുമാരാണ് കൂടുതല്‍. ഇത്രകാലം അഴുക്കുപറ്റാതെ കൊണ്ട് നടന്ന പുത്തനുടുപ്പില്‍ ചെളി പറ്റാതെ നിവര്‍ത്തിയില്ല. തമിഴനും, ദ്രവീഡിയന്‍ രാഷ്ട്രീയ പരിസരവും കാത്തിരിക്കുന്ന അത്തരമൊരു എന്‍ട്രി ഉണ്ടായാല്‍, തീര്‍ച്ചയായും ഏറെക്കാലത്തിനു ശേഷം തമിഴന്‍ കാണുന്ന ഏറ്റവും വലിയ വാര്‍ത്തയാകുമത്. അങ്ങനെയുണ്ടായാല്‍ പിന്നീട് രജിനിയെ കാത്തിരിക്കുന്നത് അധികാര രാഷ്ട്രീയത്തിന്റെ ഊട് വഴികളാണ്. അതിനുശേഷം സിനിമയില്‍ നിന്നും നിര്‍മ്മിച്ച്‌ സംരക്ഷിക്കുന്ന രജിനി കാന്തെന്ന ഇമേജ് എത്രകാലം രജിനിയുടെ കൂടെയുണ്ടാവും എന്ന് കണ്ടു തന്നെ മനസ്സിലാക്കണം. വ്യക്തിഹത്യയും ഇമേജ് ബ്രെക്കിങ്ങും സ്ഥിരമായ രാഷ്ട്രീയത്തില്‍ രജിനിയെന്ന താരം ഒരുപക്ഷേ വിയര്‍ക്കുന്നതും കാണേണ്ടി വന്നേക്കാം. കാരണം തമിഴ് രാഷ്ട്രീയം ഭരിക്കുന്നത്‌ അത്തരം ചെങ്കീരികളാണ്.

ഒരിക്കലും രണ്ടാമത്തെ ഓപ്ഷന്‍ രജിനി ഉപയോഗിക്കാന്‍ പോകുന്നില്ല എന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. പക്ഷെ താരത്തില്‍ നിന്ന് ഒരു ക്യാരിക്കേച്ചര്‍ തന്നെയായി മാറിയ രജിനിയെ സംബന്ധിച്ച് അതൊരു മൂളലിനു മാത്രം അകലത്തിലാണ്.

ശങ്കറിന്റെ യെന്തിരന്‍ രണ്ടാം ഭാഗത്തിലാണ് ഇനി രജിനിയെ ആരാധകര്‍ കാണുന്നത്. തീര്‍ച്ചയായും കബാലിയുണ്ടാക്കിയ ഹൈപ്പിനെക്കാളും പലയാവര്‍ത്തി ഹൈപ് ഉണ്ടാക്കി തന്നെയാവും ശങ്കര്‍ സിനിമ തീയേറ്ററില്‍ എത്തിക്കുക. സിനിമ വിജയമോ പരാജയമോ ആകാം. പക്ഷെ ശങ്കര്‍ രജിനിയുടെ താരമൂല്യത്തിനെ വീണ്ടും ഉയരത്തിലെത്തിക്കും എന്നത് സംശയഭേദമന്യേ വിശ്വസിക്കാം. അത് തക്ക സമയം കൂടിയാണ് രജിനിയെ സംബന്ധിച്ച്. കാരണം ഇനിയതുക്കും മേലെ ഒരു ഇരിപ്പിടം ഉണ്ടെന്നു കരുതാന്‍ നിര്‍വാഹമില്ല. അവിടന്നങ്ങോട്ട് ഇറക്കമാണ്. അതിനു മുന്‍പേ തന്റെ പേരിനെ ഉപയോഗപ്പെടുത്തി രജിനി എന്തെങ്കിലും ചെയ്യും എന്ന് തന്നെയാണ് ഈ ലേഖകനും കരുതുന്നത്. ഇനിയൊരുപക്ഷേ അങ്ങനെ ചെയ്തില്ല എന്ന് തന്നെ ആണെങ്കിലും അത് രജിനിയുടെ തലയില്‍ സന്യാസം പടരുന്നതുകൊണ്ട് എന്തായാലും ആവില്ല. മറിച്ച്, അത് രജിനി പോലും വെളിപ്പെടുത്താത്ത എന്തെങ്കിലും ഉള്‍ഭയം മൂലം തന്നെയാവും. കാലം തന്നെ ഉത്തരം നല്‍കട്ടെ.