ആർഎസ്പിയിൽ മഞ്ഞുരുകുന്നു; ബാബു ദിവാകരനു പിന്നാലെ എ വി താമരാക്ഷനും പാർടിയിലെത്തും 

''ആർഎസ്പി വിട്ടു പോയവരെ ഒന്നിപ്പിച്ചുകൊണ്ടു തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാൻ പാർട്ടിക്ക് കഴിയുമായിരുന്നു''

ആർഎസ്പിയിൽ മഞ്ഞുരുകുന്നു; ബാബു ദിവാകരനു പിന്നാലെ എ വി താമരാക്ഷനും പാർടിയിലെത്തും 

ആലപ്പുഴ:  ബാബു ദിവാകരനെ തിരിച്ചെടുത്തതിനു പിന്നാലെ  എ  വി താമരാക്ഷനെയും ആർഎസ്പി യിൽ തിരിച്ചെടുക്കാനുള്ള നീക്കം ശക്തമാകുന്നു. ഏറെക്കാലമായി അദ്ദേഹത്തോടു കലഹിച്ചു നിന്നിരുന്ന പാർട്ടി അഖിലേന്ത്യാ സെക്രട്ടറി  ടി ജെ ചന്ദ്രചൂഡനും മുൻ മന്ത്രി ഷിബു ബേബി ജോണുമാണ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പോടെ എൻഡിഎ  സഖ്യം വിട്ട താമരാക്ഷൻ ആർഎസ്പി ബോൾഷെവിക് ഉണ്ടാക്കിയതു തെറ്റായി പോയെന്നും പാർട്ടി ഒന്നാകണമെന്നും മുൻപു തന്നെ പറഞ്ഞിരുന്നു .


നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ സമ്പൂർണ പരാജയത്തിനു പിന്നാലെ അതിലേക്കു നയിച്ച കാരണങ്ങൾ ആർഎസ് പി  ഘടകങ്ങളിൽ ചർച്ചയാകുമ്പോൾ 1957 ലെ സമ്പൂർണ പരാജയത്തിനു ശേഷം ശക്തമായ തിരിച്ചു വരവു നടത്തിയ പാർട്ടി  വീണ്ടും അഭിമുഖീകരിക്കുന്നത് അതേ സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും സ്വാധീനമുള്ള താമരാക്ഷൻ വിഭാഗത്തെയും അംഗീകരിച്ചു ഒരുമിച്ചു നിൽക്കാനും കോൺഗ്രസിൻറെ ഇപ്പോഴത്തെ ബലഹീനത മുതലെടുത്തു കേരളത്തിൽ ഒരു ക്രിയാത്‌മക പ്രതിപക്ഷമായി പ്രവർത്തിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താനുമാണ്  ആർഎസ്പി നീക്കം. ഇതിനോട് താമരാക്ഷനും അനുകൂലമായി പ്രതികരിച്ചതോടെ അടുത്ത ആർഎസ് പി  സംസ്ഥാന സമിതി യോഗം നിർണായകമാകും.

 എ വി താമരാക്ഷൻ നാരദ ന്യൂസിനോട് മനസ് തുറക്കുന്നു

സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും വലിയ സംഭാവന ചെയ്ത മഹത്തായ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ആയിരുന്നു ആർഎസ് പി . 1940 മാർച്ചിൽ ബീഹാറിലെ രംഗർ ജില്ലയിലാണു ദേശീയ പാർട്ടിയായി ആർഎസ് പി  പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് ഇന്ത്യയിൽ നാലു  പാർട്ടികളെ ഉണ്ടായിരുന്നുള്ളു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കമ്മ്യൂണിസ്റ് പാർട്ടി, എം  എൻ റോയി നയിച്ചിരുന്ന റോയീസ് റാഡിക്കൽ പാർട്ടി, റെവല്യൂഷനറി കമ്മ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നിവ.  ആ സ്ഥാനത്താണ് ആ പാർട്ടികളിൽ നിന്നെല്ലാം വ്യത്യസ്തമായി ആർഎസ്പി രൂപം കൊള്ളുന്നത്

അന്നു തിരുവിതാംകൂർ , കൊച്ചി, മലബാർ ആയിരുന്നു. അന്നത്തെ പ്രബല പാർട്ടിയായിരുന്നു കെഎസ്പി ( കേരളാ സോഷ്യലിസ്റ്റ് പാർട്ടി ) മത്തായി മാഞ്ഞൂരാൻ ചെയർമാനും എൻ ശ്രീകണ്ഠൻ നായർ ജനറൽ സെക്രട്ടറിയുമായിരുന്നു. ബേബി ജോൺ, ടി കെ ദിവാകരൻ, ആർ എസ് ഉണ്ണി, കെ എം ചുമ്മാർ അടക്കമുള്ളവർ പാർട്ടി നേതാക്കന്മാരായിരുന്നു.

വക്കം പുരുഷോത്തമൻ ആദ്യകാലത്തു പാർട്ടിയിൽ പ്രവർത്തിച്ചിരുന്നു. 1940  കാലഘട്ടങ്ങളിൽ തീരുവിതാംകൂർ,കൊച്ചി, മലബാർ മേഖലകളിലെ വ്യവസായ ശാലകളിലും മറ്റു തൊഴിൽ മേഖലകളിലും നില നിന്നിരുന്ന ചൂഷണങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത കെഎസ്പി  ജന ഹൃദയങ്ങളിൽ ജീവിച്ച പാർട്ടിയായിരുന്നു. ആർഎസ്പിയുടെയും കെഎസ്പി യുടെയും ആശയങ്ങൾ ഒന്നാണെന്നു തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണു 1949ൽ കെഎസ്പി  ആർഎസ്എപി യിൽ ലയിച്ചത്. കേരള നേതാക്കൾ ബംഗാളിൽ പോയി ആർഎസ്പി  ജനറൽ സെക്രട്ടറിയായിരുന്ന തൃദീപ് ചൗധരിയുമായി ചർച്ച നടത്തിയാണ് ലയനം സാധ്യമാക്കിയത്.

കേരളത്തിന്റെ പിന്നീടുള്ള വികസനങ്ങളിൽ മഹത്തായ സംഭാവന നൽകിയ പാർട്ടിയായിരുന്നു ആർഎസ്പി. 1972 ലാണ്  ഞാൻ  ആർഎസ്പി പ്രവർത്തനം ആരംഭിക്കുന്നത്. അന്നത്തെ പാർട്ടി സംസ്ഥാന സെക്രെട്ടറി ആയിരുന്ന കുമാര പിള്ളയും എൻ ശ്രീകണ്ഠൻ നായരും ഞാൻ  പഠിപ്പിച്ചിരുന്ന ആലപ്പുഴ എസ് ഡി കോളേജിൽ വന്നു  പാർട്ടി അംഗമാക്കി . പുന്നപ്ര ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറിയായും 1973 ൽ സംസ്ഥാന വൈസ് പ്രസിഡന്റായും ആറു മാസത്തിനു ശേഷം സംസ്ഥന ജനറൽ സെക്രട്ടറി എൻ അനിരുദ്ധൻ ഉപരി പഠനാർത്ഥം അമേരിക്കയിൽ പോയ ഒഴിവിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായും പാർട്ടിയിൽ ഉയർന്നു.

ചന്ദ്രചൂഡനായിരുന്നു പ്രസിഡന്റ്. 1977, 80,82 അസംബ്ലി തെരഞ്ഞെടുപ്പുകളിൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്നും 1989 ലെ ഉപ തെരഞ്ഞെടുപ്പിൽ ഹരിപ്പാടു നിന്നും 1996 ഇൽ വീണ്ടും ഹരിപ്പാട് നിന്നും ആർഎസ്പി ചിഹ്നത്തിൽ തന്നെ നിയമസഭയിലെത്തി.  കന്നി അങ്കത്തിൽ സിപിഐഎംലെ ശക്തനായ പി കെ ചന്ദ്രാനന്ദനെ തോൽപ്പിച്ചായിരുന്നു നിയമസഭാ പ്രവേശം .

രക്ത ബന്ധത്തേക്കാൾ വലുതാണു പാർട്ടി സഖാക്കൾ തമ്മിലുള്ള ബന്ധമെന്നു പഠിപ്പിച്ച പാർട്ടിയായിരുന്നു ആർഎസ്പി . 1998 ൽ അന്നു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായിരുന്ന ബേബി ജോൺ അസുഖ ബാധിതനായി ആശുപത്രിയിലായ അവസരത്തിലാണ് ആർഎസ് പി  പോലെയുള്ള ഒരു പാർട്ടിയിൽ ഉണ്ടാവാൻ പാടില്ലാത്ത ചില പ്രവണതകൾ  ഉയർന്നു വന്നത്.

ആ സാഹചര്യത്തിലാണ്  1999 -ൽ പാർട്ടിയുടെ യഥാർത്ഥ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ആർഎസ്പി  ബോൾഷെവിക് രൂപീകരിക്കേണ്ടി വന്നത് . ഇന്ന് ആലോചിക്കുമ്പോൾ ആ തീരുമാനം തെറ്റായിപ്പോയെന്നുള്ള സ്വയം വിമർശനമാണുള്ളത്. ഏതൊരു രാഷ്ട്രീയ പാർട്ടി ആണെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ പാർട്ടിക്കുള്ളിൽ നിന്ന് തെറ്റു തിരുത്താൻ ശ്രമിക്കുകയായിരുന്നു വേണ്ടിയിരുന്നത്.  പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിൽ ആർഎസ്പിക്ക് ഈ ദുർഗതി ഉണ്ടാകുമായിരുന്നില്ല. ആർഎസ്പി  ബോൾഷെവിക്കിന്റെ സംസ്ഥാന സമ്മേളനം ആർഎസ്പി യുടെ ഏകീകരണം എന്ന മുദ്രാവാക്യം മുന്നോട്ടു വച്ചതു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് .

ആർഎസ്പി  വിട്ടു പോയിട്ടുള്ള എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടു തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാൻ പാർട്ടിക്ക് കഴിയുമായിരുന്നു. 2011-ൽ യുഡിഫിനു കിട്ടിയ മുസ്‌ലിം വോട്ടുകൾ 8.28% ആയിരുന്നു. 2016 ൽ അതു 7.4 % ആയി കുറഞ്ഞു. മുസ്‌ലിം ലീഗിന്റെ മണ്ഡലങ്ങളിൽ 25000 ഭൂരിപക്ഷം ഉണ്ടായിരുന്നത് 3000 എന്ന നിലയിലേക്കു താഴുന്ന സ്ഥിതി ഉണ്ടായി. മൊത്തം ഫണ്ടിന്റെ 60% ചിലവഴിക്കുന്ന സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന പാർട്ടിക്ക് സ്വന്തം അണികളെ കൂടെ നിർത്താൻ കഴിഞ്ഞില്ല . ആ വോട്ടുകൾ എൽഡിഎഫിനാണു കിട്ടിയത് എന്നിട്ടും എൽഡിഎഫ് വോട്ടുകൾ 2011 ലും കുറഞ്ഞത് ഗൗരവമായി കാണണം .

യുഡിഎഫ് ശക്തമാകണമെങ്കിൽ പുതിയ ലീഡർഷിപ് കോൺഗ്രസിനുണ്ടാവണം. കേരള കോൺഗ്രസ് അടക്കമുള്ള പാർട്ടികളെ മടക്കിക്കൊണ്ടു വരണം. ഈഴവ, പട്ടിക ജാതി പട്ടിക വർഗ വോട്ടുകളും നഷ്ടപ്പെട്ട മുസ്ലിം വോട്ടുകളും തിരിച്ചുകൊണ്ടു വന്നില്ലെങ്കിൽ കേരളത്തിൽ ഇനി യുഡിഎഫ് നിലനിൽക്കില്ല . ലീഗിനെ എൽഡിഎഫിൽ എടുക്കുന്നതിനുള്ള ആലോചനകൾ നാളുകളായി അണിയറയിൽ നടക്കുന്നുണ്ട് അതിനു തടസമായി നിൽക്കുന്നത് സിപിഐ യും വി എസ് അച്യുതാനന്ദനും മാത്രമാണ് .

പിളർപ്പിൽ മനംനൊന്തു പാർട്ടി പ്രവർത്തനം അവസാനിപ്പിച്ച ആയിരങ്ങൾ ആർഎസ്പി  ഒന്നാകുമെന്ന പ്രതീക്ഷയിൽ ഒരു മടങ്ങി വരവ് ആഗ്രഹിക്കുന്നു. അതു തിരിച്ചറിഞ്ഞു പാർട്ടി നേതൃത്വം തീരുമാനമെടുത്താൽ കേരളത്തിലെ ഏറ്റവും ശക്തമായ പാർട്ടിയായി ആർഎസ് പി   മടങ്ങി വരും. കേരളത്തിന്റെ യഥാർത്ഥ പ്രതിപക്ഷമായിത്തന്നെ - എ വി താമരാക്ഷൻ പറഞ്ഞു നിർത്തി.

Read More >>