''പ്രിയപ്പെട്ട പ്രസിഡന്റ്, സിറിയയില്‍ ആംബുലന്‍സില്‍ എടുത്തുകൊണ്ടുവന്ന ബാലനെ ഓര്‍ക്കുന്നില്ലേ?'' ;ആറു വയസ്സുകാരന്‍ ഒബാമക്കെഴുതിയ കത്ത് തരംഗമാകുന്നു

ഒമ്രാന് വേണ്ടി ചിത്രശലഭങ്ങളും മിന്നാമിനുങ്ങുകളും കരുതിവെച്ച് കാത്തിരിക്കുന്നുവെന്ന് ആറുവയസ്സ്കാരന്‍ അലക്സ്

സിറിയന്‍ യുദ്ധത്തിന്റെ നീറുന്ന മുഖമായി മാറിയ ഒമ്രാന്‍ ദഖ്നീഷിനെ  ദത്തെടുത്തോട്ടെ എന്ന് ചോദിച്ചു ന്യൂയോര്‍ക്കില്‍ നിന്നുള്ള ആറുവയസ്സ്കാരന്‍ അലക്സ് ഒബാമക്കെഴുതിയ കത്ത് വൈറലാകുകയാണ്. ഒബാമ തന്നെയാണ് കത്ത് പുറത്തുവിട്ടത്.

സിറിയന്‍ യുദ്ധത്തിന്‍റെ ഭയാനകമായ മുഖം ലോകത്തിനു മുന്‍പില്‍ തുറന്നുകാട്ടിയ ബാലനാണ് ഒമ്രാന്‍. സിറിയയിലെ സംഘര്‍ഷബാധിത മേഖലയായ അലപ്പോയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്നാണ് ഒമ്രാനെയും സഹോദരങ്ങളേയും രക്ഷിക്കുന്നത്. തകര്‍ന്ന വീടിനുള്ളില്‍ നിന്നും രക്തത്തില്‍ ക്കുളിച്ച മുഖവുമായി നിര്‍വികാരനായി ഇരിക്കുന്ന ഒമ്രാന്‍റെ ചിത്രം മനസ്സാക്ഷിയെ വിറങ്ങലിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.


ഒമ്രാനെ സഹോദരനായി കിട്ടാന്‍ തനിക്കും തന്‍റെ സഹോദരിക്കും ആഗ്രഹമുണ്ടെന്നും കത്തിലൂടെ അലക്സ് പറയുന്നു.'' പ്രിയപ്പെട്ട പ്രസിഡന്റ്, സിറിയയില്‍ ആംബുലന്‍സില്‍ എടുത്തുകൊണ്ടുവന്ന ബാലനെ ഓര്‍ക്കുന്നില്ലേ?'' എന്ന് പറഞ്ഞാണ് കത്തിന്റെ ആരംഭം. ഒമ്രാന് ഞാന്‍ ഒരു കുടുംബം നല്‍കാമെന്നും കളിക്കാന്‍ കൂടെകൂട്ടാമെന്നും അലക്സ് പറയുന്നു. സ്ക്കൂളില്‍ ഒമര്‍ എന്ന പേരില്‍ ഒരു സിറിയന്‍ സുഹൃത്ത് തങ്ങള്‍ക്കുണ്ടെന്നും ഒമ്രാന്‍ വന്നാല്‍ ഒമറിനെ അവനു പരിചയപ്പെടുത്തിക്കൊടുക്കാമെന്നും കത്തില്‍ അലക്സ് വിശദീകരിക്കുന്നുണ്ട്.

Omran-Daqneesh-1

എന്റെ അനിയത്തി കാതറീന്‍ ചിത്രശലഭങ്ങളും മിന്നാമിനുങ്ങുകളും ഒമ്രാന് വേണ്ടി കരുതിവെച്ചിട്ടുണ്ട്. ഒമ്രാന് കളിപ്പാട്ടങ്ങള്‍ ഇല്ലാത്തതിനാല്‍ ഞങ്ങളുടെ കളിപ്പാട്ടങ്ങള്‍ അവനു വീതിച്ചുനല്‍കും. എന്നിങ്ങനെ ഒമ്രാന് വേണ്ടി ഒരു കുടുംബം തന്നെ ഒരുക്കിനല്‍കാമെന്നു കത്തിലൂടെ അലക്സ് വാഗ്ദാനം ചെയ്യുന്നു.

ഐക്യരാഷ്ട്രസഭയില്‍ അഭയാര്‍ഥി വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ അലക്സിന്റെ കത്ത് ഒബാമ വായിച്ചുകേള്‍പ്പിച്ചതോടെയാണ്‌ മാധ്യമങ്ങള്‍ ഈ വിവരം പുറത്തുവിട്ടത്. തുടര്‍ന്ന്, അലക്സ് കത്ത് വായിക്കുന്ന വീഡിയോയും പുറത്തുവന്നു. നമ്മള്‍ ഏവര്‍ക്കും അലക്സ് ഒരു പാഠമാകണമെന്നും അലക്സിന് തന്‍റെ അഭിനന്ദനങ്ങള്‍ എന്നും ഒബാമ വ്യക്തമാക്കി.

Read More >>