ചിന്തകള്‍ യുക്തിഭദ്രമാവണമെന്നാണ് ഖുര്‍ആന്‍ ഭാഷ്യം; വേറിട്ട ചിന്തകളുമായി വീണ്ടും സിയാവുദ്ദീന്‍ സര്‍ദാര്‍

അറേബ്യയിലെ മണല്‍ക്കാറ്റിനെ ഭയന്നു അന്നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ വ്യത്യസ്തമായ കാലാവസ്ഥയുള്ള നാട്ടില്‍ പ്രവാചകചര്യയുടെ പേരില്‍ ഉപയോഗിക്കുന്നതും പ്രവാചക അധ്യാപകനെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊളളുന്നതിന്റെ ഭാഗമല്ലെന്നും നാം അറിയണം. ഇസ്ലാമിക പണ്ഡിതൻ സിയാവുദ്ദീൻ സർദാർ സംസാരിക്കുന്നു.

ചിന്തകള്‍ യുക്തിഭദ്രമാവണമെന്നാണ് ഖുര്‍ആന്‍ ഭാഷ്യം; വേറിട്ട ചിന്തകളുമായി വീണ്ടും സിയാവുദ്ദീന്‍ സര്‍ദാര്‍

ഇസ്ലാമിക നവോത്ഥാനത്തിന്റെ വളര്‍ച്ച അതാത് കാലത്തെ ജീവിത ചരിത്രത്തോടും (life histories)  ധിഷണശാലികളായ പണ്ഡിതന്മാരുടെ സംഭാവനകളോടും ബന്ധപ്പെട്ടിട്ടുള്ളതാണ്. ഈ കാരണത്താല്‍ തന്നെ സിയാവുദ്ദീന്‍ സര്‍ദാറിന്റെ ജീവിതത്തിനും ചിന്തകള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. ഫലവത്തായ രചനകള്‍, നിര്‍മ്മിച്ചെടുത്ത കാഴ്ചപ്പാടുകള്‍, ഏറെ പ്രചാരം നേടിയ ഇന്തോ-മുസ്ലിം പാരമ്പര്യ നീരീക്ഷണ പഠനത്തില്‍ നിന്നും മാറിയുള്ള ഇസ്ലാമിക സൈദ്ധാന്തിക തലം രൂപമെടുക്കുന്നതിനെ കുറിച്ചാണ് നിലവില്‍ അദ്ദേഹം സംസാരിക്കുന്നത്.


1951  ല്‍ പഞ്ചാബിലെ ദിപാല്‍പുരിയില്‍ ജനനം. ഉപരി പഠനാര്‍ത്ഥം വളരെ ചെറിയ പ്രായത്തില്‍ തന്നെ കുടുംബസമേതം യുകെയിലേക്കു കുടിയേറി. ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ഊര്‍ജതന്ത്രം, ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം നേടി.

സുദീര്‍ഘമായ നാലു പതിറ്റാണ്ടു കാലത്തിനിടയില്‍ എവിടെയൊക്കെ ഒരു നന്മയ്ക്കു സാധ്യതയുണ്ടോ അവിടെയൊക്കെ സര്‍ദാറും ഉണ്ടായിരുന്നു. മലേഷ്യയിലെ ഉപ പ്രധാനമന്ത്രിയായിരുന്ന അന്‍വര്‍ ഇബ്രാഹിമിന്റെ ഉപദേശകനായി കോലാലംപൂരില്‍, ഈസ്റ്റേണ്‍ ഐയുടെ റിപ്പോര്‍ട്ടര്‍ ആയി ലണ്ടനില്‍, ഫ്യൂച്ചര്‍ മാഗസിന്‍ പത്രാധിപര്‍, പോസ്റ്റ് കൊളോണിയല്‍ പഠനത്തില്‍ മിഡില്‍സക്‌സ് സര്‍വകലാശാലയില്‍ പ്രൊഫസര്‍; എവിടെ ആയിരുന്നാലും പുതുമയും നവീനത്വവുമുള്ള ഇസ്ലാമിക ചിന്തകള്‍ അദ്ദേഹം ലോകത്തിനു സമ്മാനിച്ചു കൊണ്ടേയിരുന്നു. വൈവിധ്യ ചിന്താഗതി നിറഞ്ഞ ഇസ്ലാം എന്നതിനെക്കാള്‍ ഒരൊറ്റ ധൈഷണികതയുള്ള ഇസ്ലാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇസ്ലാമും സാംസ്‌കാരിക ബന്ധിതവുമായ വിഷങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ച വ്യക്തികൂടിയാണ് സിയാവുദ്ദീന്‍ സര്‍ദാര്‍. മുപ്പതു വര്‍ഷത്തിനിടയില്‍ അന്‍പതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. അതില്‍ പ്രചാരം നേടിയത് ആത്മകഥാരൂപേണ രചിച്ച 'സ്വര്‍ഗം തേടി നിരാശയോടെ' എന്ന ഗ്രന്ഥമാണ്.

സിയാവുദ്ദീന്‍ സര്‍ദാറുമായി കറാച്ചിയില്‍ വച്ച് ദ ന്യൂ023സ് ഓൺ സൺഡേ ലേഖകൻ അസിം അക്തർ നടത്തിയ അഭിമുഖത്തിന്റെ പരിഭാഷ


  1. കൗമാരത്തില്‍ തന്നെ ഇസ്ലാമില്‍ ഇത്രയേറെ താല്‍പര്യം ജനിക്കാന്‍ കാരണമെന്താണ് ?


ഒന്നല്ലെങ്കില്‍ മറ്റൊരു വഴിയില്‍ എന്റെ കുടുംബം മതത്തോട് ആഭിമുഖ്യമുള്ളവരാണ്. സൂഫിസം എന്റെ പിതാവിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ മുത്തശ്ശിയാണെങ്കില്‍ പൂര്‍ണമായും പരമ്പരാഗത രീതിയില്‍ മാത്രം ജീവിക്കുന്നവരായിരുന്നു. ഇംഗ്ലണ്ടിൽ ജീവിക്കുമ്പോൾ ഒരുകുട്ടിയെ എന്തൊക്കെ പഠിപ്പിക്കണമെന്ന് എന്റെ രക്ഷിതാക്കള്‍ക്ക് നിശ്ചയമുണ്ടായിരുന്നു. കാരണം അവിടെ ഒരു ഇസ്ലാമിക ചുറ്റുപാടു പോയിട്ട് ഒരു പാക്കിസ്ഥാനി പോലും ഉണ്ടായിരുന്നില്ല. എല്ലാംകൊണ്ടും പുരോഗമന രീതി. അതിനാല്‍ എന്നും ഇസ്ലാമിനെ കുറിച്ച് അറിയാന്‍ താല്‍പര്യം ഉണ്ടായിരുന്നു.

എന്റെ പിതാവ് സാഹിവാലിലെ ഒരു ബിസ്‌കറ്റ് ഫാക്ടറിയില്‍ എഞ്ചിനീയര്‍ ആയിരുന്നു. (നിങ്ങള്‍ക്കറിയുമോ സാഹിവാള്‍, മുമ്പ് അതിന്റെ പേര് മോന്റെഗോമറി എന്നായിരുന്നു. രണ്ടു കാര്യങ്ങളിലാണ് ഇവിടം പ്രസിദ്ധം. ഒന്ന് ബിസ്‌കറ്റ് ഫാക്ടറി, മറ്റൊന്ന് ജയില്‍). പിതാവ് യൂണിയന്‍ നേതാവു കൂടിയായിരുന്നു. 1956 ല്‍ അവരൊരു സമരം സംഘടിപ്പിച്ചു. സമരം പതിവിലേറെ നീളുകയും അത് അക്രമത്തില്‍ കലാശിക്കുകയും ചെയ്തു. ഒരു  ദിവസം പിതാവ് ഇങ്ങനെ പറഞ്ഞു 'സമരം സംഘടിപ്പിച്ചതു കാരണം   പട്ടാളനിയമം ചുമത്തി തന്നെ അറസ്റ്റ് ചെയ്‌തേക്കാം. അതിനു മുന്‍പ് നാടു വിടണം'. അയ്യൂബ് ഖാന്‍ പട്ടാളനിയമം പുറപ്പെടുവിക്കുന്നതിനു തൊട്ടു മുന്‍പ് 1958 ല്‍ അദ്ദേഹം ലണ്ടനിലേക്കു രക്ഷപ്പെട്ടു. ഞങ്ങള്‍ പട്ടാള ഭരണത്തിന്റെ ആദ്യ രണ്ടു വര്‍ഷക്കാലം, അതായത് 1961 വരെ നാട്ടില്‍ തന്നെയായിരുന്നു. അതേ സമയം ജോലിയുടെ കാര്യത്തിലും, കുടുംബവുമായി അകന്നു കഴിയേണ്ടി വന്നതിലും പിതാവ് എറെ നിരാശനായിരുന്നു.

എന്റെ സര്‍നെയിം സര്‍ദാര്‍ എന്നും കുടുംബനാമം ദുറാണി എന്നുമാണ്. എന്റെ പിതാവ് അദ്ദേഹത്തിന്റെ പിതാവുമായി ഉറ്റബന്ധം കാത്തുസൂക്ഷിച്ച ആളാണ്. അദ്ദേഹം ബ്രിട്ടീഷ് ആര്‍മിയിലെ ഉദ്യോഗസ്ഥനായിരുന്നു. 1932 കളില്‍ അദ്ദേഹം അഫ്ഗാന്‍, ചൈന എന്നിവിടങ്ങളില്‍ ബ്രിട്ടീഷ് പട്ടാളത്തിനു വേണ്ടി പോരാടിയിട്ടുണ്ട്. ഡല്‍ഹി ദര്‍ബാറില്‍ വെച്ച് അദ്ദേഹത്തെ ആദരിക്കുന്ന ചിത്രം ഞാനിന്നും സൂക്ഷിക്കുന്നുണ്ട്. സത്യത്തില്‍ ഞാനെന്റെ കുടുംബവേര് കാണിക്കാനാണ് ആ പേര് ഉപയോഗിക്കുന്നത്. ഞങ്ങളുടെ കുടുംബക്കാരൊക്കെ ദറാണിയില്‍ തന്നെ അവശേഷിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ തന്റെ പിതാമഹന് ചാര്‍ത്തിക്കൊടുത്ത സര്‍ദാര്‍ പട്ടം എന്റെ പിതാവ് ഉപയോഗിക്കുകയായിരുന്നു.

  1. എങ്ങനെയാണ് ഇസ്ലാമിനോടുള്ള താല്‍പര്യം വര്‍ധിച്ചത്?


അതിനാരെയെങ്കിലും കുറ്റപ്പെടുത്താമെങ്കില്‍ അതെന്റെ അമ്മയെ ആയിരിക്കും! (ചിരിക്കുന്നു). അമ്മമാരുടെ ഇഷ്ടം ചില അടയാളപ്പെടുത്തലുകളായി അവശേഷിക്കുമല്ലോ.  എന്റെ പിതാവിന് ഞാന്‍ ഉറുദു സാഹിത്യം പഠിക്കുന്നതിനോടായിരുന്നു താല്‍പര്യം. ഞാന്‍ ഗാലിബന്റെ  കത്തുകള്‍ (ഖുത്തൂതെ ഗാലിബ്) ഒക്കെ വായിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് പഠിക്കുക എന്നത് സാഹസികതയായിരുന്നു. വിരോധാഭാസമെന്നു പറയട്ടെ, ഇംഗ്ലണ്ടിലെത്തിയതോടെ എനിക്ക് സ്‌കൂളുകളില്‍ നല്ല നിലയില്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍ എന്റെ ഉറുദു അത്ര മികച്ചതുമായിരുന്നില്ല. അതേസമയം എന്റെ പിതാവാകട്ടെ ക്ലാസിക് ഉറുദു നോവലുകളായ തൗബത്തുന്നസൂഹ് ഒക്കെ വായിക്കാന്‍ പ്രേരിപ്പിച്ചു. ഞാന്‍ പെട്ടുപോയി എന്നു പറയുന്നതാവും ഉചിതം. എന്നാല്‍ പിതാവ് അങ്ങനെ നിര്‍ബന്ധിച്ചില്ലായിരുന്നെങ്കില്‍ എന്റെ ഉറുദു ഭാഷ മികച്ചതാവുമായിരുന്നില്ല. അതിന് ഞാന്‍ പിതാവിനോട് ഏറെ കടപ്പെട്ടിരിക്കുന്നു.

എന്നാല്‍ ഉമ്മയുടെ ഭാഗത്തു നിന്നു ഖുര്‍ആനും ഹദീസും വായിക്കുന്നതിനായിരുന്നു പ്രേരണ. കാരണം ഞാന്‍ വീട്ടിലെ മുതിര്‍ന്ന കുട്ടിയായിരുന്നു . ഇത്തരം കാര്യങ്ങള്‍ മുതിര്‍ന്ന കുട്ടികളെ പരിശീലിപ്പിക്കാന്‍ അക്കാലത്ത് വളരെ ശ്രദ്ധാലുക്കളായിരുന്നു രക്ഷിതാക്കള്‍. ശനി ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ സമയം ഇതിനായി ചിലവഴിക്കേണ്ടിയും വന്നു.

മതപഠനം നടത്തുമ്പോള്‍ തന്നെ ഞാന്‍ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സൊസൈറ്റികളിലൊക്കെ സജീവമായിരുന്നു. ഞാന്‍ പ്രദേശത്തെ ആദ്യത്തെ ഇസ്ലാമിക് സൊസൈറ്റികളിലൊന്നിന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് ഇസ്ലാമിൽ കുറച്ചുകൂടെ തുറവി ഉണ്ടായിരുന്നു. ഇന്നു കാണുന്നതു പോലെ ഷിയാ- സുന്നി സംഘട്ടനങ്ങളൊന്നും ശക്തിയാര്‍ജിച്ചിരുന്നില്ല. എല്ലാവര്‍ക്കും മുസ്ലിം എന്ന പരിഗണന ലഭിച്ചിരുന്നു.

ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ ഇസ്ലാമിന് എന്നാല്‍ കഴിയുന്ന സേവനം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഇക്കാലത്ത് പരമ്പരാഗത രീതിയില്‍ ഇസ്ലാമിക വിഷങ്ങള്‍ പഠിക്കാന്‍ ഞങ്ങള്‍ രൂപം കൊടുത്തതാണ് ‘ഉസ്‌റ’ എന്നു പറയുന്നത്.

അന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഇസ്ലാമിക ഫിലോസഫിയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന ജാഫര്‍ ശൈഖ് ഇദ്രീസ് ഞങ്ങളുടെ ക്ഷണപ്രകാരം എല്ലാ വ്യഴാഴ്ചയും തഫ്‌സീര്‍ ഇബിനുകസീര്‍, മസ്‌നവി തുടങ്ങിയ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ 67 പേരുള്ള ബാച്ചിനുവേണ്ടി ക്ലാസെടുക്കുമായിരുന്നു. ഇസ്ലാമിക വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുളള ജ്ഞാനം ഞങ്ങള്‍ക്ക് മുതല്‍ കൂട്ടായിരുന്നു. വഹാബി പശ്ചാത്തലത്തില്‍ വളര്‍ന്ന ഇദ്രീസ് ഫിലോസഫിയില്‍ ഗവേഷണം ആരംഭിച്ചതോടെയാണ് മുസ്ലിം എന്ന നിലയില്‍ കുടുതല്‍ തുറന്ന സമീപനം സ്വീകരിക്കുന്നത്. പരമ്പരാഗത ഇസ്ലാമിക ഗ്രന്ഥങ്ങളെ വിമര്‍ശന ബുദ്ധിയോടെ സമീപിക്കണമെന്നും കേവലം എല്ലാം വിശുദ്ധം എന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള വളര്‍ച്ചയും ഉണ്ടാകിലെന്നും ഇദ്രീസ് ഞങ്ങളെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു.

3 . പുരാതന ഗ്രന്ഥങ്ങളുടെ നവീകരിച്ച പതിപ്പാണ് ഖുര്‍ആന്‍ എന്നൊരു ആരോപണം ഉയരുന്നുണ്ടല്ലോ ?

അടിസ്ഥാനപരമായി പ്രവാചകൻ മുഹമ്മദ് ഒരു പുതിയ മതം സ്ഥാപിക്കുകയല്ല ചെയ്തത്. മറിച്ച് ഇബ്‌റാമിമീ പാരമ്പര്യത്തില്‍ അധിഷ്ടിതമായതും മുന്‍കാലത്തു വന്ന പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളെ സാധൂകരിക്കുന്നതുമായ ഒരു ജീവിതരീതി ആവിഷ്‌കരിക്കുകയായിരുന്നു. ഇക്കാരണത്താല്‍ തന്നെ തൗറയിലും ബൈബിളിലും പറയുന്ന ഒരുപാടുകാര്യങ്ങള്‍ ഖുര്‍ആനില്‍ കാണുന്നത് സ്വാഭാവികമാണ്.

അതേ സമയം മറ്റു ഗ്രന്ഥങ്ങളേക്കാള്‍ ഏറെ വ്യത്യസ്തമാണ് ഖുര്‍ആന്‍. ഉദാഹരണത്തിന് ബൈബിളിന് ഒരു തുടക്കം ഉണ്ട് . അതുപോലെ മധ്യഭാഗവും അവസാനവും ഉണ്ട്. എന്നാല്‍ ഖുര്‍ആന് അങ്ങനെയൊന്നില്ല. ബൈബിള്‍ ഒരു സംഭവ വിവരണ ഗ്രന്ഥമാണ്. അനുധാവനത്തിലൂടെ വിജയം വരിച്ചവരുടെ കഥ പറയുന്ന ഗ്രന്ഥം. എന്നാല്‍ ഖുര്‍ആന് അത്തരത്തിലൊരു വിവരണ ഘടനയില്ല. ഇക്കാരണത്താല്‍ തന്നെ ഖുര്‍ആന്‍ അനുപമമായ ഒരു ഗ്രന്ഥമാണെന്നു മനസ്സിലാവും.

ഞാന്‍ ഏതുകാര്യത്തെയാണ് എതിര്‍ക്കുന്നതു എന്നു പറയാന്‍ ഞാന്‍ പ്രകടിപ്പിക്കുന്ന വിയോജിപ്പിനെ മാത്രം ആധാരമാക്കിയാല്‍ മതിയാവില്ലല്ലോ?  അതിനുള്ള സാഹചര്യത്തെ കൂടെ മനസ്സിലാക്കേണ്ടതുണ്ട്. ഖുര്‍ആന്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത കാര്യങ്ങള്‍ പറയുന്നതു പോലെ ഒരേ കാര്യവും വ്യത്യസ്ത സാഹചര്യങ്ങളില്‍ പറയാറുണ്ട്. ഇക്കാരണത്താല്‍ ഖുര്‍ആന്റെ ഒരു ഭാഗത്തെയും തള്ളിക്കളയലോ വേര്‍തിരിക്കലോ സാധ്യമല്ല. എന്നു മാത്രമല്ല ഖുര്‍ആനില്‍ ഖുര്‍ആനെ കുറിച്ചും സംസാരിക്കുന്നുണ്ട്. ഏറെ അത്ഭുതകരമായ ഗ്രന്ഥമാണത്.

4 . എങ്ങനെയാണ് ഖുര്‍ആന്‍ നിലവിലെ സാഹചര്യങ്ങളില്‍ ഇടപെടുന്നത്?

ഖുര്‍ആന്‍ സംസാരിക്കുന്ന സാഹചര്യം നോക്കണം. ഖുര്‍ആനിലെ ചില കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അതിന് ഇന്നു എന്തു പ്രാധാന്യമാണ് ഉള്ളത് എന്നു തോന്നിയേക്കാം.  ഉദാഹരണത്തിനു, സുറത്തു ലഹബ്. അബൂലഹബിനെയും അദ്ദേഹത്തിന്റെ കുടുംബത്തേയും ശപിക്കുന്ന അധ്യായം. അവരുടെ മരണാന്തര ജീവത്തെ കുറിച്ചും അധ്യായത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അബൂലഹബ് മരിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ കുടുംബവും ഇന്നില്ല എന്നിരിക്കെ ആ അധ്യായത്തിനു എന്തു പ്രസക്തി?  ഇത്തരം സാഹചര്യങ്ങളില്‍ ഖുര്‍ആന്‍ ഉപയോഗിച്ച വാക്കുകളുടെ അലങ്കാരം, സാഹിത്യ രൂപകം ഇവയില്‍ നിന്നൊക്കെയാണ് നാം വല്ലതും നേടേണ്ടത്.

മറ്റൊരു കാര്യം ഖുര്‍ആന്‍ വിവിധ ശിക്ഷകളെ കുറിച്ചു സംസാരിക്കുന്നുണ്ട്. കാരണം വളരെ ലളിതമാണ്. അന്നത്തെ സാഹചര്യത്തില്‍ കുറ്റവാളിയെ ജയിലിലടയ്ക്കുന്ന രീതിയുണ്ടായിരുന്നില്ല. പൂര്‍ണമായും ഗോത്രാചാരമായിരുന്നു എന്ന് പറയാം. എന്നാല്‍ അന്നത്തെ കാലത്തു കുറ്റവാളികളില്‍ കറുത്തവര്‍ വെളുത്തവര്‍ എന്ന വേര്‍തിരിവുണ്ടായിരുന്നു. അത്തരമൊരു സാഹചര്യം കൂടെ കണക്കിലെടുക്കമ്പോള്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ശിക്ഷാരീതി സാര്‍വ ലൗകികമാണ് താനും. എന്താണ് സാര്‍വലൗകികത എന്നും സംശയം ഉയരാം. ഖുര്‍ആന്‍ ലളിതമായി പറഞ്ഞു, അപ്രതിരോധ്യമായ ബലപ്രയോഗം മതത്തില്‍  പാടില്ലെന്ന്. ഈ നിലപാട് മാനുഷിക പരിഗണനയുടെ സമൂര്‍ത്ത തലമാണ് എന്നതാണ് വാസ്തവം.

ഇക്കാരണത്താല്‍ നിന്റെ മതം തെറ്റും എന്റേത് ശരിയും എന്നും ആക്ഷേപിക്കാന്‍ പാടുണ്ടോ..?  അത് ഒരോരുത്തരുടേയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. പോട്ടെ, നീ ഷിയാ ആണ് . ഞാന്‍ സുന്നിയാണ് എന്നു പറയാന്‍ പാടുണ്ടോ..?  നിന്നെക്കാള്‍ ഉയര്‍ന്ന വിഭാഗമാണ് ഞാനെന്ന ഭാവം പാടുണ്ടോ..?  ഇത്ര നിസാരമായ കാര്യങ്ങള്‍ ഖുര്‍ആന്റെ ഒറ്റ നിലപാടു കൊണ്ടു അസ്ഥാനത്താവുന്നുവെങ്കില്‍;  ' നീ ഇസ്ലാം പുല്‍കിയില്ലെങ്കില്‍ കൊന്നു കളയുമെന്നു' പറയാന്‍ ആര്‍ക്കാണ് അധികാരമുള്ളത്. ഖുര്‍ആന്റെ സാര്‍വലൗകിക തലങ്ങളെ മനസ്സിലാക്കണമെന്ന കാര്യം നാം മറന്നിരിക്കുന്നു.

ഖുര്‍ആനില്‍ ഇങ്ങനെ കാണാം. 'നിങ്ങള്‍ അടിമകളെ മോചിപ്പിക്കുക' . ഈ അധ്യാപനം പ്രവചകാനുചരന്മാരിലെത്തിയപ്പോള്‍ അവര്‍ തങ്ങളുടെ അടിമകളെ മോചിപ്പിച്ചു. പക്ഷേ, പ്രവാചകരുടെ കാലശേഷം അത് അത്രയ്ക്ക് ഉണ്ടായില്ല. ഖുര്‍ആന്റെ ഇത്തരം ഇടപെടലുകള്‍ സ്ഥല കാലഭേദമന്യേ പ്രസക്തമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ഓട്ടോമന്‍ ചക്രവര്‍ത്തി അടിമത്ത നിരോധനം പ്രഖ്യാപിച്ചപ്പോള്‍ സൗദി അറേബ്യയില്‍ 1962 ലാണ് നിരോധനം വരുന്നത്.എന്നു മാത്രമല്ല  നിരോധനം നടപ്പിലാക്കണോ വേണ്ടയോ എന്ന പേരില്‍ മക്കയില്‍ കലാപം വരെ ഉണ്ടായിട്ടുണ്ട്. അടിമത്തം ഇസ്ലാമിന്റെ അനിവാര്യ ഘടകമാണ് എന്നായിരുന്നു അവരുടെ വിശ്വാസം.

മുഹമ്മദ് നബി ഒരു പ്രത്യേക കാലഘട്ടത്തില്‍ ജീവിച്ചതായിരിക്കാം. എന്നാല്‍ അദ്ദേഹം പഠിപ്പിച്ച കാര്യങ്ങളുടെ ആഗോള സാധ്യതയെ കാലഘട്ടത്തിന്റെ പേരു പറഞ്ഞ് നാം അസ്ഥാനത്താക്കരുത്. ഉദാഹരണത്തിനു  ഫത്ഹു മക്കയ്ക്കു ശേഷം (ശത്രുക്കളുടെ നിരന്തര പീഡനം മൂലം  മദീനയിലേക്കു പാലായനം ചെയ്ത് നബി
മറുവിഭാഗവുമായി വ്യത്യസ്ത സാഹചര്യങ്ങളില്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. അതില്‍ മക്ക പിടിച്ചടക്കിയ യുദ്ധമാണ് ഫത്ഹു മക്ക; മക്കാ വിജയം) മക്കാ നിവാസകളോട് പ്രവാചകര്‍ ചോദിച്ചു. ഞാന്‍ നിങ്ങളെ എന്താണ് ചെയ്യേണ്ട്?  മറുപടി ഇങ്ങനെയായിരുന്നു. 'നീ ഒരു നല്ല സഹോദരനാണ്, നല്ലതേ നീ പ്രവര്‍ത്തിക്കൂ' പ്രവാചകര്‍ എല്ലാവര്‍ക്കും മാപ്പ് കൊടുക്കകയായിരുന്നു. ഒട്ടകപ്പുറത്തു സഞ്ചരിക്കുന്ന ഒരുവന്റെ മാപ്പ് എന്നല്ല ഇതിനെ നിര്‍വചിക്കേണ്ടത്. എന്നാല്‍ അറേബ്യയിലെ മണല്‍ക്കാറ്റിനെ ഭയന്നു അന്നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ വ്യത്യസ്തമായ കാലാവസ്ഥയുള്ള  നാട്ടില്‍ പ്രവാചകചര്യയുടെ പേരില്‍ ഉപയോഗിക്കുന്നതും പ്രവാചക അധ്യാപകനെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊളളുന്നതിന്റെ ഭാഗമല്ല എന്നും നാം അറിയണം.

5 .  താങ്കളുടെ അഭിപ്രായത്തില്‍ പ്രവാചകൻ മുഹമ്മദിനെക്കുറിച്ചുള്ള വിശ്വസനീയമായ ജീവചരിത്രം ഏതാണ്? മാര്‍ട്ടിന്‍ ലിങ്‌സ്, മുഹമ്മദ് ഹൈക്കല്‍, ലസ്ലീ ആഡംസണ്‍, മാക്‌സിന്‍ റോഡിന്‍സണ്‍
, കരീന ആംസ്‌ട്രോങ് ഇവരൊക്കെ പ്രവാചക ചരിത്രം എഴുതിയിട്ടുണ്ട്. അതുപോലെ ഇംഗ്ലീഷിലേക്കു ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്തത് എന്‍ ജെ ദീവൂദിന്റേതോ അതോ താരിഫി ഖാലിദിന്റേതാണോ കൂടുതൽ മികച്ചത്?

സീറ (സീറത്തുന്നബി എന്നതിന്റെ ചുരുക്ക രൂപം; പ്രവാചക ചരിത്രം എന്നു സാരം) എന്നതു ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം  നമ്മുടെ വിശ്വാസം രൂപപ്പെടുത്തുന്നതില്‍ രണ്ടാം സ്ഥാനമുണ്ട് സീറകള്‍ക്ക്. സീറകളാവട്ടെ വ്യത്യസ്ത, പുതിയ സാഹചര്യങ്ങളില്‍ രചിക്കപ്പെടുന്നവയുമാണ്. ഇബ്‌നു അസ്ഹാഖ് സീറത്തു റസൂലുള്ളാഹി രചിക്കുകയും ഇബ്‌നു ഹിശാം അതിനെ എഡിറ്റ് ചെയ്യുകയുമാണ് ചെയ്തത്.

എല്ലാ സീറകളും തുടങ്ങുന്നത് സമാന രീതികളിലാണ്. ഇസ്ലാമിനു മുമ്പുള്ള അറേബ്യ, പ്രവാചകരുടെ ജനനം, ബാല്യം, ഖദീജ ബീവിയുമായുള്ള വിവാഹം അങ്ങനെ നീളുന്ന അധ്യായങ്ങള്‍. മാര്‍ട്ടിന്‍ ലിങ്‌സും സമാന രീതി തന്നെയാണ് പിന്തുടര്‍ന്നതെങ്കിലും ഖുര്‍ആനുമായി സീറയെ ബന്ധിപ്പിച്ചത് വളരെ നല്ലതാണ്. എന്നാല്‍ മാര്‍ട്ടിന്‍ ലിങ്‌സ് സംഭവവികാസങ്ങളെ ചോദ്യം ചെയ്യുന്നതായിട്ട് തോന്നിയിട്ടില്ല.

യുക്തിഭദ്രമായി കാര്യങ്ങളെ സമീപിക്കാനാണ് ഖുര്‍ആന്‍ നമ്മോട് പറയുന്നത്. അന്ധമായ ആരാധനയും അനുധാവനവും ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ആടുകളെയും വാനന്മാരെയും പോലെ ആവാനല്ല ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. ഓരോ കാര്യങ്ങളെ കുറിച്ചും സമര്‍ത്ഥമായി  ചിന്തിക്കാനും ചോദ്യം ചെയ്യാനുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

ഇവിടെ ആരും കാണാതെ പല അതിഭൗതിക കാര്യങ്ങളും  സംഭവിക്കുന്നുണ്ട്. ലേഖകരാവട്ടെ അതിനെ പലതരത്തിൽ വിശദീകരിക്കാറുമുണ്ട്. എന്നാല്‍ അത് യാഥാര്‍ത്ഥ്യ രൂപേണ അല്ലതാനും. ഇത്തരത്തില്‍ പല കാര്യങ്ങളും നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളിലും കാണാം. ഇവയൊന്നും ആരാലും ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ടാവില്ല. ഖുര്‍ആന്‍ നമ്മോട് വണങ്ങാന്‍ പറഞ്ഞിട്ടില്ല. മറിച്ച് ബഹുമാനിക്കാനാണ് പഠിപ്പിച്ചത്. പൂര്‍ണമായി വണങ്ങിയവന്  അതിനെ അനുസരിക്കുക അല്ലാതെ രക്ഷയില്ല. എന്നാല്‍ ബഹുമാനം പുലര്‍ത്തുന്നവന് മറിച്ചൊരു സാധ്യത കൂടിയുണ്ട്.  'തികഞ്ഞ ബഹുമാനത്തോടെ പറയട്ടെ, ഈ പറഞ്ഞ കാര്യം ബുദ്ധിക്കു യോജിക്കുന്നതല്ല' ബഹുമാന പുരസ്കരം ആ കാര്യത്തോട് ഞാന്‍ യോജിക്കുന്നു/ വിയോജിക്കുന്നു, നിങ്ങള്‍ നിരത്തിയ തെളിവുകള്‍ സ്വീകാര്യമല്ല'   എന്നൊക്കെ പറയാം.

6 . സര്‍വ സംഘട്ടനങ്ങളും മതത്തിന്റെ പേരിലാണ് നടക്കുന്നത്. ഇക്കാരണത്താല്‍ മതങ്ങള്‍ അസഹിഷ്ണുത ഉല്‍പാദിപ്പിക്കുന്നവയാണ് എന്ന നിഗമനത്തെ കുറിച്ച്
?

ഞാനിതിനു മറുപടി പറയേണ്ടതില്ല. ചരിത്രമാണ് ഇവയ്ക്കുള്ള യഥാര്‍ത്ഥ മറുപടി. ഇരുപതാം നൂറ്റാണ്ട് രക്തപങ്കിലമായ കാലഘട്ടമാണ്. മുന്‍ നൂറ്റാണ്ടുകളിൽ ഉണ്ടായ മനുഷ്യ നഷ്ടത്തേക്കാള്‍ കൂടുതല്‍ നാശം ഇരുപതാം നൂറ്റാണ്ടില്‍ മാത്രം ഉണ്ടായിട്ടുണ്ട്.

രണ്ട് ലോക മഹായുദ്ധങ്ങള്‍, വിയറ്റ്‌നാം, കംമ്പോഡിയ എന്നിവിടങ്ങളിലെ യുദ്ധങ്ങളും ആഭ്യന്തര പ്രശ്നങ്ങളും, ചൈനയിലെ സാംസ്‌കാരിക വിപ്ലവം, ഇവയൊന്നും മതത്തിന്റെ പേരിലായിരുന്നില്ലല്ലോ. ഇക്കാരണത്താല്‍ തന്നെ മതമാണ് അക്രമണത്തിനു ഹേതു എന്നു പറയുന്നതു ശുദ്ധ മണ്ടത്തരമാണ്. എന്നാല്‍ മതത്തിന്റെ പേരില്‍ യുദ്ധങ്ങള്‍ ഉണ്ടായിട്ടില്ല എന്നും പറയാന്‍ കഴിയില്ല. കുരിശുയുദ്ധം മതങ്ങളുടെ ഗര്‍ഭം തന്നെയാണ്. നെപ്പോളിയനും ചെങ്കിസ്ഖാനുമൊക്കെ നടത്തിയ തേരോട്ടങ്ങളൊന്നും മതത്തിന്റെ പേരിലായിരുന്നില്ല. യുദ്ധം മതത്തിന്റെ സൃഷ്ടിയാണെന്നത് മിത്തോളജി മാത്രമാണ്.

ദക്ഷിണാഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ണ്ണ വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന് ഏതു മതവുമായാണ് ബന്ധം? എത്രത്തോളം എന്നു വെച്ചാല്‍ വെസ്റ്റ് ബാങ്കിലെ  പോരാട്ടം പോലും മതത്തിന്റെ പേരിലല്ല. അത് ആ ഭൂപ്രദേശത്തിനു വേണ്ടിയുള്ള, സ്വന്തം നാടിനുവേണ്ടിയുള്ള പോരാട്ടം മാത്രമാണ്.
ഖര്‍ബല മതത്തിന്റെ പേരില്‍ നടന്ന യുദ്ധമല്ല. അത് ഖിലാഫത്തിനു വേണ്ടിയുള്ളതായിരുന്നു. പ്രവാചകന്റെ പേരമകനും ഒരു രാജാവും തമ്മില്‍ അധികാരത്തിനു വേണ്ടി പോരടിച്ചു. പക്ഷേ പ്രവാചക കുടുംബം അതില്‍ ഉള്‍പ്പെട്ടതു കൊണ്ട് മാത്രം നമ്മളത് മതത്തിന്റെ പേരിലാക്കി.

7 മാധ്യമങ്ങള്‍ക്കിടയില്‍ ക്രിട്ടിക്കല്‍ പോളിമിത് (ബഹുമുഖ വിമര്‍ശകന്‍) എന്നൊരു ഇരട്ടപ്പേര് താങ്കള്‍ക്കുണ്ട്. എങ്ങനെ പ്രതികരിക്കുന്നു ഈ വിശേഷണത്തോട്?

അടിസ്ഥാനപരമായി ഞാനൊരു വിപരീതാഭിപ്രായക്കാരനാണ്. വ്യത്യസ്ത നിലപാടുകള്‍ സ്വകീരിക്കുന്നത് ചിന്തയെ ഉത്തേജിപ്പിക്കുമെന്നു കരുതുന്ന ആളാണ്. നമ്മള്‍ തമ്മില്‍ ദീര്‍ഘനേരം സംസാരിക്കുകയാണെങ്കില്‍ എനിക്ക് തൃപ്തിയുണ്ടാവാത്ത പല കാര്യങ്ങളും നിങ്ങളുടെ സംസാരത്തിൽ ഞാന്‍ കാണിച്ചു തരാം. നിങ്ങള്‍ പറയുന്ന കാര്യത്തില്‍ സംതൃപ്തനാവാന്‍ ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും.  ഇത്തരം സന്ദര്‍ഭങ്ങള്‍ നമ്മളിരുവര്‍ക്കും കുടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവസരമൊരുക്കുന്നു. അവ കാര്യങ്ങളെ സംയോജിപ്പിക്കാന്‍ സഹായകരമാവുന്നതുമാണ്.

അതുകൊണ്ട് തന്നെ ശിക്ഷണരീതീ പിന്തുടരുന്ന അധ്യാപന സമ്പ്രദായത്തോട് എനിക്കു വിയോജിപ്പുണ്ട്. ഊര്‍ജ തന്ത്രം, രസതന്ത്രം തുടങ്ങിയവയൊന്നും ഇത്തരം ശിക്ഷണ രീതികളില്‍ നിന്നുമാത്രം സ്വായത്തമാവില്ല. പ്രകൃതി അല്ലെങ്കില്‍ ദൈവം ലോകത്തെ അങ്ങനെയല്ല ക്രമീകരിച്ചിരിക്കുന്നത്. ഒരോന്നിനും അതിന്റെ നിഗൂഢ ഭാവമുണ്ട്. അതറിയുമ്പോഴാണ് അധ്യാപനവും അധ്യയനവുമൊക്കെ ഉയര്‍ന്ന തലത്തിലെത്തുന്നത്. എനിക്കതാണ് ഇഷ്ടവും.

അധ്യാപക കേന്ദ്രീകൃത പഠനം,  അധ്യാപകനോ അദ്ദേഹം ഉപയോഗിക്കുന്ന ഗ്രന്ഥത്തിലോ അടങ്ങിയ കാര്യങ്ങള്‍ മാത്രമേ സംവേദനം ചെയ്യൂ. അവ പലപ്പോഴും സത്തയുടെ ചെറിയൊരു അംശം മാത്രമായിരിക്കും. പരിധികള്‍ വിട്ട് കാര്യങ്ങളെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ശ്രമിക്കുന്നതാണ് എന്റെ രീതി.  ഒരു പക്ഷേ അതാവാം ഇരട്ടപ്പേരിനു ആധാരം.

ഇംഗ്ലണ്ടിലെ എന്റെ പഠനപശ്ചാത്തലം അതിനു നിമിത്തമായിരിക്കാം. ഇസ്ലാമിക ചരിത്രം, സാഹിത്യം തുടങ്ങിയ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ നമുക്ക് വ്യക്തമാവും മറ്റ് സംസ്‌കാരങ്ങളെക്കാളും നാഗരിഗതയെക്കാളും കൂടുതല്‍ തെറ്റിധാരണകള്‍ ഇസ്ലാമിക ചരിത്രത്തില്‍ കടന്നു കൂടിയിട്ടുണ്ട്. നമ്മള്‍ ബഹുമുഖവായനയെയും നിരീക്ഷണങ്ങളെയും സ്വാഗതം ചെയ്തു. ശരി തന്നെ. എന്നാല്‍ ഡസണ്‍ കണക്കിനോ നൂറു കണക്കിനോ നിരീക്ഷണങ്ങള്‍ മാത്രമല്ല നമ്മള്‍ സ്വാഗതം ചെയ്യേണ്ടത്. മറിച്ച് ആയിരക്കണക്കിനു നിരീക്ഷകരെയാണ്.

അല്‍ബിറുനിയെ നമുക്ക് ഉദാഹരണമായി എടുക്കാം. മെറ്റലുകളുടെ ഗ്രാവിറ്റി കണക്കാക്കാന്‍ കഴിയുന്ന ഒരു ശാസ്ത്രഞ്ജനായിരുന്നു അദ്ദേഹം. അതോടൊപ്പം നഗരങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിലും കൂട്ടിച്ചേര്‍ക്കുന്നതിലും അദ്ദേഹത്തിനു പ്രാവീണ്യമുണ്ടായിരുന്നു. വേണമെങ്കില്‍  അദ്ദേഹത്തിനു ഇന്ത്യയില്‍ വന്ന് ഒരു സാമൂഹ്യശാസ്ത്രജ്ഞൻ ആവാമായിരുന്നു. ഇന്ത്യയിലെ സാംസ്‌കാരിക വൈവിധ്യത്തെ മാനിച്ചു കൊണ്ടു മികച്ച രചന നടത്താമായിരുന്നു.

എന്നാല്‍ അല്‍ബിറൂനി ഇന്ത്യയില്‍ വന്നപ്പോള്‍ ഇവിടുത്തുകാര്‍ അവിശ്വാസികളാണെന്നു നിരൂപിക്കുകയായിരുന്നില്ല. മറിച്ച് അദ്ദേഹം നിരൂപിച്ചത് വളരെ വ്യത്യസ്തമായാണ്. പൊതുവെ ഭാരതീയര്‍ ശാന്തന്മാരാണ്. പ്രപഞ്ച ഘടനയെ കുറിച്ച് പഠിക്കണമെന്നുള്ളവര്‍ക്ക് അവരുടെ ചിന്തകളെ കുറിച്ചുള്ള അവഗാഹം ഉപകാരപ്പെട്ടേക്കാം.

യോഗ എതിര്‍ക്കപ്പെടേണ്ട ഒന്നാണ് എന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍  12ആം നൂറ്റാണ്ടില്‍ അല്‍ബിറൂനി പറഞ്ഞത് വളരെ വ്യത്യസ്തമായാണ്. യോഗയുടെ ഘടന മനസ്സിലാവണമെങ്കില്‍ യോഗ പഠിച്ചേ മതിയാവൂ. മടക്കയാത്രയ്ക്കു ശേഷം അദ്ദേഹത്തിനു വേണമെങ്കില്‍ ഒരു മത ഗ്രന്ഥം എഴുതാമായിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞതോ ഓരോ കാര്യം മനസ്സിലാക്കാനും വ്യത്യസ്തമായ രീതി ശാസ്ത്രം ഉപയോഗിക്കണ്ടിവരും എന്നാണ്. എത്ര ഗഹനമായാണ് അദ്ദേഹം ലോകത്തെ വീക്ഷിച്ചത്. എനിക്കു ഒരു ഹീറോ ഉണ്ടെങ്കില്‍ അത് അല്‍ബിറൂനി മാത്രമാണ്.

ഇതൊക്കെ പറയാന്‍ കാരണം എന്നെ മറ്റുള്ളവര്‍ എന്തു വിളിക്കുന്നു എന്നു ഞാന്‍ കാര്യമാക്കുന്നില്ല എന്നു പറയാനാണ്. എന്റെ സുഹൃത്ത് ആശിഷ് നന്ദിയാണ് എന്നെ പോളിമത് ക്രിട്ടിക് എന്നു ആദ്യമായി വിളിച്ചത്.

കടപ്പാട്: ടിഎൻഎസ് 

വിവർത്തനം: സുഹൈൽ അഹമ്മദ്