ഫ്രഞ്ച്‌ പുരോഹിതന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

ആക്രമത്തെതുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊലപാതകികള്‍ കൊല്ലപ്പെട്ടിരുന്നു. ചെറുപ്പക്കാര്‍ ഇത്തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങളിലേക്ക്‌ കടക്കുന്ന സാഹചര്യം അധികാരികള്‍ക്കിടയിലും പൗരന്‍മാര്‍ക്കിടയിലും ഒരേപോലെ ആശങ്ക ഉളവാക്കിയിരിക്കുകയാണ്‌.

ഫ്രഞ്ച്‌ പുരോഹിതന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

പാരീസ്‌: ഫ്രഞ്ച്‌ പുരോഹിതന്‍റെ  കൊലപാതകവുമായി ബന്ധപ്പെട്ട്‌ 21 കാരനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ജാക്കസ്‌ ഹാമല്‍ എന്ന 85 കാരനായ പുരോഹിതന്‍ കഴിഞ്ഞ മാസമാണ്‌ നോര്‍മാന്റി ചര്‍ച്ചില്‍വച്ച്‌ കൊല്ലപ്പെടുന്നത്‌. ജൂലൈ 26ന്‌ ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന പുരോഹിതനെ പരസ്യമായി കഴുത്തുവെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്‌ രണ്ടാമത്തെ ആളെയാണ്‌ ഇപ്പോള്‍ അറസ്‌റ്റുചെയ്‌തിരിക്കുന്നത്‌.


പുരോഹിതന്റെ കൊലപാതകികളായ അബ്ദുള്‍ മാലിക്‌ പെറ്റിജന്‍, ആദല്‍ കെര്‍മിഷെ എന്നിവരുമായി പിടിയിലായ രണ്ടുപേര്‍ക്കും ബന്ധമുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. ഐഎസ്സുമായി ബന്ധമുള്ളവരായിരുന്ന കൊലപാതകികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. 19 വയസ്സുവീതമായിരുന്നു ഇരുവര്‍ക്കും. ഇവര്‍ ഐഎസ്സിന്റെ പേരില്‍ ഇതിനുമുമ്പും ആക്രമണങ്ങള്‍ നടത്തിയിരുന്നു. അതേസമയം തീവ്രവാദ കുറ്റങ്ങളുടെ പേരില്‍ കൊലയാളികളില്‍ ഒരാളുടെ സഹോദരനായ ഫരീദ്‌ എന്നയാളെ പോലീസ്‌ നേരത്തെതന്നെ കസ്‌റ്റഡിയില്‍ എടുത്തിരുന്നു. സഹോദരന്റെ എല്ലാ പ്രവര്‍ത്തനങ്ങളെ കുറിച്ചും പൂര്‍ണമായും അറിവുള്ള ആളായിരുന്നു ഫരീദ്‌ എന്ന്‌ പോലീസ്‌ പറയുന്നു.

പുരോഹിതന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഫ്രാന്‍സില്‍ നിന്നും സിറിയയിലേക്കുള്ള ഐഎസ്‌ റിക്രൂട്ടുമായി ബന്ധപ്പെട്ടുമൊക്കെ ഇതിനോടകം തന്നെ നിരവധിപോരെയാണ്‌ ചോദ്യം ചെയ്‌തിട്ടുള്ളത്‌. ഇരുപത്തിഅഞ്ച്‌ വയസ്സുപോലും തികയാത്ത ചെറുപ്പക്കാര്‍ ഇത്തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങളിലേക്ക്‌ കടക്കുന്ന സാഹചര്യം അധികാരികള്‍ക്കിടയിലും പൗരന്‍മാര്‍ക്കിടയിലും ഒരേപോലെ ആശങ്ക ഉളവാക്കിയിരിക്കുകയാണ്‌.