അമിതാവേശത്തില്‍ മെഡല്‍ നഷ്ടമായി; പിന്നെ നടന്നത് വ്യത്യസ്തമായ പ്രതിഷേധ പ്രകടനം

അമിതാവേശം കാരണം ഉറപ്പിച്ച വെങ്കല മെഡല്‍ മംഗോളിയൻ ഗുസ്തി താരത്തിന് നഷ്ടമായി.

അമിതാവേശത്തില്‍ മെഡല്‍ നഷ്ടമായി; പിന്നെ നടന്നത് വ്യത്യസ്തമായ പ്രതിഷേധ പ്രകടനം

റിയോ: അമിതാവേശം കാരണം ഉറപ്പിച്ച വെങ്കല മെഡല്‍ മംഗോളിയൻ ഗുസ്തി താരത്തിന് നഷ്ടമായി. 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ യോഗേശ്വർ ദത്തിനെ ആദ്യ റൗണ്ടിൽ മലർത്തിയടിച്ച മംഗോളിയയുടെ ഗാൻസോറിജിൻ മന്ദാക്രാനരനും താരത്തിന്റെയും പരിശീലകരുടെയും അമിതാവേശം കാരണമാണ് മെഡല്‍ നഷ്ടമായത്.

ഇന്നലെ വൈകി നടന്ന വെങ്കല മെഡല്‍ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെയാണു നാടകീയ സംഭവങ്ങൾക്കു തുടക്കം. പോയിന്റ് നില 7–7ൽ തുല്യതയിൽ നിൽക്കുന്നു. കളി അപ്പോൾ തീർന്നാൽ മംഗോളിയൻ താരത്തിനു വെങ്കലം കിട്ടുന്ന അവസ്ഥ. വെങ്കലം ഉറപ്പായതിന്റെ ആവേശത്തിൽ മംഗോളിയക്കാരൻ എതിരാളിയായ ഉസ്ബെക്കിസ്ഥാന്റെ ഇഖ്തിയോർ നവ്രുസോവിനു പിടികൊടുക്കാതെ ഗോദയിലൂടെ പാഞ്ഞു. കൈകൾ അന്തരീക്ഷത്തിലേക്കുയർത്തി വിജയാഹ്ലാദം പ്രകടിപ്പിച്ചു. താരത്തിന്റെ രണ്ടു പരിശീലകർ ഗോദയിലേക്കു കയറിവന്ന് താരത്തെ പിടിച്ചുയർത്തി ആഘോഷം തുടങ്ങി.


എന്നാല്‍ മത്സരം അവസാനിക്കും മുന്‍പ് ഗാൻസോറിജിൻ മന്ദാക്രാന്‍ നടത്തിയ ആവേശ പ്രകടനത്തെ ചോദ്യംചെയ്ത് ഉസ്ബെക്ക് താരം റഫറിയെ സമീപിച്ചു. തുടര്‍ന്ന്, എതിരാളിയുടെ പിടിയിൽനിന്ന് ഒഴിഞ്ഞുമാറിയതിന് മംഗോളിയ താരത്തിനെതിരെ ഒരു പോയിന്റ് റഫറിമാർ വിധിച്ചു. 8–7നു ഉസ്ബെക്ക് താരം ലീഡ് ഉറപ്പിച്ച നിമിഷം കളിവസനാസിച്ചു.

ഒരു നിമിഷത്തിന്റെ ആവേശത്തില്‍ മെഡല്‍ നഷ്ടമായത് വിശ്വസിക്കാനാകാതെ ഗാൻസോറിജിനും പരിശീലകരും ഗോദയില്‍ സ്തബ്ധരായി നിന്നു. പിന്നീട് രണ്ടു പരിശീലകരും തങ്ങളുടെ ജാക്കറ്റും ലോവറുകളും ഊരിമാറ്റി വെള്ളക്കുപ്പിയും ഷൂസും ഗോദയിലേക്കു വലിച്ചെറിഞ്ഞു പ്രതിഷേധിച്ചു. തുടര്‍ന്ന്  അടി വസ്ത്രം മാത്രമിട്ട് ഗോദയിൽ റഫറിമാരുടെ മുന്നില്‍ നില്‍ക്കുകയും പരിശീലകരില്‍ ഒരാള്‍  ഗോദയിൽ കിടന്നുരുളുകയും ചെയ്തു. പിന്നീടു ഒളിമ്പിക്സ് വൊളന്റിയർമാരെത്തിയാണ് പരിശീലകരെ സമാധാനിപ്പിച്ചു ഗോദയിൽ നിന്നു മാറ്റിയത്.