പിണറായി സഖാവേ... എന്തുകൊണ്ടാണ് മാഷ് ദാസ് എന്ന പോലീസുകാരനെതിരെ വധശ്രമത്തിനു കേസെടുക്കാത്തത്?

യൂണിഫോമിന്റെ ബലത്തിൽ എന്തു തെമ്മാടിത്തരം കാണിച്ചാലും തന്നോടാരും ചോദിക്കില്ല എന്ന മാനസികാവസ്ഥയുടെ ഉടമയാണ് മാഷ് ദാസ് എന്ന പോലീസുകാരൻ. അതുകൊണ്ടുതന്നെ അയാളുടെ പേരിൽ ഐപിസി 307ാം വകുപ്പു കൂടി ചുമത്തണം. തൊപ്പിയും യൂണിഫോമുമടക്കമുളള ആലഭാരങ്ങൾ ഊരിവാങ്ങി ആ പോലീസുകാരനെ ജയിലിലടയ്ക്കണം.

പിണറായി സഖാവേ... എന്തുകൊണ്ടാണ് മാഷ് ദാസ് എന്ന പോലീസുകാരനെതിരെ വധശ്രമത്തിനു കേസെടുക്കാത്തത്?

അടിയേറ്റു തലപിളർന്ന് ചോരയൊലിപ്പിച്ചു നിൽക്കുന്ന സന്തോഷ് ഫെലിക്സിന്റെ നെഞ്ചിൽ പേടിച്ചുവിറച്ച് പറ്റിച്ചേർന്നു കിടന്ന മകനെക്കണ്ട് സഖാവ് പിണറായി വിജയന്റെ ഉള്ളും ഉലഞ്ഞിട്ടുണ്ടാകും. ഒരു സാധാരണ മനുഷ്യനിൽ കേരളാ പോലീസുണ്ടാക്കുന്ന തലവേദനയുടെ നിശ്ചലദൃശ്യമാണത്. പൊലീസിന്റെ പൊതുമനോഭാവത്തിനുനേരെ ആഞ്ഞടിക്കാൻ പിണറായിയെ പ്രേരിപ്പിച്ചതിൽ പത്രങ്ങളും സോഷ്യൽ മീഡിയയും ആവർത്തിച്ചു പ്രചരിപ്പിക്കുന്ന ആ ചിത്രത്തിനും ഒരു പങ്കുണ്ടാവും. പക്ഷേ, ഒരു യോഗത്തിലെ പ്രസംഗം കൊണ്ട് കാര്യം അവസാനിക്കുന്നുണ്ടോ? ഇല്ല.


സാമാന്യം ഗൌരവമുളള കുറ്റമാണ് മാഷ് ദാസ് എന്ന പോലീസുകാരൻ ചെയ്തത്. അവരുപയോഗിക്കുന്ന വയർലെസ് സെറ്റിന് ഏതാണ്ട് 850 ഗ്രാം ഭാരമുണ്ട്. ഫൈബറിന്റെ ആവരണമുണ്ടെങ്കിലും ഉള്ളിലുള്ളത് ലോഹം. ഇത്ര ഭാരമുളള വസ്തു ഉപയോഗിച്ച് ഒരു പോലീസുകാരൻ ഒരു നിരപരാധിയുടെ തല പട്ടാപ്പകൽ പരസ്യമായി അടിച്ചു തകർത്തു. അതാണ് കുറ്റം. ജനം ഓടിക്കൂടിയപ്പോൾ കുറ്റവാളി സഹപ്രവർത്തകനൊപ്പം രക്ഷപെട്ടു. ഇതാണ് സംഭവത്തിന്റെ രത്നച്ചുരുക്കം.

സംഭവം നടന്നിട്ട് മൂന്നാം ദിവസമാണ് ഏറെ ആലോചനയ്ക്കു ശേഷം പോലീസ് കേസു ചാർജു ചെയ്തത്. ഐപിസി 326 പ്രകാരമാണ് കേസ്. കേസെടുക്കുമ്പോൾത്തന്നെ കമ്മിഷണർ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മാഷ് ദാസിന്റെ വിശദീകരണം കൂടി പരിശോധിക്കും. അമിതവേഗത്തിൽ പാഞ്ഞു വരികയായിരുന്ന  ബൈക്കിനു നേരെ കൈ കാണിച്ചപ്പോൾ സന്തോഷ് ഫെലിക്സ് ബൈക്കു വെട്ടിച്ചു മാറ്റിയെന്നും അപ്പോഴാണ് വയർലെസ് സെറ്റ് മുഖത്തു കൊണ്ടത് എന്നുമാണ് പോലീസുകാരന്റെ വിശദീകരണം.

ചുരുക്കിപ്പറഞ്ഞാൽ ഹെൽമെറ്റില്ലാതെ അമിത വേഗത്തിൽ വണ്ടിയോടിച്ച കുറ്റത്തിന് സന്തോഷിന്റെ പേരിലും കേസു വന്നേക്കാം. അതിൽ നിൽക്കണമെന്നില്ല. മാഷ് ദാസിനെ സന്തോഷ് ഫെലിക്സ് ബൈക്കിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും ആരോപിക്കാം. മറുവശത്ത് പോലീസാണ്.

Voluntarily causing grievous hurt by dangerous weapons or means എന്നാണ് ഐപിസി 326-ാം വകുപ്പിന്റെ നിർവചനം. പൊട്ടലോ മറ്റോ ഉണ്ടെങ്കിലാണ് ഈ വകുപ്പു ചുമത്തുക. സന്തോഷ് ഫെലിക്സിനു കേൾവിത്തകരാറുണ്ടായി എന്നതിനാലാണ് ഈ വകുപ്പു ചുമത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ വയർലെസ് സെറ്റ് മാരകായുധമല്ല എന്നു കോടതിയിൽ വാദിച്ചു സമർത്ഥിക്കാൻ സൗകര്യമാണ് എന്നതാണ് ഇതിന്റെ മറുവശം. സ്വാഭാവികമായും ഈ കേസിലെ പ്രധാന വകുപ്പായി വരുന്നത് 326 മാത്രമാണെങ്കിൽ കേസ് വിചാരണഘട്ടത്തിൽ തള്ളിപ്പോകാൻ സാധ്യതയയേറുകയാണ്.

വാസ്തവത്തിൽ ഐപിസി 307-ാം വകുപ്പു പ്രകാരം വധശ്രമത്തിന് (Attempt to murder) കേസെടുക്കേണ്ട ഗുരുതരമായ കുറ്റമാണ് ആ പൊലീസുകാരൻ ചെയ്തത്. ഇനി മനഃപൂർവ്വമായല്ല, അങ്ങനെ സംഭവിച്ചത് എന്നു വാദത്തിനു സമ്മതിച്ചാൽ തന്നെയും കുറ്റകരമായ നരഹത്യക്ക് ശ്രമിച്ചതിന് (Attempt to commit culpable homicide) 308-ാം വകുപ്പു ചുമത്തേണ്ടതാണ്. ഈ രണ്ടു വകുപ്പുകളിൽ ഏതെങ്കിലും ചാർത്തുന്ന പക്ഷം പൊലീസുകാരന് ജാമ്യം ലഭിക്കണമെങ്കിൽ ജില്ലാ സെഷൻസ് കോടതിയെ സമീപിക്കേണ്ടിവരും. ഏഴുവർഷത്തിനു മുകളിൽ തടവുശിക്ഷ ലഭിക്കാവുന്ന ഏതു കുറ്റവും സെഷൻസ് കോടതിക്കു മാത്രമേ കൈകാര്യം ചെയ്യാനാവൂ. അതേ സമയം 326-ാം വകുപ്പാണു ചുമത്തുന്നതെങ്കിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നു ജാമ്യം തേടാം. ചുരുക്കത്തിൽ മാഷ് ദാസിനെതിരെ 326-ാം വകുപ്പു ചാർജ്ജ് ചെയ്യുകയും 307 ഒഴിവാക്കുകയും ചെയ്തതിൽ സഹപ്രവർത്തകനെ സഹായിക്കാനുള്ള മനഃപൂർവ്വമായ ശ്രമമുണ്ടോ എന്നാരെങ്കിലും സംശയിച്ചാൽ അവരെ കുറ്റംപറയാനാവില്ല.

യഥാർത്ഥത്തിൽ ഐപിസി 326നു പുറമെ 307, 308 വകുപ്പുകളൊക്കെ ചുമത്താവുന്ന കുറ്റമാണ് മാഷ് ദാസിന്റേത്. ഇത്രയും ഭാരമുളള ഒരു വസ്തുകൊണ്ട് തലയ്ക്കിടിച്ചാൽ, ഇടിയേറ്റ ആൾക്ക് എന്തു സംഭവിക്കുമെന്ന് മാഷ് ദാസിന് നന്നായി അറിയാം. കാരണം അയാളൊരു പോലീസുകാരനാണ്. ഭാരമേറിയ ലോഹം കൊണ്ട് ഒരാളിന്റെ തലയ്ക്കിടിച്ചാൽ ചിലപ്പോൾ ഇടിയേൽക്കുന്ന ആൾ മരിച്ചുപോകാൻ സാധ്യതയുണ്ട് എന്ന് മാഷ് ദാസിനെ അയാളുടെ തൊഴിൽസാഹചര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഇടിയേൽക്കുന്ന ആൾക്ക് ഒരു സ്പോഞ്ചുകട്ടയുടെ പരിലാളനമേറ്റ അനുഭൂതിയാവും ഉണ്ടാവുക എന്ന് ഒരു പോലീസുകാരൻ ധരിക്കാൻ ഒരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ കുറ്റം വളരെ ഗുരുതരമാണ്.

നിയമവും സുപ്രീംകോടതിയുടെ നിർദ്ദേശങ്ങളും പാലിക്കപ്പെടുന്ന ഒരു നാടാണെങ്കിൽ മാഷ് ദാസിനെതിരെ വധശ്രമത്തിനാണ് കേസെടുക്കേണ്ടത്. ഈ വകുപ്പു ചുമത്തണമെന്ന ആവശ്യവുമായി സന്തോഷ് ഫെലിക്സ് നിയമയുദ്ധം ആരംഭിച്ചാൽ പോലീസ് പ്ലേറ്റു മാറ്റും. അമിതവേഗത്തിൽ ബൈക്കോടിച്ച് ആളെക്കൊല്ലാൻ ശ്രമിച്ചതിന്റെ പേരിലാവും വധോദ്യമക്കുറ്റം ചുമത്തുക. പ്രതിസ്ഥാനത്ത് സന്തോഷ് ഫെലിക്സ്. ഇതു താൻടാ പോലീസ്.

പരിക്കു നിസാരമെന്നു വരുത്തി അപ്രധാനവകുപ്പുകൾ ചേർത്ത് കുറ്റപത്രം തയ്യാറാക്കുന്ന പ്രവണത രാജ്യമാസകലം പോലീസിനുണ്ട്. പക്ഷേ, ഇവിടെ ഗുരുതരമായ പരിക്കിനാണ് കേസ്. ശിക്ഷിക്കപ്പെട്ടാൽ ജീവപര്യന്തമോ പത്തുവർഷം തടവോ കിട്ടാവുന്ന കുറ്റം. പക്ഷേ, അപ്പോഴും സംശയം അവശേഷിക്കുന്നു. മൊട്ടുസൂചി കൊണ്ടു കുത്തിയാൽപ്പോലും 307 ചുമത്തുന്ന പോലീസുകാരുളള നാടാണിത്. എന്നിട്ടും ഇത്രയും ഗുരുതരമായ കേസിൽ, അതും നാട്ടുകാരൊന്നടങ്കം സാക്ഷിയായ ഒരു പട്ടാപ്പകൽ സംഭവത്തിൽ...

തലയുടെ മധ്യം പൊട്ടിയിട്ടില്ലല്ലോ, നെറ്റിയ്ക്കു കീഴെയല്ലേ പൊട്ടിയുള്ളൂ, അതുകൊണ്ട് 307ഉം 308 ഉം ഒന്നും വേണ്ട എന്നൊക്കെയുളള ന്യായം എത്രയോ കേസുകളിൽ പോലീസ് അവതരിപ്പിച്ചിട്ടുണ്ട്. ഈ ന്യായം അംഗീകരിച്ചുകൊടുത്ത എണ്ണമറ്റ കീഴ്ക്കോടതി വിധികളെ അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി /സുപ്രിംകോടതി വിധികൾ നെറ്റിൽ ഒന്നു പരതിയാൽ കിട്ടും. nature of injury is not a conclusive proof to make out an offence under Section 308 IPC എന്നു കോടതികൾ ആവർത്തിച്ചു പറഞ്ഞിട്ടുളള കാര്യം മറ്റാർക്കറിയില്ലെങ്കിലും പോലീസുകാർക്കറിയാം. കൂട്ടത്തിലൊരുവന്റെ ഔദ്യോഗികജീവിതത്തിൽ കുരുക്കു മുറുകുമ്പോൾ പ്രത്യേകിച്ചും.

ഒരുവന്റെ തല തല്ലിപ്പൊളിച്ച് നൂറു രൂപ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് മുതല്‍കൂട്ടാന്‍ മാത്രം വിഡ്ഡിയല്ല ഞാന്‍; മാഷ് ദാസ് എന്ന പോലീസുകാരനു പറയാനുള്ളത്


എംഎൽഎ ആയിരിക്കെ പോലീസുകാരുടെ ക്രൂരമർദ്ദനം ലോക്കപ്പിൽ ഏറ്റുവാങ്ങിയ ആളാണ് നമ്മുടെ മുഖ്യമന്ത്രി. മുറിവുണ്ടാക്കുന്നത് പോലീസുകാരാണെങ്കിൽ, രേഖകളിൽ അതിനെന്തു സംഭവിക്കുമെന്ന് അദ്ദേഹത്തിനു നന്നായി അറിയാം. പണ്ട്, കൃത്യമായി പറഞ്ഞാൽ 1977 മാർച്ച് 30ന് കേരള നിയമസഭയിൽ പിണറായി വിജയൻ ചെയ്ത ആവേശോജ്വലമായൊരു പ്രസംഗമുണ്ട്. ഒത്തിരിപ്പേർ പലവട്ടം വായിച്ചു കോരിത്തരിച്ച ആ പ്രസംഗത്തിൽ ഇങ്ങനെയൊരു ഭാഗമുണ്ട്.
രാത്രി 12 മണിയോടുകൂടി കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ എത്തി. അവിടെ എത്തിയപ്പോള്‍ ഡെപ്യൂട്ടി ജയിലറാണ് അഡ്മിഷന്‍ നടത്തേണ്ടത്. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു, 'എന്റെ ദേഹത്ത് തല്ലിന്റെ പാടുണ്ട്, നിങ്ങള്‍ കാണുന്നുണ്ടല്ലോ, അത് രേഖപ്പെടുത്തണമെന്നു പറഞ്ഞു'. അയാള്‍ പറയുകയാണ് വുണ്‍ഡ്സ് ഇഞ്ചുറി ഉണ്ടെങ്കില്‍ മാത്രമേ റിക്കാര്‍ഡ് ചെയ്യാന്‍ ഒക്കുകയുള്ളു. ഞാന്‍ ഷര്‍ട്ട് നീക്കി കാണിച്ചു. കണ്ടാല്‍ ആര്‍ക്കും മനസിലാകും. എന്നാല്‍ അയാള്‍ വുണ്‍ഡ്സ് ഇല്ലെന്ന് പറഞ്ഞു. പൊലീസുകാര്‍ അടിച്ചതിന്റെ പാടുകള്‍ കാണിച്ചത് റിക്കാര്‍ഡുചെയ്യാന്‍ അയാള്‍ തയ്യാറായില്ല. എന്റെ ഇടത്തെ കാലിന്റെ അടിഭാഗം ഒടിഞ്ഞുകിടക്കുകയാണ് പൊട്ടിയിരിക്കുയകാണെന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ ഡെപ്യൂട്ടി ജയിലര്‍ അത് വുണ്‍ഡ്സ് അല്ലെന്ന് പറഞ്ഞ് റിക്കാര്‍ഡ് ചെയ്തില്ല. ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് അത് ഒരു ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ്.

ഇതെന്തിനുവേണ്ടിയായിരുന്നുവെന്ന് പിണറായി തന്നെ ആ പ്രസംഗത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇങ്ങനെ:
ഹൈക്കോടതിയില്‍ വിചാരണക്ക് വന്ന അവസരത്തില്‍ ഡെപ്യൂട്ടി ജയിലറുടെ അഫിഡവിറ്റിനു വിട്ടു. അതിന്റെ യാതൊരാവശ്യവുമില്ല. ഡെപ്യൂട്ടി ജയിലറുടെ അഫിഡവിറ്റു വന്നു. അയാള്‍ അതില്‍ പൊലീസ് സ്റ്റേഷനിൽവച്ച് എന്നെ തല്ലിയിട്ടേ ഇല്ലെന്നു പറഞ്ഞു. അയാള്‍ക്ക് അതെങ്ങനെ പറയാന്‍ സാധിച്ചു എന്ന് എനിക്കറിഞ്ഞുകൂടാ. ജയിലില്‍ കൊണ്ടുവരുമ്പോള്‍ അയാള്‍ക്ക് യാതൊരു പരിക്കുമില്ലെന്ന് ജയിലര്‍ പറഞ്ഞു. ഇതിനെപ്പറ്റി ഹൈക്കോടതിയുടെ ഫൈന്റിംഗ് ഉണ്ട്. ഹൈക്കോടതി ചോദിച്ചു, അങ്ങനെയാണെങ്കില്‍ എങ്ങനെ പരിക്കു വന്നു എന്ന്. പൊലീസ് സ്റ്റേഷനിൽവച്ച് തല്ലിയിട്ടില്ലെന്ന് ഡെപ്യൂട്ടി ജയിലര്‍ക്ക് എങ്ങനെ പറയാന്‍ കഴിയും?

പോലീസുകാരനുണ്ടാക്കുന്ന പരിക്കിന് പോലീസ് രേഖകളിലെ സ്ഥാനം ഇതാണ്. ഇത് അടിയന്തരാവസ്ഥക്കാലത്തെ അനുഭവം. പക്ഷേ, ഇന്ന് മുഖ്യമന്ത്രിക്കസേരയിൽ പിണറായി വിജയനാണ്. പോലീസിന്റെ ക്രൂരതകളുടെ എല്ലാ മുഖവും കണ്ടുപരിചയിച്ച സഖാവ്. അദ്ദേഹം നാടു ഭരിക്കുമ്പോൾ സന്തോഷ് ഫെലിക്സിന് നീതി കിട്ടാതെ പോകരുത്. അടിയന്തരാവസ്ഥക്കാലത്ത് കോടതിയിൽ പിണറായിയ്ക്കുണ്ടായ അനുഭവം അദ്ദേഹത്തിന്റെ കീഴിലുളള പോലീസിൽ നിന്ന് ഒരു പൗരനും ഉണ്ടാകാൻ പാടില്ല. അതുകൊണ്ടുതന്നെ സന്തോഷ് ഫെലിക്സിന് നീതി ലഭിക്കുമെന്നുറപ്പു വരുത്താൻ സംസ്ഥാന മുഖ്യമന്ത്രിയുടെ വ്യക്തിപരമായ മേൽനോട്ടമുണ്ടാകണം.

സന്തോഷിനെ  തല്ലിയ പോലീസുകാരൻ ഇനി യൂണിഫോമിൽ സേനയിലുണ്ടാകാൻ പാടില്ല. കുറ്റകൃത്യങ്ങളെക്കുറിച്ച് പരിഷ്കൃത സമൂഹം വച്ചുപുലർത്തുന്ന ഒരു സമീപനമുണ്ട്. "the act is not culpable unless the mind is guilty" എന്നാണ് ആ പ്രമാണം. അതിന്റെ മറുവശം the act is culpable if the mind is guilty എന്നു തന്നെയാണ്. ഇവിടെ പോലീസുകാരൻ പൂർണമനസോടെ കുറ്റകൃത്യത്തിൽ പങ്കാളിയാവുകയായിരുന്നു.

യൂണിഫോമിന്റെ ബലത്തിൽ എന്തു തെമ്മാടിത്തരം കാണിച്ചാലും തന്നോടാരും ചോദിക്കില്ല എന്ന മാനസികാവസ്ഥയുടെ ഉടമയാണ് മാഷ് ദാസ് എന്ന പോലീസുകാരൻ. അതുകൊണ്ടുതന്നെ അയാളുടെ പേരിൽ വധോദ്യമത്തിന്  കേസെടുക്കണം. തൊപ്പിയും യൂണിഫോമുമടക്കമുളള ആലഭാരങ്ങൾ ഊരിവാങ്ങി അയാളെ ജയിലിലടയ്ക്കണം.

അതു ചെയ്തില്ലെങ്കിൽ സഖാവ് പിണറായിയുടെ കഴിഞ്ഞ ദിവസത്തെ ആത്മരോഷ പ്രസംഗത്തിന് ഒരു വിലയും കേരളം കൽപ്പിക്കില്ല.

(ചിത്രത്തിനു കടപ്പാട്: മലയാള മനോരമ)

Read More >>