എന്തുകൊണ്ട് ഹിലാരിയെ പിന്തുണയ്ക്കുന്നു?

ട്രംപിന്റെ വംശീയവിദ്വേഷ ചരിത്രവും, കണക്കുകളും വിശകലനം ചെയ്താൽ മതിയാവും ട്രംപിന്റെ ഭരണത്തിൽ കറുത്തവർഗ്ഗക്കാരുടെ ജീവിതം ഏത് നിലയിലേക്ക് കൂപ്പുകുത്താനിടയുണ്ട് എന്ന് മനസിലാക്കാൻ. അതിനാൽ ഹിലാരി തിരഞ്ഞെടുക്കപ്പെടണം എന്നാഗ്രഹിക്കുന്നു. സുമി പിഎസ് എഴുതുന്നു.

എന്തുകൊണ്ട് ഹിലാരിയെ പിന്തുണയ്ക്കുന്നു?

സുമി പിഎസ് 


അമേരിക്ക പ്രസിഡണ്ട് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു എന്നതാണ് അന്താരാഷ്ട്ര രംഗത്തെ സമകാലീന വാർത്ത. ഡെമോക്രാറ്റിക്ക് പാർട്ടിക്ക് വേണ്ടി നിലവിലെ യു എസ്സ് സെക്രട്ടറിയും മുൻ സെനറ്റംഗവും മുൻ പ്രസിഡണ്ട് ബിൽ ക്ലിന്റന്റെ ഭാര്യയുമായ ഹിലാരി ക്ലിന്റനും റിപ്പബ്ലിക്കൻ പാർട്ടിക്കു വേണ്ടി ഡൊണാൾഡ് ട്രംപും തമ്മിൽ മത്സരിക്കുന്നു. ഈ മത്സരത്തിൽ ട്രംപ് പരാജയപ്പെടണമെന്നും ആയതിനാൽ ഹിലാരി വിജയിക്കണമെന്നും ആഗ്രഹിക്കുന്നു.


എന്തുകൊണ്ട് ഹിലാരി?


തീർച്ചയായും ഹിലാരി ഗുണദോഷ സമ്മിശ്രയായ ഒരു ശരാശരി രാഷ്ട്രീയക്കാരിയാണ്. ഹിലാരി തിരഞ്ഞെടുക്കപ്പെടണം എന്ന് ഞാനാഗ്രഹിക്കുന്നത് അവരുടെ രാഷ്ട്രീയ മികവിന്റേയോ നിലപാടുകളുടെയോ അടിസ്ഥാനത്തിലല്ല, മറിച്ച് ട്രംപ്  തിരഞ്ഞെടുക്കപ്പെടരുത് എന്നുള്ളത് കൊണ്ടാണ്. ഈ നിലപാട് വിസ്മയകരമായി തോന്നിയേക്കാം. എന്നാൽ ഡൊണാൾഡ് ട്രംപ് എന്ന വെള്ളക്കാരനായ അമേരിക്കന്റെ വർണ്ണവെറിയുടെ ചരിത്രപശ്ചാത്തലത്തിലാണ് ഈ നിലപാടുണ്ടാകുന്നത്.


ട്രംപ് എന്ന 70 തികഞ്ഞ ബിസിനസുകാരനായ രാഷ്ട്രീയക്കാരനെതിരെയുള്ള ഡെമോക്രാറ്റുകളുടെ പ്രധാന ആരോപണം അദ്ദേഹം വംശീയവിരോധി (Racist) ആണെന്നുള്ളതാണ്. ഡെമോക്റ്രാറ്റുകളുടെ ഒരു കേവല രാഷ്ട്രീയ ആരോപണം മാത്രമല്ല ട്രംപിന്റെ വംശീയവിദ്വേഷം. 1976 മുതൽ 2016 വരെയുള്ള ട്രംപിന്റെ ചരിത്രം നമ്മോട് പറയുന്നത് ഡൊണാൾഡ് ട്രംപ് തികഞ്ഞ ലക്ഷണമൊത്ത വംശീയവാദി ആണ് എന്നതാണ്.


ട്രംപിന്റെ വംശീയ വിദ്വേഷം - ചില സംഭവങ്ങളിലൂടെ


1. 1973 ൽ ട്രംപിന്റെ "ട്രംപ് മാനേജ്മെന്റ് കോർപ്പറേഷൻ" എന്ന സ്ഥാപനം വീടുകൾ വാടകക്ക് കൊടുക്കുന്ന ബിസിനസിൽ ഏർപ്പെട്ടിരുന്നു. വീടുകൾ ആവശ്യമുള്ള കറുത്തവർഗക്കാരായ അമേരിക്കക്കാർക്ക് (African Americans) വീടുകൾ കൊടുക്കുന്നതിന് ട്രംപ് വിസമ്മതിച്ചു. ഈ വിഷയത്തിൽ അദ്ദേഹം ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ വിചാരണ നേരിടുകയും, ഫെയർ ഹൗസിങ്ങ് ആക്ടിന്റെ ലംഘനമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഒടുവിൽ നിറത്തിന്റെ അടിസ്ഥാനത്തിൽ വാടകക്കാരെ വിവേചിക്കില്ല എന്ന വ്യവസ്ഥയിൽ ട്രംപിന് ഒപ്പ് വയ്ക്കേണ്ടിയും വന്നു. (

http://goo.gl/VnELsK)


2. 1988 ൽ ട്രംപ് ലീഹായ് (Lehigh) സർവ്വകലാശാലയിൽ നടത്തിയ പ്രസംഗം വംശീയാധിക്ഷേപങ്ങൾ കൊണ്ട് വിവാദമായി. അമേരിക്ക സാമ്പത്തിക രംഗത്ത് പുലർത്തി വന്ന അന്തസിനെ ജപ്പാൻ വസ്ത്രാക്ഷേപം ചെയ്യുകയാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. (http://goo.gl/0SEpYo). ട്രംപിന് അമേരിക്കയിലെ കറുത്തവർഗക്കാരോട് മാത്രമല്ല അസഹിഷ്ണുത, അമേരിക്കയിലെ വെളുത്തവരൊഴിച്ചാരും ഒന്നിനും യോഗ്യരല്ല എന്ന ശക്തമായ വംശീയതയുടെ തെളിവായി വേണം ഇത് കണക്കാക്കാൻ.


3.1989  ൽ ന്യൂയോർക്ക് സെൻട്രൽ പാർക്കിൽ ഓടാൻ വന്ന ഒരു സ്ത്രീയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാരോപിച്ച് അഞ്ച് കറുത്തവർഗക്കാരായ ചെറുപ്പക്കാരെ പോലിസ് അറസ്റ്റ് ചെയ്തു. ഇതിനെ തുടർന്ന് ട്രംപ് രാജ്യത്ത് വധശിക്ഷ പുനസ്ഥാപിക്കാനും "നമ്മുടെ പോലീസിനെ"(വെള്ളക്കാരായ പോലീസ്) തിരിച്ചു വിളിക്കാനും ആഹ്വാനം ചെയ്ത് വാർത്താ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. (

http://goo.gl/yVDOPv). "അവർ അനുഭവിക്കണം", "അവരെ വധിക്കണം" എന്നൊക്കെ ട്രംപ് ആവശ്യപ്പെട്ടു. കുറ്റാരോപിതരായ ചെറുപ്പക്കാർക്ക് തടവ് ശിക്ഷ ലഭിച്ചു. എന്നാൽ 2002 ൽ യഥാർത്ഥ കുറ്റവാളി പിടിക്കപ്പെട്ടു. ചെറുപ്പക്കാർ കുറ്റ വിമുക്തരായി. 41 ദശലക്ഷം ഡോളർ നഷ്ടപരിഹാരമായി അവർക്ക് ലഭിക്കുകയും ചെയ്തു. ഈ സംഭവത്തിലെ അദ്ദേഹത്തിന്റെ നിലപാട് കറുത്ത വർഗ്ഗക്കാരോട് ട്രംപിന് എത്രത്തോളം വെറുപ്പുണ്ട് എന്നതിന് തെളിവാണ്.


4. 1991 ൽ ജോൺ ഡോണൽ എഴുതിയ പുസ്തകത്തിൽ ട്രംപ് കറുത്തവരെ വെറുക്കുന്നുവെന്നും, കറുത്തവർ മടിയൻമാരാണെന്ന് ട്രംപ് പറഞ്ഞെന്നും അവകാശപ്പെട്ടിരുന്നു. ആദ്യം ഇതൊക്കെ നിഷേധിച്ചെങ്കിലും 1997 ൽ ട്രംപ് ഇത് സ്ഥിരീകരിച്ചു. (http://goo.gl/ZCGNyB)


5.ന്യൂയോർക്ക് സംസ്ഥാന ഭരണകൂടം 2000 ൽ അവിടത്തെ "സെന്റ് റെജിസ് മൊഹോക്ക്" എന്ന ആദിവാസി വിഭാഗത്തിന് കാറ്റ്സ്കിൽസിൽ ഒരു കാസിനോ (ചൂതാട്ട കേന്ദ്രം) അനുവദിക്കാൻ തീരുമാനിച്ചു. സംസ്ഥാന ഭരണകൂടത്തെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള പ്രചരണങ്ങളുടെ കൂടെ ട്രംപും ചേർന്നു. (

http://goo.gl/6JFk61). ഈ ആദിവാസി സമൂഹത്തിന് കുറ്റകൃത്യങ്ങളുടെ നീണ്ട ചരിത്രമുണ്ടന്നായിരുന്നു ട്രംപിന്റെ ആരോപണം. അറ്റ്ലാന്റിക് നഗരത്തിടുത്തുള്ള തന്റെ കാസിനോയെയെ ബാധിക്കും എന്നതായിരുന്നു ട്രംപിന്റെ വ്യക്തിപരമായ കാരണം. എന്തായാലും ഒടുവിൽ ഈ സംഭവത്തിൽ കുപ്രചരണങ്ങൾക്ക് ട്രംപ് 2,50,000 ഡോളർ പിഴ അടക്കേണ്ടി വന്നു.


6. അമേരിക്കയിൽ പ്രചാരമുണ്ടായിരുന്ന ഒരു ടിവി റിയാലിറ്റി ഷോ ആയിരുന്നു അപ്രന്റീസ് കോണ്ടസ്റ്റ് (Apprentice Contest). 2004 ൽ അപ്രന്റീസ് കോണ്ടസ്റ്റിൽ പങ്കെടുത്ത കറുത്തവർഗക്കാരനായ ഒരു വിദ്യാർത്ഥിക്ക് കൂടുതൽ വിദ്യാഭ്യാസം നേടി എന്ന കാരണത്താൽ ട്രംപിന്റെയും കൂട്ടരുടേയും ശകാരം കേൾക്കേണ്ടി വന്നു. (http://goo.gl/yrVdal). വാർട്ടൻ ബിസിനസ് സ്കൂളിൽ നിന്നും ചിക്കാഗോ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയിരുന്നു ഈ മത്സരാർത്ഥി. അവന്റെ കൂടീയ യോഗ്യതകളാണ് ട്രംപിനെ ചൊടിപ്പിച്ചത്.


7. 2011 ൽ അമേരിക്കയുടെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ പ്രസിഡണ്ട് ബരാക്ക് ഒബാമ അമേരിക്കയിലല്ല ജനിച്ചത് എന്ന പ്രചരണത്തിന് പിന്നിലും ട്രംപായിരുന്നു എന്ന് ആരോപിക്കപ്പെടുന്നു. അത് മാത്രമല്ല, ഒബാമയുടെ വിദ്യാഭ്യാസ യോഗ്യതകളിലും ട്രംപ് സംശയം പ്രകടിപ്പിച്ചു. (http://goo.gl/zXHUZ0). ഒബാമ വളരെ മോശം വിദ്യാർത്ഥി ആയിരുന്നെന്നും ഹാർവാർഡ് ലോ സ്കൂൾ പോലുള്ള സ്ഥാപനങ്ങളിൽ മോശം വിദ്യാർത്ഥികൾക്ക് പഠിക്കാനാവില്ല എന്നുമായിരുന്നു ട്രംപിന്റെ പക്ഷം. ഭരണാധികാരികൾക്കെതിരെ ഇത്തരം ആരോപണം നമുക്ക് പുതിയ കാര്യമല്ല. പക്ഷേ അതിന്റെ കാരണം വംശീയത മാത്രമാകുമ്പോഴാണ് എതിർക്കപ്പെടുന്നത്. കറുത്തവർക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള യോഗ്യത ഇല്ലെന്നും അവർ കുറ്റവാളികളും അപകടകാരികളും ആണെന്നുമുള്ള ട്രംപിന്റെ മനോഭാവത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം.


8. ഏറ്റവും ഒടുവിൽ 2015 ൽ ട്രംപ് ഇലക്ഷൻ പ്രചരണ പരിപാടികൾ ആരംഭിച്ചതും മെക്സിക്കൻ കുടിയേറ്റക്കാർക്കെതിരെ വംശീയ അധിക്ഷേപങ്ങൾ നിരത്തിക്കൊണ്ടായിരുന്നു. (http://goo.gl/ldoHL7). അമേരിക്കയിലേക്ക് അവർ കൊണ്ടുവരുന്നത് മയക്കുമരുന്നും കുറ്റകൃത്യങ്ങളും ആണെന്നും അവർ ബലാൽസംഗക്കാരാണെന്നുമായിരുന്നു ട്രംപിന്റെ അധിക്ഷേപം. ട്രംപിന്റെ വംശീയ വിദ്വേഷത്തിന്റെ ചില ഉദാഹരണങ്ങളാണിവ.


ട്രംപിനെ പോലെ കടുത്ത വംശീയവാദി അധികാരത്തിലെത്തുന്നത് അമേരിക്കയിലെ  കറുത്ത വർഗ്ഗക്കാരുടേയും മറ്റ് കുടിയേറ്റക്കാരുടേയും  സുഗമമായ ജീവിതത്തിന് ആശാവഹമല്ല. പ്രത്യേകിച്ചും അമേരിക്കയുടെ ചരിത്രം അടിമത്തത്തിന്റെയും വെള്ളക്കാരുടെ അധീശത്വത്തിന്റെയും (white supremacy) കൂടി ആയതിനാൽ. ട്രംപ് എന്ന വെള്ളക്കാരന് തൃപ്തിപ്പെടുത്താനുള്ളതും അവിടത്തെ ഇതേ വെള്ളക്കാരുടെ താത്പര്യങ്ങളാണ്.


അമേരിക്കയിലെ കറുത്ത വർഗക്കാർ


2009 ൽ ഒബാമ അധികാരത്തിലെത്തുമ്പോൾ ഏറ്റവും കൂടുതൽ വിലയിരുത്തലുകൾ നടന്നത് മെച്ചപ്പെടുവാൻ പോകുന്ന കറുത്ത വർഗ്ഗക്കാരുടെ ജീവിതങ്ങളെ കുറിച്ചാണ്. അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ ജീവിതകഥകൾ കുറച്ചെങ്കിലും നമ്മൾ കേട്ടിട്ടുണ്ട്. കഠിന വിവേചനങ്ങൾ തന്നെ അവർ നേരിട്ടിരുന്നു. ട്രംപിനെ പോലുള്ള വെള്ളക്കാരായ അമേരിക്കക്കാരുടെ എല്ലാത്തരം വംശീയ അധിക്ഷേപത്തിനും അതിക്രമത്തിലും അവർ ഇരകളായിരുന്നിട്ടുണ്ട്. അതിന്റെ എല്ലാ വിവരണങ്ങളിലൂടെയും ചരിത്രത്തിലൂടെയും പോകാൻ ഇവിടെ സാധ്യമല്ല. അമേരിക്കയിലെ കറുത്ത വർഗക്കാർ നിയമപാലനവുമായി ബന്ധപ്പെട്ട് നേരിടുന്ന വിവേചനം ക്രൈം റേറ്റ് സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിൽ ചുരുക്കി  വിവരിക്കാം.


ദുരവസ്ഥയുടെ കണക്കുകൾ


ബ്യൂറോ ഓഫ് ജസ്റ്റിസ് സ്റ്റാറ്റിസ്റ്റിക്സ് (BJS) ന്റെ 2009 ലെ കണക്കനുസരിച്ച് ജയിലിൽ അടക്കപ്പെട്ടവരിൽ കറുത്തവർഗ്ഗക്കാർ 39.4 % ആണ്. (അവിടെ അവരുടെ ജനസംഖ്യ 13% മാത്രമാണ്). തടവറയിലാക്കപ്പെടുന്ന വെള്ളക്കാരെ അപേക്ഷിച്ച് ഇത് 6 മടങ്ങ് കൂടുതലാണ്. 2009 വരെ ഒരു ലക്ഷം പേരിൽ 4749 കറുത്തവർഗ്ഗക്കാർ ജയിലിലാകുമ്പോൾ വെളുത്തവരിൽ 487 പേരാണ് ജയിലിലാകുന്നത്. കൂടാതെ വെളുത്തവരെ അപേക്ഷിച്ച് കറുത്തവർ ഒരേ കുറ്റത്തിന് കൂടുതൽ ശിക്ഷ അനുഭവിക്കുകയോ താരതമ്യേന കുറഞ്ഞ കുറ്റത്തിന് കൂടുതൽ ശിക്ഷ അനുഭവിക്കുകയോ ചെയ്യുന്നു. നാഷണൽ ക്രൈം വിക്ടിമൈസേഷൻ സർവ്വേയും (NCVS) യുണൈറ്റഡ് ക്രൈം റിപ്പോർട്ടും തരുന്ന കണക്കുകളും അമേരിക്കയിലെ കറുത്തവർഗക്കാർ നിയമപാലന രംഗത്ത് നേരിടുന്ന പിന്നാക്കാവസ്ഥ ശരി വെക്കുന്നു. (

https://goo.gl/vbKB7E). ഈ കണക്കുകൾ ഇവിടെ സൂചിപ്പിച്ചത് അമേരിക്കയിലെ കറുത്തവർ ഇപ്പോഴും അനുഭവിക്കുന്ന വിവേചനങ്ങൾ ചൂണ്ടിക്കാണിക്കാനാണ്. നിയമപാലനത്തിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലയിലും ഈ വിവേചനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.


അമേരിക്കയിലെ കറുത്ത വർഗക്കാര്‍ നേരിടുന്ന അവഗണനയുടെയും വിവേചനങ്ങളുടെയും ഈയൊരു സാഹചര്യത്തിലാണ് തികച്ചും വംശീയവാദിയായ ട്രംപിനെ പോലൊരു നേതാവ് അധികാരത്തിലേക്ക് കടന്നു വരുന്നത്.  ട്രംപിന്റെ വംശീയവിദ്വേഷ ചരിത്രവും, ഈ കണക്കുകളും വിശകലനം  ചെയ്താൽ മതിയാവും ട്രംപിന്റെ ഭരണത്തിൽ കറുത്തവർഗ്ഗക്കാരുടെ ജീവിതം ഏത് നിലയിലേക്ക് കൂപ്പുകുത്താനിടയുണ്ട് എന്ന് മനസിലാക്കാൻ. അതിനാൽ ഹിലാരി തിരഞ്ഞെടുക്കപ്പെടണം എന്നാഗ്രഹിക്കുന്നു.